UPDATES

നാലാം തീയതി എന്ത് സംഭവിക്കും, അഥവാ പ്രവചനങ്ങളുടെ ഉള്ളുകള്ളികള്‍

ഇത്രയധികം നാടകീയമായ മാറ്റങ്ങളും കയറ്റിറക്കങ്ങളും മറ്റൊരു തിരഞ്ഞെടുപ്പിലും ഉണ്ടായിക്കാണില്ല- ഭാഗം 1

                       

ഇനി അവശേഷിക്കുന്നത് ഒരൊറ്റ ഘട്ടം. 57 മണ്ഡലങ്ങള്‍. പഞ്ചാബിലെ മൊത്തം പതിമൂന്ന് സീറ്റുകള്‍, യു.പിയിലെ അവസാന പതിമൂന്ന്, പശ്ചിമബംഗാളില്‍ ഒന്‍പത്, ബിഹാറില്‍ എട്ട്, ഒഡിഷയില്‍ ആറ്, ജാര്‍ഖണ്ഡില്‍ മൂന്ന്, ഹിമാചലില്‍ നാല്, ചണ്ഡിഗഡിലെ ഒരു സീറ്റ്. ഇതോടെ 2024-ലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുകയാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുകയുമാണ്. അപ്പോഴും ജൂണ്‍ ഒന്നാം തീയതി അവശേഷിക്കുന്ന ഈ 57 സീറ്റുകളില്‍ കൂടി തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ നാലാം തീയതിയിലെ ഫലത്തിലേയ്ക്കുള്ള കൗണ്‍ഡൗണ്‍ ആരംഭിക്കും.  General election 2024

ഈ പൊതുതിരഞ്ഞെടുപ്പ് പോലെ ഇത്രയധികം പ്രവചനങ്ങളും കണക്ക് കൂട്ടലുകളും ഉണ്ടായിട്ടുള്ള മറ്റൊരു തിരഞ്ഞെടുപ്പ് ഉണ്ടായിട്ടുണ്ട് എന്ന് തോന്നുന്നില്ല. പ്രാഥമിക തിരഞ്ഞെടുപ്പ് വിജ്ഞാപനവും വോട്ടെണ്ണലും തമ്മില്‍ ഏതാണ്ട് 80 ദിവസത്തെ അകലമുള്ളത് കൊണ്ട് തന്നെ ഈ കണക്ക് കൂട്ടലുകള്‍ക്ക് ധാരാളം സമയവും ലഭിച്ചിട്ടുണ്ട്. മാത്രമല്ല, ഈ എണ്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം നാടകീയമായ മാറ്റങ്ങളും കയറ്റിറക്കങ്ങളും മറ്റൊരു തിരഞ്ഞെടുപ്പിലും ഉണ്ടായിക്കാണില്ല. ഉത്തര്‍പ്രദേശിലെന്ത് സംഭവിക്കും? ബിഹാറും മഹാരാഷ്ട്രയും കര്‍ണാടകയും നിര്‍ണായകമാകുമോ? കേരളത്തിലും തമിഴ്നാട്ടിലും ബി.ജെ.പി വീണ്ടും ശുദ്ധശൂന്യമാകുമോ? ബംഗാളിലും ഒഡിഷയിലും അവര്‍ കരുത്ത് തെളിയിക്കുമോ? ഹരിയാണയും പഞ്ചാബും ഡല്‍ഹിയും അവരെ എഴുതി തള്ളുമോ? രാജസ്ഥാനില്‍ കോണ്‍ഗ്രസ് അത്ഭുതം സൃഷ്ടിക്കുമോ? ചോദ്യങ്ങളുടെ അയ്യര് കളിയാണ്; കണക്ക് കൂട്ടലുകളുടേയും.

ഈ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് പൊതുവേ വിശേഷിക്കപ്പെട്ട നിയമസഭ തിരഞ്ഞെടുപ്പുകളിലൂടെ, ഹിന്ദി ഹൃദയഭൂമിയില്‍ ബി.ജെ.പി വന്‍ തിരിച്ച് വരവ് നടത്തിയതോടെ, മാധ്യമങ്ങള്‍ ഏതാണ്ട് എഴുതി തള്ളിയതാണ് പൊതു തിരഞ്ഞെടുപ്പ്. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് പോലും വിശേഷിപ്പിച്ചിരുന്ന നിതീഷ് കുമാര്‍ ഒരിക്കല്‍ കൂടി മറുകണ്ടം ചാടി ബി.ജെ.പി പാളയത്തില്‍ തിരിച്ചെത്തി അപ്രസക്തനായി ഒതുങ്ങി കൂടി. അബ്കി ബാര്‍ ചാര്‍ സൗ പാര്‍ അഥവാ ഇത്തവണ നാനൂറ് കടക്കുമെന്ന ബിജെപിയുടെ മുദ്രവാക്യം കൂടിയായപ്പോള്‍ നരേന്ദ്ര മോദിയുടെ മൂന്നാമൂഴമുറപ്പിച്ച മാധ്യമങ്ങളും നിരീക്ഷകരും പ്രതിപക്ഷത്തിന്റെ സാധ്യതകളെ നിസംശയം തള്ളിക്കളഞ്ഞു.

