ഇന്ത്യക്കായി കളിക്കാനാകാത്ത നിർഭാ​ഗ്യവാനായ ക്രിക്കറ്റർ; ഇന്ന് രാജ്യത്തെ ലോകചാമ്പ്യനാക്കിയ ഹീറോ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ കന്നി ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പരിശീലകൻ അമോൽ മുജുംദാർ

amol muzumdar

ഇന്ത്യക്കായി കളിക്കളത്തിൽ ഇറങ്ങാൻ കഴിയാതിരുന്ന ഒരു താരം, ഇന്ന് രാജ്യത്തെ ലോക ചാമ്പ്യന്മാരാക്കിയിരിക്കുന്നു.. പറഞ്ഞുവരുന്നത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെ കന്നി ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച പരിശീലകൻ അമോൽ മുജുംദാറിനെക്കുറിച്ചാണ്. വർഷങ്ങളോളം ആഭ്യന്തര ക്രിക്കറ്റിലുണ്ടായിരുന്നിട്ടും 11,167ൽ അധികം ഫസ്റ്റ് ക്ലാസ് റൺസ് നേടിയിട്ടും ഇന്ത്യയുടെ കുപ്പായമണിയാൻ അമോൽ മുജുംദാറിന് കഴിഞ്ഞിരുന്നില്ല.

അമോൽ അനിൽ മുജുംദാർ

1974 നവംബർ 11ന് മുംബൈയിലാണ് അമോൽ അനിൽ മുജുംദാർ ജനിച്ചത്. ബി.പി.എം ഹൈസ്കൂളിലാണ് മുജുംദാർ തൻ്റെ ആദ്യകാല വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് ശാരദാശ്രമം വിദ്യാമന്ദിറിലേക്ക് മാറുകയും അവിടെ വെച്ച് സച്ചിൻ ടെണ്ടുൽക്കറിനെ പരിശീലിപ്പിച്ച ഇതിഹാസ കോച്ച് ആയ രമാകാന്ത് അച്ചരേക്കറുടെ ശിക്ഷണത്തിൽ ക്രിക്കറ്റിൻ്റെ പാഠങ്ങൾ പഠിക്കുകയും ചെയ്തു. അന്ന് ലഭിച്ച അടിത്തറ
ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരിലൊരാളായി അദ്ദേഹത്തെ മാറ്റി.

ആഭ്യന്തര ക്രിക്കറ്റിലെ താരം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അന്ന് അമോൽ മുജുംദാർ സഹമത്സരാർത്ഥികൾക്കിടയിൽ ഒരു സെൻസേഷനായിരുന്നു. തൻ്റെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിൽ തന്നെ 260 റൺസ് നേടി മുജുംദാർ ശ്രദ്ധ നേടി. അക്കാലത്ത്, അരങ്ങേറ്റത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്നതിലുള്ള ലോക റെക്കോർഡ് ആയിരുന്നു അത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട തൻ്റെ കരിയറിൽ, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 11,000ൽ അധികം റൺസും 30 സെഞ്ചുറികളും മുജുംദാർ നേടി.

നിർഭാ​ഗ്യവാനായ കളിക്കാരൻ

സച്ചിൻ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവരടങ്ങിയ ഇന്ത്യൻ ക്രിക്കറ്റിൻറെ സുവർണ തലമുറയുടെ കാലഘട്ടത്തിലാണ് മുജുംദാർ കളിച്ചത്. അതു തന്നെയായിരുന്നു ക്രിക്കറ്റർ എന്ന നിലിൽ മുജുംദാറിൻറെ ഏറ്റവും വലിയ ദൗർഭാഗ്യവും. മധ്യനിരയിൽ ഒരു ഒഴിവുപോലും പ്രതീക്ഷിക്കാനില്ലാത്ത കാലഘട്ടം. ഇന്ത്യയുടെ അണ്ടർ-19 വൈസ് ക്യാപ്റ്റനായിരുന്നു. ഇന്ത്യ എ ടീമിൽ ദ്രാവിഡിനും ഗാംഗുലിക്കുമൊപ്പം കളിച്ചു. പക്ഷേ, ദേശീയ ടീമിലേക്ക് കടക്കാൻ ഒരിക്കലും മുജുംദറിന് കഴിഞ്ഞില്ല.

പരിശീലക വേഷത്തിലേക്ക്

2014 ൽ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം അമോൽ മുജുംദാർ പരിശീലകനായി വേഷമിടുകയായിരുന്നു. ഇന്ത്യയുടെ അണ്ടർ-19, അണ്ടർ-23 ടീമുകളിലെ യുവ പ്രതിഭകളുടെ കോച്ചായിട്ടായിരുന്നു തുടക്കം. പിന്നീട് അദ്ദേഹത്തിൻ്റെ കരിയർ അന്താരാഷ്ട്ര തലത്തിലേക്ക് വളർന്നു. ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിൻ്റെ ബാറ്റിംഗ് കൺസൾട്ടൻ്റ് എന്ന നിലയിലും ഐ.പി.എൽ. ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിൻ്റെ ബാറ്റിംഗ് കോച്ചായും പ്രവർത്തിച്ചു. കൂടാതെ, നെതർലൻഡ്‌സ് പുരുഷ ടീമിൻ്റെ പരിശീലക സംഘത്തിലും മുജുംദാർ അംഗമായിരുന്നു.

2023 ഒക്ടോബറിൽ, ഏകദേശം 10 മാസത്തോളം ഒഴിഞ്ഞുകിടന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ ഹെഡ് കോച്ച് സ്ഥാനത്തേക്ക് ബിസിസിഐ അമോൽ മുജുംദാറിനെ നിയമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിൽ കാര്യമായ പരിചയമില്ലാത്ത ഒരാളെ തിരഞ്ഞെടുത്തതിൻ്റെ പേരിൽ തുടക്കത്തിൽ ചില വിവാദങ്ങൾ ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിൻ്റെ മികച്ച ആഭ്യന്തര റെക്കോർഡും കോച്ചെന്ന നിലയിലുള്ള കാര്യനിർവ്വഹണവും കളിക്കാർക്കും ക്രിക്കറ്റ് ലോകത്തിനും ഇടയിൽ പെട്ടെന്ന് തന്നെ സ്വീകാര്യത നേടിക്കൊടുത്തു.

തൻ്റെ ക്രിക്കറ്റ് കരിയറിൽ നിർഭാ​ഗ്യത്താൽ അവസരങ്ങൾ നഷ്ടപ്പെട്ട അമോൽ മുജുംദാറിനായി കാലം ഒരു ചരിത്രദിവസം കാത്തുവെച്ചിരുന്നു. 2025ൽ ചരിത്രത്തിലാദ്യമായി ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ടീമിൻറെ പരിശീലകൻ എന്ന സ്ഥാനം.

Content Summary: From sidelined cricketer to World Cup-winning coach, Indian Women’s Cricket Team Coach Amol Muzumdar

This post was last modified on November 3, 2025 12:03 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment