ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കിഴക്കൻ തീരദേശത്ത് നിന്ന് ഏകദേശം 1,200 കിലോമീറ്ററുകൾ അകലെ, ബംഗാൾ ഉൾക്കടലിൽ വ്യാപിച്ചുകിടക്കുന്ന, ചെറുതും വലുതുമായ 836 ഓളം ദ്വീപുകൾ… അവയിൽ പലതും ലോകത്ത് മറ്റെങ്ങുമില്ലാത്ത ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടം… മനുഷ്യവാസമുള്ളത് 31 ദ്വീപുകളിൽ മാത്രം… പറഞ്ഞുവരുന്നത് ആൻഡമാൻ-നിക്കോബാർ ദ്വീപസമൂഹത്തെ കുറിച്ചാണ്.
ഈ ദ്വീപസമൂഹത്തിന്റെ തെക്കേയറ്റത്തുള്ള ഗ്രേറ്റ് നിക്കോബാർ ദ്വീപ് ഇപ്പോൾ വലിയ ചർച്ചാവിഷയം ആയിരിക്കുകയാണ്. കേന്ദ്രസർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന, “ഗ്രേറ്റ് നിക്കോബാർ പ്രൊജക്ട്” എന്ന ഒരു വമ്പൻ പദ്ധതിയാണ് അതിന് കാരണം. എന്നാൽ, അതിനെതിരെ പ്രതിപക്ഷത്തുനിന്നും പരിസ്ഥിതി-മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. എന്താണ് “ഗ്രേറ്റ് നിക്കോബാർ പ്രൊജക്ട്”? എന്തുകൊണ്ടാണ് ഈ പദ്ധതിക്കെതിരെ വലിയ രീതിയിൽ എതിർപ്പുകൾ ഉയരുന്നത്?

നമുക്കാദ്യം “ഗ്രേറ്റ് നിക്കോബാർ പ്രൊജക്”ടിലൂടെ എന്തൊക്കെയാണ് മോദി ഗവൺമെന്റ് നടപ്പാക്കാൻ പദ്ധതിയിടുന്നതെന്ന് നോക്കാം. ആദ്യം പറഞ്ഞപോലെ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ തെക്കേയറ്റത്തെ ഗ്രേറ്റ് നിക്കോബാർ എന്ന ദ്വീപിലാണ് പദ്ധതികൾ ആവിഷ്കരിക്കാൻ ഗവൺമെന്റ് ഉദ്ദേശിക്കുന്നത്. ആകെ നാല് പ്രധാന പദ്ധതികളാണ് പ്രൊജക്ടിലുള്ളത്. ഒരു ഇന്റർനാഷനൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ, അതിനോടനുബന്ധിച്ച് 450 എംവിഎ (മെഗാ വോൾട് ആമ്പിയർ) ശേഷിയുള്ള ഒരു ഗ്യാസ്-സോളാർ പവർ പ്ലാന്റ്, ഒരു ഇന്റർനാഷനൽ എയർപോർട്ട്, പിന്നെയൊരു ടൗൺഷിപ്. ഇവയൊക്കെയാണ് ആ നാല് പദ്ധതികൾ.
