ഹാർവാർഡ് സർവ്വകലാശാലയോടുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദ്വേഷത്തിൽ അനിശ്ചിതത്വത്തിലായി ഇന്ത്യൻ വിദ്യാർത്ഥികൾ. ഇവരുടെ അമേരിക്കൻ സ്വപ്നങ്ങൾക്കായിരുന്നു മെയ് മാസത്തിലെ ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനം വിലങ്ങുത്തടിയായത്.
മെയ് മാസത്തിലായിരുന്നു അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഹാർവാർഡ് സർവകലാശാലയുടെ അംഗീകാരം റദ്ദാക്കി കൊണ്ട് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി രംഗത്തുവന്നത്. ജൂതവിദ്യാർത്ഥികളെ ദ്രോഹിക്കുന്ന തരത്തിലുള്ള ക്യാമ്പസ് അന്തരീക്ഷം സൃഷ്ടിക്കുന്നു എന്നതായിരുന്നു സർവ്വകലാശാലയ്ക്ക് നേരെ ഉയർന്ന പ്രധാന ആരോപണം.
ഈ നടപടി കാരണം വിസ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഫെഡറൽ ഡാറ്റാബേസായ സെവിസിൽ നിന്ന് ഹാർവാർഡ് പുറത്തായി. ഈ തീരുമാനം ക്യാമ്പസിലുള്ള 7,000ത്തിലധികം വിദേശ വിദ്യാർത്ഥികളെ ദുരിതത്തിലാക്കിയിരുന്നു. അതിൽ ഏകദേശം 800 ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നത്. 2025ലെ അധ്യായന വർഷത്തേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം, അവരുടെ സ്വപ്നം ഒറ്റരാത്രികൊണ്ട് ഇല്ലാതായതിന് തുല്യമായിരുന്നു ഈ തീരുമാനം.
തങ്ങളുടെ അക്കാദമിക് സ്വാതന്ത്ര്യം അടിയറവ് വെക്കാൻ വിസമ്മതിച്ചതിന് ഹാർവാർഡിനോടുള്ള സർക്കാരിന്റെ പ്രതികാര നടപടിയാണ് വിസ അംഗീകാരം റദ്ദാക്കിയതെന്ന് കാണിച്ച് സർവകലാശാല കോടതിയെ സമീപിച്ചു. കോടതിയുടെ താൽക്കാലിക സ്റ്റേ ഉത്തരവ് സർവകലാശാലയ്ക്ക് ആശ്വാസം നൽകിയെങ്കിലും, പുതുതായി പ്രവേശനം നേടിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നു.
ഹാർവാർഡ് സർവകലാശാലയുടെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം, വിദ്യാർത്ഥികളുടെയും സ്ഥാപനത്തിൻ്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന തരത്തിലുള്ളതായിരുന്നു. എന്നാൽ ഈ നിയമപോരാട്ടം എത്രത്തോളം നീളുമെന്നോ അതിന്റെ അന്തിമഫലം എന്തായിരിക്കുമെന്നോ വ്യക്തമല്ലാത്തതിനാൽ വിദ്യാർത്ഥികൾ ആശങ്കയിലായിരുന്നു. ഈ അനിശ്ചിതത്വങ്ങൾക്കിടയിലും അമേരിക്കയിൽ തന്നെ തുടരാൻ ധൈര്യം കാണിച്ച പല വിദ്യാർത്ഥികളുമുണ്ട്. എന്നാൽ ചിലരെ സംബന്ധിച്ച് ഹാർഡ് വാർഡിലെ പഠനം തുടരുന്നതും വളരെ വെല്ലുവിളി നിറഞ്ഞ ഒരു തീരുമാനമാണ്. ഹരിയാനയിൽ നിന്നുള്ള 24 വയസ്സുകാരനായ ഒരു പോളിസി കൺസൾട്ടന്റ്, ഹാർവാർഡ് സർവകലാശാലയിലെ മാസ്റ്റേഴ്സ് ഇൻ പബ്ലിക് പോളിസി കോഴ്സിലേക്കുള്ള പ്രവേശനം മാറ്റിവച്ചതിന് പിന്നിലെ കാരണവും ഇത് തന്നെയാണ്. പ്രവേശനത്തിനായി ഒരു വലിയ തുക ഇയാൾ നിക്ഷേപിച്ചിരുന്നു അത് തിരികെ ലഭിക്കില്ല. എന്നാൽ അയാളെ കൂടുതൽ ഭയപ്പെടുത്തിയത് അവിടെ എത്തിയാലും എപ്പോൾ വേണമെങ്കിലും പുറത്താക്കപ്പെട്ടേക്കാം എന്ന ചിന്തയായിരുന്നു.
