March 15, 2025 |
Share on

ഹിന്ദുവിന്റെ വീട് മുസ്ലിമിന് വിറ്റു; കലാപമുയര്‍ത്തി ഹിന്ദുത്വവാദികള്‍

ന്യായമായ വിലയ്ക്ക് സനാതനികള്‍ക്ക് തന്നേക്കാമെന്ന് മുസ്ലിം കുടുബം

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നടന്നൊരു വീട് കച്ചവടം സാമുദായിക കലാപത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ഒരു ഹിന്ദുവിന്റെ വീട് മുസ്ലിമിന് വിറ്റതില്‍ ഹിന്ദുത്വവാദികള്‍ക്കുള്ള എതിര്‍പ്പാണ് കാരണം. വിശാല്‍ സക്‌സേന എന്നയാളാണ് തന്റെ വീട് ശബ്‌നം എന്ന മുസ്ലിം സ്ത്രീക്ക് വിറ്റത്. ഇതിനെതിരെയാണ് ഹിന്ദുത്വ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ കലഹമുണ്ടാക്കുന്നത്. വില്‍പ്പന സംബന്ധിച്ച് വ്യാജാരോപണങ്ങള്‍ ഉയര്‍ത്തുകയാണെന്നും, ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടാകുന്നുവെന്നും കാണിച്ച് സക്‌സേന പൊലീസിനെ സമീപിച്ചിട്ടുണ്ട്. സാമുദായികാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് വിശാല്‍ സക്‌സേന പൊലീസിന് നല്‍കിയ കത്തില്‍ ആരോപിക്കുന്നത്.

ഹിന്ദു സമുദായത്തില്‍പ്പെട്ട ഏകദേശം പതിനഞ്ചോളം പേര്‍ ഈ വീട് വാങ്ങുന്നതിനായി ബന്ധപ്പെട്ടിരുന്നു. വീടിന് പിറകിലായി ഒരു സൂഫി മുസ്ലിം ആരാധാനലായം സ്ഥിതി ചെയ്യുന്നതും സമീപത്ത് മുസ്ലിങ്ങള്‍ ഉണ്ടെന്നതും കാരണം പറഞ്ഞ് അവരൊക്കെയും പിന്‍വാങ്ങിയെന്നാണ് വിശാല്‍ സക്‌സേന ദ വയറിനോട് പറഞ്ഞത്.

പിന്നീടാണ് മുസ്ലിം സമുദായത്തില്‍ നിന്നുള്ള വ്യക്തിക്ക് വീട് വില്‍പ്പന നടത്തിയത്. ആ വീട് ഇനി തനിക്ക് തിരിച്ച് വേണ്ടെന്നും, ഇപ്പോള്‍ നടക്കുന്നത് നഗരത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളാണെന്നും വിശാല്‍ സക്‌സേന പറയുന്നു.

എന്താണ് വീട് വില്‍പ്പനയുമായി ബന്ധപ്പെട്ട് ഉയരുന്ന വ്യാജ ആരോപണങ്ങള്‍ എന്ന് സക്‌സേന പൊലീസിന് നല്‍കിയ കത്തില്‍ പരാമര്‍ശിക്കുന്നില്ലെന്നാണ് വയര്‍ പറയുന്നത്. അതേസമയം, പ്രചരിക്കുന്ന ആരോപണം, അസം സ്വദേശിയായ ഒരു മൗലാനയാണ് വീട് വില്‍പ്പനയില്‍ ഇടനില നിന്നതെന്നാണ്. ഇദ്ദേഹം പ്രാദേശിക മുസ്ലിം ആരാധാനാലയം അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്ന ആരോപണം നേരിടുന്നുണ്ടെന്നും ഹിന്ദുത്വ സംഘടനകള്‍ കുറ്റപ്പെടുത്തുന്നുണ്ട്.

അന്തരീക്ഷം വര്‍ഗീയ കലുഷിതമായ സാഹചര്യത്തില്‍ തങ്ങള്‍ വാങ്ങിയ വീട് ഏതൊരു സനാതാന ഹിന്ദുവിന് വേണമെങ്കിലും വില്‍പ്പന നടത്താന്‍ തയ്യാറാണെന്നാണ് ശബ്‌നം പറയുന്നത്. ആരും വന്നാലും വില്‍പ്പനയ്ക്കു തയ്യാറാണ്, അര്‍ഹമായ പണം കിട്ടിയാല്‍ മാത്രം മതിയെന്നാണ് ശബ്‌നവും കുടുംബവും പറയുന്നത്.

