വിവാദങ്ങള്‍ ഉണ്ടാകുമ്പോഴും ഹിന്ദുത്വ നിലപാടുകള്‍ക്ക് മാറ്റമില്ലെന്ന് ഫാ. നിധിന്‍ പനവേലില്‍. രാജ്യത്ത് ഒരു സ്ഥലത്ത് സമാനമായ സംഭവം വലിയ വിവാദമായിരിക്കുമ്പോള്‍ തന്നെ, മറ്റൊരു സ്ഥലത്ത് അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു, ഇത്തരം കാര്യങ്ങളിലോ ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിലോ മാറ്റം വരുത്താന്‍ ഈ സംഘടനകള്‍ ആഗ്രഹിക്കുന്നില്ല എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. ഒഡീഷയിലും ക്രൈസ്തവ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം നടന്ന പശ്ചാത്തലാത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘വിവിധ സ്ഥലങ്ങളിലുള്ള ബജ്‌റംഗ് ദള്‍, ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ശൈലികളിലും നിലപാടുകളിലും മാറ്റമൊന്നും വന്നിട്ടില്ല. ഇത്, ഇത്തരം സമീപനങ്ങള്‍ തുടരുമെന്നതിന്റെ വെല്ലുവിളി കൂടിയാണ്. ഒരു സ്ഥലത്ത് നിന്ന് ആളുകളെ രക്ഷിച്ചു എന്ന് പറഞ്ഞ് കേന്ദ്ര നേതൃത്വം അതിന്റെ ക്രെഡിറ്റ് എടുക്കുമ്പോഴും, മറ്റ് സ്ഥലങ്ങളില്‍ സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ഈ നിലപാടിന്റെ സ്ഥിരീകരണമാണ്’. കേന്ദ്ര നേതൃത്വം വിഷയത്തില്‍ ഇരട്ടതാപ്പ് നയമാണ് സ്വീകരിക്കുന്നതെന്നും ഫാദര്‍ വിമര്‍ശിച്ചു.
പ്രതിഷേധങ്ങള്‍ ഉണ്ടായപ്പോള്‍, തങ്ങള്‍ ഇടപെട്ടു, രക്ഷിച്ചു എന്നൊക്കെ പറയുന്നത് കണ്ണില്‍ പൊടിയിടുന്ന നീക്കമാണ്. സമാനമായ സംഭവങ്ങള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ ആവര്‍ത്തിക്കപ്പെടുന്നുണ്ടല്ലോ. എത്രയോ കാലങ്ങളായി പല സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ടും അല്ലാതെയും ഇത്തരം സംഭവങ്ങള്‍ നടക്കുന്നു. വൈദികരെ വഴിയില്‍ കൂടി മര്‍ദിച്ച് കൊണ്ടുപോയതിന്റെ വര്‍ത്തകളടക്കം വന്നിരുന്നല്ലോ. അന്നൊന്നും ഇത്തരം വിഷയങ്ങളില്‍ നമ്മള്‍ ജാഗ്രത കാണിച്ചിട്ടില്ല. വീണ്ടും ഒരാഴ്ച വിത്യാസത്തില്‍ ഇത് ആവര്‍ത്തിക്കപ്പെടുമ്പോള്‍ വലിയ ദുഃഖം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ നേതൃത്വത്തിന്റെ ഇരട്ടത്താപ്പ് നയം ഈ വിഷയത്തില്‍ വളരെ വ്യക്തമാണ്. അവര്‍ക്ക് ഒരു പൊതുനയമോ, ഈ വിഷയത്തില്‍ ആത്മാര്‍ത്ഥമായ കരുതലോ ഇല്ല. അവരുടെ എല്ലാ നടപടികളും വെറും പ്രഹസനങ്ങള്‍ മാത്രമാണ്. എവിടെയെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍, അതിനെ താല്‍ക്കാലികമായി മറികടക്കാന്‍ എന്തെങ്കിലും പ്രസ്താവനകള്‍ നടത്തുകയോ ചെറിയ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യും. എന്നാല്‍ അടിസ്ഥാനപരമായ നിലപാടുകളിലോ സമീപനങ്ങളിലോ ഒരു മാറ്റവും വരുത്താന്‍ അവര്‍ തയ്യാറാകുന്നില്ല.
പാസാക്കിയ മതപരിവര്‍ത്തന ബില്ലിന് പിന്നിലെ അപകടത്തെക്കുറിച്ചും ഫാ. നിധിന്‍ പരാമര്‍ശിച്ചു. എന്ത് അതിക്രമങ്ങള്‍ കാണിച്ചാലും അതിന് പിന്നില്‍ മതപരിവര്‍ത്തനമാണ് എന്ന് എളുപ്പത്തില്‍ ആരോപിക്കാന്‍ സാധിക്കുമെന്നതാണ്. അങ്ങനെയൊരു ആരോപണം ഉന്നയിച്ചാല്‍ അത് തെളിയിക്കുക വലിയൊരു വെല്ലുവിളിയാണ്.
ഈ കാലഘട്ടത്തില്‍ ഒരാളുടെ പൂര്‍ണ്ണസമ്മതമില്ലാതെ മതപരിവര്‍ത്തനം നടത്തുക എന്നത് അസാധ്യമാണ്. എന്നിട്ടും, മതപരിവര്‍ത്തനം തടയാനുള്ള നിയമം (anti-conversion bill) അവര്‍ക്കൊരു ‘ചാട്ടുളി’ പോലെയാണ്. എന്ത് പ്രശ്നമുണ്ടായാലും ഈയൊരു കാരണം പറഞ്ഞാല്‍, കോടതിയും സര്‍ക്കാരും അതിന് കൂടുതല്‍ പ്രാധാന്യം നല്‍കും. ഈ ബില്ല്, ഇത്തരം കാര്യങ്ങളില്‍ അക്രമം നടത്തുന്നവര്‍ക്ക് കിട്ടുന്ന വലിയൊരു സ്വാതന്ത്ര്യമാണ്. എന്തെങ്കിലും കുറ്റകൃത്യം നടത്തുമ്പോള്‍, അവസാനം അവര്‍ക്ക് പറയാനുള്ള ഒരു കാരണം ഇതായിരിക്കും.