എന്നാല്‍ ആദ്യത്തെ രണ്ട് റൗണ്ട് തിരഞ്ഞെടുപ്പിന് ശേഷം ചിത്രം വേറെയാണ് എന്ന് പതുക്കെ പതുക്കെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങി. ഹിന്ദിയിലെ യൂട്യൂബ് ചാനലുകളാണ് രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചുള്ള വ്യക്തതകള്‍ ആദ്യം തന്നത്. രാജ്യം മുഴുവന്‍ സഞ്ചരിച്ച യോഗേന്ദ്ര യാദവ് ആദ്യത്തെ രണ്ട് റൗണ്ടില്‍ മാത്രം പത്തിലേറെ സീറ്റുകളുടെ കുറവ് ബി.ജെ.പിക്ക് ഉണ്ടാകുമെന്ന് ഉറപ്പിച്ച് പറഞ്ഞു. യോഗേന്ദ്ര യാദവ് ഇപ്പോള്‍ പഴയ തിരഞ്ഞെടുപ്പ് പ്രചവന വിശാരദനല്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ്, ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ യോഗേന്ദ്ര യാദവ് പറയുന്നത് പൂര്‍ണമായും നിഷ്പക്ഷമായിരിക്കില്ല എന്ന് പലരും ചൂണ്ടിക്കാണിച്ചു.

എന്നാല്‍ ബി.ജെ.പിയുടെ പ്രചാരണ രീതി മാറിയതും പ്രധാനമന്ത്രി ഇതുവരെ സമര്‍ത്ഥമായി ഒളിച്ച് വച്ചിരുന്ന വിദ്വേഷ വിരോധങ്ങള്‍ മുഴുവന്‍ പ്രസംഗങ്ങളിലും വിതരണം ചെയ്യാന്‍ ആരംഭിച്ചതും മിക്ക മുഖ്യധാര മാധ്യമങ്ങളിലുണ്ടായ നയപരമായ മാറ്റങ്ങളും പ്രതിപക്ഷത്തിന്റെ പ്രകടന പത്രിക തിരഞ്ഞെടുപ്പ് ചര്‍ച്ചയുടെ കേന്ദ്രമായതും പൊടുന്നനെയായിരുന്നു. ബി.ജെ.പി ഈ തിരഞ്ഞെടുപ്പില്‍ തകരുമെന്നും 210 സീറ്റുകളിലേയ്ക്ക് ബി.ജെ.പി ഒതുങ്ങുമെന്നും എന്‍.ഡി.എ സഖ്യം കേവല ഭൂരിപക്ഷം നേടില്ലെന്നും, കേന്ദ്ര ധനമന്ത്രിയുടെ ഭര്‍ത്താവ് കൂടിയായ, സാമ്പത്തിക ശാസ്ത്രജ്ഞന്‍ പറകാല പ്രഭാകരന്‍ പറയുന്നു. അതേസമയം നാനൂറ് സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും കഴിഞ്ഞ തവണത്തെ സീറ്റ് ബിജെപി നിലനിര്‍ത്തുമെന്ന് തിരഞ്ഞെടുപ്പ് വിഗ്ദ്ധനായ പ്രശാന്ത് കിഷോര്‍ ആണയിടുന്നു. ബി.ജെ.പി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷമായ 272 സീറ്റുകള്‍ കടക്കില്ലെങ്കിലും എന്‍.ഡി.എ സഖ്യം ഏതാണ്ട് ആ സീറ്റുകള്‍ക്കരികെ എത്തുമെന്നും അങ്ങനെ ബി.ജെ.പിക്ക് തുടര്‍ന്ന് ഭരിക്കാനാകുമെന്നുമാണ് യോഗേന്ദ്ര യാദവിന്റെ കണക്ക് കൂട്ടല്‍.

