March 27, 2025 |
Share on

പകുതി വില തട്ടിപ്പ്; വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 34 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി

ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് ഇടുക്കിയിലും എറണാകുളത്തും

പകുതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത് 34 ക്രൈം കേസുകൾ. ഈ 34 കേസുകളും ക്രൈംബ്രാഞ്ചിന് കൈമാറിയതായി തിരുവനന്തപുരം പോലീസ് ഹെഡ്ക്വോട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ലഭിച്ച കേസുകളുടെ അടിസ്ഥാനത്തിൽ 37 കോടി രൂപയാണ് തട്ടിപ്പ് നടത്തിയതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. പ്രതിക്കെതിരെ വിവിധ ജില്ലകളിൽ നിന്ന് ഇപ്പോഴും ഹർജികൾ ലഭിക്കുന്നുണ്ടെന്നാണ് വിവരം. കേസിന്റെ ​ഗൗരവകരമായ സ്വഭാവം കണക്കിലെടുത്താണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് പ്രകാരം കോട്ടയത്ത് മൂന്ന് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊൻകുന്നം, പാമ്പാടി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലാണ് പരാതി ലഭിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിൽ എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതിൽ മൂന്നെണ്ണം രജിസ്റ്റർ ചെയ്തിട്ടുള്ളത് കായംകുളം പോലീസ് സ്റ്റേഷനിലാണ്. പ്രതി അനന്തു കൃഷ്ണന്റെ സ്വദേശമായ ഇടുക്കിയിൽ 11 കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എറണാകുളം ജില്ലയിലും തട്ടിപ്പുമായി ബന്ധപ്പെട്ട് 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു. അതിൽ മൂന്ന് കേസുകൾ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലും നാല് കേസുകൾ കോതമം​ഗലം പോലീസ് സ്റ്റേഷനിലും മൂന്ന് കേസുകൾ വാഴക്കുളം പോലീസ് സ്റ്റേഷനിലും ഒരെണ്ണം പോത്താനിക്കാട് പോലീസ് സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കണ്ണൂരിൽ നിലവിൽ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് ഇടുക്കിയിലും എറണാകുളം ജില്ലയിലുമാണ്.

Content Summary: Half Price Scam; 34 cases registered at various stations were handed over to Crime Branch
Half Price Scam anandhu krishnan 

×