വിദ്യാർത്ഥി ജീവിതത്തിൽ രാഷ്ട്രീയ സമ്മർദ്ദം സൃഷ്ടിക്കുന്ന മാറ്റങ്ങൾ ഹാർവാർഡ് ക്യാമ്പസിലും ദൃശ്യമാണ്. ഈ വർഷം ക്യാമ്പസിലെത്തിയ പുതിയ വിദ്യാർത്ഥികൾക്ക് ഇതിൻ്റെ പ്രതിഫലനങ്ങൾ നേരിട്ടറിയാൻ സാധിച്ചു. യൂണിവേഴ്സിറ്റി ജൂത വിദ്യാർത്ഥികളെ ദ്രോഹിക്കുന്ന തരത്തിലുള്ള അന്തരീക്ഷം വളർത്തുന്നു എന്ന വൈറ്റ് ഹൗസിൻ്റെ ആരോപണങ്ങൾക്ക് പിന്നാലെ, ജൂതവിരുദ്ധതയെക്കുറിച്ചുള്ള നിർബന്ധിത പരിശീലന പരിപാടികൾ ഹാർവാർഡ് ആരംഭിച്ചു. റെസിഡൻഷ്യൽ സ്റ്റാഫുകൾക്കും ഇത്തരം സെഷനുകളിൽ പങ്കെടുക്കേണ്ടിവന്നു.
ഹാർവാർഡ് വിമൻസ് സെന്റർ, ബിജിഎൽടിക്യു (BGLTQ) സ്റ്റുഡന്റ് ലൈഫ് ഓഫീസ്, ഫൗണ്ടേഷൻ ഫോർ ഇന്റർകൾച്ചറൽ ആൻഡ് റേസ് റിലേഷൻസ് എന്നിവ അടച്ചുപൂട്ടി. വർഷങ്ങളായി നടക്കുന്ന പുനഃസംഘടനയുടെ ഭാഗമാണ് ഈ അടച്ചുപൂട്ടലുകളെന്ന് ഹാർവാർഡ് വിശദീകരിക്കുന്നുണ്ടെങ്കിലും, ഈ നടപടികൾ ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ്. ജൂത വിദ്യാർത്ഥികൾക്ക് കൂടുതൽ പിന്തുണ നൽകുക, എന്നാൽ വംശീയത, ലിംഗാടിസ്ഥാനത്തിലുള്ള പരിപാടികൾ നിർത്തലാക്കുക തുടങ്ങിയവയായിരുന്നു ട്രംപ് ഭരണകൂടത്തിൻ്റെ ആവശ്യങ്ങൾ. ഇത് നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥർ വാദിച്ചു. കൂടാതെ, പ്രീ-ഓറിയന്റേഷൻ പരിപാടികൾ പുനഃക്രമീകരിക്കുകയും, സാമൂഹിക പരിപാടികൾ റദ്ദാക്കുകയും, പുറത്തുള്ള ആക്ടിവിസ്റ്റുകളുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
content summary: Harvard dreams dim for Indian students as Trump-era policies put university at risk