ബാക്ക് ടു ബേസിക് എന്ന യഥാര്‍ത്ഥ്യം

ലോകസഭ തിരഞ്ഞെടുപ്പ് സാധ്യതകളെ കുറിച്ചുള്ള ഒരു ഹിന്ദി യൂട്യൂബ് ചാനലിലെ ചര്‍ച്ചയില്‍ സാമൂഹ്യശാസ്ത്രജ്ഞനും അധ്യാപകനുമായ ഡോ.പ്രശാന്ത് ത്രിവേദി ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഇത്തവണ ബാക്ക് ടു ബേസിക്കിലേയ്ക്ക് അഥവാ ജാതി, മതി, സാമൂഹിക ഘടനകള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നതിന്റെ അടിസ്ഥാനത്തിലുള്ള പഴയ തന്ത്രങ്ങളിലേയ്ക്ക് തിരിച്ച് പോയതായി ചൂണ്ടിക്കാണിക്കുന്നു. ഒരുപക്ഷേ 2024-ലെ ലോകസഭ തിരഞ്ഞെടുപ്പിന്റെ യാഥാര്‍ത്ഥ്യത്തെ കുറിച്ചുള്ള ഏറ്റവും ശക്തമായ സൂചന അതാകും.

ഉത്തര്‍പ്രദേശ് അടക്കമുള്ള ഹിന്ദി ഹൃദയഭൂമിയില്‍ തൊണ്ണൂറുകള്‍ മുതല്‍ 2014-ലെ ബി.ജെ.പി തരംഗം വരെയുള്ള കാല്‍ നൂറ്റാണ്ടിനിടെ തിരഞ്ഞെടുപ്പുകളുടെ വിധി നിര്‍ണയിച്ചത് ജാതിയും പ്രദേശിക താത്പര്യങ്ങളുമായിരുന്നു. യു.പി, ബിഹാര്‍, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളുടെ സാമൂഹിക വികാസവും സമൂഹങ്ങളുടെ അധികാര പങ്കാളിത്തവും ശാക്തീകരിച്ചത് ഈ ജാതി രാഷ്ട്രീയം തന്നെയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. വിവിധ ദളിത് സമൂഹങ്ങള്‍ വേര്‍ തിരിഞ്ഞ് നില്‍ക്കാതെ പൊതുതാത്പര്യത്തിന് വേണ്ടി ഒരുമിച്ച് നില്‍ക്കുകയും പിന്നാക്ക ജാതികള്‍ ഒ.ബി.സി എന്ന അവകാശത്തിന് വേണ്ടി ഒരുമിച്ച് പോരടിക്കുകയും ചെയ്താണ് ഈ പ്രദേശങ്ങളില്‍ രാഷ്ട്രീയാധികാരങ്ങള്‍ നേടിയെടുത്തത്. ദളിത് സമൂഹങ്ങളും പിന്നാക്ക ജാതി വിഭാഗങ്ങളും അവരുടെ രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ സംസ്ഥാനങ്ങളിലാകമാനമുള്ള മുസ്ലീങ്ങളെ കണ്ടിരുന്നത്. സാമ്പത്തികമായും സാമൂഹികമായും മിക്കവാറും ദളിത്, അതീവ പിന്നാക്ക സമുദായങ്ങളോട് ചേര്‍ന്ന സാമൂഹിക നില തന്നെയാണ് ഈ പ്രദേശത്തെ മുസ്ലീങ്ങള്‍ക്കും. അതുകൊണ്ട് തന്നെ രാഷ്ട്രീയമായി, സ്വാഭാവിക പങ്കാളികളുമായിരുന്നു ഈ വിഭാഗങ്ങള്‍.

എന്നാല്‍ 2014 മുതല്‍ ഹിന്ദുക്കള്‍ എന്ന പുതിയ രാഷ്ട്രീയ ഐക്യം ബി.ജെ.പി രൂപപ്പെടുത്തുകയും അതിലേയ്ക്ക് ദളിത്-പിന്നാക്ക വിഭാഗങ്ങളെ ആകര്‍ഷിക്കുകയും ചെയ്തതോടെ ഹിന്ദി ഹൃദയഭൂമിയിലെ രാഷ്ട്രീയത്തിന് മാറ്റം വന്നു. മധ്യകാലത്തെ മുഗളരും സ്വാതന്ത്ര ശേഷം ഇന്ത്യയിലുണ്ടായ കോണ്‍ഗ്രസ് ഭരണാധികാരികളുമാണ് ഇന്ത്യയിലെ സകല പ്രശ്നങ്ങള്‍ക്കും കാരണമെന്ന് പുതിയ ചരിത്ര പാഠം ഹിന്ദുത്വയുടെ പ്രചാരവേല സൃഷ്ടിച്ചു. മധ്യകാല മുഗളരുടെ പിന്‍ഗാമികളായി മുസ്ലീങ്ങളെയും അവര്‍ക്ക് വേണ്ടി ഹിന്ദുക്കളെ ഒറ്റു കൊടുക്കുന്ന ദ്രോഹികളായി കോണ്‍ഗ്രസിനേയും അവര്‍ ചിത്രീകരിച്ചു. അതോടെ ജാതി രാഷ്ട്രീയം മത രാഷ്ട്രീയത്തിന് വഴി മാറി. രണ്ട് ലോകസഭ തിരഞ്ഞെടുപ്പുകളും പല നിയമസഭ തിരഞ്ഞെടുപ്പുകളും പ്രദേശിക തിരഞ്ഞെടുപ്പുകളും ആ വഴിയില്‍ സഞ്ചരിച്ചു.

