UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മാനസിക പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എന്തുകൊണ്ട് ഉസ്താദുമാരെയും, പള്ളീലച്ചന്മാരെയും, സ്വാമിമാരെയും ആശ്രയിക്കുന്നു? ആത്മീയ ചികിത്സ പിടിമുറുക്കിയ മനോരോഗ മേഖല

എല്ലാ മതത്തിലും ഇത്തരം ‘wrong number’ കള്‍ ഉണ്ട്. മനോരോഗ ചികിത്സ കുത്തക ആക്കിയവര്‍

                       

കഴിഞ്ഞ ദിവസം 22 വയസ്സുള്ള ഒരു യുവാവിന്റെ ഉമ്മയും ഉപ്പയും എന്നെ കാണാന്‍ വന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി മകന്‍ തനിയെ ഇരുന്നു ചിരിക്കുന്നു, സംസാരിക്കുന്നു, പുറം ലോകവുമായി ബന്ധപ്പെടാന്‍ താല്‍പര്യമില്ല, ആരും വിളിക്കുന്നത് ഇഷ്ടമല്ല എന്നു പറഞ്ഞു ഫോണിന്റെ സിം ഊരി വെക്കുന്നു, എല്ലാത്തിനും ഒരു മന്ദിപ്പ്. കുളി, ഭക്ഷണം തുടങ്ങിയ ദൈനംദിന കാര്യങ്ങളില്‍ താല്പര്യം ഇല്ലാതായിരിക്കുന്നു. അങ്ങനെ ഒരുപാട് പ്രശ്‌നങ്ങള്‍. ഞാന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ കാണാന്‍ നിര്‍ദ്ദേശിച്ചു. ചിലപ്പോള്‍ അവര്‍ സൈക്യാട്രിസ്റ്റിനെ കണ്ടു മരുന്ന് കഴിക്കാന്‍ പറഞ്ഞേക്കും എന്നും സൂചിപ്പിച്ചു. അവര്‍ ഇതുവരെ എടുത്ത ട്രീറ്റ്‌മെന്റ്കളെ കുറച്ചു ചോദിച്ചറിഞ്ഞപ്പോള്‍ ഇത് വരെ ജില്ലയിലും പുറത്തുമായി 8 ഓളം ഉസ്താദ്മാരെയും ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെയും 2 സൈക്യാട്രിസ്റ്റിനെയും 3 കൌണ്‍സിലര്‍ എന്നു പറയപ്പെടുന്നവരെയും കണ്ടു എന്നതാണ് ‘ട്രീറ്റ്‌മെന്റ് ഹിസ്റ്ററി’.

ആദ്യം കണ്ട ഉസ്താദ് ഇവനോട് ഒരു മുട്ട കൊണ്ട് വരാന്‍ പറഞ്ഞത്രേ. ആ മുട്ടയിലേക്ക് പ്രാര്‍ത്ഥനകള്‍/ മന്ത്രങ്ങള്‍ ചൊല്ലിയതിനു ശേഷം മുട്ടയുടെ വെള്ള തലയില്‍ തേച്ചു പിടിപ്പിക്കാന്‍ പറഞ്ഞു. രണ്ടാമത്തെ ഉസ്താദ് 40 ദിവസം തുടര്‍ച്ചയായി ചെവിയില്‍ ബാങ്ക് ഓതാന്‍ പറഞ്ഞു. 40 ദിവസങ്ങള്‍ക്ക് ശേഷം യാതൊരു മാറ്റവും ഉണ്ടായില്ല എന്നു പറഞ്ഞു ചെന്നപ്പോള്‍ നിങ്ങള്‍ കൃത്യമായി എല്ലാ ദിവസവും ചെയ്തിട്ടില്ല, എല്ലാ ദിവസവും ചെയ്തിട്ടു ഇങ്ങോട്ട് വന്നാല്‍ മതി എന്നു പറഞ്ഞു മടക്കി അയച്ചു. മൂന്നാമത്തെ ഉസ്താദ് പ്രാര്‍ത്ഥനകളും മന്ത്രങ്ങളും ചൊല്ലിയ പ്രത്യേക വെള്ളം കുടിക്കാന്‍ നിര്‍ദ്ദേശിച്ചു. ഏതാനും ദിവസങ്ങള്‍ മാത്രം ലക്ഷണങ്ങള്‍ക്ക് മാറ്റം കണ്ടു. എന്നാല്‍ വീണ്ടും പഴയ ലക്ഷണങ്ങള്‍ പൂര്‍വ്വാധികം ശക്തിയായി തിരിച്ചു വന്നു. അതിനിടെ യുവാവ് വീട് വിട്ട് ഓടി പോവുകയും ചെയ്തു. പിന്നീട് പോലീസും കോടതിയുമൊക്കെ ഒക്കെ ഇടപെട്ടാണ് വീട്ടില്‍ തിരിച്ച് എത്തിയത്. അങ്ങനെ ഓരോ ഉസ്താദുമാരുടെ ഓരോ തരത്തിലുള്ള ചികിത്സകള്‍.

