യുദ്ധങ്ങളിൽ ഏർപ്പെടുന്ന സൈനികർക്ക് സംഭവിക്കുന്ന ആഴമുള്ള പരിക്കുകൾക്ക് സാമനമാണ് ഗാസയിലെ സാധാരണ പൗരന്മാരുടെ പരിക്കുകളെന്ന് വ്യക്തമാക്കുന്ന പഠന റിപ്പോർട്ട് പുറത്ത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അടുത്തിടെ നടന്ന യുദ്ധങ്ങളിൽ പങ്കെടുത്ത യുഎസ് സൈനികർക്കുണ്ടായേക്കുന്നതിനേക്കാൾ മാരകമായ മുറിവുകൾ ഗാസയിലെ ജനങ്ങൾക്കുണ്ടായെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ (BMJ) പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
2024 ഓഗസ്റ്റ് മുതൽ 2025 ഫെബ്രുവരി വരെയുള്ള കാലയളവിൽ, ഗാസയിൽ പ്രവർത്തിച്ചിരുന്ന നിരവധി അന്താരാഷ്ട്ര ആരോഗ്യപ്രവർത്തകരിൽ നിന്ന് ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ദി ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ജനങ്ങൾക്കുണ്ടായ മുറിവുകളുടെ സ്വഭാവം സൈനികർക്കുണ്ടാവുന്നതിനേക്കാൾ മോശമാണെന്ന് പഠനത്തിന്റെ രചയിതാക്കളിൽ ഒരാളും മിഷിഗൺ സർവകലാശാലയിലെ ഗവേഷകനുമായ ഡോ. ബിലാൽ ഇർഫാൻ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആശുപത്രിയിലെത്തി രക്ഷപ്പെട്ട രോഗികളുടെ വിവരങ്ങളാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും വൈദ്യസഹായം ലഭിക്കാതെ മരിച്ചവരുടെ ഗുരുതരമായ പരിക്കുകളുടെ പൂർണ്ണ വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്നും ഡോ. ബിലാൽ ഇർഫാൻ പറഞ്ഞു. 24,000 ത്തോളം പേരുടെ പരിക്കുകളാണ് പഠനത്തിൽ പരാമർശിച്ചിരിക്കുന്നത്. അതിൽ 18% പൊള്ളലേറ്റവയാണ്. പൊള്ളലേറ്റ പരിക്കുകൾ കുട്ടികളിൽ വളരെ ഗുരുതരമായിരുന്നുവെന്നും പഠനത്തിൽ പറയുന്നു.
ഗാസയിലെ യുദ്ധനടപടികളുടെ വിഷയത്തിൽ ഇസ്രയേൽ കൂടുതൽ ഒറ്റപ്പെടുന്ന സാഹചര്യത്തിൽ, പുതിയ പഠനം ഇസ്രയേലിന്മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ചാണ് യുദ്ധം ചെയ്യുന്നതെന്നാണ് ഇസ്രയേൽ സൈന്യം വാദിക്കുന്നത്. വേഗത്തിൽ നടക്കുന്ന സൈനിക നീക്കങ്ങളിൽ സാധാരണക്കാരെ സംരക്ഷിക്കാൻ കഴിയില്ലെന്നും സൈനികർ പറയുന്നു. ഇസ്രായേൽ സൈന്യം മാർച്ച് മുതൽ ഗാസയിൽ നടത്തിയ പുതിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഓരോ 16 പലസ്തീനികളിൽ 15 പേരും സാധാരണക്കാരാവാം എന്നാണ് അക്രഡിറ്റേഷൻ ട്രാക്കിംഗ് ഓർഗനൈസേഷനായ Acled ശേഖരിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Content Summary: Gaza civilians’ injuries more serious than soldiers’ on the battlefield, study finds
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.