June 04, 2026 |
Share on

രാജ്യത്തിന്റെ നെഞ്ച് തുളച്ച പാ‍‍‍ർലമെന്റെ് ആക്രമണം മുതൽ ചെങ്കോട്ട സ്ഫോടനം വരെ

ഇന്ത്യയുടെ സുരക്ഷാ വലയം ഭേദിച്ച ആക്രമണങ്ങൾ

ചെങ്കോട്ടയ്ക്ക് മുന്നിലെ തീ ഇനിയും അണഞ്ഞിട്ടില്ല. ഇന്ത്യയെ ഞെട്ടിച്ച് കൊണ്ടാണ് ഇന്നലെ രാത്രിയോടെ രാജ്യ തലസ്ഥാനത്തെ സ്ഫോടന വാ‍ർത്തയെത്തുന്നത്. ഡൽഹി ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ ഉ​ഗ്ര കാർ സ്ഫോടനത്തിൽ ഒമ്പത് പേർക്കാണ് ജീവൻ നഷ്ടമായത്. ആ സമയത്ത് നിരത്തിലുണ്ടായിരുന്ന ഐ 10 കാറാണ് പൊട്ടിത്തെറിച്ചത്. ആ സമയത്ത് വാഹനത്തിനകത്ത് ഒന്നിലധികം യാത്രക്കാരുണ്ടായിരുന്നു. സ്ഫോടനത്തിന്റെ ഞെട്ടലിൽ നിന്ന് രാജ്യമിപ്പോഴും വിടുതൽ നേടിയിട്ടില്ല.

ഇന്ത്യയുടെ ചരിത്രത്തിൽ, പലപ്പോഴും രാജ്യത്തിൻ്റെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക തലസ്ഥാനങ്ങളെ ലക്ഷ്യമിട്ട് നിരവധി സ്ഫോടന പരമ്പരകളും ഭീകരാക്രമണങ്ങളും നടന്നിട്ടുണ്ട്. ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവനും സ്വത്തിനും നാശനഷ്ടമുണ്ടാക്കിയ ഈ സംഭവങ്ങൾ രാജ്യത്തിൻ്റെ സുരക്ഷാ സംവിധാനങ്ങളെ അടിമുടി മാറ്റിയെഴുതാൻ കാരണമായി. സുരക്ഷാ സംവിധാനങ്ങൾ ശക്തമായിട്ടും ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുകയാണ്.

1990കളിലെ മുംബൈ സ്ഫോടന പരമ്പര

ഇന്ത്യൻ തീവ്രവാദ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു 1993 മാർച്ച് 12ന് നടന്ന മുംബൈ സ്ഫോടന പരമ്പര. ദാവൂദ് ഇബ്രാഹിമിൻ്റെ നേതൃത്വത്തിലുള്ള ‘ഡി-കമ്പനി’ ആസൂത്രണം ചെയ്ത ഈ ആക്രമണങ്ങൾ, രാജ്യത്തെ ആദ്യത്തെ സംഘടിത തീവ്രവാദ സ്ഫോടന പരമ്പരയായി കണക്കാക്കപ്പെടുന്നു. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (BSE), എയർ ഇന്ത്യ കെട്ടിടം എന്നിങ്ങനെ തിരക്കേറിയ മറ്റു 12 സ്ഥലങ്ങളിൽ കാർ ബോംബുകളും മറ്റ് സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. ഈ സ്ഫോടനത്തിൽ. 257ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 700ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2001ലെ പാർലമെൻ്റ് ആക്രമണം

ഇന്ത്യൻ ജനാധിപത്യത്തിൻ്റെ പ്രതീകമായി കണക്കാക്കുന്ന പാർലമെന്റ് മന്ദിരത്തെ ലക്ഷ്യമിട്ട് 2001 ഡിസംബർ 13നാണ് പിന്നീട് ആക്രമണം നടക്കുന്നത്. ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷ്-ഇ-മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള തീവ്രവാദികൾ പാർലമെൻ്റ് വളപ്പിലേക്ക് അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു.