ചിലപ്പോഴൊക്കെ ചെറിയ മാറ്റങ്ങള്‍, അത് ഒന്നോ രണ്ടോ ആഴ്ചകള്‍ നീണ്ടു നില്‍ക്കും. യുവാവ് വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ വരും. അപ്പോള്‍ വീണ്ടും ഉസ്താദുമാരുടെ അടുത്തേക്ക് തന്നെ പോവും. ചെറിയ മാറ്റം വീണ്ടും കാണും. പക്ഷെ ആ മാറ്റം കഴിഞ്ഞ തവണത്തെ അത്ര ദൈര്‍ഘ്യം കാണില്ല. അപ്പോള്‍ അടുത്ത ആളെ പറ്റി എവിടെ നിന്നെങ്കിലും അറിയും, ചികിത്സാര്‍ത്ഥം അങ്ങോട്ട് പോവും. യഥാര്‍ത്ഥത്തില്‍ പ്ലാസിബോ എഫക്ട് എന്നു വിളിക്കപ്പെടുന്ന വിശ്വാസം കൊണ്ടുള്ള താല്‍കാലിക മാറ്റം ആണ് ഇതെന്ന് പലപ്പോഴും ഇത്തരത്തില്‍ ഉള്ള ട്രീറ്റ്‌മെന്റിന് വിധേയമാവുന്നവര്‍ മനസ്സിലാക്കാറില്ല.

ഇപ്പോഴും ഇത്തരത്തിലുള്ള ഉസ്താദുമാരുടെയും സന്യാസിമാരുടെയും പള്ളീലച്ചന്മാരുടെയും ആടുത്ത് മാനസിക പ്രശ്‌നങ്ങള്‍ക്ക് ട്രീറ്റ്‌മെന്റിനു പോകുന്നവര്‍ ഉണ്ട്. മാനസിക പ്രശ്‌നങ്ങളുടെ ചെറിയ ലക്ഷണങ്ങള്‍ കാണിക്കുന്ന സമയത്ത് ഇത്തരത്തിലുള്ള ആളുകളുടെ അടുത്ത് കൊണ്ടുപോവുകയും, ഒരുപാട് കാലം ഇവരുടെ കീഴില്‍ ട്രീറ്റ്‌മെന്റ് ചെയ്യുകയും ചെയ്യും. എന്നാല്‍ ഈ അവസ്ഥ മൂര്‍ച്ഛിച്ച് കഴിയുമ്പോള്‍ മാത്രമാണ് മനഃശാസ്ത്രജ്ഞന്റെ/മനോരോഗവിദഗ്ധന്റെ അടുത്ത് കൊണ്ടു വരുന്നത്. എന്റെ അറിവില്‍ ആത്മീയ ചികിത്സകരുടെ അടുത്ത് കൊണ്ടുപോവുന്ന മാനസിക രോഗങ്ങള്‍ ഒക്കെയും താല്‍ക്കാലിക സമാധാനത്തിനു ശേഷം വീണ്ടും അസുഖം മൂര്‍ച്ഛിച്ച് മനോരോഗ വിദഗ്ധന്റെ അടുത്ത് എത്തുന്നുണ്ട്. എന്നാല്‍ പൊതു ജനങ്ങള്‍ക്ക് ഇടയില്‍ ആ താല്‍ക്കാലിക സമാധാനം ഉണ്ടായ കാലം മാത്രം ചര്‍ച്ച ചെയ്യപ്പെടുകയും വിശ്വാസം ഇരട്ടിക്കുകയും ചെയ്യുന്നു.

