ഇലോണ്‍ മസ്‌കിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ആഗോളതലത്തില്‍ ടെസ് ല ഷോറൂമുകള്‍ക്ക് മുന്നില്‍ റാലിയും പ്രതിഷേധ സമരവും നടത്തി. ജനാധിപത്യ സംവിധാനങ്ങള്‍ തകര്‍ക്കാന്‍ ഡൊണാള്‍ഡ് ട്രംപിനൊപ്പം ചേര്‍ന്ന് ഇലോണ്‍ മസ്‌ക് ശ്രമിക്കുന്നുവെന്ന ആരോപണത്തിലാണ് അമേരിക്കയ്ക്ക് പുറത്തും ടെസ്‌ലയെക്കെതിരേ സമരം ശക്തമാകുന്നത്. ടെസ് ലയുടെ സിഇഒ ആണ് മസ്‌ക്. ടെസ് ല കമ്പനിയില്‍ നിന്നുണ്ടാക്കുന്ന സമ്പത്ത് ഉപയോഗിച്ച് അമേരിക്കന്‍ ഫെഡറല്‍ സംവിധാനങ്ങളെ തകര്‍ക്കുകയാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ടെസ്‌ല വാഹനങ്ങള്‍ ബഹിഷ്‌കരിക്കുന്നതിലൂടെ മസ്‌കിന്റെ സാമ്പത്തിക ബലം കുറയ്ക്കുകയാണ് അവര്‍ ലക്ഷ്യമിടുന്നത്.
ടെസ്‌ല ടേക്ക്ഡൗണ്‍ പ്രതിഷേധത്തിന്റെ ഭാഗമായാണ് അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമുള്ള ടെസ്‌ല ഷോറുമൂകളിലേക്ക് പ്രതിഷേധ റാലി നടത്തിയത്. ടെസ്‌ല കാറുകള്‍ ഉള്ളവര്‍ അത് വില്‍ക്കുക, ടെസ്‌ല വാഹനങ്ങള്‍ വാങ്ങാതിരിക്കുക, ടെസ്‌ല ടേക്ഡൗണ്‍ പ്രതിഷേധത്തില്‍ പങ്കാളികളാകുക എന്നിവയാണ് പ്രതിഷേധത്തിന്റെ സംഘാടകര്‍ ഉയര്‍ത്തുന്ന ആഹ്വാനം. ‘ ടസ്‌ലയെ വേദനിപ്പിക്കുന്നത് മസ്‌കിനെ തടയുന്നതിന് തുല്യമാണ്, മസ്‌കിനെ നിലയ്ക്ക് നിര്‍ത്തുന്നത് നമ്മുടെ ജീവിതവും ജനാധിപത്യവും സംരക്ഷിക്കുന്നതിന് സഹായകമാകും”. തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയില്‍ ഉയര്‍ന്ന ബാനറുകളിലെ മുദ്രാവാക്യം. ടെസ്ലയ്ക്ക് ഉണ്ടാക്കുന്ന ഡാമേജ് ആത്യന്തികമായി ഇലോണ്‍ മസ്‌കിന്റെ സ്വാധീനത്തെയും അധികാരത്തെയും തടസ്സപ്പെടുത്തുമെന്നാണ് ടെസ്ല ടേക്ഡൗണ്‍ പ്രസ്ഥാനക്കാര്‍ വിശ്വസിക്കുന്നത്. മസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യത്തിനും മനുഷ്യജീവിതത്തിനും ഹാനികരമാണെന്നാണ് പ്രതിഷധക്കാര്‍ ആരോപിക്കുന്നത്. ടെസ്ലയെ ബഹിഷ്‌കരിക്കുന്നതിലൂടെ മസ്‌കിന്റെ അധികാരത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്.
