March 24, 2025 |
Share on

‘നിങ്ങള്‍ മൊറോക്കയിലേക്കോ ടൂണീഷ്യയിലേക്കോ പോകൂ’

കാലുകള്‍ നീക്കിവയ്ക്കാന്‍ ആവശ്യപ്പെട്ട് വംശീയാക്ഷേപം

ബ്രിട്ടണിൽ ട്രെയിനിൽ യാത്ര ചെയ്ത സഹയാത്രികനോട് സ്ത്രീയുടെ വംശീയാധിക്ഷേപം. നാഷണൽ ഹെൽത്ത് സർവീസിലെ ദന്തഡോക്ടറായ സഹയാത്രികനോട് ടൂണീഷ്യയിലേക്കോ മൊറോക്കോയിലേക്കോ മടങ്ങി പോകൂവെന്ന് സ്ത്രീ പറയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുകയാണ്. ടിക് ടോകിലാണ് വീഡിയോ ആദ്യം പ്രചരിച്ചത്. ലണ്ടനിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള ട്രെയിനിൽ വെച്ചായിരുന്നു സംഭവം. ഡോക്ടറുടെ എതിർവശത്തിരുന്ന സ്ത്രീ കാലുകൾ നീക്കി വെക്കുവാൻ ആവശ്യപ്പെടുകയും തുടർന്ന് വംശീയാധിക്ഷേപം നടത്തുകയും ചെയ്തു.

എന്തിനാണ് നിങ്ങൾ എന്നോട് അങ്ങനെ പറഞ്ഞത്. എന്നെ അപമാനിക്കുന്ന തരത്തിലാണ് നിങ്ങൾ പെരുമാറിയത്. ഞാൻ ജനിച്ചത് ഇവിടെയാണെന്നും നിങ്ങൾ ഇവിടെ ജനിച്ചയാളാണോ എന്നും സഹയാത്രികൻ സ്ത്രീയോട് ചോദിച്ചു. നിങ്ങളോട് ശരിയായ രീതിയിലാണ് പെരുമാറിയതെന്നാണ് സ്ത്രീ അതിന് മറുപടി നൽകിയത്.

തുടർന്ന് നിങ്ങളുടെ ജന്മസ്ഥലമേതെന്ന ചോദ്യത്തിന് എനിക്ക് താങ്കളോട് സംസാരിക്കാൻ താൽപര്യമില്ലെന്നും സ്ത്രീ പറയുന്നതായി വീഡിയോയിൽ കാണാം. സ്ത്രീക്കെതിരെ വംശീയാധിക്ഷേപത്തിന്റെ പേരിൽ തിങ്കളാഴ്ച രാവിലെ 11.45ന് പരാതി ലഭിച്ചതായി ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് അറിയിച്ചു.

ഫെബ്രുവരി 3 ന് രാവിലെ 11.45 ന് യൂസ്റ്റണിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള ട്രെയിനിൽ വംശീയ അധിക്ഷേപം നടന്നതായി 61016 എന്ന നമ്പറിൽ ഉദ്യോഗസ്ഥർക്ക് ഒരു ടെക്സ്റ്റ് റിപ്പോർട്ട് ലഭിച്ചു. സ്റ്റോക്ക് റെയിൽവേ സ്റ്റേഷനിൽ ഉദ്യോഗസ്ഥർ ട്രെയിനിനെ സന്ദർശിക്കുകയും ഇതുമായി ബന്ധപ്പെട്ട ആളുകളെ തിരിച്ചറിയുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണ്, ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് വക്താവ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തിനും ചർച്ചയ്ക്കും കാരണമായിട്ടുണ്ട്. വംശീയാധിക്ഷേപം നടത്തിയ സ്ത്രീക്കെതിരെ വിമർശനവുമായി നിരവധി പേർ രം​ഗത്തുവന്നു. സ്ത്രീയുടെ പരാമർശത്തെ ചോദ്യം ചെയ്തെത്തിയവർ അവരുടെ വംശീയ പരാമർശങ്ങളുടെ വിരോധാഭാസം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

നാമെല്ലാവരും എവിടെ നിന്നോ കുടിയേറിയവരാണ്. ഭക്ഷണം തേടി പലയിടങ്ങളിലും സഞ്ചരിച്ചിരുന്ന ഒരു നാടോടിയായിരുന്നു ആ മനുഷ്യൻ. ഭക്ഷണം എവിടെയുണ്ടോ അവിടെയെല്ലാം ആളുകൾ എത്തുമായിരുന്നു. പിന്നീട് അവർ കൂട്ടങ്ങളായി, നദീതടങ്ങളിലേക്ക് കൂട്ടമായി നീങ്ങി, രാജ്യങ്ങൾ രൂപീകരിച്ചു, സ്ത്രീകളെ സ്വന്തമാക്കി. ഒരാളുടെ വേരുകൾ എവിടെയാണെന്ന് ആർക്കും അറിയില്ല, വീഡിയോക്ക് താഴെ ഒരാൾ കമന്റ് ചെയ്തു.

അവനോട് സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ അവർ പറയുന്നു. തുടർന്ന്, അവൻ ബ്രിട്ടീഷ് വംശജനാണെന്ന്മനസ്സിലാക്കുമ്പോൾ, അവൾ തന്ത്രങ്ങൾ മാറ്റുന്നു ഇരയെ കളിപ്പിക്കുകയും ചെയ്യുന്നു. വംശീയതയുടെയും വ്യാജ സ്ത്രീവാദത്തിന്റെയും ഒരു ക്ലാസിക് കേസാണിതെന്ന് മറ്റൊരാൾ കുറിച്ചു.

Content Summary: go back to Morocco or Tunisia; Woman’s Racist Rant Against Fellow Passenger
Britain Racist talks Avanti west coast train 

×