അന്നന്നത്തെ നിത്യവൃത്തിക്കായി പണിക്ക് പോകുന്ന പാവങ്ങളാണ് ഇവിടെ കൂടുതലും. അതുകൊണ്ട് തന്നെ പല വീടുകളിലും ദാരിദ്ര്യവും കഷ്ടപാടുമാണ്. പകുതി വിലയ്ക്ക് വാഹനവും ലാപ്‌ടോപ്പുമൊക്കെ കിട്ടുമെന്ന് കേട്ടപ്പോള്‍ വിശ്വാസം വന്നില്ല. പിന്നെ പലര്‍ക്കും കിട്ടിയതറിഞ്ഞപ്പോഴാണ് ഇവിടുത്തുകാരില്‍ പലരോടും ഞങ്ങളും ഇതേക്കുറിച്ച് പറഞ്ഞത്. ആലുവയിലെ ഒരു കന്യാസ്ത്രീ മഠത്തിലെ സിസ്റ്റര്‍ അല്‍ഫോണ്‍സ അഴിമുഖത്തോട് പറഞ്ഞു.
അതേ സാധാരണക്കാര്‍ക്കിടയില്‍ മാത്രമല്ല വൈദികര്‍ക്കും കന്യാസ്ത്രികള്‍ക്കിടയിലും വ്യാപക തട്ടിപ്പാണ് പകുതി വില സാധനങ്ങളുടെ പേരില്‍ നടന്നിരിക്കുന്നത്. എന്‍ജിഒ അസോസിയേഷനുകളാണ് സംസ്ഥാനത്തെ വിവിധ കന്യാസ്ത്രീ മഠങ്ങളും വൈദികരുടെ ഭവനങ്ങളും കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിയിരിക്കുന്നത്.
പല കന്യാസ്ത്രീ മഠങ്ങളും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവയായതുകൊണ്ട് തന്നെ ഇവരെ സമീപിക്കാനും സര്‍ക്കാരിതര സംഘടനകളുടെ (എന്‍ജിഒ) അസോസിയേഷനുകള്‍ക്ക് എളുപ്പമായിരുന്നു. മഠങ്ങളും ഹൗസുകളുമായി നേരിട്ട് ബന്ധപ്പെട്ട്, പ്രദേശവാസികളെ പദ്ധതിയിലേക്ക് ആകര്‍ഷിപ്പിക്കുകയായിരുന്നു എന്‍ജിഒ ഏജന്റുമാര്‍ ചെയ്തത്. “ഓരോ ജില്ലയിലും നിരവധി ഏജന്റുമാരാണ് പ്രവര്‍ത്തിച്ചിരുന്നത്. തൃശൂര്‍ ജില്ലയില്‍ പകുതി വില സാധനങ്ങളുടെ രജിസ്‌ട്രേഷനായി പ്രത്യേക ഓഫീസും ഉണ്ടായിരുന്നു. അവരുമായിട്ടായിരുന്നു ഞങ്ങള്‍ കോണ്‍ടാക്റ്റ് ചെയ്തിരുന്നത്. 69 ആക്ടീവയാണ് ഞങ്ങള്‍ക്ക് ഇനി കിട്ടാനുള്ളത്. 42 ലക്ഷം രൂപയാണ് പലരില്‍ നിന്നായി നല്‍കിയത്. ഇതിന് മുമ്പ് ഞങ്ങള്‍ക്ക് 52 ആക്ടീവയും 150 തയ്യല്‍ മെഷീനും ലാപ്‌ടോപ്പുമൊക്കെ ലഭിച്ചിരുന്നു. തൃശൂരിലെ 14 ഇംപ്ലിമെന്റിങ് ഏജന്‍സികളാണ് തട്ടിപ്പിന് ഇരയായിരിക്കുന്നതെന്ന്” തൃശൂരിലെ എഫ്‌സിസി സഭയ്ക്ക് കീഴിലെ സിസ്റ്റര്‍ അഴിമുഖത്തോട് പ്രതികരിച്ചു.
“ഭിന്നശേഷിക്കാരായ പെണ്‍കുട്ടികളെ സ്വയംപര്യാപ്തരാക്കി നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സ്ഥാപനമാണ് തൃശൂര്‍ എഫ്‌സിസി. റിട്ട. ജസ്റ്റിസിന്റെയും സായി ഗ്രാമം ട്രസ്റ്റിന്റെ ഡയറക്ടര്‍ ആനന്ദകുമാറിന്റെയും ടോക്കുകളും പോലീസ് മേധാവികളുടെ പങ്കാളിത്തവുമാണ് വിശ്വാസ്യത നല്‍കിയത്. പിന്നെ സിഎസ്ആര്‍ ഫണ്ട് വഴിയാണ് സാധനങ്ങള്‍ നല്‍കുന്നതെന്ന് പറഞ്ഞപ്പോഴും വിശ്വാസ്യത കൂടി. സാധാരണക്കാരായ പ്രദേശവാസികള്‍ക്ക് എന്തെങ്കിലും ഗുണം ലഭിക്കട്ടെ എന്ന് കരുതിയായിരുന്നു എന്‍ജിഒക്കാരെ വിശ്വസിച്ചതെന്നും, ഒരു രൂപ പോലും ഞങ്ങള്‍ ആരില്‍ നിന്നും കൈക്കലാക്കിയിട്ടില്ലെന്നും” സിസ്റ്റര്‍ പറയുന്നു.