എങ്കിലും ഉത്തര്‍പ്രദേശിലും ബിഹാറിലും ചില വോട്ട് ബാങ്കുകള്‍ അങ്ങനെ തന്നെ നിലകൊണ്ടു. ദളിത് സമൂഹങ്ങളില്‍ ജാടവ് എന്ന ഉപജാതി വിഭാഗത്തില്‍ ഭൂരിപക്ഷവും ബി.എസ്.പിയിലും യാദവ് എന്ന പിന്നാക്ക വിഭാഗം എസ്.പിക്ക് ഒപ്പവും തന്നെ നിലയുറപ്പിച്ചു. ബിഹാറില്‍ യാദവര്‍ ആര്‍.ജെ.ഡിക്ക് ഒപ്പവും കുറുമികള്‍ ജെ.ഡി.യുവിനൊപ്പവും മുസഹര്‍ എന്ന ദളിത് സമൂഹം ജിതിന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്ക് ഒപ്പവും പസ്വാന്‍ സമൂഹം എല്‍.ജെ.പിക്ക് ഒപ്പവും നിലകൊണ്ടു. നിഷാദ് പാര്‍ട്ടി, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, അപ്നാദള്‍, സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി തുടങ്ങി വിവിധ ജാതി സമൂഹങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ വേറെയും ഉണ്ട്. ഇവയില്‍ പല പാര്‍ട്ടികളും എന്‍.ഡി.എക്ക് ഒപ്പം അണിചേര്‍ന്നതോടെ ബി.ജെ.പിക്ക് തിരഞ്ഞെടുപ്പുകള്‍ എളുപ്പമായി മാറിയിരുന്നു. ഇവരെയെല്ലാം മുസ്ലീം വിരുദ്ധ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ ഭാഗമാക്കി മാറ്റുക എന്നതായിരുന്നു കഴിഞ്ഞ കുറച്ച് കാലമായി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അജണ്ടകളിലൊന്ന്.

തിരിഞ്ഞ് കൊത്തിയ ‘ചാര്‍ സൗ പാര്‍’

