March 20, 2025 |

ജോലി ഒന്നിന് 3.2 കോടി രൂപ: യുഎസ് കമ്പനിയ്ക്കുള്ള സബ്‌സിഡിയ്‌ക്കെതിരേ കുമാരസ്വാമി

സഹായം ലഭിച്ചത് ചിപ്പ് നിര്‍മാതാക്കളായ മൈക്രോണ്‍ ടെക്നോളിയ്ക്ക്

യുഎസ് ആസ്ഥാനമായുള്ള ചിപ്പ് നിര്‍മാതാക്കളായ മൈക്രോണ്‍ ടെക്നോളജിയുടെ ഗുജറാത്തിലെ പ്രവര്‍ത്തനത്തിന് കേന്ദ്രം നല്‍കിയ സബ്‌സിഡി പദ്ധതിയെ വിമര്‍ശിച്ച് മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രി എച്ച് ഡി കുമാരസ്വാമി. ഇന്ത്യയില്‍ 2.5 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് കമ്പനി ഇറക്കിയത്. പ്ലാന്റിന്റെ ഭാഗമായി 5,000 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. എന്നാല്‍ കമ്പനിയ്ക്ക് സര്‍ക്കാര്‍ നല്‍കുന്നത് 2 ബില്യണ്‍ ഡോളര്‍ സബ്‌സിഡിയാണ്. അതായത് കമ്പനിയുടെ നിക്ഷേപത്തിന്റെ 70 ശതമാനത്തോളം വരുമിത്. കമ്പനി സൃഷ്ടിച്ച തൊഴില്‍ കണക്ക് അടിസ്ഥാനമാക്കി പറഞ്ഞാല്‍ ജോലി ഒന്നിന് സര്‍ക്കാര്‍ നല്‍കുന്നത് 3.2 കോടി രൂപയാണ്. ഇന്ത്യയ്ക്ക് ഇതിന്റെ ആവശ്യമുണ്ടോ എന്നാണ് കുമാരസ്വാമിയുടെ ചോദ്യം. കേന്ദ്ര ഘനവ്യവസായ വകുപ്പ് മന്ത്രിയാണ് എച്ച് ഡി കുമാരസ്വാമി. കര്‍ഷകരുടെ പാര്‍ട്ടി എന്ന് അറിയപ്പെടുന്ന ജെഡിഎസില്‍ നിന്ന് വരുന്നത് കൊണ്ട് കൃഷി മന്ത്രാലയ വകുപ്പ് പ്രതീക്ഷിച്ചിരുന്ന കുമാരസ്വാമിയ്ക്ക് ബിജെപി നല്‍കിയത് ഘന വ്യവസായ മന്ത്രാലയമാണ്. ബംഗളുരൂ അടക്കം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിരവധി ചെറുകിട സംരംഭകരുണ്ട്. അവര്‍ ഇഷ്ടം പോലെ തൊഴില്‍ സൃഷ്ടിക്കുന്നു. അവര്‍ക്കൊന്നും ഇത്തരം സാമ്പത്തിക സഹായം ലഭ്യമല്ലെന്നതും അദ്ദേഹം ഓര്‍മിപ്പിക്കുന്നു. മന്ത്രി പദം ഏറ്റെടുത്ത ശേഷം അണികളുമായി സംസാരിക്കവേയാണ് കുമാരസ്വാമിയുടെ വിമര്‍ശനം വന്നത്.

ഇത്രയും വലിയ തുക അനുവദിക്കുന്നതിന് എന്ത് ന്യായമാണുള്ളതെന്ന് ഞാന്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു. ഇവിടെ എത്ര ചെറുകിട വ്യവസായങ്ങളുണ്ട്. അവര്‍ എത്ര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു? എന്തെല്ലാം ആനുകൂല്യങ്ങളാണ് അവര്‍ക്ക് നല്‍കിയത്? എന്നൊക്കെ ചോദിച്ചുവെന്നും കുമാരസ്വാമി പറയുന്നു. അതിനാല്‍ രാജ്യത്തിന്റെ സമ്പത്ത് എങ്ങനെ സംരക്ഷിക്കാം എന്നതാണ് മന്ത്രി പദത്തിലിരുന്ന് ഇപ്പോള്‍ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവ് അടക്കമുള്ള നിരവധി കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുകയാണ് കുമാരസ്വാമിയുടെ വാക്കുകള്‍. ചരക്കുകളുടെ പ്രത്യക്ഷ നികുതി വര്‍ധന,സെസ്, എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെ പരോക്ഷ നികുതി തുടങ്ങിയ വലിയ പ്രതിസന്ധികളാണ് രാജ്യത്തെ സംരംഭകര്‍ക്ക് നേരിടുന്നതെന്നും പ്രതിപക്ഷം പറയുന്നു.

 

English Summary: H.D. Kumaraswamy Questions Subsidy Given to US-Based Company for Unit in Gujarat

×