പ്രധാനമന്ത്രിയുടെ ശബ്ദസന്ദേശത്തോടെ ആകാശവാണിയിൽ പ്രക്ഷേപണം ചെയ്തുവരുന്ന ഒരു പരസ്യമുണ്ട്. പൊണ്ണത്തടി കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ രാജ്യത്ത് വർധിച്ചു വരികയാണെന്നും അത് തടയാൻ എണ്ണയും കൊഴുപ്പുമുള്ള ഭക്ഷണം നിയന്ത്രിക്കണം എന്നുമാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഇത് കേൾക്കുമ്പോൾ എണ്ണയും കൊഴുപ്പുമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്നത് മാത്രമാണ് പൊണ്ണത്തടിക്കു കാരണമെന്ന തെറ്റിദ്ധാരണ ഉണ്ടായേക്കാം.
വിശപ്പ് മാറ്റാനുള്ള അവശ്യം ഭക്ഷണമോ, പോഷകമൂല്യമുള്ള ആഹാരമോ എല്ലാർക്കും ലഭ്യമാകാത്ത ഒരു രാജ്യത്ത് ഈ പരസ്യം സൃഷ്ടിക്കുന്ന തെറ്റിദ്ധാരണ ഗൗരവമുള്ളതാണ്. എല്ലാർക്കും സമ്പുഷ്ഷ്ടമായ ഭക്ഷണം ലഭിക്കുന്നുവെന്ന പ്രതീതിയാണ് അത് സൃഷ്ടിക്കുക. എന്നാൽ, അത് പ്രതീതി മാത്രമാണ്, യാഥാർഥ്യം അതിൽ നിന്നുമെത്രയോ വ്യത്യസ്തമാണ്.
ലോകബാങ്കിന്റെ 2024 ലെ ആഗോള വിശപ്പ് സൂചികയിൽ ഉൾപ്പെടുത്തിയിട്ടുള്ള 127 രാജ്യങ്ങളുടെ പട്ടികയിൽ 105 ആം സ്ഥാനത്താണ് ഇന്ത്യ. 27.3 ആണ് സൂചികയിൽ ഇന്ത്യയുടെ സ്കോർ. മാത്രമല്ല, ഇന്ത്യയിലെ ജനങ്ങളിൽ 14 ശതമാനം പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്.
കുട്ടികളിൽ ഇത് 17.3 ശതമാനം ആണ്. ഇതിനിടയിലാണ് 24% സ്ത്രീകൾ പൊണ്ണത്തടിയുള്ളവരാണെന്ന റിപ്പോർട്ടും വരുന്നത്. ഭക്ഷ്യ സുരക്ഷിതത്വമില്ലായ്മയും പോഷകഗുണമില്ലാത്ത ഭക്ഷണരീതിയും പട്ടിണിയും സ്ത്രീകളിലെ പൊണ്ണത്തടിക്കുള്ള കാരണങ്ങളിൽ പെടുന്നു.
ആവശ്യത്തിന് ഭക്ഷണം ലഭിക്കാതിരിക്കുന്ന അവസ്ഥയും ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവും ഗുണനിലവാരമില്ലാത്ത ഭക്ഷണം കഴിച്ച് വിശപ്പടക്കാൻ മനുഷ്യരെ പ്രേരിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ അമിതമായി കൊഴുപ്പ് അടങ്ങിയതും കാലറി കൂടുതലുള്ളതുമായ ഭക്ഷണത്തെ ആശ്രയിക്കേണ്ടി വരുന്നത് സ്ത്രീകളിൽ പൊണ്ണത്തടി വർദ്ധിക്കാനുള്ള കാരണങ്ങളിൽ പ്രധാനമാണ്.
വിശപ്പടക്കി ഗതികെട്ടിരിക്കുന്ന അവസ്ഥയിൽ ഗുണനിലവാരം പരിഗണിക്കാതെ കിട്ടുന്ന ഭക്ഷണം കഴിക്കാൻ മനുഷ്യർ നിർബന്ധിതരാവുന്നത് സ്വാഭാവികമാണ്. ഇതിനിടയിൽ, ലോകസമ്പത്തിക ഫോറത്തിന്റെ 2025 ലെ ലിംഗാസമത്വസൂചികയിൽ 148 രാജ്യങ്ങളിൽ 131 ആണ് ഇന്ത്യയുടെ സ്ഥാനം എന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു.