2005ലെ ഡൽഹി സ്ഫോടനം

അന്ന് 2005 ഒക്ടോബർ 29, ദീപാവലി ആഘോഷങ്ങളുടെ നിറവിലായിരുന്ന രാജ്യം. ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് സമീപമുള്ള ഈ തിരക്കേറിയ മാർക്കറ്റിലാണ് ആദ്യ സ്ഫോടനം നടന്നത്. പിന്നീട് തുടരെ ഡൽഹിയിലെ മറ്റു രണ്ടു പ്രധാന മാർക്കറ്റുകളായ സരോജിനി നഗർ മാർക്കറ്റിലും, ​ഗോവിന്ദപുരി മാർക്കറ്റിലും സ്ഫോടനങ്ങൾ നടന്നു. ഭീകര സംഘടനയായ ലഷ്കർ ഈ ത്വയിബയായിരുന്നു ഈ ആക്രമണങ്ങൾക്ക് പിന്നിൽ.
ഈ സ്ഫോടന പരമ്പരയിൽ 66ൽ അധികം ആളുകളാണ് കൊല്ലപ്പെട്ടത്. സരോജിനി നഗർ മാർക്കറ്റിൽ മാത്രം 40ൽ അധികം പേർ മരിച്ചു. 200ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദീപാവലിയോട് അനുബന്ധിച്ച് ഷോപ്പിംഗിനായി എത്തിയ സാധാരണക്കാരും കുട്ടികളുമാണ് മരണപ്പെട്ടവരിൽ അധികവും. ഈ ആക്രമണത്തിന് പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബ എന്ന പാക് ഭീകരസംഘടനയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന താരീഖ് അഹമ്മദ് ദാർ എന്നയാളാണ് ആക്രമണങ്ങൾക്ക് പിന്നിലെ പ്രധാന സൂത്രധാരൻ എന്ന് കണ്ടെത്തി.

2006ലെ മുംബൈ ട്രെയിൻ സ്ഫോടനം

2006 ജൂലൈ 11ന് മുംബൈയുടെ പ്രാദേശിക ട്രെയിനെ ലക്ഷ്യമിട്ട് നടത്തിയ സ്ഫോടന പരമ്പര ഇന്ത്യൻ തീവ്രവാദ ചരിത്രത്തിലെ പ്രധാനപ്പെട്ട ആക്രമണങ്ങളിലൊന്നാണ്. തിരക്കേറിയ വൈകുന്നേരം, വെസ്റ്റേൺ റെയിൽവേ ലൈനിലെ ഏഴ് സബർബൻ ട്രെയിൻ കോച്ചുകളിൽ, പ്രഷർ കുക്കറുകളിൽ സ്ഥാപിച്ച ബോംബുകൾ ഉപയോഗിച്ച്, 11 മിനിറ്റിനുള്ളിൽ ഏഴ് സ്ഫോടനങ്ങൾ നടത്തി. ഈ ഭീകരാക്രമണത്തിൽ 189ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 800ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ആക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബയുമായിബന്ധമുള്ള ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകരായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. ഈ സംഭവം മുംബൈയുടെ പൊതുഗതാഗത സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തി.

2008 സ്ഫോടന പരമ്പരകളുടെ വർഷം

ഇന്ത്യൻ തീവ്രവാദ ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധമായ വർഷങ്ങളിൽ ഒന്നായിരുന്നു 2008. ഈ വർഷം ഇന്ത്യൻ മുജാഹിദ്ദീൻ എന്ന ഭീകരസംഘടന രാജ്യത്തെ വിവിധ നഗരങ്ങളിൽ തുടർച്ചയായ സ്ഫോടന പരമ്പരകൾ നടത്തി. മേയ് 13ന് ജയ്പൂരിലെ തിരക്കേറിയ മാർക്കറ്റുകളിൽ 9 തുടർ സ്ഫോടനങ്ങളിലായി 71ൽ അധികം പേരെ കൊലപ്പെടുത്തിക്കൊണ്ടാണ് ഈ ഭീകരപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന്, ജൂലൈ 26ന് ഗുജറാത്തിലെ അഹമ്മദാബാദിനെ ലക്ഷ്യമിട്ട് 70 മിനിറ്റിനുള്ളിൽ 21 തുടർ സ്ഫോടനങ്ങൾ നടന്നു, ഇതിൽ 56ൽ അധികം പേർ മരിച്ചു. ഇതിന് പിന്നാലെ സെപ്റ്റംബർ 13ന് ഡൽഹിയിലെ കോണാട്ട് പ്ലേസ്, കരോൾ ബാഗ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ 5 തുടർ സ്ഫോടനങ്ങൾ നടന്നു. എന്നാൽ ഏറ്റവും ഞെട്ടിച്ച സംഭവം നവംബർ 26ന് മുംബൈയെ ലക്ഷ്യമിട്ട് ലഷ്‌കർ-ഇ-തൊയ്ബ നടത്തിയ 26/11 ആക്രമണമായിരുന്നു. ഈ ആക്രമണങ്ങൾ രാജ്യത്തിൻ്റെ സുരക്ഷാ സംവിധാനങ്ങളുടെ ഏകോപനത്തെ ചോദ്യം ചെയ്യുകയും ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ നിർണ്ണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു.

