നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം ഇത് ചരിത്ര ദിനമാണ്. ജൂൺ 9 ന് രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്ത് അദ്ദേഹം മൂന്നാം തവണയും അധികാരമേൽക്കുകയാണ്. നരേന്ദ്ര മോദിയെ കൂടാതെ സഖ്യ കക്ഷികളിൽ നിന്നടക്കം മുപ്പതോളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും എണ്ണായിരത്തോളം അധിതികളാണ് ചടങ്ങിൽ പങ്കെടുക്കുക. ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാൻ, നേപ്പാൾ, മൗറീഷ്യസ്, സീഷെൽസ് എന്നീ രാജ്യങ്ങളിലെ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
ഇവർക്ക് പുറമെ പത്മപുരസ്ക്കാര ജേതാക്കൾ, ശുചീകരത്തൊഴിലാളികൾ, സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണത്തൊഴിലാളികൾ എന്നിവരും സന്നിഹിതരാകും. കൂടാതെ കഴിഞ്ഞ വർഷം ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൻ്റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് കുടുങ്ങിയ 41 നിർമ്മാണ തൊഴിലാളികളെ രക്ഷിക്കാൻ സഹായിച്ച റാറ്റ്-ഹോൾ ഖനിത്തൊഴിലാളികളും ചടങ്ങിൽ പങ്കെടുക്കും. എന്നാൽ സത്യപ്രതിജ്ഞ ചെയ്യുന്ന ഈ ചടങ്ങ് എങ്ങനെയാണ് ഇന്ത്യയിൽ ആരംഭിച്ചത്? കാലം കഴിയും തോറും എന്തെല്ലാം മാറ്റങ്ങളാണ് സത്യപ്രതിജ്ഞയിൽ സംഭവിച്ചത് ?
സത്യപ്രതിജ്ഞ ചടങ്ങ് എന്ന ആശയം എവിടെ നിന്നാണ് സ്വീകരിച്ചത് ?
ഇന്ത്യ സ്വതന്ത്രമാകുന്നതിന് മുമ്പ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നിരുന്നു. യഥാർത്ഥത്തിൽ, ഈ ചടങ്ങ് നടത്താൻ ഓരോ രാജ്യത്തിനും അതിൻ്റേതായ രീതിയുണ്ട്. എന്നാൽ അവർക്കെല്ലാം പൊതുവായുള്ളത്, ഭാവിയിൽ രാജ്യത്തിന്റെ വളർച്ചക്ക് വേണ്ടി നിലകൊള്ളുമെന്ന് നേതാവ് വാഗ്ദാനം ചെയ്യുന്നു എന്നതാണ്. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള അവരുടെ പ്രതിബദ്ധതയാണ് ഈ വാഗ്ദാനം കാണിക്കുന്നത്. പടിഞ്ഞാറൻ യൂറോപ്പിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള സമ്പ്രദായമാണ് സത്യപ്രതിജ്ഞ. ദി കോൺവെർസേഷൻ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് റോമൻ ദൈവങ്ങളെ നേരിട്ട് വിളിച്ചറിയിക്കുന്ന ഏറ്റവും ഗൗരവമേറിയ സൈനിക പ്രതിജ്ഞ “കൂദാശ” ആയിരുന്നു. ഈ സത്യപ്രതിജ്ഞയിലൂടെ, സൈനികർ അവരുടെ പ്രത്യേക ജനറൽ അല്ലെങ്കിൽ കമാൻഡിംഗ് കോൺസൽ, പിന്നീട് ചക്രവർത്തി എന്നിവരോട് കൂറ് പുലർത്താൻ ബാധ്യസ്ഥരാണ്. അനുസരണക്കേടിന് കഠിനമായ ശിക്ഷകൾ അനുഭവിക്കേണ്ടതായി വന്നിരുന്നു.
വർഷങ്ങൾ കടന്നുപോകുമ്പോൾ, സത്യപ്രതിജ്ഞ സമൂഹത്തിലുടനീളം വ്യാപിച്ചു: രാജാക്കന്മാർ കിരീടധാരണ പ്രതിജ്ഞയെടുത്തു, നീതിപൂർവ്വം ഭരിക്കാനും രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാനും പ്രതിജ്ഞയെടുത്തു; ചെറിയ പ്രഭുക്കന്മാർ വലിയ പ്രഭുക്കന്മാരോട് സത്യപ്രതിജ്ഞ ചെയ്തു, പലപ്പോഴും സംരക്ഷണത്തിനും ഭൗതിക നേട്ടത്തിനുമായി. ബിഷപ്പുമാർ, മഠാധിപതിമാർ തുടങ്ങിയ മതനേതാക്കളും ഈ സത്യപ്രതിജ്ഞാ സമ്പ്രദായത്തിൻ്റെ ഭാഗമായി.
ഇന്ന്, ഓരോ രാജ്യത്തിനും അതിൻ്റേതായ സത്യപ്രതിജ്ഞാ രീതികളുണ്ട്. ഉദാഹരണത്തിന്, യുണൈറ്റഡ് സ്റ്റേറ്റ്സിൽ, തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോട് സത്യപ്രതിജ്ഞ ചെയ്യുന്നു. ഇന്ത്യയിൽ, തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി രാഷ്ട്രത്തിൻ്റെ പ്രസിഡൻ്റിന് സത്യപ്രതിജ്ഞ ചെയ്യുന്നു.
സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്ത്യയിൽ എങ്ങനെ വികസിച്ചു?
കൊളോണിയൽ ഇന്ത്യയിൽ, ബ്രിട്ടീഷ് അധികാരികൾ തങ്ങളുടെ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിക്കാനായിരുന്നു സത്യപ്രതിജ്ഞ നടത്തിയിരുന്നത്. പിന്നീട് ഭരണഘടനയോടുള്ള കൂറ് പ്രകടിപ്പിക്കാനായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ, ജവഹർലാൽ നെഹ്‌റു രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ ആദ്യത്തെ സ്വതന്ത്ര ഇന്ത്യൻ സർക്കാരിൻ്റെ തലവനായി സത്യപ്രതിജ്ഞ ചെയ്തു. 1935ലെ ഗവൺമെൻ്റ് ഓഫ് ഇന്ത്യ ആക്ടിനെ മുൻനിർത്തി, ഇന്ത്യൻ ഭരണഘടനയെ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് നെഹ്‌റു സത്യപ്രതിജ്ഞ ചെയ്തു. ഇതിന് ശേഷമാണ് 42 അടി ഉയരമുള്ള മാർബിൾ ചുവരുകളോട് കൂടിയ ദർബാർ ഹാൾ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്തുന്ന പ്രധാന ഇടമായി മാറിയത്. രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തത് ഇവിടെ വച്ചായിരുന്നു.
വർഷങ്ങൾക്ക് ശേഷം, 1990-ൽ സത്യപ്രതിജ്ഞാ ചടങ്ങുകളുടെ കാര്യത്തിൽ ഒരു മാറ്റമുണ്ടായി. ദർബാർ ഹാളിന് പകരം രാഷ്ട്രപതി ഭവൻ്റെ മുൻവശത്ത് വെച്ചാണ് രാഷ്ട്രപതി ആർ വെങ്കിട്ടരാമൻ പ്രധാനമന്ത്രി ചന്ദ്രശേഖറിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഒരു തുറസ്സായ സ്ഥലത്ത് ചടങ്ങ് നടത്തിയത് പൊതുജനങ്ങളെ രാഷ്ട്രീയത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ പിന്തുണയാണ് കാണിക്കുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ഒരു തുറന്ന വേദി കൂടുതൽ ആളുകളെ പങ്കെടുക്കാൻ അനുവദിച്ചു.
1999-ൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അടൽ ബിഹാരി വാജ്‌പേയിയും സത്യപ്രതിജ്ഞ ചെയ്തു. 2014ലും 2019ലും വാജ്‌പേയിയുടെ പാത പിന്തുടർന്ന് നരേന്ദ്ര മോദിയും അദ്ദേഹത്തിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഈ വേദിയിൽ തന്നെ നടത്തിയിരുന്നു. അഥിതികളുടെ എണ്ണ കൂടുതൽ മറ്റൊരു കാരണമായിരുന്നു. അദ്ദേഹത്തിൻ്റെ ആദ്യ സത്യപ്രതിജ്ഞാ ചടങ്ങിന് 4,000 അതിഥികൾ ഉണ്ടായിരുന്നെങ്കിൽ, 2019 ൽ ആ എണ്ണം 6,000 ആയി വർദ്ധിച്ചു. മൂന്നാം സത്യപ്രതിജ്ഞക്ക് അത് ഒന്ന് കൂടി ഇരട്ടിച്ചു. 1984 ൽ മാത്രമാണ് ഈ പരിപാടി ദൂരദർശനിൽ തത്സമയം സംപ്രേക്ഷണം ചെയ്തത്. അതുനുശേഷം ഇതവണയാണ് ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യുക. ഇവൻ്റ് തത്സമയം സംപ്രേക്ഷണം ചെയ്യാൻ ജൂൺ 9 ന് ഏകദേശം 100 ക്യാമറകൾ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ.
എങ്ങനെയാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്?
മന്ത്രിമാർക്ക് ദൈവത്തിൻ്റെ നാമത്തിൽ ഹിന്ദിയിലോ ഇംഗ്ലീഷിലോ സത്യപ്രതിജ്ഞ ചെയ്യാനോ തിരഞ്ഞെടുക്കാനുള്ള അവസരം നൽകിയിട്ടുണ്ട്. ഭരണഘടനയുടെ മൂന്നാം ഷെഡ്യൂൾ പ്രകാരമായിരിക്കും സത്യപ്രതിജ്ഞ. അതുതിനുശേഷം, മേശപ്പുറത്ത് വെച്ചിരിക്കുന്ന രജിസ്റ്ററിൽ ഒപ്പിടും, കൂടാതെ പ്രസിഡൻ്റിൻ്റെ സെക്രട്ടറിയും അതിൽ ഒപ്പിടും. ചടങ്ങിന് ശേഷം, രാഷ്ട്രപതി അതിഥികൾക്കായി അത്താഴ വിരുന്നും ഒരുക്കിയിട്ടുണ്ട്. പ്രശസ്തമായ റെയ്‌സിന ദാൽ ഉൾപ്പെടെ വിവിധ വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 48 മണിക്കൂർ പതുക്കെ വേവിച്ചെടുക്കുന്ന വിഭവമാണിത്.
Content summary; The long history behind oath-taking ceremony in india