June 18, 2025 |

പണി പൂർത്തിയാവാത്ത ക്ലാസ്മുറികൾ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; എഫ്ടിഐ ക്യാമ്പസ് വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ നടക്കുന്ന രണ്ടാമത്തെ പ്രതിഷേധവും ബഹിഷ്കരണവുമാണിത്

ക്യാമ്പസിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ പ്രതിഷേധിച്ച്, അരുണാചൽ പ്രദേശിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എഫ്‌ടിഐ) ഉദ്ഘാടന ബാച്ചിലെ വിദ്യാർത്ഥികൾ മെയ് 15 മുതൽ ക്ലാസുകളും മറ്റ് അക്കാദമിക് പ്രവർത്തനങ്ങളും ബഹിഷ്‌കരിക്കുകയാണ്. ആറു മാസത്തെ രോഷമാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് തങ്ങളെ എത്തിച്ചതെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.

പുതുതായി ആരംഭിച്ച ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെതിരെ നടക്കുന്ന രണ്ടാമത്തെ പ്രതിഷേധവും ബഹിഷ്കരണവുമാണിതെന്ന് വിദ്യാർത്ഥികൾ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മാസങ്ങളായി തുടരുന്ന ഭരണപരമായ നിസ്സംഗതയ്ക്കും അടിസ്ഥാന സൗകര്യങ്ങളുടെയും അക്കാദമിക് ആവശ്യങ്ങളുടെയും കാര്യത്തിൽ പോലും ലംഘിക്കപ്പെടുന്ന വാ​ഗ്ദാനങ്ങൾക്കും എതിരെയുള്ള നടപടിയാണ് ഈ പ്രതിഷേധമെന്ന് കുറിപ്പിൽ പറയുന്നു. കോളേജ് അധികൃതരുടെ അനാസ്ഥയ്ക്കെതിരെ പലപ്പോഴായി വിദ്യാർത്ഥികൾ പ്രതിഷേധത്തിന്റെ ശബ്ദം ശക്തമാക്കിയിരുന്നു അടിസ്ഥാന ആവശ്യങ്ങളുടെ ഒരു പട്ടികയുണ്ടാക്കുകയും അത് ഉടൻ പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു എന്നാൽ ഇതുവരെ അത് പാലിക്കപ്പെട്ടില്ല.

ജലവിതരണം, വൈദ്യുതി വിതരണം, ഫിലിം സ്കൂളിലെ അക്കാദമിക് പ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ക്ലാസ് റൂം തിയേറ്ററോ (സിആർടി) പോസ്റ്റ്-പ്രൊഡക്ഷൻ ബ്ലോക്കുകളോ പ്രവർത്തനക്ഷമമല്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ‍‍വിദ്യാർത്ഥികൾക്ക് കൃത്യമായ ക്ലാസ്മുറികളില്ല ലൈബ്രറിക്കുള്ളിലാണ് ക്ലാസുകൾ നടക്കുന്നതെന്ന് വിദ്യാ‍ർത്ഥികൾ വ്യക്തമാക്കിയതായി ദി വയർ റിപ്പോർട്ട് ചെയ്തു. സ്ഥാപനത്തിന് ഔപചാരിക നാമമോ, ലോഗോയോ, വെബ്സൈറ്റോ വിദ്യാർത്ഥികൾക്ക് ഐഡി കാർഡുകളോ ഇല്ല. ജീവനക്കാരുടെ കുറവും അടിസ്ഥാന ഭരണപരമായ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് പ്രസ്താവനയിൽ ആരോപിക്കുന്നു. അഭിനയ മോഹം കാരണം എഫ്‌ടിഐയിൽ പ്രവേശനം നേടിയ നിരവധി വി​ദ്യാർത്ഥികളുടെ ഭാവിയാണ് പ്രതിസന്ധിലായിരിക്കുന്നത്. ഓ​ഗസ്റ്റിൽ പ്രവേശന പരീക്ഷ നടത്തിയ എഫ്ടിഐ മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ക്ലാസ് ആരംഭിക്കുന്നത് അതും ഓൺലൈനായി. പ്രാക്ടിക്കലായി പരിശീലനം നേടേണ്ടുന്ന വിഷയത്തിലെ ഓൺലൈൻ ക്ലാസെന്ന കോളേജ് അധികൃതരുടെ തീരുമാനമായിരുന്നു വിദ്യാർത്ഥികൾക്കേറ്റ ആദ്യ പ്രഹരം. ഇതിനെ വിദ്യാർത്ഥികൾ എതിർത്തോടെ ഡിസംബറിൽ ക്ലാസ് തുടങ്ങുമെന്നായി കോളേജിന്റെ വാദം എന്നാൽ അതിനും നാല് മാസങ്ങൾക്ക് ശേഷം മാർച്ചിലാണ് ക്ലാസ് ആരംഭിച്ചത്.

