സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനോടും മറ്റ് ഉദ്യോഗസ്ഥരോടും ഒക്ടോബര്‍ 24 ന് മുന്‍പായി ഹാജരാകാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ചെലവുകള്‍ക്കായുള്ള പാര്‍ലമെന്ററി നിരീക്ഷണ സമിതിയായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി). സെബിയുടെ മൊത്തത്തിലുള്ള പ്രകടനത്തെക്കുറിച്ചുള്ള തെളിവുകള്‍ രേഖപ്പെടുത്താനാണ് സമിതിക്കു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും, യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് മാധബി ബുച്ചിനെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പിഎസിയില്‍ നിന്നുണ്ടാകുമെന്നാണ് വാര്‍ത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ അധ്യക്ഷനായുള്ള സമിതിയാണ് പബ്ലിക് അകൗണ്ട്‌സ് കമ്മിറ്റി. അതേസമയം സമിതിയിലെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ സെബി ചെയര്‍പേഴ്‌സന്റെ കാര്യത്തില്‍ വാദപ്രതിവാദങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മാധബി ബുച്ചിനെ സമിതിക്കു മുന്‍പാകെ വിളിച്ചു വരുത്തണമെന്നാണ് പിഎസിയിലെ പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം. എന്നാല്‍ ഭരണകക്ഷിയായ ബിജെപിയുടെ സമിതി പ്രതിനിധികള്‍ ഇതിനെ എതിര്‍ക്കുകയാണ്. സാമ്പത്തിക ദുര്യുപയോഗം നടന്നുവെങ്കില്‍ മാത്രമാണ് സെബിയുടെയോ മറ്റേതെങ്കിലും റെഗുലേറ്ററി സമിതിയുടെയോ പ്രകടനത്തെ വിലയിരുത്താന്‍ പബ്ലിക് അകൗണ്ട്‌സ് കമ്മിറ്റിക്ക് അവലോകനം ചെയ്യാന്‍ കഴിയൂ എന്നാണ് ഭരണകക്ഷി അംഗങ്ങള്‍ പറയുന്നത്. ആരോപണങ്ങള്‍ ഒരു വ്യക്തിക്കു നേരെ മാത്രമാണുള്ളതെന്നും സെബിക്ക് എതിരെയല്ലെന്ന വാദവും ബിജെപി അംഗങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ സെബിയുടെ നിഷ്പക്ഷ പ്രവര്‍ത്തനത്തെക്കുറിച്ച് പാര്‍ലമെന്റ് സമിതിയുടെ ചോദ്യങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാധബിക്കും അവരുടെ ഭര്‍ത്താവ് ധവല്‍ ബുച്ചിനും ‘അദാനി ഗ്രൂപ്പിന്റെ ഓഫ്ഷോര്‍ കമ്പനികളില്‍ ഓഹരിയുണ്ടായിരുന്നു’ എന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണത്തില്‍ പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. അദാനി ഗ്രൂപ്പ് പണം വകമാറ്റി ചെലവഴിച്ച് നടത്തിയ തട്ടിപ്പിന് ഉപയോഗിച്ച വിദേശ നിക്ഷേപങ്ങളില്‍ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനും പങ്കാളിത്തമുണ്ടായിരുന്നുവെന്നാണ് രഹസ്യ രേഖകളുടെ അടിസ്ഥാനത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരുന്നത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ഫണ്ടിലെ നിക്ഷേപം, 2015 ല്‍ തങ്ങള്‍ സിംഗപ്പൂരില്‍ സ്വകാര്യ പൗരന്മാരായി താമസിക്കുമ്പോള്‍ നടത്തിയതാണ്. അതായത് മാധബി ബുച്ച് സെബിയിലെ മുഴുവന്‍ സമയ അംഗമായി പ്രവേശിക്കുന്നതിനും മുമ്പ് നടത്തിയതാണെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയായി, മാധബിയും അവരുടെ ഭര്‍ത്താവും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. 2017 ലാണ് മാധബി ബുച്ച് സെബിയുടെ മുഴുവന്‍ സമയ അംഗമാകുന്നത്. 2022 മാര്‍ച്ചില്‍ അവര്‍ സെബി ചെയര്‍പേഴ്‌സണായി.
