June 26, 2026 |
Share on

എബിവിപിക്കെതിരായ പ്രചാരണം: ഗുര്‍മെഹര്‍ പിന്‍വാങ്ങിയത് തല ഉയര്‍ത്തിപ്പിടിച്ച് തന്നെ

തല ഉയര്‍ത്തിപ്പിടിച്ച് തന്നെയാണ് കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ കൂടിയായ ഗുര്‍മെഹര്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറുന്നത്. തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ ഈ ഇരുപതുകാരിക്ക് സാധിച്ചു.

ബിജെപിയുടെ പ്രമുഖ നേതാക്കളും മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ അഭിപ്രായങ്ങള്‍ പറയുന്ന ചില പ്രമുഖരുമാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റി കാമ്പസില്‍ അക്രമം അഴിച്ചുവിട്ട എബിവിപിക്കെതിരായ സമരത്തില്‍ നിന്നും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി ഗുര്‍മെഹര്‍ കൗര്‍ പിന്മാറാന്‍ കാരണം. എന്നാല്‍ തലയുയര്‍ത്തിപ്പിടിച്ച് തന്നെയാണ് കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ കൂടിയായ ഗുര്‍മെഹര്‍ പ്രതിഷേധത്തില്‍ നിന്നും പിന്മാറുന്നത്. തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ ഈ ഇരുപതുകാരിക്ക് സാധിച്ചു. കേന്ദ്രമന്തിമാര്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ അസഹിഷ്ണുത പ്രകടമായ വിഷയം കൂടിയായി ഇത് മാറുന്നു.

എന്നാല്‍ ഗുര്‍മെഹര്‍ പിന്മാറിയെങ്കിലും തങ്ങളുടെ പ്രതിഷേധത്തിന് ക്ഷീണം വരുത്താന്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരും തയ്യാറാവുന്നില്ല. എബിവിപിയുടെ ഗുണ്ടാവിളയാട്ടത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളുമായി അവര്‍ ഇന്നലെയും രംഗത്തെത്തി. ഗുര്‍മെഹര്‍ പഠിക്കുന്ന ലേഡി ശ്രീറാം കോളേജിലെ അദ്ധ്യാപകര്‍ അവര്‍ക്ക് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തി എന്നതും ശ്രദ്ധേയമാണ്. വിവിധ പരിപാടികളില്‍ വച്ച് കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു, കിരണ്‍ റിജ്ജു തുടങ്ങിയവര്‍ എബിവിപിയ്ക്ക് പരസ്യപിന്തുണ നല്‍കിയിരുന്നില്ലെങ്കില്‍ ഗുര്‍മെഹറിനെ സാമൂഹിക മാധ്യമങ്ങളില്‍ തെറി വിളിക്കാനും പല വിധത്തിലുള്ള ഭീഷണികള്‍ മുഴക്കാനും സംഘപരിവാരങ്ങള്‍ക്ക് സാധിക്കില്ലായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഞാന്‍ ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയാണ്. എനിക്ക് എബിവിപിയെ പേടിയില്ല. ഞാന്‍ ഒറ്റയ്ക്കല്ല. ഇന്ത്യയിലെ വിദ്യാര്‍ഥിസമൂഹം എനിക്കൊപ്പമുണ്ട്. ഇതായിരുന്നു കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗര്‍ പ്ലക്കാര്‍ഡുമായി നടത്തിയ ഓണ്‍ലൈന്‍ പ്രചരണം. ഡല്‍ഹി രാംജാസ് കോളേജിലെ എബിവിപി അതിക്രമവുമായി ബന്ധപ്പെട്ടായിരുന്നു ഇത്.

ദേശാഭിമാനത്തിന്റെ പേരില്‍ കോമാളിത്തരം പ്രചരിപ്പിക്കാനാണ് മുതിര്‍ന്ന മന്ത്രമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത് എന്നതും ഖേദകരമാണ്. ദേശീയതയെ കുറിച്ച് നടക്കേണ്ട ഒരു സെമിനാറില്‍ കാശ്മീര്‍ പ്രശ്‌നം വലിച്ചിഴയ്ക്കാനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ കാമ്പസുകളില്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ അനുവദിക്കില്ല എന്നാണ് വെങ്കയ്യ നായിഡു പറയുന്നത്. എന്ത് വിഷയത്തെയെയും ദേശാഭിമാനവുമായി കൂട്ടിക്കുഴച്ച് തുറന്ന സംവാദങ്ങള്‍ക്കുള്ള ഇടം ഇല്ലാതാക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നത് എന്നുള്ളതിന്റെ പ്രത്യക്ഷ ഉദാഹരണമായി ഡല്‍ഹി സര്‍വകലാശാല അതിക്രമങ്ങള്‍ മാറുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×