ഈ നാല് പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ടത് ‘ഡീപ്പ് വാട്ടർ ഇന്റർനാഷനൽ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ’ ആണ്. നമ്മുടെ വിഴിഞ്ഞം തുറമുഖം ഇത്തരത്തിലുള്ള ഒരു ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ ആണ്. മിക്കപ്പോഴും മറ്റുരാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ ചരക്ക് കൊണ്ടുവരുന്നത് ഭീമൻ കപ്പലുകളിലാണ്. തീരത്തിനടുത്ത്, കടലിൽ നിന്ന് തന്നെ ചരക്കുകൾ വലിയ കപ്പലിൽ നിന്നും ചെറിയ കപ്പലുകളിലേക്ക് മാറ്റാൻ സൗകര്യമുളള തുറമുഖങ്ങൾ ആണിവ. തുറമുഖതീരത്തെ കടലിന്റെ ആഴം ആണ് ചരക്ക് കൈമാറ്റം സുഗമമായി നടത്താൻ സഹായിക്കുന്നത്. നിക്കോബാറിലെ ഗലാത്തിയൻ തീരത്ത് കടലിന് 20 മീറ്ററിൽ കൂടുതൽ ആഴമുണ്ട്. ഇത് ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ നിർമ്മിക്കാൻ ഉചിതമാണെന്ന് സർക്കാർ പറയുന്നു. തുറമുഖത്തിനാവശ്യമായ ഊർജ്ജം ഉത്പാദിപ്പിക്കാനായി, ഗലാതിയ തീരത്തിന് വടക്ക്-പടിഞ്ഞാറ് ആയാണ് 450 എംവിഎ പവർ പ്ലാന്റ് നിർമ്മിക്കുന്നത്. കേന്ദ്ര സർക്കാർ നിക്കോബാറിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മറ്റൊരു പദ്ധതി ഒരു ഇന്റർനാഷനൽ എയർപോർട്ടാണ്. ജനങ്ങൾക്കും മിലിറ്ററി ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ പാകത്തിനുള്ള വിമാനത്താവളം ആണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്. ക്യാമ്പെൽ തീരത്തിനും ഗലാതിയ തീരത്തിനും ഇടയിലായി ചിൻങ്കൻ എന്ന സ്ഥലത്താണ് വിമാനത്താവളം നിർമ്മിക്കുന്നത്. സ്വാഭാവികമായും, ഈ പദ്ധതികൾ ഒക്കെ നടപ്പാക്കിയാൽ ഒരുപാട് മനുഷ്യർക്ക് ദ്വീപിൽ അധിവസിക്കേണ്ടതായി വരും. അവരുടെ താമസസൗകര്യത്തിനും തുറമുഖത്തിന്റെ വാണിജ്യ-സ്ഥാപനങ്ങൾക്കുമൊക്കെയായാണ്, എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഒരു ടൗൺഷിപ് നിക്കോബാറിലെ ക്യാമ്പെൻ തീരത്തിനും ഇന്ദിരപോയിന്റിനും ഇടയിലായി നിർമ്മിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിൽ നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ അനുമതി ഗ്രേറ്റ് നിക്കോബാർ പ്രൊജക്ടിന് ലഭിച്ചതോടെ കേന്ദ്രസർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിലാണ്. എന്നാൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയിൽ നിന്ന് കടുത്ത ആരോപണങ്ങളാണ് പദ്ധതിക്കെതിരെ ഉയർന്നത്. നിക്കോബാറിൽ നേരിട്ടെത്തി ചിത്രീകരിച്ച വീഡിയോയിൽ രാഹുൽ ഗാന്ധി ഈ പ്രൊജക്ടിനെ, ഏറ്റവും വലിയ അഴിമതികളിലൊന്ന് എന്നാണ് ആരോപിച്ചത്. അതോടൊപ്പം നിക്കോബാറിലെ തദ്ദേശീയരായ ജനങ്ങളിൽ ഒരാളുപോലും പ്രൊജക്ടിനെ സ്വാഗതം ചെയ്യുന്നില്ല എന്നും പറയുകയുണ്ടായി. പ്രൊജക്ട് നടപ്പാക്കിയാൽ അത് പ്രകൃതിക്കും അവിടത്തെ ആദിവാസി ജനങ്ങൾക്കും എതിരെയുള്ള ഒരു കുറ്റകൃത്യമായിരിക്കുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
https://www.instagram.com/rahulgandhi/reel/DXswdizAi-0/
സത്യത്തിൽ രാഹുൽ ഗാന്ധി പറഞ്ഞതിൽ വസ്തുതകളുണ്ടോ? അത് പരിശോധിക്കാൻ നമുക്ക് ഗ്രേറ്റ് നിക്കോബാർ ദ്വീപിനെ കുറിച്ച് കൂടുതൽ അറിയേണ്ടതാവശ്യമാണ്. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ നിക്കോബാർ ദ്വീപുകളിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രേറ്റ് നിക്കോബാർ. ആകെ 1,045 സ്ക്വയർ കിലോമീറ്റർ വിസ്തീർണമുള്ള ദ്വീപിന്റെ 85 ശതമാനത്തോളം പ്രദേശവും ഗ്രേറ്റ് നിക്കോബാർ ബയോസ്ഫിയർ റിസർവിന്റെ ഭാഗമാണ്. മനുഷ്യന്റെ ഇടപെടൽ പരമാവധി കുറച്ച് കൊണ്ട്, ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ സുസ്ഥിരമായ പ്രവർത്തനങ്ങൾ മാത്രം അനുവദിച്ച് ഒരു വലിയ ഭൂപ്രദേശത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുക എന്നതാണ് ബയോസ്ഫിയർ റിസർവ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഗ്രേറ്റ് നിക്കോബാർ ബയോസ്ഫിയർ റിസർവിന്റെ ഭാഗമല്ലാത്തതായുള്ളത് ദ്വീപിന്റെ 15 ശതമാനം പ്രദേശം മാത്രമാണ്. അതായത്, ദ്വീപിന്റെ ഭൂരിഭാഗം പ്രദേശവും സംരക്ഷിത വിഭാഗത്തിലാണ്.

