ഫ്രാന്‍സില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ഇടതുപക്ഷ സഖ്യം. ഫ്രഞ്ച് പാര്‍ലമെന്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പും പൂര്‍ത്തിയായതിനു പിന്നാലെ പുറത്തു വന്ന ഫല പ്രവചനങ്ങള്‍ പ്രകാരം ഇടത് സഖ്യമായ ഗ്രീന്‍ ന്യൂ പോപ്പുലര്‍ ഫ്രണ്ട്) 182 മുതല്‍ 192 സീറ്റുകള്‍ നേടും. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ നേതൃത്വത്തിലുള്ള സഖ്യം 163 മുതല്‍ 174 സീറ്റുകള്‍ നേടി രണ്ടാമതെത്തുമ്പോള്‍, ആദ്യഘട്ടത്തില്‍ മുന്നില്‍ ഉണ്ടായിരുന്ന തീവ്രലതുപക്ഷമായ നാഷണല്‍ റാലി സഖ്യത്തിന് 130 മുതല്‍ 145 സീറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവചിക്കുന്നത്. ആകെ 577 സീറ്റുകളാണ് ഫ്രാന്‍സിലെ നാഷണല്‍ അസംബ്ലിയിലുള്ളത്. 289 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനാവശ്യം.
ഒന്നാംഘട്ട വോട്ടെടുപ്പില്‍ മറീന്‍ ലു പെന്‍-ന്റെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷമായ നാഷണല്‍ റാലി(ആര്‍ എന്‍) പാര്‍ട്ടിയും സഖ്യകക്ഷികളും 33 ശതമാനം വോട്ട് നേടി ബഹുദൂരം മുന്‍പില്‍ എച്ചിയിരുന്നു. ഇടതുപക്ഷ സഖ്യമായ ന്യൂ പോപ്പുലര്‍ ഫ്രണ്ട്(എന്‍എഫ്പി) 28 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തായിരുന്നു. അതേസമയം പ്രസിഡന്റ് മക്രോണിന്റെ മധ്യപക്ഷ സഖ്യത്തിന് വെറും 20 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു ആദ്യഘട്ടത്തില്‍ നേടാനായത്.
ആദ്യഘട്ട ഫലങ്ങള്‍ ഫ്രാന്‍സ് ആദ്യമായൊരു തീവ്ര വലതുപക്ഷ ഭരണത്തിന്‍ കീഴിലേക്ക് പോകുന്നതായുള്ള സാധ്യതകളായിരുന്നു ഉറപ്പിച്ചത്. തീവ്ര വലുതപക്ഷക്കാരായ നാഷണല്‍ റാലിക്കാര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 20 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടുന്നത് ഇതാദ്യമായിട്ടായിരുന്നു. എന്നാല്‍ ഒരിക്കല്‍ കൂടി തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ ഫ്രഞ്ച് ജനത പരാജയപ്പെടുത്തുന്നതാണ് ഇപ്പോള്‍ കാണാനായിരിക്കുന്നത്.
എന്നാല്‍, ഇപ്പോഴത്തെ ഫലസൂചനകള്‍ കാണിക്കുന്നത് ഫ്രാന്‍സ് രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് പോവുകയാണെന്നാണ്. കാരണം ഒരു കക്ഷിക്കും സഖ്യത്തിനും വ്യക്തമായ ഭൂരിപക്ഷം കിട്ടിയിട്ടില്ല. 192 സീറ്റുകള്‍ ഇടതുസഖ്യത്തിന് പറയുമ്പോഴും അവര്‍ കേവല ഭൂരിപക്ഷത്തിന് 100 സീറ്റുകള്‍ പിന്നിലാണ്. 67 ശതമാനത്തോളം പോളിംഗ് റിപ്പോര്‍ട്ട് ചെയ്യപ്പെ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇടതുപക്ഷം, മധ്യപക്ഷം, തീവ്ര വലതുപക്ഷം എന്നിങ്ങനെ മൂന്നായി ഇത്തവണ ഫ്രഞ്ച് പാര്‍ലമെന്റ് വിഭജിക്കപ്പെടുമെന്നതും പ്രത്യേകതയാണ്.
പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ തല്‍സ്ഥാനത്ത് തുടരുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും പുതിയ രാഷ്ട്രീയ മാറ്റങ്ങളില്‍ വ്യക്തത വരുത്തിയിട്ടില്ല. തിങ്കളാഴ്ച്ച രാവിലെയോടെ ഫലങ്ങളില്‍ വ്യക്തത വരുന്നതിന് പിന്നാലെ പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷ. അതേസമയം, മക്രോണ്‍ നിയമിച്ച പ്രധാനമന്ത്രി ഗബ്രിയേല്‍ അട്ടാല്‍ തന്റെ രാജി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച രാവിലെ പ്രസിന്റിന് രാജി സമര്‍പ്പിക്കുമെന്നാണ് വിവരം. പുതിയ സര്‍ക്കാര്‍ രൂപീകരിക്കും വരെ അട്ടാല്‍ പ്രധാനമന്ത്രി സ്ഥാനത്ത് തുടരും. france election surprise win for left-wing alliance
Content Summary ; france election surprise win for left-wing alliance