അമേരിക്കയിലെ ജോര്‍ജിയയിലുണ്ടായ ദാരുണമായ വെടിവെപ്പില്‍ ഇന്ത്യന്‍ പൗരനടക്കം ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു. ജോര്‍ജിയയിലെ ലോറന്‍സ്വില്ലയിലുള്ള ഗ്വിന്നറ്റ് കൗണ്ടിയിലാണ് സംഭവം നടന്നത്. കുടുംബ തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വെടിവെപ്പാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനാണെന്ന് അറ്റ്ലാന്റയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സ്ഥിരീകരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അറ്റ്ലാന്റ നിവാസിയായ വിജയ് കുമാര്‍ (51) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിയായ വിജയ് കുമാറിന്റെ ഭാര്യ മീനു ദോഗ്ര (43), ഇവരുടെ ബന്ധുക്കളായ ഗൗരവ് കുമാര്‍ (33), നിധി ചന്ദര്‍ (37), ഹരീഷ് ചന്ദര്‍ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. ലോറന്‍സ്വില്ലെയിലെ ബ്രൂക്ക് ഐവി കോര്‍ട്ടിലുള്ള ബന്ധുവീട്ടില്‍ വെച്ചായിരുന്നു ആക്രമണം.
പോലീസ് നല്‍കുന്ന വിവരമനുസരിച്ച്, വിജയ് കുമാറും ഭാര്യ മീനുവും തമ്മില്‍ അറ്റ്ലാന്റയിലെ സ്വന്തം വീട്ടില്‍ വെച്ച് തര്‍ക്കം ആരംഭിച്ചിരുന്നു. തുടര്‍ന്ന് 12 വയസ്സുള്ള മകനെയും കൂട്ടി ഇവര്‍ ലോറന്‍സ്വില്ലെയിലുള്ള ബന്ധുക്കളുടെ വീട്ടിലെത്തി. അവിടെ വെച്ച് തര്‍ക്കം രൂക്ഷമാവുകയും വിജയ് കുമാര്‍ കയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ഭാര്യയെയും ബന്ധുക്കളെയും വെടിവെക്കുകയുമായിരുന്നു. വെടിയേറ്റ നാല് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
മരിച്ചവര്‍ക്ക് പുറമെ സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഏഴ്, പത്ത്, പന്ത്രണ്ട് വയസ്സ് പ്രായമുള്ള മൂന്ന് കുട്ടികളും വീടിനുള്ളിലുണ്ടായിരുന്നു. അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടികള്‍ വീടിനുള്ളിലെ അലമാരയില്‍ ഒളിച്ചിരുന്നു. ഇതിനിടെ പന്ത്രണ്ട് വയസ്സുള്ള കുട്ടി അടിയന്തര നമ്പറായ 911 വിളിച്ച് വിവരം അറിയിച്ചു. ഇതോടെ മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് സ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയും ചെയ്തു. കുട്ടികള്‍ സുരക്ഷിതരാണെന്നും അവരെ നിലവില്‍ മറ്റൊരു ബന്ധുവിന്റെ സംരക്ഷണയില്‍ ഏല്‍പ്പിച്ചിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വിജയ് കുമാറിനെതിരെ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നാല് കൊലപാതകങ്ങള്‍ക്കും പുറമെ ദുരുദ്ദേശ്യപരമായ കൊലപാതകം, മാരകമായ ആക്രമണം എന്നിവയ്‌ക്കൊപ്പം സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരതയ്ക്കും കേസെടുത്തു. തര്‍ക്കത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടരുകയാണ്.
സംഭവത്തില്‍ അറ്റ്ലാന്റയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ദുഃഖം രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ഇന്ത്യന്‍ പൗരനാണെന്ന് കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു. പ്രതിയെ പിടികൂടിയിട്ടുണ്ടെന്നും ദുരിതബാധിതരായ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കി വരികയാണെന്നും കോണ്‍സുലേറ്റ് എക്‌സിലൂടെ അറിയിച്ചു.
Content Summary: Georgia family massacre: suspect identified as Indian-origin