ഈ തിരഞ്ഞെടുപ്പ് ‘ബാക്ക് ടു ബേസിക്’ എന്ന നിലയിലാണ് പ്രവര്‍ത്തിച്ചത് എന്ന ഡോ. പ്രശാന്ത് ത്രിവേദിയുടെ നിരീക്ഷണം ഏറ്റവും പ്രധാനമാകുന്നത് ഈ പ്രദേശങ്ങളില്‍ വീണ്ടും ജാതി വലിയ ചര്‍ച്ചയാകുന്നത് കൊണ്ടാണ്. എന്തായിരുന്നു ഈ ജാതി ചര്‍ച്ചയുടെ അടിസ്ഥാനം? വലിയ ഭൂരിപക്ഷമെന്ന ബി.ജെ.പിയുടെ അതിമോഹം നിമിത്തം ചില സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ അവര്‍ കാണാതായി പോയി എന്നതാണ് ഇതിലേറ്റവും പ്രധാനം. അതുകൊണ്ട് തന്നെ ‘ചാര്‍ സൗ പാര്‍’ അഥവാ ‘നാനൂറ് സീറ്റിലധികം’ എന്ന മുദ്രവാക്യം പ്രചരിച്ചതോടെ ഹിന്ദി ഹൃദയമേഖലയില്‍ വലിയ ഭൂരിപക്ഷം ബി.ജെ.പി തേടുന്നത് സംവരണം അട്ടിമറിക്കാനാണ് എന്ന അഭ്യൂഹത്തിന് കാരണമായി. ഭരണഘടന തിരുത്തുന്നതിനാണ് മൂന്നില്‍ രണ്ട് ഭൂരിപക്ഷമെന്ന ലക്ഷ്യത്തോടെ ബി.ജെ.പി വലിയ പ്രചാരണം നടത്തുന്നത്, ഭരണഘടന തിരുത്തി സംവരണം ഇവര്‍ ഇല്ലാതാക്കുകയാണ് എന്ന പ്രചരണം ശക്തമായതോടെ തൊണ്ണൂറുകളില്‍ മണ്ഡല്‍ കമ്മീഷന്‍ വിവാദത്തിന് ശേഷം യു.പി. ബിഹാര്‍ മേഖലകളില്‍ തീ പോലെ പടര്‍ന്ന ജാതി വാദം വീണ്ടും ഇവിടെ കരുത്താര്‍ജ്ജിച്ചു. യു.പി. ബിഹാര്‍ ഗ്രാമങ്ങളില്‍ ദൈവ തുല്യം ആരാധിക്കപ്പെടുന്ന അംബേദ്കറുടെ അസ്തിത്വത്തെ ബി.ജെ.പി ചോദ്യം ചെയ്യുന്നുവെന്ന് ദളിത്-പിന്നാക്ക സമൂഹത്തിന് തോന്നി. ഇതാണ് ബാക്ക് ടു ബേസിക് എന്ന നിലയിലേയ്ക്ക് ഈ മേഖലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ എത്തിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ യു.പിയില്‍ പലയിടങ്ങളിലും പ്രസംഗിക്കുമ്പോള്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ദളിത് പിന്നാക്ക സംവരണം മുഴുവന്‍ മുസ്ലീം സംവരണമാക്കി മാറ്റുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ചത് ഈ ഭയത്തിലാണ്. ദളിത്-പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ സംവരണം നഷ്ടപ്പെടുമോ എന്നുണ്ടായിട്ടുള്ള ഭയം കോണ്‍ഗ്രസ് വിരുദ്ധമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് അതിന് പുറകില്‍. ഇത് എത്രമാത്രം വിജയിക്കുമെന്ന് കണ്ടെറിയണം. പക്ഷേ കാലങ്ങള്‍ക്ക് ശേഷം സംവരണവും ജാതിയും ചര്‍ച്ചാ വിഷയമാകുന്ന തിരഞ്ഞെടുപ്പാണിത് എന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഈ അടിസ്ഥാന ചര്‍ച്ചകള്‍ ആര്‍ക്കാകും പ്രയോജനം ചെയ്യുക എന്നത് മറ്റൊരു വിഷയമാണ്. പക്ഷേ ജാടവ്, പാസി, കോലി, വാല്‍മീകി എന്നിങ്ങനെ ഉപജാതികളായി വിഭജിച്ച് നില്‍ക്കുന്ന ദളിത് സമൂഹവും യാദവ്, പാട്ടീല്‍, മൗര്യ, കുറുമി, രാജ്ഭര്‍, നിഷാദ് എന്നിങ്ങനെ വിവിധ സമൂഹങ്ങളായി വേര്‍ തിരിഞ്ഞ് നില്‍ക്കുന്ന പിന്നാക്ക വിഭാഗങ്ങളും ഒരുമിച്ച് ചേരുന്ന ഇടമാണ് സംവരണം എന്ന ആശയം. ഇത് സംബന്ധിച്ച ചര്‍ച്ച തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയാണെങ്കില്‍ അത് ബി.ജെ.പിയുടെ താത്പര്യങ്ങള്‍ക്ക് അനൂകൂലമായിട്ടാകില്ല എന്നതില്‍ സംശയമില്ല.

