UPDATES

ഗുജറാത്തില്‍ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിനെ തല്ലികൊന്നു

പ്രതികളിലൊരാളായ വഗേല പശുസംരക്ഷണവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ പ്രതി സ്ഥാനത്തുണ്ടായിരുന്ന വ്യക്തിയാണ്

                       

പശുക്കളെ കടത്തിയെന്നാരോപിച്ച് ഗുജറാത്തില്‍ ഗോസംരക്ഷകര്‍ മുസ്ലിം യുവാവിനെ അടിച്ചുകൊന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. കേസില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഞെട്ടിക്കുന്ന വീഴ്ചയുണ്ടായെന്ന ആരോപണവും ശക്തമാണ്. ആള്‍കൂട്ട കൊലയെ വെറും കൊല കേസായാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ ബനസ്‌കന്തയിലാണ് സംഭവം. 40കാരനായ മിശ്രിഖാന്‍ ബലോച്ചാണ് കൊല്ലപ്പെട്ടത്. എരുമകളുമായി കന്നുകാലി ചന്തയിലേക്ക് പോവുന്നതിനിടെ അഞ്ചംഗ സംഘം ഇദ്ദേഹത്തെയും കൂടെയുണ്ടായിരുന്ന അയല്‍വാസി ഹുസൈന്‍ഖാന്‍ ബലോച്ചിനെയും ആക്രമിക്കുകയായിരുന്നു. രണ്ട് എരുമകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. വഴിയില്‍ വച്ച് ഇവരുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായി. ഈ സമയത്താണ് നാല് അഞ്ച് പേര്‍ വരുന്ന സംഘം സ്‌പോര്‍ട്‌സ് വാഹനവുമായി സമീപത്തെത്തിയത്. മുന്‍പും ഈ സംഘം ഹുസൈന്‍ഖാനുമായി പ്രശ്‌നത്തിന് വന്നിരുന്നു. പോത്തിനെ കൊണ്ടുപോയത് ചോദ്യം ചെയ്തതിനായിരുന്നു അത്. അന്ന് പോലീസില്‍ പരാതി നല്‍കിയതിനെ ചോദ്യം ചെയ്താണ് സംഘം കഴിഞ്ഞ ദിവസം പ്രശ്‌നത്തിന് തുടക്കമിട്ടത്. ഇതിനിടെ ഇരുവരെയും കൊല്ലുവെന്ന് ഭീഷണി മുഴക്കി. ഇതോടെ മിശ്രിഖാനും ഹുസൈന്‍ഖാനും വണ്ടിയില്‍ കയറി രക്ഷപ്പെടാന്‍ നോക്കി. എന്നാല്‍ പഞ്ചറായ ടയര്‍ പൊട്ടിത്തെറിച്ചതോടെ മിശ്രിഖാന് വാഹനം മുന്നോട്ട് എടുക്കാന്‍ സാധിച്ചില്ല. പിന്നാലെ ഇരുമ്പ് വടിയും വടിവാളും ഉപയോഗിച്ച് സംഘം മിശ്രിഖാനെ അടിച്ച് കൊല്ലുകയായിരുന്നു. ഇതിനിടെ ഹുസൈന്‍ഖാന്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

സംഭവത്തില്‍ അഖെരാജ്സിംഗ് പര്‍ബത്സിന്‍ഹ് വഗേല, നികുല്‍സിന്‍ഹ്, ജഗത്സിന്‍ഹ്, പ്രവിന്‍സിംഗ്, ഹമീര്‍ഭായ് താക്കൂര്‍ എന്നിങ്ങനെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊലപാതകം, അന്യായമായി തടയല്‍, ഭീഷണിപ്പെടുത്തല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജഗത്സിംഗിനെയും ഹമീര്‍ഭായിയെയും കസ്റ്റഡിയിലെടുത്തതായും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും പോലീസ് പറഞ്ഞു. കേസിലെ പ്രതികളിലൊരാളായ അഖെരാജ്സിംഗ് പര്‍ബത്സിന്‍ വഗേല കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അരങ്ങേറിയ പശുസംരക്ഷണവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങളില്‍ പ്രതി സ്ഥാനത്തുണ്ടായിരുന്ന വ്യക്തിയാണ്. അന്നത്തെ കേസില്‍ തടവ് ശിക്ഷ ലഭിച്ചെങ്കിലും പിന്നീട് ഗുജറാത്ത് ഹൈക്കോടതി ഇയാളെ വിട്ടയക്കുകയായിരുന്നു.അതേസമയം, ഈ കൊല ആള്‍ക്കൂട്ട കൊലപാതകമല്ലെന്ന വാദത്തിലാണ് പോലീസ്. മൂന്‍കാല വൈരാഗ്യത്തിന്റെ പേരിലുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന നിലപാടിലാണ് അവര്‍. ആള്‍കൂട്ട കൊല നടന്നിട്ടും അതിനെ സാധാരണ കൊലയാക്കി മാറ്റാനുള്ള ശ്രമത്തിലാണേ്രത പോലീസ്. ഗോസംരക്ഷണവുമായി ബന്ധപ്പെട്ട് ആള്‍കൂട്ട കൊല പോലുള്ളവ സംഭവിക്കാതിരിക്കാന്‍ അതത് സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് 2018ലെ ഒരു വിധിന്യായത്തില്‍ സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. ഈ വിധിയ്ക്ക് പിന്നാലെയാണ് പോലീസ് ആള്‍ക്കൂട്ട കൊലപാതക കേസുകള്‍ കലഹമോ അപകടമോ ആയി രേഖപ്പെടുത്താന്‍ തുടങ്ങിയതനെന്നാണ് റിപ്പോര്‍ട്ട്.

 

English summary; mob lynching; Gujarat Muslim man killed by cow vigilantes for transporting buffaloes

Share on

മറ്റുവാര്‍ത്തകള്‍