UPDATES

വിദേശം

ജോർജിയ സ്‌കൂൾ കൂട്ടവെടിവെപ്പ്; 14 കാരൻ കോൾട്ട് ഗ്രേക്കെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ്

ഈ വർഷം യുഎസിൽ നടന്നത് 384 കൂട്ട വെടിവയ്പ്പുകൾ

                       

അമേരിക്കയിൽ വെടിവെപ്പുകൾ ഒരു സ്ഥിരം സംഭവമാണ്. മാറി വരുന്ന സർക്കാരുകളുടെ തലവേദനയാണ് ഇത്തരം ആക്രമണങ്ങൾ. 2024 ൽ മാത്രം അമേരിക്കയിൽ നടന്നത് 384 വെടിവെപ്പ് സംഭവങ്ങളാണ്. ഏറ്റവും ഒടുവിൽ നടന്ന ജോർജിയയിൽ സ്കൂളിൽ നടന്ന വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടത്. അമേരിക്കയിലെ വിൻഡറിലെ അപലാച്ചി ഹൈസ്‌കൂളിൽ സെപ്റ്റംബർ നാല് ബുധനാഴ്ച 14 വയസ്സുള്ള വിദ്യാർത്ഥിയുടെ വെടിയേറ്റാണ് രണ്ട് വിദ്യാർത്ഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ടത്. വെടിവെപ്പിനെ തുടർന്ന് പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  high school shooting

സ്‌കൂളിൽ അപ്രതീക്ഷിത വെടിയുതിർത്തത് കോൾട്ട് ഗ്രേ എന്ന 14 വയസ്സുകാരൻ ആണെന്ന് എന്ന് ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ക്രിസ് ഹോസി പറഞ്ഞു. കോൾട്ടിനെതിരെ നാല് കൊലപാതക കുറ്റങ്ങൾ ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രതി കൊലപാതകത്തിനുപയോഗിച്ച തോക്കേതാണെന്നോ എങ്ങനെ ലഭിച്ചു എന്ന വിവരങ്ങൾ ഒന്നും ലഭ്യമല്ല.

2023- ൽ സ്‌കൂളിൽ നടന്ന വെടിവയ്‌പ്പിനെക്കുറിച്ചുള്ള ഓൺലൈൻ ഭീഷണികൾ പരിശോധിച്ചതായി എഫ്ബിഐ പിന്നീട് പ്രസ്താവന പുറത്തിറക്കി. സമീപത്തുള്ള ജാക്‌സൺ കൗണ്ടിയിൽ 13 വയസ്സുള്ള ആൺകുട്ടിയെയും അവൻ്റെ പിതാവിനെയും ലോക്കൽ പോലീസ് ചോദ്യം ചെയ്തിരുന്നു. എഫ്ബിഐ കൗമാരക്കാരൻ്റെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മൊഴി നിലവിൽ വെടിവയ്പ്പ് കേസിൽ കസ്റ്റഡിയിലുള്ള ആൺകുട്ടിയുമായി ബന്ധമുള്ളതായി ജോർജിയ അധികൃതർ സ്ഥിരീകരിച്ചു.

‘ കുട്ടികളുടെയും സമൂഹത്തിന്റെയും അവസ്ഥയിൽ എൻ്റെ ഹൃദയം തകരുകയാണ്. എന്നാൽ ഈ കൗണ്ടിയിൽ വെറുപ്പ് വിജയിക്കില്ലെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഇന്ന് സംഭവിച്ചതിൽ നിന്ന് വ്യത്യസ്തമായി സ്നേഹം വിജയിക്കും, എന്ന് ഞാൻ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു ‘ എന്ന് ബാരോ കൗണ്ടി ഷെരീഫ് ജൂഡ് സ്മിത്ത് ബുധനാഴ്ച ഉച്ചകഴിഞ്ഞ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

പ്രസിഡൻ്റ് ജോ ബൈഡനും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും വെടിവെപ്പിനെ അപലപിച്ചു. വൈറ്റ് ഹൗസിൽ നിന്നുള്ള പ്രസ്താവനയിൽ ബൈഡൻ കോൺഗ്രസിനോട് തോക്ക് കൈവശം വയ്ക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കമല ഹാരിസ് സംഭവത്തെ ‘ വിവേചനരഹിതമായ ദുരന്തം ‘ എന്ന് വിളിക്കുകയും “തോക്ക് അക്രമങ്ങൾ അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