1989-ൽ ആണ് ഗ്രേറ്റ് നിക്കോബാർ ബയോസ്ഫിയർ റിസർവ് രൂപീകരിച്ചത്. അതിന് പിന്നിൽ വ്യക്തമായ ശാസ്ത്രീയ കാരണങ്ങളുണ്ട്. ദശലക്ഷങ്ങളോളം വർഷങ്ങളുടെ പരിണാമ ചരിത്രമുണ്ട് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ജീവികൾക്ക്. 40 മുതൽ 20 ദശലക്ഷം വർഷങ്ങൾക്ക് മുൻപാണ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹം രൂപപ്പെടുന്നത്. പിന്നീട് പല കാലങ്ങളിലായി പല രീതികളിൽ ആ ദ്വീപുകളിൽ ജീവജാലങ്ങൾ എത്തിപ്പെട്ടു. ആ ജീവജാലങ്ങൾ, അതാത് ദ്വീപുകളിലെ പ്രത്യേക സാഹചര്യങ്ങൾ അതിജീവിച്ച് പുതിയ സ്പീഷീസുകളായി മാറി. ഭൗമ ശാസ്ത്രപരമായ പ്രത്യേകതകൾ കാരണം ഗ്രേറ്റ് നിക്കോബാർ ദ്വീപ് ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ, ജീവജാലങ്ങൾക്ക് അതിജീവിക്കാൻ വളരെയധികം അനുയോജ്യമായ ദ്വീപുകളിലൊന്നാണ്. അങ്ങനെയാണ് ഗ്രേറ്റ് നിക്കോബാർ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമാകുന്നത്. ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ ഇന്ന് കാണപ്പെടുന്ന പല ജീവികളും അവിടത്തെ പ്രത്യേക സാഹചര്യങ്ങളിൽ ഒറ്റപ്പെട്ട് പരിണമിച്ചവരാണ്. ഭൂമിയിൽ വേറെവിടെയും നമുക്ക് അവയെ കാണാൻ കഴിയില്ല. ഭൂമിയിൽ ഒരു പ്രത്യേക പ്രദേശത്ത് മാത്രം കാണുന്ന ജീവികളെ എൻഡെമിക് എന്നാണ് പറയുന്നത്. നിക്കോബാർ ലോങ്ങ് ടെയ്ൽഡ് മക്കാക്, നിക്കോബാർ ക്യാറ്റ് സ്നേക്, നിക്കോബാർ മെഗാപോഡ്, നിക്കോബാർ ട്രീ ഫേൺസ് തുടങ്ങി ഒട്ടനേകം എൻഡെമിക് ജീവജാലങ്ങളാണ് ഗ്രേറ്റ് നിക്കോബാറിൽ നിന്ന് കണ്ടെത്തപ്പെട്ടിട്ടുള്ളത്. വംശനാശഭീഷണി നേരിടുന്ന ലെതർബാക്ക് ടർട്ടിൽ എന്ന ലോകത്തിലെ ഏറ്റവും വലിയ ആമകളുടെ പ്രജനന കേന്ദ്രം കൂടിയാണ് ഗ്രേറ്റ് നിക്കോബാറിന്റെ ഗലാതിയ തീരം.

