ഗാസയിൽ രൂക്ഷമായ ഇന്ധനക്ഷാമം നേരിടുന്നതായി ഐക്യരാഷ്ട്രസഭ. ഗാസയിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിനും ജനങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി കടകൾ പ്രവർത്തിപ്പിക്കുന്നതിനും ഇന്ധനം അടിയന്തിരമായി ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയതായി ദി ഗാർഡിയന്റെ റിപ്പോർട്ടിൽ പറയുന്നു. ഇന്ധനക്ഷാമം ദുരിതമനഭവിക്കുന്നവരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കുകയാണ് ചെയ്യുകയെന്നും ഐക്യരാഷ്ട്രസഭ പറഞ്ഞു.
ഇതിനോടകം തന്നെ പട്ടിണിയുടെ വക്കിലായ ഗാസയിലെ 2.1 ദശലക്ഷം വരുന്ന ജനങ്ങളെയാണ് ഇന്ധനക്ഷാമം വലയ്ക്കാൻ പോകുന്നത്. ആവശ്യത്തിന് ഇന്ധനം ഇല്ലാതെ ഗാസയുടെ മാനുഷിക സംവിധാനം തകർച്ചയുടെ വക്കിലാണ്. ആശുപത്രികളിലെ വൈദ്യുതി നിലയ്ക്കുന്നു. പ്രസവം നടക്കുന്ന വാർഡുകൾ, നവജാത ശിശുക്കൾ കിടക്കുന്ന വാർഡുകൾ, തീവ്രപരിചരണ വിഭാഗങ്ങൾ തുടങ്ങിയവ തകരാറിലാകുന്നു. ആംബുലൻസുകൾ പ്രവർത്തിക്കാൻ കഴിയുന്നില്ല, യുഎൻ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഇന്ധനക്ഷാമം കാരണം റോഡുകളും ഗതാഗത സംവിധാനങ്ങളും തടസപ്പെട്ടിരിക്കുകയാണെന്നും യുഎൻ പറഞ്ഞു. ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ വിച്ഛേദിക്കപ്പെട്ടിരിക്കുന്നതിനാൽ സഹായം ഏകോപിപ്പിക്കുന്നതിനോ കുടുംബങ്ങളെ വിവരമറിയിക്കുന്നതിനോ ബന്ധം നിലനിർത്തുന്നതിനോ കഴിയില്ല. ഗാസയിലെ ജനങ്ങളുടെ അതിജീവനത്തിനായുള്ള അടിസ്ഥാന സേവനങ്ങളെയും ഇന്ധനക്ഷാമം കാര്യമായി ബാധിക്കുന്നുണ്ട്.
ബേക്കറികൾ, കമ്മ്യൂണിറ്റി അടുക്കളകൾ തുടങ്ങിയവ പ്രവർത്തിക്കാൻ കഴിയാതെ വരുന്നു. ജലവിതരണ, ശുചിത്വ സംവിധാനങ്ങളും തകരാറിലാകാൻ സാധ്യതയുള്ളതായാണ് റിപ്പോർട്ട്. ഇത് ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കാതെ വരികയും മലിനജലവും മാലിന്യവും കുന്നുകൂടാൻ കാരണമാവുകയും ചെയ്യുമെന്നും ആശങ്കയുണ്ട്. ഇത്തരം സാഹചര്യങ്ങൾ മാരകമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ഗാസയിലെ ഏറ്റവും ദുർബലരായ ആളുകളെ അപകടത്തിലാക്കുകയും ചെയ്യുന്നു.130 ദിവസത്തിനിടെ ആദ്യമായാണ് ഈ ആഴ്ച ചെറിയ തോതിലെങ്കിലും ഇന്ധന വിതരണം നടന്നതെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.
എന്നാൽ ജീവൻ നിലനിർത്തുന്നതിനും നിർണായക സഹായ പ്രവർത്തനങ്ങൾക്കും ദിവസേന ആവശ്യമായതിന്റെ ഒരു ചെറിയ ഭാഗം പോലുമാകുന്നില്ലെന്നാണ് യുഎൻ പറയുന്നത്.
Content Summary: Gaza fuel crisis deepens; UN warns of worsening humanitarian suffering