ചെവിക്ക് തകരാറ് വന്നാല്‍ മുന്തിയ ENT തന്നെ വേണം, ഹൃദയത്തിനു ചെറിയ പ്രശ്നംനം കണ്ടാല്‍ കിട്ടാവുന്നതില്‍ ഏറ്റവും പ്രശസ്തനായ കാര്‍ഡിയോളജിസ്റ്റിനെ തന്നെ അന്വേഷിച്ചു പോവും. നാഡീഞരമ്പ് സംബന്ധമായും എന്നു വേണ്ട എല്ലാ ശാരീരിക പ്രശ്‌നങ്ങള്‍ക്കും ഏറ്റവും നല്ല സ്‌പെഷ്യലിസ്റ്റിനെ അന്വേഷിക്കുന്ന ഇവര്‍, മാനസിക പ്രശ്‌നങ്ങള്‍ വരുമ്പോള്‍ എന്തുകൊണ്ട് ഉസ്താദുമാരെയും, പള്ളീലച്ചന്മാരെയും, സ്വാമിമാരെയും ആശ്രയിക്കുന്നു?

ഇത് പിശാച് ബാധയാണ്, ജിന്നാണ്, ആത്മാവാണ്, ശൈത്താനാണ് എന്നു പൊതുജനത്തിനെ തെറ്റിദ്ധരിപ്പിക്കാന്‍ കാലങ്ങളായി ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മനസ് തൊട്ടുകാണിക്കാന്‍ കഴിയാത്തതുകൊണ്ടു തന്നെ മനസിനെ ബാധിക്കുന്ന ഏതൊന്നും തൊട്ടുകാണിക്കാന്‍ കഴിയാത്തത് ആവണം എന്ന ഒരു ധാരണയെ ആണ് ഇക്കൂട്ടര്‍ വിറ്റു കൊണ്ടിരിക്കുന്നത്. അങ്ങനെ ആണ് ജിന്നിലേക്കും, ആത്മാവിലേക്കും ഇവര്‍ കാരണം കണ്ടെത്താന്‍ അഭയം തേടുന്നത്.

എന്നാല്‍ ഇത് അറിവില്ലായ്മയാണ്. മനസ് എന്നു പറയുന്നത് മനുഷ്യന്റെ കേന്ദ്ര നാഡീവ്യൂഹവും പെരിഫറല്‍ ന്യാഡിവ്യൂഹവും(central and peripheral nervous system) കൂടിച്ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണ്. പ്രത്യേകിച്ചും കേന്ദ്ര നാഡി വ്യൂഹത്തിലെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ആണ് മനസിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നു പൊതുവെ പറയുന്നത്. അതില്‍ നാഡീകോശങ്ങള്‍ അഥവാ ന്യൂറോണുകള്‍, അവ പുറപ്പെടുവിക്കുന്ന ന്യൂറോട്രാന്‍സ്മിറ്റര്‍സ്, അന്തഃസ്രാവി വ്യവസ്ഥ (Endocrine system) അതിലെ ഹോര്‍മോണുകള്‍, എന്നിവ മനസിന്റെ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിക്കുന്ന ഘടകങ്ങളാണ്. അതോടൊപ്പം ജീവിതത്തിലെ അനുഭവങ്ങളും സമ്മര്‍ദങ്ങളും, അവയെ വിലയിരുത്തുന്ന രീതി, വളര്‍ന്ന രീതി, സാമൂഹിക ചുറ്റുപാട് തുടങ്ങിയവയും മനസിന്റെ സുഗമമായ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്നു. മാനസിക രോഗം ഉണ്ടാവുക എന്നാല്‍ മുകളില്‍ പറഞ്ഞ ഘടകങ്ങളില്‍ തകരാറുണ്ടാവുക എന്നുള്ളതാണ്, അതോടൊപ്പം ജീന്‍(gene), തലച്ചോറിലെ ക്ഷതങ്ങള്‍, തലച്ചോറിനേല്‍ക്കുന്ന അണുബാധ, മയക്കുമരുന്ന് മദ്യം തുടങ്ങിയവയുടെ ഉപയോഗം ഇവയൊക്കെയും മാനസിക നില തകരാറിലാക്കാനോ, മാനസിക പ്രശ്നങ്ങള്‍ ഉണ്ടാക്കാനോ കാരണമായ ഘടകങ്ങള്‍ ആണ്. ഇത്രയും ശാസ്ത്രീയമായ കാരണങ്ങള്‍ ഉണ്ടായിരിക്കെ എന്തിനാണ് ജിന്നിന്റെയും ആത്മാവിന്റെയും പിന്നാലെ പോകുന്നത്?

