UPDATES

ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ ഏക എംപി: ആള്‍കൂട്ടം വോട്ടും നോട്ടും നല്‍കി ജയിപ്പിച്ച ജെനിബെന്‍ ആരാണ്?

ഹാട്രിക് നേടുകയെന്ന ബിജെപിയുടെ സ്വപ്‌നം തകര്‍ത്തു

                       

ഇവിടുത്തെ ജനം എനിക്ക് ആദ്യം നോട്ട് നല്‍കി, പിന്നെയവര്‍ വോട്ട് നല്‍കി. ഞാന്‍ വിജയിച്ചു, ജനത്തിനോടാണ് കടപ്പാട്. അവര്‍ക്കായി പ്രവര്‍ത്തിക്കും. ഒരു പതിറ്റാണ്ടിന് ശേഷം ഗുജറാത്തിലെ ബിജെപി കോട്ട തകര്‍ത്ത് ലോക്‌സഭയിലെത്തുന്ന വനിതാ സ്ഥാനാര്‍ത്ഥി ജെനിബെന്‍ താക്കൂര്‍ ഫലം വന്ന ശേഷം പറഞ്ഞ വാക്കുകളാണിത്. 2014-ലെയും 2019-ലെയും തിരഞ്ഞെടുപ്പുകളില്‍ 26 ലോക്സഭാ സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. എന്നാല്‍ ഇത്തവണ ആ ചരിത്രം ആവര്‍ത്തിച്ചില്ല. വടക്കന്‍ ഗുജറാത്തിലെ ബനസ്‌കന്തയില്‍ 49കാരിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജെനിബെന്‍ താക്കൂര്‍, രേഖ ചൗധരിയെ പരാജയപ്പെടുത്തി സംസ്ഥാനത്ത് ഹാട്രിക് നേടുകയെന്ന ബിജെപിയുടെ സ്വപ്‌നം തകര്‍ത്തു. ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കുക മാത്രമല്ല, ഗുജറാത്ത് തങ്ങളുടേതാണെന്ന ബിജെപിയുടെ അഹന്തയെ തകര്‍ക്കാനും ജെനിബെന്നിന് കഴിഞ്ഞു, അതാണ് വിജയത്തിന്റെ പ്രധാന്യം വര്‍ധിപ്പിക്കുന്നതെന്നാണ് മുന്‍ കോണ്‍ഗ്രസ് നിയമസഭാംഗമായ ഗുലാബ്സിന്‍ രാജ്പുത് പറയുന്നത്. 1962-ന് ശേഷം ഈ സീറ്റില്‍ വിജയിക്കുന്ന ആദ്യ വനിതാ സ്ഥാനാര്‍ഥി കൂടിയാണ് ജെനിബെന്‍.

നാടന്‍ ഭാഷയും ആക്രമണാത്മക ശൈലിയും

ബനസ്‌കന്തയിലെ ഇടത്തരം കുടുംബത്തിലാണ് ജെനിബെന്‍ താക്കൂറിന്റെ ജനനം. ഒബിസി ക്ഷത്രിയ വിഭാഗക്കാരിയാണ്. പരമ്പരാഗതമായി സമൂദായം കാര്‍ഷിക വൃത്തിയില്‍ നിന്ന് ഉപജീവനം കണ്ടെത്തുന്നവരാണ്.രാജസ്ഥാനിലെ ജെയിന്‍ വിശ്വഭാരതി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് ജെനിബെന്‍ രാഷ്ട്രീയയാത്ര ആരംഭിച്ചത്. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ അവര്‍ 2012ല്‍ വാവ് വാവ് മണ്ഡലത്തില്‍ നിന്ന്നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. എന്നാല്‍ ആദ്യ ഉദ്യമം വിജയം കണ്ടില്ല. പക്ഷെ പരാജയം സമ്മതിക്കാതെ മണ്ഡലത്തില്‍ സ്ഥിരമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഒടുവില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വാവ് മണ്ഡലത്തില്‍ നിന്ന് തന്നെ ജയിച്ച് സഭയിലെ കന്നിക്കാരിയായി. ബിജെപിയുടെ ശക്തനായ ശങ്കര്‍ഭായ് ചൗധരിയെ പരാജയപ്പെടുത്തിയായിരുന്നു ആ തുടക്കമെന്ന പ്രത്യേകതയുമുണ്ട്.