പ്രഭാവം മങ്ങിയ മോദിയും തരംഗങ്ങളുടെ അഭാവവും

ബി.ജെ.പി പിന്നാക്കം പോകുമോ വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വരുമോ എന്നതിലുപരി ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചോദ്യം ഇന്ത്യ ചര്‍ച്ച ചെയ്തതെന്താണ് എന്നുള്ളതാണ്? 2014, 2019 വര്‍ഷങ്ങളില്‍ രാജ്യത്ത് ബി.ജെ.പിക്ക് അനുകൂലമായ തരംഗമുണ്ടായിരുന്നു. 2014-ല്‍ യു.പി.എ രണ്ടാം സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ നടന്ന പ്രക്ഷോഭത്തിന് ശേഷം ഇന്ത്യയ്ക്ക് വികസനവും അഴിമതിരാഹിത്യവും വാഗ്ദാനം ചെയ്ത്, മികച്ച-കരുത്തേറിയ ഭരണത്തിന്റെ പ്രതീകമായി മാധ്യമങ്ങളും പി.ആര്‍.ഏജന്‍സികളും ചേര്‍ന്ന് നരേന്ദ്ര മോദിയെ ഉയര്‍ത്തികാണിച്ച് നടന്ന പ്രചരണം സൃഷ്ടിച്ച, കോണ്‍ഗ്രസ് വിരുദ്ധ തരംഗത്തിന്റെ കരുത്തിലാണ് ബി.ജെ.പി 2014-ല്‍ വിജയിച്ചത്. 2019-ലാകട്ടെ, ബാലക്കോട്ട്, പുല്‍വാമ സംഭവങ്ങള്‍ വിധി നിര്‍ണയിച്ചു. ദേശീയത വലിയ ചര്‍ച്ചയായി. ഇന്ത്യ സുരക്ഷിതമാകേണ്ടതിന്റെ പ്രസക്തിയായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ചര്‍ച്ച. മറ്റെല്ലാം അപ്രസക്തമായി.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യാതൊരു തരംഗങ്ങളുമില്ല എന്ന് ഏകദേശം മോദി/ബി.ജെ.പി/ഹിന്ദുത്വ അനുകൂല കോര്‍പറേറ്റ് മീഡിയ വരെ അംഗീകരിക്കുന്ന കാര്യമാണ്. മോദിയുടെ പ്രഭാവം പഴയ തിരഞ്ഞെടുപ്പുകള്‍ പോലെ ഇല്ല എന്ന കാര്യം പ്രശാന്ത് കിഷോറിനെ പോലുള്ള മോദി അനുകൂലിയായ തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ കൂടി പറയുന്നു. മോദിയുടെ അഭിമുഖങ്ങള്‍ക്ക് മുഖ്യധാര ചാനലുകളുടെ യൂട്യൂബ് ഹാന്‍ഡിലുകളില്‍ ദശലക്ഷക്കണക്കിന് കാഴ്ചക്കാരായിരുന്നു 2019-ലും മറ്റുമെങ്കില്‍ ഇത്തവണ അത് പതിനായിരങ്ങളിലൊതുങ്ങുന്നു. പലയിടത്തും കാണികളുടെ എണ്ണം തുലോം തുച്ഛമാണ്. അതേ സമയം മോദിയെ തുറന്നെതിര്‍ക്കുന്ന ഹിന്ദി യൂട്യൂബ് ജേര്‍ണലിസ്റ്റുകളുടെ ചാനലുകള്‍ക്ക് ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഉള്ളത്. ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് മോദി, മോദി, മോദി എന്ന് ഒരോ തിരഞ്ഞെടുപ്പിലും ബി.ജെ.പിയും കോര്‍പറേറ്റ് മീഡിയയും പി.ആര്‍ ഏജന്‍സികളും എന്ന് മാത്രം ശബ്ദിച്ചത് ഇത്തവണ വിരസതയ്ക്കപ്പുറമുള്ള ഫലങ്ങളുണ്ടാക്കിയിട്ടില്ല എന്നാണ് സൂചന.

മോദി പ്രഭാവത്തെ കുറിച്ചുള്ള അതിശയ വര്‍ണനകള്‍ക്ക് അപ്പുറത്തേയ്ക്ക് ഇത്തവണ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഒരു ചര്‍ച്ചയും ഉയര്‍ത്താന്‍ ബി.ജെ.പിക്ക് ഇല്ലായിരുന്നു എന്നതാണ് അവരെ അലട്ടുന്ന വലിയ പ്രശ്നം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ച ദേശീയ സുരക്ഷ ചര്‍ച്ച വലിയതോതില്‍ ഉന്നയിക്കാന്‍ അവര്‍ക്ക് താത്പര്യമില്ല. ബി.ജെ.പി നേതാവും കശ്മീര്‍ ഗവര്‍ണറുമായിരുന്ന സത്യപാല്‍ മാലിക് പുല്‍വാമ സംഭവത്തില്‍ ഉയര്‍ത്തിച്ച സംശയങ്ങളും ചോദ്യങ്ങളും ഈ തിരഞ്ഞെടുപ്പില്‍ ഒരു വിഷയമായി മാറാതിരിക്കാനാണ് അവരുടെ ശ്രമം. ഭവന നിര്‍മ്മാണ പദ്ധതി, പാചക ഗ്യാസ് പദ്ധതി, കക്കൂസ് നിര്‍മാണ പദ്ധതി എന്നിവയെല്ലാം ഒന്നില്‍ കൂടുതല്‍ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിക്കുകയും അതിന്റെ ഗുണഫലം ബി.ജെ.പിക്ക് ലഭിക്കുകയും ചെയ്തു. മാത്രമല്ല, തൊഴിലില്ലായ്മ മുതല്‍ വിലക്കയറ്റം വരെ സര്‍ക്കാരിനെതിരായ വലിയ ചര്‍ച്ചയായി ഉയര്‍ന്നുവരികയും ചെയ്തു.

രാമക്ഷേത്രം എന്ന ഏക വികാരം

മോദി പ്രഭാവം പോലെ തന്നെ ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തുണയ്ക്കുമെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചിരുന്ന മറ്റൊരു വിഷയമായിരുന്നു അയോധ്യയിലെ രാമക്ഷേത്രം. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ 2024-ലെ തിരഞ്ഞെടുപ്പ് ബി.ജെ.പി ഏതാണ്ട് വിജയിച്ച് കഴിഞ്ഞുവെന്നാണ് കോര്‍പറേറ്റ് മീഡിയ ആണയിട്ടത്. ദീര്‍ഘകാലമായി ബി.ജെ.പി ഇന്ത്യയില്‍ അവരുടെ വളര്‍ച്ചയ്ക്കും വികാസത്തിനും രാഷ്ട്രീയ പ്രചരണത്തിനും ഉപയോഗിച്ചിരുന്ന രാമക്ഷേത്രം, അതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി, വിശ്വാസികള്‍ക്ക് ആരാധനയ്ക്ക് തുറന്ന് നല്‍കുന്നതോടെ ഹിന്ദുത്വ രാഷ്ട്രീയം നിര്‍ണായകമായ ഒരു ഘട്ടം പിന്നിടുമെന്നായിരുന്നു അവരുടെ അവരുടെ പ്രതീക്ഷ.