കോതമംഗലം രൂപതയിലെ സിഎംസി സഭയിലെ മഠത്തിന് കീഴിലും നിരവധി പേരാണ് കബളിപ്പിക്കപ്പെട്ടത്. നൂറിലധികം പേരാണ് തട്ടിപ്പിന് ഇരയായത്. മഠത്തിന് കീഴില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത 400 ഓളം പേര്‍ക്ക് വാഹനം ഉള്‍പ്പെടെയുള്ളവ ലഭിച്ചതോടെയാണ് ബാക്കിയുള്ളവരും പണമടച്ചത്. എന്നാല്‍ തട്ടിപ്പിനെ കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ മഠത്തിനെ സമീപിച്ചെങ്കിലും തയ്യാറായില്ല.
എറണാകുളത്തെ പ്രമുഖ സിഎംഐ സഭയിലും അനന്തു കൃഷ്ണന്‍ വന്‍ തട്ടിപ്പ് നടത്തിയതായാണ് വിവരം. പല മഠങ്ങളും തയ്യല്‍ പരിശീലനം നല്‍കുന്നവയായതിനാല്‍ കന്യാസ്ത്രീകളില്‍ കൂടുതല്‍ പേരും തയ്യല്‍ മെഷീനായിട്ടാണ് പണമടച്ചത്. ‘തൊഴില്‍ മേഖല കണ്ടെത്തി തരാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. 2024 മാര്‍ച്ച് 10 ന് മുമ്പ് പണമടച്ചാല്‍ തയ്യല്‍ മെഷീന്‍ തരാമെന്നായിരുന്നു പറഞ്ഞതെന്ന് തട്ടിപ്പില്‍ വീഴാതെ രക്ഷപ്പെട്ട സിസ്റ്റര്‍ അഴിമുഖത്തോട് പറഞ്ഞു. പദ്ധതിയുടെ വിശ്വാസ്യത ഉറപ്പിക്കുന്നതിനായി എറണാകുളത്ത് വലിയൊരു മീറ്റിങ്ങാണ് സംഘാടകര്‍ നടത്തിയത്. അന്ന് ഞാനും അതില്‍ പങ്കെടുത്തിരുന്നു. വിവിധ ജില്ലകളിലെ അച്ചന്മാരും സിസ്റ്റര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും എന്‍ജിഒ സംഘടനകളും ഉള്‍പ്പെടെ നാലായിരത്തിലധികം ആളുകളായിരുന്നു അന്ന് അവിടെ വന്നത്. വിവിധങ്ങളായ സംഘടനകള്‍ വഴി മീറ്റിംഗില്‍ എത്തിയവരായിരുന്നു എല്ലാവരുമെന്നും സിസ്റ്റര്‍ പറഞ്ഞു.
അനന്തു കൃഷ്ണന്‍ അറസ്റ്റിലായതോടെ തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങളാണ് ദിവസേന പുറത്തുവരുന്നത്. വൈദികരോടും കന്യാസ്ത്രീകളോടുമുള്ള വിശ്വാസികളുടെ വിശ്വാസവും ബഹുമാനവും ചൂഷണം ചെയ്താണ് തട്ടിപ്പ് നടന്നിരിക്കുന്നത്. പല രൂപതയ്ക്ക് കീഴിലും എന്‍ജിഒ സംഘടനയിലെ ആളുകള്‍ നേരിട്ടെത്തിയാണ് വിശ്വാസം നേടിയത്. ആദ്യമാദ്യം പണമടച്ച സാധനങ്ങള്‍ ലഭിച്ചതോടെ സഭയ്ക്ക് അകത്തുള്ളവര്‍ തന്നെ പരിചയക്കാര്‍ക്ക് പകുതിവില സാധനങ്ങളെ കുറിച്ച് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ഇതും തട്ടിപ്പിന്റെ വ്യാപ്തി കൂട്ടി.
തട്ടിപ്പിനിരയായ പല സഭകളുമായി ബന്ധപ്പെട്ടെങ്കിലും പുറത്ത് പറയാനുള്ള മടിയും പേടിയും കൊണ്ട് പലരും പ്രതികരിക്കാനും തയ്യാറാകുന്നില്ല. മഠങ്ങള്‍ വഴി തട്ടിപ്പിന് ഇരയായവരാകട്ടെ സഭയോടും വൈദികരോടുമുള്ള വിശ്വാസത്താല്‍ പരാതി കൊടുക്കാനും തയ്യാറാകുന്നില്ല. പരാതി നല്‍കിയാല്‍ തങ്ങളെ സഹായിച്ച സിസ്റ്റര്‍മാര്‍ക്കും വൈദികര്‍ക്കും പ്രശ്‌നമാകുമെന്നാണ് കാഞ്ഞൂര്‍ സ്വദേശിനിയായ വീട്ടമ്മ അഴിമുഖത്തോട് പ്രതികരിച്ചത്. പല സഭകളും നഷ്ടമായ പണം തങ്ങളുടെ കൈയില്‍ നിന്നുതന്നെ ആളുകള്‍ക്ക് നല്‍കാനുള്ള ശ്രമങ്ങളും നടത്തിവരികയാണ്.
content summary; half price scam culprits has affected several parties, including Christian dioceses