2024ൽ 129 ആയിരുന്നു ഇന്ത്യയുടെ നില. പുറകോട്ടാണ് വളർച്ച എന്നർത്ഥം. സ്ത്രീകളുടെ സാമ്പത്തികപങ്കാളിത്തം അവസരലഭ്യത, വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയ ശാക്തീകരണം എന്നിവയാണ് ലിംഗാസമത്വസൂചികയിലെ നിർണ്ണായക ഘടകങ്ങൾ. ഈ ഘടകങ്ങളിൽ ഇന്ത്യയുടെ പിന്നാക്ക അവസ്ഥയാണ് 2025ലെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം, വേതന തുല്യത, വരുമാനം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സാമ്പത്തിക പങ്കാളിത്തം വിലയിരുത്തുന്നത്.
രാജ്യത്ത് പുരുഷന്മാരുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് മാത്രമാണ് സ്ത്രീകൾക്ക് ലഭിക്കുന്നത്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കേവലം 25 ശതമാനത്തിൽ താഴെയാണ്. തൊഴിലവസരങ്ങൾ തുലോം കുറവാണെന്ന വസ്തുതയും റിപ്പോർട്ട് എടുത്തുപറയുന്നു. ഇക്കാര്യത്തിൽ ഏറ്റവും താഴേ നിൽക്കുന്ന സുഡാൻ, പാകിസ്ഥാൻ തുടങ്ങിയ അഞ്ചു രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഇന്ത്യയുടെ സ്ഥാനം.
ആരോഗ്യമെന്ന ഘടകം പരിശോധിക്കുമ്പോൾ കൂടുതൽ ഗുരുതരമായ അവസ്ഥയാണ് ഇന്ത്യയിലെ സ്ത്രീകൾ അനുഭവിക്കുന്നതെന്ന് കാണാം. പുരുഷന്മാരുടെ ആയുർദൈർഘ്യം 70.52 ആയിരിക്കുമ്പോൾ സ്ത്രീകളുടേത് 67.74 ആണ്.
ലോകത്ത് ഏറ്റവുമധികം മാതൃമരണം നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഗർഭിണിയായിരിക്കുമ്പോഴോ ഗർഭകലം അവസാനിച്ച് 42ദിവസത്തിനുള്ളിലൊ മരണപ്പെടുന്ന അവസ്ഥയാണ് മാതൃ മരണനിരക്കിൽ പെടുന്നത്. മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങളുടെ അഭാവവും ഉള്ളയിടങ്ങളിൽ എത്തിച്ചേരാനുള്ള തടസ്സങ്ങളുമാണ് ഇന്ത്യയിൽ ഈ സ്ഥിതിക്ക് കാരണം.
രാഷ്ട്രീയപങ്കാളിത്തത്തിൽ രാജ്യത്ത് സ്ത്രീകളുടെ പിന്നാക്കാവസ്ഥ റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. ഇന്ത്യൻ പാർലമെന്റിൽ 2019ലെ സ്ത്രീപങ്കാളിതം 14.4 ആയിരുന്നെങ്കിൽ ഇപ്പോൾ അത് 13.6 ശതമാനമായി കുറഞ്ഞിരിക്കുന്നു.
ആഗോളത്തലത്തിൽ ലിംഗ സമത്വത്തിന്റെ സ്കോർ 68.6% ആണ് എന്നതും കാണേണ്ടതുണ്ട്. ഈ രീതി തുടർന്നാൽ, ലിംഗസമത്വം യഥാർഥ്യമാകാൻ 134 വർഷങ്ങൾ വേണ്ടിവരുമെന്ന് റിപ്പോർട്ട് കണക്കുകൂട്ടുന്നു. ഇത് ശരാശരി കണക്കാണ്. സാമ്പത്തിക പങ്കാളിത്തത്തിൽ തുല്യത കൈവരാൻ 152 വർഷവും രാഷ്ട്രീയ പങ്കാളിത്തത്തിൽ തുല്യതയ്ക്ക് 169 വർഷവും വേണ്ടിവരുമെന്ന് പറയുന്ന റിപ്പോർട്ട് ആരോഗ്യ രംഗത്തെ സമത്വത്തിന് എത്രകാലം വേണ്ടിവരുമെന്നത് പ്രവചനാതീതമാണെന്നും വ്യക്തമാക്കുന്നു. ഇവയെല്ലാം ഏതാനും അക്കങ്ങൾ കൊണ്ട് രേഖപ്പെടുത്തുന്ന സ്ഥിതിവിവരക്കണക്ക് മാത്രമല്ല.
