April 19, 2025 |

കൈവിലങ്ങില്ല, മടക്കം ബിസിനസ് ക്ലാസിൽ, യുഎസിൽ നിന്നുള്ള നാലാം വിമാനവുമെത്തി

ഇത്തവണ കുടിയേറ്റക്കാരെ ബിസിനസ് വിമാനത്തിലാണ് തിരികെയെത്തിച്ചത്

അമേരിക്കയിൽ നിന്നുള്ള ഇന്ത്യൻ കുടിയേറ്റക്കാരുടെ നാലാം ബാച്ച് ഇന്ത്യയിലെ ഇന്ദിര ​ഗാന്ധി എയർപോർട്ടിൽ എത്തിയതായി റിപ്പോർട്ടുകൾ. വരും ദിവസങ്ങളിൽ കൂടുതൽ ഇന്ത്യക്കാർ തിരികെയെത്തിയേക്കുമെന്ന് സൂചനകളുണ്ട്. തിരികെയെത്തിയ 12 ഇന്ത്യക്കാരിൽ അഞ്ച് പേർ ഹരിയാനയിൽ നിന്നും നാല് പേർ പഞ്ചാബിൽ നിന്നും രണ്ട് പേർ ഉത്തർപ്രദേശിൽ നിന്നുമാണ്. ജലന്ധ‌ർ, പട്യാല, ബടാല, ​ഗുരുദാസ്പൂർ എന്നിവടങ്ങളിൽ നിന്നുള്ളവർ ഇൻഡി​ഗോ വിമാനത്തിൽ അമൃത്സറിലെ ​ശ്രീ ​ഗുരു രാംദാസ് ജി ഇന്റർനാഷണൽ വിമാനത്താവളത്തിൽ എത്തി. കഴിഞ്ഞ ദിവസം ഉച്ചയോടെ തിരികെയെത്തിയ ഇവർ പിന്നീട് സ്വന്തം നാട്ടിലേക്ക് പോവുകയായിരുന്നു.

മുമ്പത്തെ മൂന്ന് ബാച്ചുകളെ കൈവിലങ്ങ് അണിയിച്ച് സൈനിക വിമാനത്തിലാണ് തിരികെയെത്തിച്ചതെങ്കിൽ ഇത്തവണ കുടിയേറ്റക്കാരെ ബിസിനസ് വിമാനത്തിലാണ് തിരികെയെത്തിച്ചത്. കഴിഞ്ഞ മൂന്ന് ബാച്ചുകളിലായി എത്തിച്ച കുടിയേറ്റക്കാരോട് അനാദരവോടെ പെരുമാറിയതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. ആദ്യ വിമാനമെത്തിയത് ഫെബ്രുവരി 5നും, രണ്ടാം വിമാനം ഫെബ്രുവരി 15നും മൂന്നാം വിമാനം ഫെബ്രുവരി 16നും ആയിരുന്നു എത്തിയത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളുടെ
ഭാ​ഗമായി 344 ഇന്ത്യക്കാരെയാണ് അമേരിക്ക ഇത് വരെ നാടുകടത്തിയത്. ഏതാണ്ട് ആറ് മാസക്കാലത്തോളമായി മകൻ അമേരിക്കയിൽ നിന്ന് പുറപ്പെട്ടിട്ടെന്ന് പഞ്ചാബിൽ നിന്നുള്ള കുടിയേറ്റക്കാരിൽ ഒരുവനായ മനീന്ദർ ദത്തിന്റെ കുടുംബം പറയുന്നത്. കുടിയേറ്റക്കാരായ മറ്റു യുവാക്കളെ പോലെ തന്നെ 42 ലക്ഷം രൂപ മുടക്കി ഡങ്കി റൂട്ട് വഴിയാണ് മനീന്ദർ അമേരിക്കയിലേക്ക് എത്തിയത്. ഇന്റർനാഷണൽ ഓർ​ഗനൈസേഷൻ ഓഫ് മൈ​ഗ്രന്റ്സ് അസോസിയേഷന്റെ അസിസ്റ്റന്റ് വോളണ്ടറി റിട്ടേൺ പ്രോ​ഗ്രാം വഴിയാണ് നാലാം ബാച്ച് തിരികെയെത്തിയത്. കുടിയേറ്റക്കാരുടെ സുരക്ഷിതമായ മടക്കയാത്രക്ക് വേണ്ടി ആവിഷ്കരിച്ച പ്രോ​ഗ്രാം ആണിത്.

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നടപടിയുടെ ഭാഗമായി നാടുകടത്തപ്പെട്ട ഇന്ത്യക്കാരും ആദ്യ സംഘത്തില്‍ 104 ഉം, രണ്ടാം സംഘത്തില്‍ 116ഉം മൂന്നാം വിമാനത്തിൽ 112 ഇന്ത്യക്കാരും ആണ് ഉണ്ടായിരുന്നത്. ഫെബ്രുവരി അഞ്ചിനായിരുന്നു അനധികൃതമായി യു എസില്‍ കുടിയേറാന്‍ ശ്രമിച്ച ഇന്ത്യക്കാരുമായുള്ള യു എസ് വിമാനം ആദ്യം അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിയത്. സി-17 എന്ന സൈനിക വിമാനത്തിലായിരുന്നു ആദ്യം ഇന്ത്യക്കാരെ അയച്ചത്. കൈകാലുകള്‍ ചങ്ങലയ്ക്കിട്ട് ബന്ധിച്ചായിരുന്നു കുടിയേറ്റക്കാരെ സൈനികരുടെ അകമ്പടിയോടെ ഇന്ത്യയിലേക്ക് അയച്ചത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇനിയുള്ള വിമാനത്തില്‍ ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തികള്‍ ഉണ്ടാകില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നൽകിയിരുന്നു. മോദി അമേരിക്കയില്‍ എത്തി പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച്ചകളും നടത്തിയ പശ്ചാത്തലത്തില്‍ മുന്‍ അനുഭവങ്ങള്‍ നേരിടേണ്ടി വരില്ലെന്ന് കരുതിയെങ്കിലും രണ്ടാം വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ പുരുഷന്മാരെ കൈവിലങ്ങ് അണിയിച്ചിരുന്നു. യു എസ് കുടിയേറ്റം എന്ന സ്വപ്‌നം തകര്‍ന്നതിന്റെ നിരാശയിലാണ്ടിരിക്കുന്നവര്‍ എന്തെങ്കിലും അബദ്ധമോ അപകടമോ കാണിക്കുമോ എന്ന ആശങ്കയിലാണ് കൈവിലങ്ങ് അണിയിച്ചതെന്നാണ് വിശദീകരണം.

content summary: A group of 12 Indians has arrived in Delhi, marking the fourth flight of deported Indians from the US.

Leave a Reply

Your email address will not be published. Required fields are marked *

×