ഇനി നമുക്ക് കേന്ദ്രസർക്കാരിന്റെ അവകാശ വാദങ്ങളുടെ പൊരുളിലേക്ക് വരാം. ഗ്രേറ്റ് നിക്കോബാർ പ്രൊജക്ട് സംബന്ധിച്ച് സർക്കാർ പുറത്ത് വിട്ട രേഖയിൽ പറയുന്നത് ദ്വീപസമൂഹത്തിന്റെ 1.82% വനപ്രദേശമാണ് പ്രൊജക്ടിനായി വെട്ടിനിരത്തുക എന്നതാണ്. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിന്റെ 1.82% വനം എന്ന് പറയുന്നത് ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ ഏകദേശം 4.8% വനപ്രദേശമാണ്. അതായത് ഗ്രേറ്റ് നിക്കോബാറിന്റെ 4.8% വനം വെട്ടിത്തെളിക്കും. 7.11 മുതൽ 8.5 ലക്ഷം മരങ്ങളാണ് വെട്ടുക എന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും പങ്കജ് ശേഖ്സാരിയ എന്ന ഇക്കോളജിസ്റ്റ് പറയുന്നത് അത് ഒരു കോടിയോളം മരങ്ങളായി ഉയരാം എന്നാണ്. കാരണം നിക്കോബാറിലെ മഴക്കാടുകൾ അത്രത്തോളം ഇടതിങ്ങിയതാണ്. വലിയ മരങ്ങളുടെ കണക്ക് മാത്രമാണ് സർക്കാർ പുറത്ത് വിട്ടതെന്നും അവയ്ക്ക് താഴെയുള്ള ചെറുതും ഇടത്തരം വളർന്നതുമായ മരങ്ങളെ കണക്കിൽ കാണിച്ചിട്ടില്ല എന്നും പങ്കജ് ശേഖ്സാരിയ അഭിപ്രായപ്പെടുന്നു. നമ്മൾ മുൻപ് പറഞ്ഞ പോലെ ഗ്രേറ്റ് നിക്കോബാർ ദ്വീപിന്റെ ഏതാണ്ട് ഭൂരിഭാഗം പ്രദേശവും ബയോസ്ഫിയർ റിസർവ് എന്ന സംരക്ഷിത ഗണത്തിൽ ഉൾപ്പെട്ടതാണ്. അങ്ങനെ നോക്കിയാൽ ബയോസ്ഫിയർ റിസർവിന്റെ ഏകദേശം 16% പ്രൊജെക്ടിനായി ഉപയോഗിക്കും. അതിലെ ഏകദേശം 4.8% പ്രദേശത്തെ വനം വെട്ടിത്തെളിക്കും. ഇത് വലിയ പാരിസ്ഥിതിക ആഘാതമായിരിക്കും സൃഷ്ടിക്കുക. നിക്കോബാറിൽ മാത്രം കണ്ടുവരുന്ന എൻഡെമിക് ജീവജാലങ്ങളുടെ അതിജീവനത്തെ ഗ്രേറ്റ് നിക്കോബാർ പ്രൊജക്ട് വലിയ രീതിയിൽ ബാധിക്കും.

കോറൽ റീഫ്സ് അല്ലെങ്കിൽ പവിഴപ്പുറ്റുകളുടെ ഒരു കലവറയാണ് ഗ്രേറ്റ് നിക്കോബാർ ദ്വീപിന് ചുറ്റുമുള്ള കടൽ. കോറൽ റീഫുകൾ കടലിൽ എല്ലായിടത്തും കാണുന്നവയല്ല. അവയ്ക്ക് വളരാൻ തീരത്തോടടുത്ത അധികം ആഴമില്ലാത്ത കടലിന്റെ അടിത്തട്ടാണ് ആവശ്യം. ഗ്രേറ്റ് നിക്കോബാർ ദ്വീപിനുചുറ്റുമുള്ള കടൽ അത്തരത്തിലുള്ളതാണ്. അതിന് പുറമെ ഗ്രേറ്റ് നിക്കോബാറിലെ കോറൽ വൈവിധ്യത്തിന് പിന്നിൽ മറ്റൊരു പ്രധാന കാരണം കൂടിയുണ്ട്. അത് “സമുദ്രങ്ങളിലെ ആമസോൺ” എന്നറിയപ്പെടുന്ന കോറൽ ട്രയാംഗിൾ ആണ്. ഇന്തോനേഷ്യ, മലേഷ്യ, പപ്പുവ ന്യൂ ഗിനിയ തുടങ്ങി ആകെ ആറ് രാജ്യങ്ങളെ കണക്ട് ചെയ്യുന്ന പശ്ചിമ പസിഫിക് സമുദ്രത്തിലെ ത്രികോണാകൃതിയിലുള്ള ഒരു പ്രദേശമാണിത്. ഭൂമിയിലെ സമുദ്രോപരിതലത്തിന്റെ ആകെ 2% മാത്രമായ ഈ പ്രദേശത്താണ് ഭൂമിയിൽ കണ്ടെത്തപ്പെട്ടിട്ടുള്ള കോറൽ വൈവിധ്യത്തിന്റെ 76% വും ഉള്ളത്. ഗ്രേറ്റ് നിക്കോബാർ ദ്വീപ്, ഈ കോറൽ ട്രയാഗിളിന്റെ ഭാഗമല്ലെങ്കിലും അതിന് ഏതാണ്ട് അടുത്ത് തന്നെയാണ് സ്ഥിതിചെയ്യുന്നത്. സമുദ്രജലപ്രവാഹത്തിലൂടെ കോറൽ ട്രയാഗിളിൽ നിന്നും ഒഴുകി വരുന്ന കോറൽ ലാർവകൾ ഗ്രേറ്റ് നിക്കോബാറിന്റെ തീരദേശ കടലിൽ അടിയുകയും അവിടെ വളരുകയും ചെയ്യുന്നതാണ് ഗ്രേറ്റ് നിക്കോബാറിൽ ഇത്രത്തോളം കോറൽ വൈവിധ്യം ഉണ്ടാകാനുള്ള മറ്റൊരു പ്രധാന കാരണം. ഇന്ത്യയിൽ മൊത്തത്തിലുള്ള, ഹാർഡ് കോറൽസ് എന്നറിയപ്പെടുന്ന പവിഴപ്പുറ്റുകളുടെ 47% സ്പീഷീസുകളും ഗ്രേറ്റ് നിക്കോബാർ ദ്വീപിലാണ് കാണപ്പെടുന്നത്. ഹാർഡ് കോറൽസിന്റെ ഒരു പ്രത്യേകത എന്തെന്നാൽ, അവ കടലിലെ മറ്റു ചെറു ജീവജാലങ്ങൾക്കുള്ള വാസസ്ഥലം കൂടിയാണ്. അതായത് കടലിലെ ഒരു പ്രദേശം ഹാർഡ് കോറലുകൾ കൊണ്ട് സമ്പുഷ്ടമാണെങ്കിൽ അത് ക്രമേണ മറ്റനേകം ചെറു കടൽ ജീവികളുടെ ആവാസസ്ഥലമായി മാറും. അതിനൊപ്പം ചെറു കടൽ ജീവികളെ ഭക്ഷിക്കുന്ന വലിയ കടൽ ജീവികളും അവിടെ എത്തും. അത്തരത്തിൽ ഒരു സമുദ്രജല ആവാസവ്യവസ്ഥ തന്നെ ആ സ്ഥലത്ത് രൂപപ്പെടും. ഇത്തരത്തിൽ ജൈവവൈവിധ്യം കൊണ്ട് സമ്പുഷ്ടമായ കടലാണ് ഗ്രേറ്റ് ആൻഡമാൻ ദ്വീപിന് ചുറ്റുമുള്ളത്.

ഞെട്ടിപ്പിക്കുന്നതും ഗുരുതരവുമായ വാർത്തയാണ് വൈഷ്ണവി റാത്തോർ എന്ന പരിസ്ഥിതി മാധ്യമ പ്രവർത്തക നടത്തിയ അന്വേഷണത്തിൽ പുറത്ത് വന്നത്. കേന്ദ്രസർക്കാർ പ്രൊജെക്ടിന്റെ ആലോചനകൾ തുടങ്ങിയ 2021-ന് മുമ്പും അതിന് ശേഷവും ഉള്ള ഗ്രേറ്റ് നിക്കോബാറിന്റെ മാപ്പുകൾ വൈഷ്ണവി പരിശോധിക്കുകയുണ്ടായി. 2021-ന് മുൻപത്തെ മാപ്പിൽ പച്ച നിറത്തിൽ വളരെ കൃത്യമായി ദ്വീപിനു ചുറ്റും പവിഴപ്പുറ്റുകളെ അടയാളപ്പെടുത്തിയിരുന്നു. എന്നാൽ, 2021 ന് ശേഷം പുറത്തിറക്കിയ മാപ്പിൽ ദ്വീപിന്റെ ചുറ്റുമുള്ള പവിഴപ്പുറ്റുകൾ ഒക്കെ അപ്രത്യക്ഷമായി, അവ തീരത്ത് നിന്ന് അകന്നു സമുദ്രത്തിന്റെ നടുവിലേക്ക് മാറ്റപ്പെട്ടു. കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ സെന്റർ ഫോർ സസ്ടെയ്നബിൾ കോസ്റ്റൽ മാനേജ്മെന്റ് പുറത്തിറക്കിയ മാപ്പുകളാണിവ. പവിഴപ്പുറ്റുകളുള്ള കടൽ പ്രദേശം അതീവ ശ്രദ്ധയോടെ സരംക്ഷിക്കേണ്ടതായിട്ടുള്ള ഗണത്തിൽപ്പെട്ടതാണ്. ഇത്തരത്തിൽ ഗ്രേറ്റ് നിക്കോബാറിന്റെ മാപ്പിൽ നിന്നും കോറലുകളുടെ സ്ഥാനം തീരപ്രദേശത്ത് നിന്ന് മറ്റുന്നതോടെ പാരിസ്ഥിതിക ആഘാതം പഠിക്കുന്ന കമ്മിറ്റികളുടെ അനുവാദം ഗ്രേറ്റ് നിക്കോബാർ പ്രൊജെക്ടിന് കിട്ടും.