മറിച്ച്, ആഗോളതലത്തിലും ഇന്ത്യയിലും പിന്തുടരുന്ന നയങ്ങളുടെ പ്രതിഫലനം കൂടിയാണ്. മുതലാളിത്ത താല്പര്യങ്ങൾക്ക് മേൽക്കൈയുള്ള ഭരണസംവിധാനങ്ങൾ സൃഷ്ടിക്കുന്നതാണ് ഈ കണക്കുകൾ. ഇവയുടെ ആഘാതം അനുഭവിക്കുന്ന ദരിദ്രജനവിഭാഗങ്ങൾ വർദ്ധിച്ചുവരുന്നുവെന്ന യഥാർഥ്യവും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്.
ലോകബാങ്കിന്റെ സൂചികയിൽ ചൈനയുടെ സ്ഥാനം 103 ആണെന്നതും 2024 ൽ നിന്ന് മൂന്ന് സ്ഥാനം മുകളിലേക്ക് ഉയരാൻ ആ രാജ്യത്തിനു കഴിഞ്ഞുവെന്നതും രാജ്യങ്ങൾ പിന്തുടരുന്ന നയങ്ങളും ഇത്തരം സ്ഥിതിവിവരക്കണക്കുകളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു.
ക്യൂബ ഉൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും കരീബിയൻ മേഖലയും ലോകബാങ്കിന്റെ 2025 ലെ ലിംഗാസമത്വസൂചികയിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ, ലാറ്റിനമേരിക്കൻ- കരീബിയൻ രാജ്യങ്ങൾ സൂചികയിലുൾപ്പെടുന്ന രാജ്യങ്ങളെക്കാൾ ബഹുദൂരം മുന്നിലാണെന്ന് റിപ്പോർട്ട് പറയുന്നുണ്ട്. അസമത്വത്തെ നിർണ്ണയിക്കുന്ന ഓരോ ഘടകത്തിലും, അതായത്, സ്ത്രീകളുടെസാമ്പത്തിക പങ്കാളിത്തം, വിദ്യാഭ്യാസം, ആരോഗ്യം, രാഷ്ട്രീയശക്തീകരണം എന്നിവയിൽ, ഈ രാജ്യങ്ങൾ മുന്നേറുകയാണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
വികസനനയത്തിലെ പാളിച്ചകൾ ലിംഗാസമത്വം വർദ്ധിപ്പിക്കുന്നുവെന്നും ലിംഗാസമത്വം വികസനത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നും തിരിച്ചറിയേണ്ടതുണ്ട്. അത്രമേൽ പരസ്പര പൂരകങ്ങളാണിവയെന്ന് വ്യക്തമാക്കുന്നതാണ് സ്ഥിതിവിവരക്കണക്കുകൾ. ഇവയുടെ അടിസ്ഥാനത്തിൽ, ജനങ്ങൾക്ക്, വിശേഷിച്ച് ദരിദ്രർക്കും സ്ത്രീകൾക്കും കുട്ടികൾക്കും അനുകൂലമായ നയമാറ്റം ഉണ്ടാകുമോ എന്നതാണ് ചോദ്യം.
ഇന്ത്യയെ സംബന്ധിച്ച് അത്തരമൊരു നയം മാറ്റമെന്ന പ്രതീക്ഷ വേണ്ട. മേല്പറഞ്ഞ പ്രതികൂല സ്ഥിതിയിൽ ജാതി – മത വർഗ്ഗീയത കൂടി കൂട്ടിച്ചേർത്ത്, രാജ്യത്ത് ഹിന്ദുത്വവൽക്കരണം നടപ്പിലാക്കുകയെന്നത് മാത്രമാണ് ബി ജെ പിയുടെ ലക്ഷ്യം.
അതേസമയം ഇത്തരം അസമത്വങ്ങൾ വർദ്ധിപ്പിക്കുന്ന നയങ്ങൾക്ക് തുടക്കം കുറിച്ചതാവട്ടെ, കോണ്ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് താനും. ഇത്തരമൊരു സാഹചര്യത്തിൽ ആഗോളതലത്തിൽ ലിംഗസമത്വം യാഥാർഥ്യമാകാൻ വേണ്ടിവരുമെന്ന് കരുതപ്പെടുന്ന കാലത്തിനുമേത്രയോ അപ്പുറമായിരിക്കും ഇന്ത്യക്ക് വേണ്ടിവരുന്നത്. ഭരണഘടനാപരമായ തുല്യതയ്ക്ക് വേണ്ടി, അനിശ്ചിതമായി കാത്തിരിക്കേണ്ട ദുസ്ഥിതിയിലാണ് ഇന്ത്യൻ സ്ത്രീകളുടെ ജീവിതം.
content summary: gender equality beyond the statistics
( ലേഖിക കേരള നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ആണ്)
Leave a Comment