വിദ്യാ‌‍ത്ഥികളുടെ പ്രതീക്ഷകളെയാകെ തകിടം മറിച്ചുകൊണ്ടായിരുന്നു ക്ലാസ് ആരംഭിച്ചത്. പറഞ്ഞപ്രകാരം ക്ലാസ് ആരംഭിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ കോളേജ് അധികൃതർ‍ ഒരുക്കിയിരുന്നില്ല. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് മാസങ്ങളായി ലഭിച്ചു കൊണ്ടിരിക്കുന്നത് മലിന ജലമായത് കൊണ്ട് വിദ്യാർത്ഥികൾ അസുഖബാധിതരാവാൻ തുടങ്ങി. മൂന്ന് ദിവസമായി അവർക്ക് ശുദ്ധജലം ലഭിച്ചിട്ട്. ഇടയ്ക്കിടെ ഇന്റർനെറ്റ് തടസ്സപ്പെടുന്നതും സുരക്ഷിതമല്ലാത്തതോ പൂർത്തിയാകാത്തതോ ആയ ഇടങ്ങളിൽ ക്ലാസുകൾ നടക്കുന്നതും തങ്ങളുടെ കടുത്ത അതൃപ്തിക്ക് കാരണങ്ങളായി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ഇറ്റാനഗറിൽ നിന്ന് ഏകദേശം 22 കിലോമീറ്റർ അകലെ ജോല്ലാങ്-രാകപ്പിലാണ് ഫിലിം സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശരിയായ ഗതാഗത സൗകര്യമില്ലാത്തതിനാൽ യാത്ര അസാധ്യമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.

ക്യാമ്പസിലെ തിയേറ്റർ ഹാളിന്റെയും ഓഡിറ്റോറിയത്തിന്റെയും അവസ്ഥയെക്കുറിച്ച് വിശദമായ വിവരങ്ങൾ തേടി വിദ്യാർത്ഥികൾ നൽകിയ വിവരാവകാശ അപേക്ഷ ദി വയറിന് ലഭിച്ചിരുന്നു. വിവരാവകാശ രേഖയിലെ വിവരങ്ങൾ പ്രകാരം 85 ശതമാനം ജോലികളും പൂർത്തിയായതായി കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട് മറുപടി നൽകിയത്. 2024 ഡിസംബർ വരെ കരാറുകാർക്ക് സമയപരിധി നൽകിയിരുന്നു, പക്ഷേ ആ സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ അവർക്ക് സാധിച്ചില്ല. പ്രവേശന പരീക്ഷ നടന്നുകഴിഞ്ഞാൽ പ്രവേശനം റദ്ദാക്കാൻ തങ്ങൾക്ക് കഴിഞ്ഞില്ലെന്ന് ഔദ്യോ​ഗിക വൃത്തം വ്യക്തമാക്കി.
content summary: FTI Arunachal Pradesh Faces Student Protests Over Delays, Incomplete Campus, and Lack of Basic Facilities

Leave a Reply

Your email address will not be published. Required fields are marked *

×