എന്നാല്‍ രാമക്ഷേത്രം നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശിലടക്കം ഈ തിരഞ്ഞെടുപ്പില്‍ ഈ ക്ഷേത്രത്തിന്റെ നിര്‍മാണം തിരഞ്ഞെടുപ്പിലെ സ്വാധീനിക്കുന്ന ഒരു ഘടകമേ ആയില്ല എന്നത് ബി.ജെ.പിയുടെ പ്രതീക്ഷകളെ തകിടം മറിക്കുന്ന സംഗതിയായി. രാമക്ഷേത്രത്തിന്റെ നിര്‍മാണം രാജ്യത്തുയരുന്ന മറ്റനേകം ക്ഷേത്രങ്ങളിലൊന്നായി മാത്രമേ പൊതുസമൂഹം കാണുന്നുള്ളൂ. അതിനപ്പുറം ഏതെങ്കിലും തരത്തിലുള്ള വൈകാരിത ഈ ക്ഷേത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹത്തിന് പോലും ഉണ്ടായിട്ടില്ല. തിരഞ്ഞെടുപ്പില്‍ അവരെ സ്വാധീനിക്കുന്ന ഒന്നായി ഇത് മാറിയതുമില്ല.

ഈ വൈകാരികതയുടെ ശൂന്യതയാണ് ബി.ജെ.പിയെ പൊടുന്നനേ പ്രതിസന്ധിയിലാക്കിയ ഒരു കാര്യം. ആദ്യ ഘട്ടങ്ങളില്‍ പലയിടത്തും രാമക്ഷേത്രത്തിന്റെ വൈകാരികത പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രസംഗങ്ങളില്‍ കത്തിക്കാനായി ശ്രമിച്ചു. പോളിങ് ബൂത്തുകളിലേയ്ക്ക് പോകുമ്പോള്‍ മനസില്‍ ‘രാംലല്ല’ അഥവ ശിശുരാമന്റെ ബിംബമുണ്ടാകണം എന്ന് മോദി പലയിടത്തും പറഞ്ഞു. ശിശുരാമനാണ് അയോധ്യയിലെ പ്രതിഷ്ഠ. എന്നാല്‍ പതുക്കെ പതുക്കെ രാമക്ഷേത്രം തിരഞ്ഞെടുപ്പില്‍ വൈകാരിക പ്രശ്നമായി ഉയരുന്നില്ല എന്ന് അവര്‍ക്ക് മനസിലായി. അറ്റകൈ എന്ന നിലയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാമക്ഷേത്രം പൊളിച്ചുകളയുമെന്നും രാമക്ഷേത്രം സംബന്ധിച്ച കോടതി വിധി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്നും മോദി തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ പ്രസംഗിച്ചു. എന്നിട്ടും രാമക്ഷേത്രം ഒരു മുഖ്യ അജണ്ടയായി തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന് വന്നില്ല.

‘അഗ്‌നിവീര്‍’, വിലക്കയറ്റം

അതേസമയം പ്രദേശികമായ വിഷയങ്ങള്‍ തിരഞ്ഞെടുപ്പിനെ വന്‍ തോതില്‍ സ്വാധീനിച്ചുവെന്നാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. യോഗേന്ദ്ര യാദവ് അടക്കമുള്ളവര്‍ നടത്തിയ സര്‍വ്വേകളില്‍ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ന്ന് വന്നത് വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ്. ഇന്ത്യന്‍ സേനകളിലേയ്ക്ക് ഏറ്റവുമധികം ചെറുപ്പക്കാര്‍ ചേരുന്ന ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാണ, പഞ്ചാബ് എന്നിവടങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള ‘അഗ്‌നിവീര്‍’ പദ്ധതിക്കെതിരെ വലിയ ജനരോഷമാണ് ഉയര്‍ന്നിട്ടുള്ളത്. നാല്വര്‍ഷത്തെ താത്കാലിക സേവനത്തിലേയ്ക്ക് പട്ടാളക്കാരെ എടുക്കുന്ന ‘അഗ്‌നിവീര്‍’ വരുന്നതോടെ സൈനിക മേഖല വാഗ്ദാനം ചെയ്തിരുന്ന തൊഴില്‍ സുരക്ഷയും സാമൂഹിക സുരക്ഷയും സാമ്പത്തിക സുരക്ഷയും ഒറ്റയടിക്ക് ഇല്ലാതാവുകയാണെന്ന് ചെറുപ്പക്കാര്‍ ഭയപ്പെടുന്നു. ഒരോ ഗ്രാമീണ മേഖലയിലും നിന്നും വര്‍ഷം തോറും ആയിരക്കണക്കിന് ചെറുപ്പക്കാരാണ് സൈനിക സേവനമെന്ന പ്രതീക്ഷയില്‍ പരിശീലനങ്ങളില്‍ ഏര്‍പ്പെടുന്നത്. അവര്‍ക്ക് ഭാവിയുടെ വാതിലാണ് ‘അഗ്‌നിവീര്‍’ പദ്ധതി മുഖാന്തരം കൊട്ടിടയ്ക്കപ്പെടുക.

