June 07, 2026 |
Share on

കലൂരിലെ സ്റ്റേജ് നിർമിച്ചത് അനുമതിയില്ലാതെ; സം​ഘാടകർക്കെതിരെ കേസെടുത്ത് പോലീസ്

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോ​ഗതിയുണ്ടെന്ന് മന്ത്രി പി രാജീവ്

ഉമാ തോമസ് എം.എല്‍.എ വീണ് പരിക്കേറ്റ കൊച്ചി കലൂരിലെ സ്റ്റേജ് നിര്‍മ്മിച്ചത് അനുമതിയില്ലാതെയെന്ന് ജി.സി.ഡി.എ. പതിനാല് അടിയോളം ഉയരത്തില്‍ നിന്നാണ് എംഎല്‍എ വീണത്. നൃത്തപരിപാടിക്കായി സ്റ്റേഡിയം വിട്ടുനല്‍കിയിട്ടുണ്ടെങ്കിലും സംഘാടകരായ മൃദംഗമിഷന് സ്റ്റേജ് നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അതോറിറ്റി വ്യക്തമാക്കിയത്.സ്റ്റേഡിയത്തില്‍ ജി.സി.ഡി.എ എന്‍ജിനിയറിങ് വിഭാഗമെത്തി പരിശോധന നടത്തി.uma thomas

കൊച്ചി കലൂരില്‍ നൃത്തപരിപാടിക്കിടെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായ പരിക്കേറ്റ സംഭവത്തില്‍ സംഘാടര്‍ക്കെതിരെ പോലീസ് കേസെടുത്തു. ജീവന് ഭീഷണി ഉണ്ടാകും വിധം അപകടകരമായി സ്റ്റേജ് നിര്‍മിച്ചതിനുമാണ് കേസ്. പൊതുസുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയതിനും കേസുണ്ട്. മൃദംഗമിഷനും സ്റ്റേജ് നിര്‍മിച്ചവര്‍ക്കുമെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പാലാരിവട്ടം പോലീസാണ് കേസെടുത്തത്.

സ്റ്റേജിന്റെ നിര്‍മാണത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. പതിനാലടിയോളം ഉയരത്തില്‍ നിന്ന് വീണാണ് പരിക്കേറ്റത്. താല്ക്കാലികമായി നിര്‍മ്മിച്ച സ്റ്റേജില്‍ മുന്‍വശത്ത് ഒരാള്‍ക്ക് നടന്ന് പോകാനുളള വഴി പോലും ഉണ്ടായിരുന്നില്ല. സ്റ്റീല്‍ കമ്പികള്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള റിബ്ബണാണ് കൈവരിക്ക് പകരമായി നല്‍കിയിരുന്നത്. ബാലന്‍സ് തെറ്റി റിബണില്‍ പിടിച്ചതും താഴെയുണ്ടായിരുന്ന കോണ്‍ക്രീറ്റ് പാളിയിലേക്ക് തലയിടിച്ചുവീഴുകയായിരുന്നു. ബലമുള്ള റിബ്ബണാണ് എന്ന് തെറ്റിദ്ധരിച്ച് പിടിച്ചപ്പോഴാണ് വീണതെന്നാണ് സംഘാടകര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ​ഗിന്നസ് റെക്കോർഡ് നൃത്തപരിപാടിയിൽ പങ്കെടുക്കാൻ ഓരോ വിദ്യാർത്ഥിയിൽ നിന്നും 2000 രൂപ വീതം സംഘാടകർ വാങ്ങിയിരുന്നു.സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ്. അതേസമയം ആരുടെയും പേര് വിവരങ്ങള്‍ എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടില്ല.

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോ​ഗതിയുണ്ടെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. നിലവിൽ ആശങ്കകളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാരുടെ വിദഗ്ധസംഘം വ്യക്തമാക്കുന്നത്. ആരോഗ്യസ്ഥിതി വിലയിരുത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച പുലര്‍ച്ചെ 1.45 ഓടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. നിലവിലുള്ള ചികിത്സ തൃപ്തികരമെന്നും സംഘം വിലയിരുത്തി.നിലവില്‍ ഉമാതോമസ് കൊച്ചി റിനൈ മെഡിസിറ്റിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

ഞായറാഴ്ച ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മെഗാ ഭാരതനാട്യം തുടങ്ങുന്നതിന് മുന്‍പ് വൈകീട്ട് ആറരയോടെയാണ് അപകടം. ഉടന്‍ തന്നെ ആംബുലന്‍സില്‍ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി മന്ത്രി സജി ചെറിയാന്‍, എഡിജിപി എസ് ശ്രീജിത്ത്, സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ വേദിയിലെത്തിയിരുന്നു.uma thomas

content summary; GCDA says stage was built without permission,police take action

Leave a Reply

Your email address will not be published. Required fields are marked *

×