2022ല്‍, സംസ്ഥാനത്ത് കോണ്‍ഗ്രസ് വന്‍ പരാജയം ഏറ്റുവാങ്ങിയപ്പോഴും അവര്‍ വിജയം ആവര്‍ത്തിച്ചു. ജനപ്രീതിയും പോരാട്ട വീര്യവും കൊണ്ട് സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെടുന്ന സ്ഥാനാര്‍ത്ഥിയായി മാറി. നാടന്‍ ഭാഷയും ആക്രമണാത്മക ശൈലിയും ചേര്‍ന്ന സംസാര രീതിയും ജെനിബെന്നിന്റെ സവിശേഷതകളിലൊന്നാണ്.

നിര്‍ണായകമായ 111 രൂപ

ഒരു ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ശേഷി സാമ്പത്തികമായോ അല്ലാതയോ നേരിടാവുന്ന അവസ്ഥയില്‍ ആയിരുന്നില്ല ജെനിബെന്‍. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് യന്ത്രങ്ങളെ വെല്ലുവിളിക്കാനുള്ള സാഹചര്യം കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഉണ്ടായിരുന്നില്ല. ഒടുവില്‍ സംഭാവന നല്‍കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 111 രൂപ മുതലുള്ള തുകയാണ് അവര്‍ സ്വീകരിച്ചത്. ക്രൗഡ് ഫണ്ട് ഫലം കാണുകയും ചെയ്തു. ബനാസ് നി ബെന്‍ (ബനാസിന്റെ സഹോദരി)യും ബനാസ് ബാങ്കും ഡയറിയും തമ്മിലുള്ള പോരാട്ടമായിരുന്നു അത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഈ രണ്ട് സ്ഥാപനങ്ങളെ (ഡയറിയും ബാങ്ക് സഹകരണ സംഘങ്ങളും) ബിജെപി ദുരുപയോഗം ചെയ്തതെങ്ങനെയെന്ന് ജില്ലയിലെ എല്ലാവര്‍ക്കും അറിയാം, എന്നിട്ടും ബനാസിലെ ജനങ്ങള്‍ അവരുടെ സഹോദരിയെ വോട്ട് നല്‍കി അനുഗ്രഹിച്ചു-എന്നാണ് ഇതിനെ കുറിച്ച് ജെനിബെന്‍ പറഞ്ഞത്.

എന്‍ജിനീയറിംഗ് പ്രൊഫസറാണ് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന രേഖ ചൗധരി. 1969ല്‍ ബനസ് ഡയറി സ്ഥാപിച്ച ഗല്‍ബഭായ് ചൗധരിയുടെ കൊച്ചുമകള്‍ കൂടിയാണവര്‍.ഗുജറാത്തില്‍ ബനസ്‌കന്ത, മെഹ്സാന, സബര്‍കാന്ത തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന ഒരു പ്രബല ജാതിയാണ് ചൗധരികള്‍. ഗുജറാത്ത് അസംബ്ലി സ്പീക്കറും ബനാസ് ഡയറിയുടെ തലവനുമായ എം.എസ്. താക്കോറാണ് നിലവില്‍ ഡയറിയുടെ അധികാരി. ക്ഷിര കര്‍ഷകരുടെ നാടായ ബനസ്‌കന്തയില്‍ ഇവര്‍ക്കുള്ള സ്വാധീനം വലുതാണ്. കൂടതെ ഗുജറാത്ത് സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് വൈസ് ചെയര്‍മാനാണ് നേരത്തെ ജെനിബെന്‍ പരാജയപ്പെടുത്തിയ ശങ്കര്‍ ചൗധരി. ഇവരുടെ സ്വാധീന വലയവും ഭേദിച്ച വിജയം എന്ന ഖ്യാതിയും ഇപ്പോള്‍ ബെന്നിനുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പില്‍ രേഖയേക്കാള്‍ ഏകദേശം 30,406 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജെനിബെന്‍ ബനസ്‌കന്ത മണ്ഡലത്തില്‍ വിജയക്കൊടി നാട്ടിയത്.

 

English Summary:Geniben Thakor: The giant killer

 

Share on

മറ്റുവാര്‍ത്തകള്‍