സെബിക്ക് അതിന്റെ ഉദ്യോഗസ്ഥര്‍ക്ക് ബാധകമായ പെരുമാറ്റച്ചട്ടം അനുസരിച്ച് വെളിപ്പെടുത്തല്‍, പിന്‍വലിക്കല്‍ മാനദണ്ഡങ്ങള്‍ എന്നിവയുടെതായ ശക്തമായ സ്ഥാപന സംവിധാനങ്ങളുണ്ട്. അതനുസരിച്ച്, കൈവശം വച്ചിരിക്കുന്നതോ പിന്നീട് കൈമാറ്റം ചെയ്യപ്പെട്ടതോ ആയ എല്ലാ സെക്യൂരിറ്റികളുടെയും വെളിപ്പെടുത്തലുകള്‍ ഉള്‍പ്പെടെ, എല്ലാ വെളിപ്പെടുത്തലുകളും പിന്‍വലിക്കലുകളും ശ്രദ്ധാപൂര്‍വമാണ് പിന്തുടരുന്നതെന്നും ബുച്ച് ദമ്പതിമാര്‍ പ്രസ്താവനയില്‍ പറയുന്നുണ്ട്.
സെബി ചെയര്‍പേഴ്‌സണെതിരേ കോണ്‍ഗ്രസും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. സെബിയില്‍ അംഗമായിരിക്കെ തന്നെ ഐസിഐസി ഐ ബാങ്കില്‍ നിന്ന് മാധബി ബുച്ച് ശമ്പളം വാങ്ങിയിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് പവന്‍ ഖരേ ആരോപിച്ചത്. സെബിയുടെ മുഴുവന്‍ സമയ അംഗമായിരിക്കുമ്പോഴും ഐസിഐസിഐ ബാങ്ക്, പ്രിഡന്‍ഷ്യല്‍, സ്റ്റോക്ക് ഓപ്ഷനുകള്‍ (ഋടഛജ) എന്നിവയില്‍ നിന്ന് 2017 നും 2024 നും ഇടയില്‍ മാധബി ബുച്ച് പേയ്മെന്റുകള്‍ സ്വീകരിക്കുന്നുണ്ടെന്ന ആരോപണമാണ് കോണ്‍ഗ്രസ് പ്രധാനമായും ഉന്നയിക്കുന്നത്. മാധബി ബുച്ച് 2017 നും 2014 നും ഇടയില്‍ ഐസിഐസിഐ ബാങ്കില്‍ നിന്ന് 16 കോടി 80 ലക്ഷം രൂപ സ്ഥിരമായി വരുമാനം എടുക്കുകയായിരുന്നുവെന്നും ഖരേയുടെ ആരോപണത്തിലുണ്ടായിരുന്നു.
സെബി ചെയര്‍പേഴ്സണായി നിയമിതയായി രണ്ടാഴ്ച്ച കഴിഞ്ഞു മാത്രമാണ് തന്റെ പേരിലുള്ള ഓഹരികള്‍ ഭര്‍ത്താവ് ധവല്‍ ബുച്ചിന്റെ പേരില്‍ മാത്രമായി രജിസ്റ്റര്‍ ചെയ്യുന്നതെന്നും ഇക്കാര്യത്തില്‍ അവര്‍ നടത്തിയ ആശയവിനിമയങ്ങള്‍ തെളിവാണെന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് പറയുന്നത്. ഈ പരാതികള്‍ക്ക് ഹിന്‍ഡന്‍ബര്‍ഗ് തെളിവായി കാണിക്കുന്നത് മാധബിയുടെ സ്വകാര്യ ഇമെയിലുകളാണ്. സെബിയുടെ ഭാഗമായതിനുശേഷമുള്ള ഒരു വര്‍ഷത്തിനിടയില്‍ മാധബി തന്റെ പേരിലുള്ള നിക്ഷേപങ്ങള്‍ ഭര്‍ത്താവിന്റെ പേരിലാക്കി സുരക്ഷിതമാക്കാന്‍ വേണ്ടി ഇമെയില്‍ വഴി ആശയവിനിമയങ്ങള്‍ നടത്തിയെന്നു വ്യക്തമാക്കുന്ന രേഖകള്‍ തങ്ങള്‍ക്ക് രഹസ്യവിവരം കൈമാറിയ കേന്ദ്രം കൈമാറിയിട്ടുണ്ടെന്നു ഹിന്‍ഡന്‍ബര്‍ഗ് പറയുന്നു.
ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങള്‍ അദാനി ഗ്രൂപ്പ് പൂര്‍ണമായും നിരാകരിക്കുകയായിരുന്നു. നികൃഷ്ടവും കൃത്രിമവുമായ ആരോപണങ്ങള്‍ എന്നായിരുന്നു ആക്ഷേപം. Hindenburg allegations PAC has asked sebi chairperson Madhabi Buch and other officials to appear
Content Summary; Hindenburg allegations PAC has asked sebi chairperson Madhabi Buch and other officials to appear