അതേസമയം, 2021- ൽ പുറത്ത് വിട്ട എൻവിയോൺമെന്റൽ ഇംപാക്ട് അസ്സസ്മെന്റിൽ പറയുന്നത് ഗലാത്തിയ ബെയിലെ 16,000 ഓളം വരുന്ന കോറൽ കോളനികളെ ഉൾക്കടലിലേക്ക് പുനഃസ്ഥാപിക്കും എന്നാണ്. ഒന്നാമത്തെ കാര്യം നാഷണൽ സെന്റർ ഫോർ സസ്ടെയ്നബിൾ കോസ്റ്റൽ മാനേജ്മെന്റ് പുറത്തിറക്കിയ മാപ്പും ഈ പ്രസ്താവനയും പരസ്പരവിരുദ്ധമാണ് എന്നതാണ്. അതായത്, മാപ്പിൽ തീരത്തിനോടടുത്ത് പവിഴപ്പുറ്റുകളുടെ കോളനികൾ ഇല്ല എന്നാണ് കാണിച്ചത്. ആ കാര്യം തത്കാലം മാറ്റിവെച്ചാലും, ഗലാത്തിയ ബെയുടെ അടുത്തുള്ള കോറൽ കോളനികളെ ഉൾക്കടലിലേക്ക് മാറ്റിസ്ഥാപിക്കുക എന്നത് തീർത്തും അശാസ്ത്രീയവും പ്രായോഗികമല്ലാത്തതുമായ തീരുമാനം ആണെന്നാണ് മറൈൻ സയന്റിസ്റ്റുകൾ പറയുന്നത്.

ഗ്രേറ്റ് നിക്കോബാർ പ്രൊജെക്ടിനെതിരെയുള്ള മറ്റൊരു വലിയ ആരോപണം അവിടത്തെ ആദിവാസി സമൂഹങ്ങളുടെ അതിജീവനത്തെ പ്രൊജക്റ്റ് പ്രതികൂലമായി ബാധിക്കും എന്നതാണ്. ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ പ്രധാനമായും രണ്ട് ട്രൈബൽ കമ്മ്യൂണിറ്റീസ് ആണുള്ളത്. ആദ്യത്തേത് ഷോംപെൻ എന്നറിയപ്പെടുന്ന സമൂഹം ആണ്. നായാടിയും കാട്ടുവിഭവങ്ങൾ ശേഖരിച്ചും ജീവിക്കുന്ന ഷോംപെൻ ആദിവാസി വിഭാഗത്തിന്റെ ജനസംഖ്യ 300-ൽ താഴെ മാത്രമാണ്. ഇവർ പുറം ലോകത്തോട് ബന്ധം പുലർത്താതെ കാട്ടിനുള്ളിൽ മാത്രമായി ഒതുങ്ങി ജീവിക്കുന്നവരാണ്. ലോകത്തിൽ വളരെ അപൂർവമായി മാത്രമേ ഇത്തരത്തിലുള്ള ജനവിഭാഗമുള്ളൂ. രണ്ടാമത്തെ വിഭാഗം നിക്കോബാറീസ് ആണ്. ഇവർ പ്രധാനമായും തീരദേശങ്ങളിൽ മത്സ്യബന്ധനം നടത്തി ജീവിക്കുന്നവരാണ്. 2006- ലെ വനാവകാശ നിയമമനുസരിച്ച് ആദിവാസികളുടെ കൂട്ടായ സമ്മതമില്ലാതെ ഒരിക്കലും അവരെ കാട്ടിൽ നിന്ന് ഒഴിപ്പിക്കാനോ അവരുടെ സ്ഥലം കയ്യേറാനോ കഴിയില്ല. എന്നാൽ, ഗ്രേറ്റ് നിക്കോബാർ പ്രൊജെക്ടിന്റെ ഭാഗമായി ആദിവാസി വനഭൂമി ഏറ്റെടുക്കാൻ ഷോംപെൻ വിഭാഗത്തിന്റെ കൂട്ടായ സമ്മതം വാങ്ങിച്ചിട്ടില്ല എന്നതാണ് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നത്.