ഗൺ വയലൻസ് ആർക്കൈവ് പ്രകാരം ഈ വർഷം യുഎസിൽ നടക്കുന്ന 385-ാമത്തെ കൂട്ട വെടിവയ്പാണിത്. അപ്പാലാച്ചി ഉൾപ്പെടെ മേഖലയിലെ അഞ്ച് ഹൈസ്‌കൂളുകൾക്ക് ബുധനാഴ്ച രാവിലെ വെടിവയ്പ്പ് നടക്കുമെന്ന് ഭീഷണി ഫോൺ കോളുകൾ വന്നതായി മറ്റ് റിപ്പോർട്ടുകൾ പറയുന്നു.

വെടിയുതിർത്ത കോൾട്ടിന് ക്ലാസ് മുറിയിൽ കയറാൻ കഴിയാത്തതിനാൽ ഇടനാഴിയിൽ വെച്ച് വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് അപലാച്ചി ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ ലൈല സായരത്ത് സിഎൻഎന്നിനോട് പറഞ്ഞു. കോൾട്ട് പൊതുവെ നിശബ്ദനാണെന്നും പലപ്പോഴും സ്കൂളിൽ നിന്ന് ഇറങ്ങി പോവുകയും ക്ലാസുകൾ ഒഴിവാക്കുകയോ ചെയ്യാറുണ്ടെന്നും ലൈല പറഞ്ഞു.

അറ്റ്‌ലാൻ്റ മേയർ ആൻഡ്രേ ഡിക്കൻസ് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കുടുംബങ്ങൾക്കും വേണ്ടി തൻ്റെ പ്രാർത്ഥനകൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടു, ആവശ്യമെങ്കിൽ സഹായിക്കാൻ അറ്റ്ലാൻ്റ പോലീസ് തയ്യാറാണെന്നും ഇരകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും ആശ്വാസം ലഭിക്കാനായി പ്രാർത്ഥിക്കുമെന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്‌കൂളുകളിലും കോളേജുകളിലും നൂറുകണക്കിന് വെടിവയ്പുകളാണ് അമേരിക്ക കണ്ടത്.

ജോർജിയയിൽ ബുധനാഴ്ച നടന്ന സംഭവത്തിന് മുമ്പ് ഈ വർഷം യുഎസിൽ 384 കൂട്ട വെടിവയ്പ്പുകൾ നടന്നിട്ടുണ്ടെന്നും ആത്മഹത്യ ഒഴികെ 11,500-ലധികം പേർ വെടിയേറ്റ് കൊല്ലപ്പെട്ടതായും ഗൺ വയലൻസ് ആർക്കൈവ് റിപ്പോർട്ട് ചെയ്തു. വെടിവെച്ചയാളെ കൂടാതെ, നാലോ അതിലധികമോ ഇരകൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നതിനെയാണ് കൂട്ട വെടിവയ്പ്പായി കണക്കാക്കുന്നത്.

‘ രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ ക്ലാസ് മുറികളിലേക്ക് മടങ്ങുകയാണ്, അതിനോടകം തന്നെ വിനാശകരമായ സ്കൂൾ വെടിവയ്പ്പിന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു. ഇത് സ്വീകാര്യമല്ല, സ്കൂൾ ഇടനാഴികളിലെ ഷൂട്ടർമാരിൽ നിന്ന് നമ്മുടെ കുട്ടികളെ ഓടാനും ഒളിക്കാനും നിർബന്ധിതരാക്കേണ്ട അവസ്ഥയാണ് ‘, എന്ന് തോക്ക് നിയന്ത്രണങ്ങളുടെ മേൽനോട്ടം വഹിക്കുന്ന അഭിഭാഷക ഗ്രൂപ്പായ ബ്രാഡിയുടെ പ്രസിഡൻ്റ് ക്രിസ് ബ്രൗൺ പറഞ്ഞു. സഹതാപ തരംഗവും പ്രാർത്ഥനകളും ഒരിക്കലും മതിയാകില്ല. തോക്ക് മൂലമുള്ള അക്രമം അമേരിക്കൻ പ്രതിസന്ധിയാണ്, വിഷയത്തിൽ ഉടനടി നടപടി വേണമെന്നും ക്രിസ് ബ്രൗൺ കൂട്ടിച്ചേർത്തു.

content summary ;  Georgia high school shooting student charged with murder

Share on

മറ്റുവാര്‍ത്തകള്‍