UPDATES

തീപിടിത്തം: കെട്ടിടം നിറയെ പേപ്പറും പ്ലാസ്റ്റിക്കും സിലിണ്ടറും; വമ്പന്‍ വീഴ്ചയെന്ന് കുവൈത്ത്

മരിച്ചവരുടെ എണ്ണം 50 ആയി

                       

രണ്ട് ഡസനോളം ഗ്യാസ് സിലിണ്ടറുകള്‍ തൊഴിലാളികളുടെ കിടക്കകള്‍ വേര്‍തിരിക്കാന്‍ പാര്‍ട്ടീഷനുകള്‍ക്കായി ഉപയോഗിച്ച പേപ്പര്‍, കാര്‍ഡ്‌ബോര്‍ഡ്, പ്ലാസ്റ്റിക് തുടങ്ങി കത്തുന്ന വസ്തുക്കളുടെ കൂമ്പാരമായിരുന്നു അഗ്നിഗോളമായി മാറിയ ഏഴ് നില കെട്ടിടമെന്ന് കുവൈത്ത് അന്വേഷണ ഏജന്‍സി.ഇവയ്‌ക്കെല്ലാം തീ പിടിച്ചപ്പോഴാണ് കെട്ടിടത്തിന്റെ താഴത്തെ നിലയിലെയും മുകള്‍ നിലകളിലെയും മുറികളില്‍ പുക നിറഞ്ഞത്. മേല്‍ക്കുരയിലേക്കുള്ളത് അടക്കം പല വാതിലുകളും പൂട്ടിയ നിലയിലായിരുന്നു. ഇത് തൊഴിലാളികളെ പുറത്ത് കടക്കാന്‍ പറ്റാത്ത വിധത്തിലാക്കി. അതാണ് പുകശ്വസിച്ച് ശ്വാസം മുട്ടിയുള്ള മരണത്തിലേക്ക് നയിച്ചത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തിക്കുംതിരക്കുമുണ്ടായതും അപകടത്തിന്റെ വ്യാപ്തി കൂട്ടി.തീ ഉയര്‍ന്നതോടെ പലരും ജനല്‍ വഴിയും മറ്റും പുറത്തേക്ക് ചാടി. ഇത്തരത്തില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. Kuwait fire 

കെട്ടിടത്തിന്റെ ഓരോ മുറിയിലും പത്തോ അതിലധികമോ ആളുകളാണ് തിങ്ങികഴിഞ്ഞിരുന്നത്. സംഭവിച്ചത് വന്‍ സുരക്ഷാ വീഴ്ചയാണെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി ഉയര്‍ന്നിട്ടുണ്ട്. കുവൈത്ത് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് തീപിടിച്ച കെട്ടിടത്തിന്റെ ഉടമയെയും സുരക്ഷാ ഉദ്യോഗസ്ഥനെയും അറസ്റ്റ് ചെയ്തു. കമ്പനിയുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിന്റെ ഫലമാണെന്ന് അപകട സ്ഥലം സന്ദര്‍ശിച്ച ശേഷം ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് പറഞ്ഞു. തീപിടിത്തതിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികള്‍ അനധികൃതമായി തിങ്ങി താമസിക്കുന്ന എല്ലാ കെട്ടിടങ്ങളിലെയും ഉടമകളെ പിടികൂടാനും നിയമ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമല്ല. ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയില്‍ സൂക്ഷിച്ച പാചകവാതക സിലണ്ടര്‍ ചോര്‍ന്നാണു തീപിടിത്തമെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണു കാരണമെന്ന റിപ്പോര്‍ട്ടും വരുന്നുണ്ട്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലുമണിയോടെയാണ് തെക്കന്‍ കുവൈറ്റിലെ മംഗഫ് നഗരത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ പെട്ടവരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. മന്‍ഗഫ് ബ്ലോക്ക് നാലിലുള്ള എന്‍ബിറ്റിസി കമ്പനിയിലെ 160ലധികം ജീവനക്കാരാണ് കെട്ടിടത്തില്‍ താമസിച്ചിരുന്നത് എന്നാണ് ലഭ്യമായ വിവരം. മലയാളി വ്യവസായി കെജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.

 

English summary: Gas cylinders, cardboard partitions, door to roof locked: Kuwait probe into building fire Kuwait fire 

 

Share on

മറ്റുവാര്‍ത്തകള്‍