നരവംശ ശാസ്ത്രജ്ഞനായ വിശ്വജിത്ത് പാണ്ഡ്യ ഷോംപെൻ ജനവിഭാഗത്തിന്റെ അടുത്ത് നേരിട്ടെത്തി അവരോട് ഈ പദ്ധതിയെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചറിഞ്ഞിരുന്നു. അപ്പോൾ അവർ പറഞ്ഞത് തങ്ങളുടെ പ്രദേശത്ത് ഈ പദ്ധതി വരുന്നത് സമ്മതിക്കില്ല എന്നാണ്. ഈ വീഡിയോ കേന്ദ്രസർക്കാരിന് അയച്ചുകൊടുത്തിരുന്നെങ്കിലും അത് സർക്കാർ പൂഴ്ത്തിവെക്കുകയായിരുന്നു എന്നാണ് വിശ്വജിത്ത് പാണ്ഡ്യ ആരോപിക്കുന്നത്. അതോടൊപ്പം ഈ പദ്ധതി ഷോംപെൻ ജനവിഭാഗത്തിന്റെ അതിജീവനത്തിന് വലിയ വെല്ലുവിളിയുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കാരണം, ഗ്രേറ്റ് നിക്കോബാറിലെ ആദിവാസികൾ, പ്രത്യേകിച്ചും ഷോംപെൻ വിഭാഗം പുറം ലോകവുമായി ബന്ധമില്ലാതെ കാട്ടിൽ ജീവിക്കുന്നവരാണ്. പദ്ധതിയുടെ ഭാഗമായി ഒരുപാട് മനുഷ്യർ ഗ്രേറ്റ് നിക്കോബാറിൽ എത്തുമ്പോൾ, ഷോംപെൻ വിഭാഗം ഇതുവരെ നേരിട്ടിട്ടില്ലാത്ത പകർച്ചവ്യാധികൾ അവർക്കിടയിൽ വ്യാപിക്കാൻ സാധ്യതയുണ്ട്. അവരുടെ ശരീരം അതിന് മുൻപ് അത്തരം അസുഖങ്ങളെ നേരിട്ടിട്ടില്ലാത്തതിനാൽ വലിയ ആരോഗ്യ പ്രതിസന്ധിയായിരിക്കും ഷോംപെൻ വിഭാഗത്തിൽ ഉണ്ടാക്കുക. അതുകൂടാതെ, അവരുടെ തനതായതും പരമ്പരാഗതവുമായ ജീവിതത്തെ പുറംലോകത്ത് നിന്നുമുള്ള മനുഷ്യരുടെ ഇടപെടൽ ബാധിക്കും.

മെയ് 16-ന് കോൺഗ്രസ് ലീഡർ ജയറാം രമേശ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗിന് ഒരു കത്ത് അയച്ചിരുന്നു. പ്രൊജക്റ്റിൽ നിന്ന് ഗവൺമെന്റ് പിൻമാറണം എന്ന് അഭിപ്രായപ്പെട്ട ജയറാം രമേഷ് രണ്ട് കാരണങ്ങളാണ് കത്തിൽ സൂചിപ്പിച്ചത്. ഒന്ന് പ്രൊജക്ട് പരിസ്ഥിതിക്കും അവിടത്തെ ആദിവാസികൾക്കും ഉണ്ടാക്കുന്ന പ്രതിസന്ധിയാണ്. രണ്ടാമതായി അദ്ദേഹം ചൂണ്ടിക്കാണിച്ചത് ഇത് ഒരു അനിവാര്യമായ നയതന്ത്ര നീക്കം അല്ല എന്നതാണ്. കാരണം, ഇന്ത്യക്ക് നിലവിൽ ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ സൈനിക താവളം ഉണ്ട്. സൈനിക വിന്യാസം വർദ്ധിപ്പിക്കാൻ അത് വിപുലപ്പെടുത്തിയാൽ മതിയാകും എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. അതിന് ട്രാൻസ്ഷിപ്മെന്റ് ടെർമിനലും ടൗൺഷിപ്പിന്റെയും ആവശ്യം ഇല്ല എന്നും ജയറാം രമേഷ് കത്തിൽ ഉന്നയിക്കുന്നു.