2008ലെ മുംബൈ ഭീകരാക്രമണം

2008 നവംബർ 26ന് ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയെ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയിലെ 10 ഭീകരർ ആക്രമിച്ച സംഭവം ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആക്രമണങ്ങളിൽ ഒന്നാണ്. താജ് മഹൽ പാലസ് ഹോട്ടൽ, ഒബറോയ് ട്രൈഡൻ്റ് ഹോട്ടൽ, ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് റെയിൽവേ സ്റ്റേഷൻ, ലിയോപോൾഡ് കഫേ തുടങ്ങിയ നഗരത്തിലെ 12 പ്രധാന സ്ഥലങ്ങളെ ലക്ഷ്യമിട്ട് നടന്ന ഈ കൂട്ടായ ആക്രമണത്തിൽ, നാല് ദിവസം നീണ്ടുനിന്ന ഈ ആക്രമണത്തിൽ വിദേശികൾ ഉൾപ്പെടെ 166ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 300ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ സുരക്ഷാ സേന ധീരമായി പോരാടി 9 ഭീകരരെ വധിക്കുകയും അജ്മൽ കസബ് എന്ന ഭീകരനെ ജീവനോടെ പിടികൂടുകയും ചെയ്തു. ഈ ആക്രമണം ഇന്ത്യയുടെ തീരദേശ സുരക്ഷയുടെയും ഭീകരവിരുദ്ധ പോരാട്ടങ്ങളുടെയും സമീപനത്തെ സമൂലമായി മാറ്റിമറിച്ചു.

2019ലെ പുൽവാമ ആക്രമണം

2019 ഫെബ്രുവരി 14ന് ജമ്മു കാശ്മീരിലെ പുൽവാമ ജില്ലയിൽ ശ്രീനഗർ-ജമ്മു ദേശീയപാതയിൽ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൻ്റെ വാഹനവ്യൂഹത്തിന് നേരെയാണ് അപ്രതീക്ഷിത ചാവേറാക്രമണമുണ്ടാവുന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച ഒരു വാഹനം വാഹനവ്യൂഹത്തിലെ ബസുകളിലൊന്നിലേക്ക് ഇടിച്ചുകയറ്റിയായിരുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജെയ്‌ഷ്-ഇ-മുഹമ്മദ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഈ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ്. ജവാന്മാർക്ക് വീരമൃത്യു വരിക്കേണ്ടിവന്നു. ഈ സംഭവത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാവുകയും, ഇന്ത്യ തിരിച്ചടിയായി പാകിസ്ഥാനിലെ ബാലാക്കോട്ടിലുള്ള ഭീകരക്യാമ്പുകളിൽ വ്യോമാക്രമണം നടത്തുകയും ചെയ്തു.

2024 മാർച്ച് 1 ബാംഗ്ലൂർ രാമേശ്വരം കഫേ സ്ഫോടനം

കർണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂരിലെ തിരക്കേറിയ വൈറ്റ്‌ഫീൽഡ് ഏരിയയിലുള്ള പ്രശസ്തമായ രാമേശ്വരം കഫേയെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ഒരു ബാഗിനുള്ളിൽ സ്ഥാപിച്ച ഐ.ഇ.ഡി പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. ആളപായം ഉണ്ടായില്ലെങ്കിലും പത്തിലധികം പേർക്ക് പരിക്കേറ്റു. ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്ത കേസിൽ, പ്രതികൾക്ക് അന്താരാഷ്ട്ര ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സാമ്പത്തിക തലസ്ഥാനമായ ബാംഗ്ലൂരിനെ ലക്ഷ്യമിട്ട് നടന്ന ഈ ആക്രമണം, ദക്ഷിണേന്ത്യൻ നഗരങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യം വീണ്ടും ഓർമ്മിപ്പിച്ചു.

ഏറ്റവും ഒടുവിലിതാ 2025 നവംബർ 10ന് രാജ്യതലസ്ഥാനമായ ഡൽഹിയെ ഞെട്ടിച്ച ചെങ്കോട്ട സ്ഫോടനം. ഇതിനെ വെറുമൊരു സ്ഫോടനമായി തള്ളിക്കളയാനാവില്ല. മറിച്ച്, രാജ്യസുരക്ഷാ സംവിധാനങ്ങൾക്കെതിരെ ഉയരുന്ന ചോദ്യമാണ്.

content summary: From the Parliament attack that struck at the nation’s core to the Red Fort blast

Leave a Reply

Your email address will not be published. Required fields are marked *

×