പരിസരശുചിത്വവും വ്യക്തിശുചിത്വവും കാത്തുസൂക്ഷിക്കാന്‍ സാധിക്കാത്ത ഒരു വിഭാഗത്തിന്റേതു കൂടിയാണ് ലോകം. ജീവിതസാഹചര്യവും പൊതുഇടങ്ങളില്‍ വേണ്ടത്ര സൗകര്യങ്ങളില്ലാത്തതുമാണ് പ്രധാന കാരണം. ഈ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയില്‍ ആവിഷ്‌കരിച്ച ഒരു പദ്ധതിയുടെ കുതിപ്പ് വിജയത്തിലേക്കാണ്. ഹൈദരാബാദ് കേന്ദ്രമായ ഐക്‌സൊറ (Ixora) കോര്‍പ്പറേറ്റ് സര്‍വീസസ് ആണ് ഈ ആശയത്തിന് പിന്നില്‍. നഗരപ്രദേശങ്ങളില്‍ ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയ പുതുപുത്തന്‍ ശുചിമുറികള്‍ സ്ഥാപിക്കുകയാണ് ഇവര്‍. ഹൈദരാബാദില്‍ രണ്ട് നഗരങ്ങളിലായി ആവിഷ്‌കരിച്ച പദ്ധതിക്കിപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ലൂ കഫേ എന്ന് പേരിട്ടിരിക്കുന്ന അത്യാധുനിക ശുചിമുറികള്‍ക്ക് 170 ചതുരശ്ര അടിയാണ് വലിപ്പം. ഇവയോട് ചേര്‍ന്ന് ATM, സൗജന്യ വൈഫൈ, ചാര്‍ജിങ് പോയിന്റ്, സെല്‍ഫ് ക്ലീനിങ് സിസ്റ്റം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കുമായി പ്രത്യേകം പ്രത്യേകം ഒരുക്കിയിരിക്കുന്ന വാഷ്‌റൂമുകളോട് ചേര്‍ന്ന് കഫെറ്റീരിയ പ്രവര്‍ത്തിക്കും. പ്രകൃതി സൗഹാര്‍ദ്ദമാണ് നിര്‍മാണരീതി. ഏത് ദിവസവും ഏത് സമയത്തും ഇവ പ്രവര്‍ത്തിക്കും. കൂടാതെ ലൂ കഫേ ലൊക്കേറ്റര്‍ ആപ്ലിക്കേഷന്‍ വഴി തൊട്ടടുത്തുള്ള ലൂ കഫേ കണ്ടെത്താനും സാധിക്കും.
നിലവില്‍ ഹൈദരാബാദിലെ ശില്പരമം, കൊണ്ടപ്പൂര്‍ എന്നിവിടങ്ങളില്‍ ലൂ കഫേ പ്രവര്‍ത്തിക്കുന്നുണ്ട്. ഐക്‌സൊറ ഗ്രൂപ്പ് സിഇഒ അഭിഷേക് നാഥ് ലൂ കഫേ എന്ന ആശയത്തെ കുറിച്ച് പറയുന്നതിങ്ങനെ: ‘ചില FM കമ്പനികളുടെ മുന്‍ മേധാവികളാണ് ലൂ കഫേയുടെ പിന്നില്‍. ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. സ്മാര്‍ട്ട് വാഷ്‌റൂം ലോകത്തിന്റെ പലഭാഗത്തും ഇന്നുണ്ട്. അവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു. തുടര്‍ന്നാണ് ഫീല്‍ഡ് സര്‍വ്വേകളിലേക്ക് എത്തിയത്. എന്തുകൊണ്ട് ഇത്തരം പദ്ധതികള്‍ ഇവിടെ പരാജയപെടുന്നു എന്നതായിരുന്നു ചോദ്യം. അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പെടുത്തുന്നതും ആധുനിക രീതിയില്‍ സ്വയം വൃത്തിയാക്കാനാകുന്നതുമായ ലൂ കഫേ അങ്ങനെ ആവിഷ്‌കരിച്ചു’.
തുടക്കം വിജയകരമായാല്‍ അടുത്ത മൂന്ന് മാസത്തിനകം 60 കഫേ കൂടി തുടങ്ങാനാണ് തീരുമാനം. സ്വച്ഛ് ഭാരത്, സ്‌കില്‍ ഇന്ത്യ പദ്ധതികളിലേക്കും സ്ത്രീ ശാക്തീകരണത്തിനും പങ്കുവഹിക്കുക എന്നതാണ് ലക്ഷ്യം. ബസ്സ്‌റ്റോപ്പ്, പാര്‍ക്കുകള്‍, റെയില്‍വേ സ്റ്റേഷന്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും രാജ്യത്ത് ശുചീകരണ സംവിധാനങ്ങള്‍ കുറവുള്ളിടങ്ങളിലും ലൂ കഫേ എത്തും.
പൊതുശൗചാലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാത്ത സാമൂഹിക ബോധം മാറ്റിയെടുക്കാനും ഇതുവഴി കമ്പനി ലക്ഷ്യം വെക്കുന്നു. എപ്പോഴും വൃത്തിയായി സൂക്ഷിക്കാനുള്ള സംവിധാനങ്ങളും ലൂ കഫെയുടെ ഭാഗമാണ്. ദേശിയ തലത്തില്‍ തന്നെ മികച്ച പദ്ധതിയായി ലൂ കഫേ വളര്‍ത്തിയെടുക്കാനാണ് ലക്ഷ്യം. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണവും ലക്ഷ്യംവെക്കുന്നു.
https://www.azhimukham.com/kerala-piravom-church-conflict-suicide-threat-kunjoonju-and-sini-speaking-story-by-kr-dhanya/