ഫെബ്രുവരി 18ന് നടന്ന ദുബായ് ടെന്നീസ് ചാമ്പ്യൻഷിപ്പിലെ രണ്ടാം റൗണ്ട് മത്സരത്തിനിടെ ബ്രിട്ടീഷ് താരം എമ്മ റഡുകാനുവിനുണ്ടായ അനുഭവം വനിത കായിക താരങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ ഒരു ഉദാഹരണം മാത്രമാണ്. അന്താരാഷ്ട്ര കായിക മേഖലയിലെ വനിത കായിക താരങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇതിന് മുൻപും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ഫുട്ബോൾ താരം ജെന്നി ഹെർമോസോയെ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷന്റെ മുൻ പ്രസിഡന്റ് ലൂയിസ് റൂബിയേൽസ് ലൈംഗികമായി ഉപദ്രവിച്ചത് മറ്റൊരു സംഭവം. വിഷയത്തിൽ ലൂയിസ് റൂബിയേൽസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2023 ലെ സ്പാനിഷ് വനിതാ ടീം ലോകകപ്പ് നേടിയ അവസരത്തിൽ ഫുട്ബോൾ താരത്തെ ലൂയിസ് റൂബിയേൽസ് അനുവാദമില്ലാതെ ചുംബിക്കുകയായിരുന്നു.
മത്സര വേദിയിൽ വെച്ചാണ് എമ്മ റഡുകാനുവിനും ദുരനുഭവം ഉണ്ടായിരിക്കുന്നത്. ദുബായിലെ പൊതു ഇടത്തിൽ വെച്ച് തന്നെ ശല്യം ചെയ്യുകയും പിന്തുടരുകയും ചെയ്ത വ്യക്തിയെ മത്സരം നടക്കുന്ന സമയത്ത് ആൾക്കൂട്ടത്തിനിടയിൽ വെച്ച് കണ്ട എമ്മ റഡുകാനു ഭയന്ന് കരയുന്നത് എല്ലാവരെയും ഞെട്ടിച്ചിരുന്നു.
വ്യക്തിയെ കണ്ടയുടൻ റഡുകാനു അമ്പയറുടെ അടുത്തേക്ക് ഓടിയെത്തുകയും പ്രശ്നം അറിയിക്കുകയും ചെയ്തു. തുടർന്ന് വിഷയത്തിൽ വുമൺസ് ടെന്നീസ് അസോസിയേഷൻ ഇടപ്പെട്ടു. താരത്തെ പിന്തുടർന്ന വ്യക്തിയെ തിരിച്ചറിയുകയും സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയാകുന്നത് വരെ മത്സരങ്ങൾ കാണാനെത്തുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്തു.
ജെന്നി ഹെർമോസോയെയുടേയും എമ്മ റഡുകാനുവിന്റെയും ദുരനുഭവങ്ങൾ വനിത കായിക താരങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങളുയർത്തുന്നവയാണ്. അന്താരാഷ്ട്ര കായിക മേഖലയിൽ മാത്രമല്ല ഇന്ത്യയിലും വനിത കായിക താരങ്ങൾ ലൈഗികാതിക്രമങ്ങൾക്ക് വിധേയരാകുന്നുവെന്നത് കഴിഞ്ഞ വർഷം ജനുവരിയിലെ ഗുസ്തി താരങ്ങളുടെ സമരം വ്യക്തമാക്കിയതാണ്.
കഴിഞ്ഞ വർഷം ജനുവരിയിലാണ് മുൻ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചുകൊണ്ട് വനിതാ ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയത്. പ്രസിഡന്റിനെതിരെയും ഗുസ്തി ഫെഡറേഷനെതിരെയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുസ്തി താരങ്ങൾ ജന്തർമന്ദറിൽ തെരുവിലിറങ്ങി സമരം ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം ഏഴ് പേർ ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയിരുന്നു.
പ്രസിഡൻ്റിനെ അറസ്റ്റ് ചെയ്യാതെ തങ്ങൾ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഗുസ്തി താരങ്ങൾ തീരുമാനിച്ചതോടെ ബ്രിജ് ഭൂഷണ് ദേശീയ ഗുസ്തി ഫെഡറേഷൻ്റെ പ്രസിഡൻ്റ് സ്ഥാനം രാജി വെക്കേണ്ടി വന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ബ്രിജ് ഭൂഷൺ ചെയ്തത്. ബ്രിജ് ഭൂഷണ് പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടി വന്നെങ്കിലും സമരം ചെയ്ത ഗുസ്തി താരങ്ങൾക്ക് നീതി ലഭിച്ചില്ല. ബ്രിജ് ഭൂഷണെ പിന്തുണച്ച് കൊണ്ടിരുന്ന കേന്ദ്ര സർക്കാർ ബ്രിജ് ഭൂഷണെതിരെ യാതൊരു നടപടിയും കൈക്കൊണ്ടില്ല. മാത്രമല്ല, ബ്രിജ് ഭൂഷണിന്റെ
വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ്ങ് ഡബ്ലുഎഫ്ഐയുടെ പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പ്രമുഖ ഗുസ്തി താരവും കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവുമായ അനിത ഷിയോറനെയെ പരാജയപ്പെടുത്തിയാണ് സഞ്ജയ് സിങ്ങ് ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തങ്ങൾക്ക് നീതി നിഷേധിച്ചതിനെ തുടർന്ന് സാക്ഷി മാലിക് ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയതും ബജ്റംഗ് പൂനിയ പദ്മശ്രീ പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ ഉപേക്ഷിച്ചതുമെല്ലാം പിന്നീട് ഇന്ത്യൽ ജനത കണ്ടതാണ്. ഇന്ത്യയുടെ അഭിമാനം കാത്ത ഗുസ്തി താരങ്ങളുടെ നീതി തെരുവിൽ വലിച്ചിഴക്കപ്പെട്ടപ്പോൾ നോക്കുകുത്തിയായി നിൽക്കാൻ മാത്രമാണ് ഇന്ത്യയിലെ ഭരണകൂടത്തിന് കഴിഞ്ഞത്.
Content summary: Harassment of Emma Raducanu;The ‘pride’ of women sportspersons, who guard the pride of nations, is also valuable
Emma Raducanu brij bhushan singh