പൊതുവേ ഉത്തരേന്ത്യയില്‍ തൊഴിലില്ലായ്മയുടെ ഒരു ഭീതി പടരുന്നതിന് പുറമേയാണ് ഈ ‘അഗ്‌നിവീര്‍’ പദ്ധതി ഉയര്‍ത്തുന്ന ആശങ്കകള്‍. അതുകൊണ്ട് തന്നെ യു.പിയില്‍ അഖിലേഷ് യാദവും ബിഹാറില്‍ തേജസ്വി യാദവും അവരുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മുഖ്യവിഷയമായി ഉന്നയിക്കുന്നത് തൊഴിലില്ലായ്മയാണ്. നരേന്ദ്ര മോദിയും ബി.ജെ.പിയുമാണ് ഇതിന് കാരണമെന്ന് അവര്‍ ആവര്‍ത്തിക്കുന്നു. ഇന്ത്യ മുന്നണി നേതാക്കളെല്ലാം തിരഞ്ഞെടുപ്പ് വാഗ്ദാനമായി കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലെ ഒരു കോടി തൊഴിലവസരം ആവര്‍ത്തിച്ച് പറയുന്നുണ്ട്. തേജസ്വി യാദവാകട്ടെ താന്‍ ഉപമുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് ബിഹാറില്‍ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കിയത് എന്ന് കണക്കുകള്‍ സഹിതം വിശദീകരിക്കുന്നു. ബി.ജെ.പിക്കൊപ്പം നിതീഷ് കുമാര്‍ ഭരണം തുടര്‍ന്നതോടെ തൊഴിലില്ലായ്മ വീണ്ടും ബിഹാറില്‍ പിടിമുറുക്കി- തേജസ്വി ചൂണ്ടിക്കാണിക്കുന്നു. നരേന്ദ്ര മോദി വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ട് മോദിയുടെ പഴയ പ്രസംഗങ്ങള്‍ തേജസ്വി തന്റെ പ്രചാര വേദികളില്‍ കേള്‍പ്പിക്കുകയും ചെയ്യുന്നു.

അതുപോലെ തന്നെ പെട്രോള്‍, പാചകവാതകം, ഡീസല്‍ എന്നിവയ്ക്ക് മുതല്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് വരെ വിലയുയര്‍ന്നിരിക്കുന്നതും ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങളിലൊന്നായിരുന്നു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയാണ് സ്വാഭാവികമായ മറ്റൊരു ചര്‍ച്ചാവിഷയം. പഞ്ചാബ് മുതല്‍ യു.പിയിലും ബിഹാറിലും ഉള്ള കരിമ്പ് കര്‍ഷക മേഖലകള്‍ വരെ നീണ്ട് കിടക്കുന്ന വലിയ പ്രതിസന്ധിയായി കാര്‍ഷിക മേഖലയിലെ ദുരിതങ്ങള്‍ തുടരുന്നു.

ഹിന്ദി ഹൃദയഭൂമില്‍ ബി.ജെ.പി ആഗ്രഹിക്കുന്ന തരത്തിലല്ല തിരഞ്ഞെടുപ്പ് പ്രചരണം ഇതുവരെ നടന്നത് എന്ന് കാണാം. പ്രചരണങ്ങളുടെ സ്വഭാവമെന്തായിരുന്നു, വിവിധ മേഖലകളിലെ, വിവിധ സംസ്ഥാനങ്ങളിലെ ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും പ്രതീക്ഷകളെന്താണ്? അത് അടുത്ത ലക്കത്തില്‍.

Content Summary; General election 2024, what will happen june 4th, predictions and realities

 

ശ്രീജിത്ത് ദിവാകരന്‍

ശ്രീജിത്ത് ദിവാകരന്‍

അഴിമുഖം കണ്‍സള്‍ട്ടന്റ് എഡിറ്റര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