മനോരോഗ ചികിത്സയുടെ ചരിത്രം എടുത്തു പരിശോധിച്ചാല്‍ മനസിലാകുന്ന വസ്തുത എന്തെന്നാല്‍, മുന്‍ കാലഘട്ടം തൊട്ട് 16ആം നൂറ്റാണ്ടു വരെ മനോരോഗങ്ങളെ മനസിലാക്കിയിരുന്നത് ശരീരത്തില്‍ ദുഷിച്ച ആത്മാവിന്റെ കടന്നുകയറ്റം മൂലമോ, കൂടോത്രം മൂലമോ ആണെന്നായിരുന്നു. ശരീരത്തില്‍ കുടുങ്ങിയ ആത്മാവിനെ പുറത്തേക്ക് വിടാന്‍ വേണ്ടി തലച്ചോറില്‍ തുളയിടുക(Trephining), ദേഹത്ത് ശക്തിയായി അടിക്കുക, ഡ്രം പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് രോഗിക്ക് ചുറ്റും നിന്നും വലിയ ശബ്ദം ഉണ്ടാക്കുക, മന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയവയായിരുന്നു ആ കാലഘട്ടങ്ങളിലെ ചികിത്സാ രീതികള്‍. ശിലായുഗത്തില്‍ നിന്നു ലഭിച്ച തുളയുള്ള തലയോട്ടികള്‍ ഇതിന്റെ തെളിവാണ്. അത്തരത്തിലുള്ള ചികിത്സകള്‍ കൊണ്ട് രോഗികള്‍ക്ക് ദാരുണാന്ത്യം വരെ സംഭവിക്കാറാണ് ഉള്ളത്. ഇത്തരത്തിലുള്ള ‘ബാധ ഒഴിപ്പിക്കല്‍'(Exorcism) അന്ന് ചെയ്തിരുന്നത് മതപുരോഹിതന്മാര്‍ ആയിരുന്നു.

ഏതൊരു ശാസ്ത്ര വിഷയമെടുത്തു കഴിഞ്ഞാലും, അതിനൊരു വിപ്ലവ കാലഘട്ടം ഉണ്ടാവും. മാനസികാരോഗ്യ മേഖലക്ക് അത് 19ആം നൂറ്റാണ്ട് ആയിരുന്നു. ആത്മീയ ചികിത്സകളിള്‍ നിന്നും കാന്തം വെച്ചുള്ള ചികിത്സകളില്‍ നിന്നും, വെള്ളം ദേഹത്തേക്ക് അടിച്ചു കയറ്റിയുള്ള ചികിത്സയില്‍ നിന്നും അസൈലങ്ങളില്‍ നിന്നുമെല്ലാം അത് മോചിപ്പിക്കപ്പെട്ടു. എന്നാല്‍ ഇപ്പോഴും മുന്‍കാലത്തിനു സമാനമായ ചികിത്സാ രീതികള്‍ നമുക്ക് ചുറ്റും നടക്കുന്നു. വലിയ മാറ്റങ്ങള്‍ ഒന്നുമില്ലാതെ. പല പേരില്‍ ആണെന്ന് മാത്രം. അതിന്റെ പേരില്‍ മരണം വരെ സംഭവിക്കുന്നത് സാധാരണമാവുന്നു.