എന്നാൽ, കേന്ദ്ര സർക്കാർ പറയുന്നത്, ഇന്ത്യൻ സമുദ്രത്തിൽ പല ഭാഗങ്ങളിലും ചൈന സ്വാധീനശക്തി വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ ഗ്രേറ്റ് നിക്കോബാർ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ നിർമ്മിക്കുന്നതിലൂടെ ഇന്ത്യക്ക് സുപ്രധാനമായ മലാക്ക സ്ട്രെയിറ്റിൽ സ്വാധീനം കൂട്ടാൻ കഴിയുമെന്നാണ്. ആഗോളതലത്തിലുള്ള കപ്പൽ ചരക്ക് ഗതാഗതത്തിന്റെ ഏകദേശം നാലിൽ ഒന്നും മലാക്ക സ്ട്രെയിറ്റ് എന്ന പാതയിലൂടെയാണ് നടക്കുന്നത്. ഹോർമൂസ് കടലിടുക്ക് പോലുള്ള ഒരു കപ്പൽ പാതയാണ് മലാക്കയും. ചൈനയുൾപ്പെടുന്ന ഒട്ടേറെ രാജ്യങ്ങളുടെ കപ്പലുകൾ ആണ് മലേഷ്യയ്ക്കും ഇന്തോനേഷ്യയ്ക്കും സിംഗപ്പൂരിനുമിടയിലുള്ള ഈ ഇടുങ്ങിയ കടൽപാതയിലൂടെ കടന്നുപോകുന്നത്. എന്നാൽ, മലാക്കയിൽ സ്വാധീനം ഉണ്ടാക്കാൻ കഴിയുമെന്ന കേന്ദ്രസർക്കാരിന്റെ ഈ വാദവും തെറ്റാണെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്. അതുന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്, ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ ട്രാൻസ്ഷിപ്മെന്റ് ടെർമിനൽ ഉണ്ടാക്കിയത് കൊണ്ട് മലാക്കയിൽ ഇന്ത്യക്ക് ഒരു സ്വാധീനശക്തിയാകാൻ കഴിയില്ല എന്നതാണ്. കാരണം മലാക്ക എന്ന കടലിടുക്ക് തുടങ്ങുന്നിടത്ത് നിന്ന് ഗ്രേറ്റ് നിക്കോബാറിലേക്ക് ഒരു നിശ്ചിത ദൂരമുണ്ട്. സിംഗപ്പൂരും മലേഷ്യയും ഇന്തോനേഷ്യയുമൊക്കെയാണ് മലാക്കയുമായി ഏറ്റവും അടുത്ത് കിടക്കുന്നത്. അവർ നിലവിൽ മലാക്കയിലെ സ്വാധീന ശക്തികളുമാണ്. അതുകൊണ്ട് ഗ്രേറ്റ് നിക്കോബാർ പ്രോജക്ടിലൂടെ ഇന്ത്യക്ക് പുതുതായി മലാക്കയിൽ പ്രത്യേകിച്ചൊരു സ്വാധീനം ഉണ്ടാക്കാൻ കഴിയില്ല എന്നാണ് എതിർക്കുന്നവർ അഭിപ്രായപ്പെടുന്നത്.

പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലും കേന്ദ്രസർക്കാർ ഗ്രേറ്റ് നിക്കോബാർ പ്രൊജക്ടുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണ്. പക്ഷേ, ജനാധിപത്യ വ്യവസ്ഥ പിന്തുടരുന്ന ഒരു രാജ്യം എന്നിരിക്കെ പ്രതിപക്ഷത്തുനിന്നും ശാസ്ത്രജ്ഞരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഉയരുന്ന എതിർശബ്ദങ്ങളെ കേൾക്കാനും അവയ്ക്ക് കൃത്യമായ ഉത്തരങ്ങൾ കൊടുക്കാനും സർക്കാരിന് ബാധ്യതയുണ്ട്.
content summary: The Great Nicobar Project, a massive Indian government initiative involving a transshipment port, airport, power plant, and township, has sparked controversy over its potential environmental and tribal impacts. Critics argue it threatens biodiversity, coral reefs, and indigenous communities, while the government defends it as strategically important for trade and regional security near the Malacca Strait.