ടെലിവിഷന്‍ അടക്കം എല്ലാവിധ സ്‌ക്രീനുകളോടുമുള്ള കുട്ടികളുടെ അടുപ്പം ദിവസത്തില്‍ രണ്ട് മണിക്കൂറില്‍ താഴെയായി ക്രമപ്പെടുത്തണമെന്ന് വിദഗ്ധര്‍ പറയുന്നു. 8നും 11നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ ഇത്തരം ഒരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് അവരുടെ മാനസിക ആരോഗ്യത്തിന് മികച്ചമാര്‍ഗം ആണത്രേ. ലാന്‍സെറ്റ് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് ഇത് പറയുന്നത്. എല്ലാ ദിവസവും 9-11 മണിക്കൂര്‍ വരെയുള്ള ഉറക്കം കുട്ടികള്‍ക്ക് ആവശ്യമാണ്. ഇതിന് വേണ്ടിയുള്ള സമയക്രമമാകണം മോണിറ്റര്‍ നിയന്ത്രണത്തിലൂടെ സാധ്യമാകേണ്ടത്.
45,000 കുട്ടികളെ പഠനത്തിന്റെ ഭാഗമായി പരിശോധിച്ചു. അവരുടെ ബുദ്ധിവികാസവും അറിവും, ടെലിവിഷന്‍,കമ്പ്യൂട്ടര്‍ വിനോദങ്ങളും പരസ്പരം ബന്ധമുള്ളതായി നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. കുട്ടികളുടെ കായിക ക്ഷമത, ഉറക്കം എന്നിവയെ അടിസ്ഥാനമാക്കി ചോദ്യാവലിയും തയ്യാറാക്കിയിരുന്നു. ഓര്‍മയും ബുദ്ധിയും ഏകാഗ്രതയും പരിശോധിക്കുന്ന ടെസ്റ്റുകളും ഈ പഠനത്തിന്റെ ഭാഗമാക്കി.
ബിഎംഐ, തലച്ചോറിന് ക്ഷതം ഏറ്റിട്ടുണ്ടോ, കുടുംബത്തിന്റെ വരുമാനം എന്നിങ്ങനെ ഓരോ കുട്ടിയുടെയും വിവിധ സാഹചര്യങ്ങള്‍ പരിശോധിച്ചു. നിഗമങ്ങള്‍ക്കനുസരിച്ചും വിദഗ്ധരുടെ ഉപദേശങ്ങള്‍ക്കനുസരിച്ചുമാണ് ഈ റിപ്പോര്‍ട്ടില്‍ പഠനസംഘം എത്തിച്ചേര്‍ന്നത്.ആരോഗ്യകരമായ ഉറക്കത്തിന്, ജീവിതത്തിലെ ‘സ്‌ക്രീന്‍ സ്‌പേസ്’കുറയ്ക്കണമെന്നാണ് വിലയിരുത്തല്‍.
പക്ഷെ താരതമ്യേന വീഡിയോ ഗെയിമുകള്‍ വിശേഷിച്ചും, വിദ്യാഭ്യാസ സംബന്ധമായ പ്രോഗ്രാമുകള്‍ അറിവിനെ ഉണര്‍ത്തുമെന്നും റിപ്പോര്‍ട്ട് പറയുന്നു. ദീര്‍ഘനേരത്തെ സോഷ്യല്‍മീഡിയ ഉപയോഗം, മൊബൈല്‍ ഫോണ്‍ എന്നിവയാണ് കൂട്ടത്തില്‍ ഏറ്റവും വില്ലന്‍ ആകുക. ഈ രംഗത്തെ കൂടുതല്‍ പഠനങ്ങള്‍ക്ക് ഉപകരിക്കുന്നതാണ് പുതിയ ഗവേഷണ റിപ്പോര്‍ട്ട് എന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.