അമേരിക്കയിലെ ഷോറൂമുകള്‍ കൂടാതെ ലോകമെമ്പാടുമുള്ള 200 ഓളം ടെസ് ല ഷോറൂമുകള്‍ക്ക് മുന്നില്‍ പ്രതിഷേധം നടന്നതായാണ് വിവരം. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ഉച്ച കഴിഞ്ഞായിരുന്നു പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ ഫിന്‍ലാന്‍ഡ്, നോര്‍വേ, ഡെന്മാര്‍ക്ക്, ജര്‍മനി, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങളിലെ ടെസ് ല ഷോറുമുകള്‍ക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചു. ഓരോ രാജ്യത്തും വ്യത്യസ്തമായ തീമുകള്‍ ആവിഷ്‌കരിച്ചായിരുന്നു റാലികള്‍ സംഘടിപ്പിച്ചത്. സ്മാഷ് ദി ഫാഷ് എന്നായിരുന്നു അയര്‍ലണ്ടിലെ മുദ്രാവാക്യം. ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യമാണിത്. ഡൗണ്‍ വിത്ത് ഡോഗ് എന്നതായിരുന്നു സ്വറ്റ്‌സര്‍ലന്‍ഡില്‍ ഉയര്‍ന്നത്. മസ്‌ക് പ്രമോട്ട് ചെയ്യുന്ന ക്രിപ്‌റ്റോകറന്‍സിയായ ഡോഗ്‌കോയ്ന്‍ വിരുദ്ധ പരാമര്‍ശമാണ് ഈ മുദ്രാവാക്യത്തിലൂടെ ഉയര്‍ത്തുന്നത്. ടെസ്‌ലയുടെ മുന്‍ ആസ്ഥാനമായിരുന്ന കാല്‍ഫോര്‍ണിയയിലെ സാന്‍ജോസിലും, നിലവിലെ ആസ്ഥാനമായ ടെക്‌സാസിലെ ഓസ്റ്റിനിലും ഷോറുമകള്‍ക്ക് മുന്നില്‍ നടത്തിയ റാലികളുടെ ചിത്രങ്ങള്‍ പ്രതിഷേധക്കാര്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ബ്ലൂസ്‌കൈയില്‍ പങ്കുവച്ചിരുന്നു.
മസക് എത്രകാലമാണ് പൊതുസ്ഥാപനങ്ങളെ തകര്‍ക്കാന്‍ നോക്കുക, അത്ര കാലത്തോളം ടെസ്ലയും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ഓര്‍മിപ്പിക്കുകയാണ് ടെസ്ല ടേക്ക് ഡൗണ്‍ പ്രസ്ഥാനത്തിന്റെ അമരക്കാര്‍. അയാള്‍ ടെസ്ലയില്‍ നിന്നുണ്ടാക്കിയ സമ്പത്ത് ഉപയോഗിച്ചാണ് ജനാധിപത്യത്തെ നശിപ്പിക്കുന്നത്, അതിന്റെ പ്രത്യാഘാതം അയാളുടെ കമ്പനി അനുഭവിക്കണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
മസ്‌ക് നയം മാറ്റാതിരിക്കുമ്പോള്‍, അതിന്റെ ഭവിഷ്യത്ത് ടെസ്ല കമ്പനി അനുഭവിക്കുന്നുണ്ട്. അവരുടെ കച്ചവടത്തെ സാരമായി ബാധിക്കുന്നുണ്ട് പ്രതിഷേധങ്ങള്‍. ട്രംപ് ഭരണകൂടത്തിന്റെ ഭാഗമായി മസ്‌ക് ഭരണം തുടങ്ങിയതില്‍ പിന്നെ 35 ശതമാനമാണ് ടെസ്ലയുടെ ഓഹരി ഇടിഞ്ഞത്. വില്‍പ്പനയെയും സാരമായി ബാധിച്ചു. ടെസ്ലയുടെ പുനര്‍വിലപ്പന മൂല്യവും കൂപ്പുകുത്തി.
മസ്‌കിന്റെ സ്വന്തം ആസ്തിയിലും ഇടിവുണ്ടായിട്ടുണ്ട്. 25 ശതമാനം, ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ- കുറവാണ് ഉണ്ടായിരിക്കുന്നത്. ട്രംപ് സ്ഥാനാരോഹണ ചടങ്ങിലെ മസ്‌കിന്റെ പ്രസംഗം തന്നെ അദ്ദേഹത്തിനെതിരായ ജനവികാരം ഉയര്‍ത്തിയിരുന്നു. നാസി ശൈലിയിലുള്ള ചേഷ്ടകള്‍ അയാള്‍ നടത്തിയത് ജനങ്ങളെ പ്രകോപിപ്പിച്ചു. പല ടെസ്ല ഉടമകളും വൈകാതെ തന്നെ തങ്ങളുടെ കാറുകള്‍ വിറ്റാണ് മസ്‌കിനോടുള്ള എതിര്‍പ്പ് പ്രകടമാക്കിയത്.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.