മാനസിക രോഗങ്ങള്‍/ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന്റെ കാരണങ്ങളെ കുറിച്ചു മാത്രം ആദ്യം നമ്മള്‍ മാസ്സ് ക്യാമ്പയിന്‍ നടത്തേണ്ടത് ഉണ്ട്. ചില വിഭാഗം ആള്‍ക്കാര്‍ കാതടച്ചേക്കാം, തള്ളിപറഞ്ഞേക്കാം. എന്നാല്‍ മാനസിക പ്രശ്നങ്ങള്‍ ബാധിച്ച ഒരുകൂട്ടം ആള്‍ക്കാരുടെ കുടുംബാംഗങ്ങള്‍ ഇത് കേള്‍ക്കും. അവര്‍ ശാസ്ത്രീയമായ ചികിത്സക്ക് വരും. അവരെ നമുക്ക് രക്ഷിച്ചെടുക്കാന്‍ കഴിഞ്ഞേക്കും.

അപ്പോ ജിന്നും ശൈത്താനും ഇല്ലാ എന്നാണോ എന്നൊക്കെ ചോദിക്കുന്നവരോട്, ഇവിടെ വിഷയം അതല്ല. മാനസിക രോഗങ്ങള്‍ ഉണ്ടാക്കുന്നത് ജിന്നും, ശൈത്താനും അല്ല എന്നുള്ളതാണ്. അതിനു ശാസ്ത്രീയമായി തന്നെ കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ധാര്‍മ്മിക ബോധവും, മാനവികമൂല്യങ്ങളും മനുഷ്യനില്‍ ഉയര്‍ത്തുന്നതില്‍ ഉസ്താദമാരുടെ പങ്ക് വളരെ വലുതാണെന്നുള്ള ഉത്തമബോധ്യത്തില്‍ നിന്നുതന്നെയാണ് ഞാന്‍ ഇത് എഴുതുന്നത്. അങ്ങനെ സമൂഹത്തിലെ സാംസ്‌കാരിക നിര്‍മ്മിതിയില്‍ കാര്യമായി പങ്കു വഹിക്കുന്ന ഈ വലിയൊരു ശൃംഖലയില്‍ വളരെ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് ഇത്തരം ചികിത്സകള്‍ ഏറ്റെടുത്തു നടത്തുന്നത്, അതിലൂടെ ഒരുപാട് മനുഷ്യരുടെ സാധ്യമാവുന്ന നല്ല ജീവിതം നശിപ്പിക്കുന്നത്.

മനോരോഗ ചികിത്സകള്‍ ആവശ്യമായവരെ മനശാസ്ത്രജ്ഞരുടെ / മനോരോഗവിദഗ്ധരുടെ അടുത്തേക്ക് അയക്കുന്ന, പക്വമായ തീരുമാനം എടുക്കുന്ന ഉസ്താദ്മാരെ എനിക്കറിയാം, അങ്ങനെ ഉള്ളവര്‍ ഒരുപാട് പേരുണ്ടെന്നും അറിയാം. അവരോട് തികഞ്ഞ സ്‌നേഹവും ബഹുമാനവും സൂചിപ്പുക്കുന്നു.

എല്ലാ മതത്തിലും ഇത്തരം ‘wrong number’ കള്‍ ഉണ്ട്. മനോരോഗ ചികിത്സ കുത്തക ആക്കിയവര്‍. ഇതിനെതിരെ അതത് മതത്തില്‍ നിന്നു തന്നെയുള്ള പ്രൊഫഷണല്‍സ് മുന്നോട്ട് വരണം. ഇത് മതത്തിന്റെ വിഷയമല്ല. മനസിന്റെ വിഷയമാണ്. മാനസികാരോഗ്യത്തിന്റെ വിഷയമാണ്.

*ഫേസ്ബുക്ക് പോസ്റ്റ്

ഷഫീഖ് പാലത്തായി

ഷഫീഖ് പാലത്തായി

കണ്‍സല്‍റ്റന്‍റ് സൈക്കോളജിസ്റ്റ്

More Posts

Share on

മറ്റുവാര്‍ത്തകള്‍