പിന്നെ കോടതിയും സര്‍ക്കാരും അതിനു കൂടുതല്‍ ശ്രദ്ധ നല്‍കും. മതപരിവര്‍ത്തനം നടന്നിട്ട് എത്ര കാലമായി എന്നുള്ളതൊക്കെ പരിശോധിച്ചാല്‍ മനസിലാകും. ആളുകളുടെ പൂര്‍ണമായ പിന്തുണയോ സഹകരണമോ കൂടാതെ എങ്ങനെയാണ് മതപരിവര്‍ത്തനമൊക്കെ ഈ കാലഘട്ടത്തില്‍ സാധ്യമാകുന്നത്. അത് കൊണ്ട് തന്നെ മതപരിവര്‍ത്തന ബില്‍ ഇവര്‍ക്ക് കൊടുക്കുന്ന വലിയൊരു സ്വാതന്ത്ര്യം ഉണ്ട്. ഇത്തരം സംഭവങ്ങളില്‍ എന്ത് അതിക്രമം നടന്നാലും അതിന് ന്യായീകരണമായി അവര്‍ക്ക് പറയാനുള്ള ഏക കാരണം ‘മതപരിവര്‍ത്തനം’ എന്ന ആരോപണമായിരിക്കും. യഥാര്‍ത്ഥത്തില്‍, ഈ നിയമം അവര്‍ ദുരുപയോഗം ചെയ്യുകയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സഭാ നേതൃത്വത്തിന്റെ മൃദുസമീപനത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു
‘സഭയുടെ നേതൃത്വം ഈ കാര്യത്തില്‍ കുറച്ചുകൂടി ശക്തമായ നിലപാട് സ്വീകരിക്കണം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം അവിടെ ക്രൈസ്തവ സമൂഹം ഒരുപാട് പീഡനങ്ങള്‍ ഏല്‍ക്കുമ്പോഴാണ് കേരളത്തില്‍ സഭ ഇവരെ പ്രീണിപ്പിച്ച് കൊണ്ടുള്ള നിലപാടുകള്‍ എടുക്കുന്നതും അത്തരം പ്രസ്താവനകള്‍ പറയുന്നതും. ഏറ്റവുമൊടുവില്‍ ഛത്തീസ്ഗഢില്‍ ആക്രമിക്കപ്പെട്ട കന്യാസ്ത്രീകളെ മോചിപ്പിച്ചത് അമിത് ഷാ ഇടപെട്ടിട്ടാണ് എന്ന് പറഞ്ഞ് അവരെ പ്രീണിപ്പിക്കാന്‍ കേരളത്തിലെ സഭാ നേതൃത്വം ശ്രമിക്കുന്നുണ്ട്. ഇത്രയൊക്കെ സംഭവങ്ങള്‍ ഉണ്ടായിട്ടും അവര്‍ ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നത് സങ്കടകരമാണ്. കുറച്ചേറെ പിതാക്കന്മാര്‍ എങ്കിലും ഇങ്ങനെയുള്ള പ്രസ്താവനകള്‍ നടത്തുകയും, അവരോടൊപ്പം പത്രസമ്മേളനങ്ങള്‍ നടത്തുകയുമൊക്കെ ചെയ്യുന്നത് ഉത്തരേന്ത്യയിലടക്കം സേവനം ചെയ്യുന്ന ക്രൈസ്തവ സമൂഹത്തോടുള്ള വഞ്ചനയും ഇരട്ടത്താപ്പുമാണ്. ഇത്തരം വിഷയങ്ങളില്‍ കേരളത്തിലെ ക്രൈസ്തവ നേതൃത്വം ഒറ്റക്കെട്ടായി ഒരു നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
‘ഈ വിഷയത്തില്‍ പോലും പ്രീണന നിലപാടാണ് സ്വീകരിക്കുന്നതെങ്കില്‍ അത് വിശ്വാസികളോടുള്ള വലിയ ആത്മവഞ്ചനയാണ്. ഫാ. സ്റ്റാന്‍ സ്വാമിക്ക് നേരിട്ട ദുരവസ്ഥയില്‍ ക്രൈസ്തവ സമൂഹം ഒറ്റക്കെട്ടായി നിന്നിരുന്നെങ്കില്‍ അദ്ദേഹത്തിന് ഈ അവസ്ഥ വരില്ലായിരുന്നു എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അതിനാല്‍, കേരളത്തിലെ ഏതെങ്കിലും രൂപതയ്ക്ക് ലഭിക്കേണ്ട സ്വാര്‍ത്ഥലാഭങ്ങള്‍ക്കോ, ആനുകൂല്യങ്ങള്‍ക്കോ അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടിയോ ക്രിസ്തുവിനെയും സഭയെയും ഒറ്റിക്കൊടുക്കരുത്. ക്രൈസ്തവ സമൂഹം ഒറ്റക്കെട്ടായി നിന്ന് ശക്തമായ നിലപാടെടുക്കണം എന്നും ഫാ. നിധിന്‍ പനവേലില്‍ പറഞ്ഞു. central leadership of adopting a double-standard
content summary: central leadership of adopting a double-standard
Leave a Comment