ദിവസങ്ങള്‍ക്കു മുമ്പാണ് ബറേലിയിലെ പഞ്ചാബ്പുര എന്ന സ്ഥലത്ത് ശബ്‌നവും കുടുംബവും വീട് വാങ്ങുന്നത്. ബറേലിയില്‍ ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള സ്ഥലമാണ് പഞ്ചാബ് പുര. വിലയിലും മറ്റു കാര്യങ്ങളിലുമെല്ലാം ധാരണയിലെത്തിയാണ് ശബ്‌നം വീട് വാങ്ങിയത്. മുസ്ലിം സമുദായം കാലങ്ങളായി പാര്‍ക്കുന്നൊരിടം കൂടിയാണവിടം. എന്നാല്‍ സാമുദായിക സൗഹാര്‍ദ്ദത്തിന് കളങ്കമേല്‍ക്കാത്ത പ്രദേശമാണെന്ന ശബ്‌നത്തിന്റെയും കുടുംബത്തിന്റെയും വിശ്വാസം തെറ്റിപ്പോയി.

വില്‍പ്പന നടന്നതിനു പിന്നാലെ ഹിന്ദുത്വ സംഘടനകളുടെ പിന്തുണയോടെ അവിടുത്തെ ഹിന്ദുക്കള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ റദ്ദ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. അല്ലാത്തപക്ഷം ഹിന്ദു സമുദായക്കാര്‍ പ്രദേശത്ത് നിന്ന് കൂട്ടപ്പലായനം നടത്തുമെന്ന് ഭീഷണി ഉയര്‍ത്തി.

‘സാമൂഹിക പലായനം’ പ്രഖ്യാപിച്ച് പല ഹിന്ദുക്കളും അവരരവരുടെ വീടുകളില്‍ പോസ്റ്ററുകള്‍ പതിപ്പിക്കുകയും പ്ലക്കാര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. പ്രക്ഷോഭകാരികള്‍ ഉയര്‍ത്തിയ മറ്റൊരു ആക്ഷേപം, ഒരു മുസ്ലിമിനെ തങ്ങള്‍ക്കിടയില്‍ താമസിച്ചാല്‍ ലൗ ജിഹാദിന് വഴിയൊരുങ്ങുമെന്നായിരുന്നു. മുസ്ലിങ്ങളുടെ ഭക്ഷണശീലവും, ഹിന്ദു ഉത്സവങ്ങളില്‍ മുസ്ലിങ്ങള്‍ ഇടപെടുന്നതും പഞ്ചാബ് പുരയില്‍ ഹിന്ദുത്വവാദികള്‍ ‘ ഭീഷണി’ കളായി പ്രചരിപ്പിച്ചു.

ആരോപണങ്ങള്‍ അവിടം കൊണ്ടും നിന്നില്ല. കൂടുതല്‍ ഗുരുതരമായ പ്രചാരണങ്ങള്‍ പിന്നാലെയുണ്ടായി. അതിലൊന്ന്, ശബ്‌നത്തിന്റെ സഹോദരനാണ് 2010 ല്‍ നടന്ന ബറേലി കലാപത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നതായിരുന്നു. ‘ ബംഗ്ലാദേശികളെയും’ ‘ ആസാമികളെയും’ തടയണമെന്ന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറ്റൊരാരോപണം. ബംഗ്ലാദേശ്, ആസം മുസ്ലിങ്ങളെ ഉദ്ദേശിച്ചായിരുന്നു ഇത്തരം ആരോപണം. അതേസമയം പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇങ്ങനെയൊരു കാര്യം പറഞ്ഞതായി സ്ഥിരീകരണം ഇല്ലെന്നാണ് ദ വയര്‍ പറയുന്നത്.

വില്‍പ്പന നടത്തിയ വീട്ടില്‍ നിന്നുള്ള തന്റെ സാധനങ്ങള്‍ മാറ്റാന്‍ ഹിന്ദുത്വവാദികള്‍ സമ്മതിക്കുന്നില്ലെന്നാണ് ഓഗസ്റ്റ് 21 ന് വിശാല്‍ സക്‌സേന പൊലീസിന് നല്‍കിയ കത്തില്‍ പരാതിപ്പെടുന്നത്. സാധനങ്ങള്‍ മാറ്റാന്‍ തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നാണ് ഇയാളുടെ ആവശ്യം.

ആ വീട് വില്‍ക്കാനുള്ള കാരണവും വിശാല്‍ സക്‌സേന ദ വയറുമായി പങ്കുവയ്ക്കുന്നുണ്ട്.

ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ഭാര്യ 2018 ല്‍ മരിച്ചതോടെയാണ് വീട് വില്‍ക്കാനുള്ള ആലോചന വിശാല്‍ തുടങ്ങുന്നത്. ഭാര്യയുടെ ചികിത്സക്കായി വലിയൊരു തുക ചെലവായിരുന്നു. അതിന്റെ ബാധ്യത പേറുന്നതിനൊപ്പം തന്നെയായിരുന്നു അമ്മയുടെ ചികിത്സകളും. 2020 ല്‍ അമ്മയും മരിച്ചു. കോവിഡ് കാലത്ത് ജോലിയും നഷ്ടമായി. ആകെയുള്ള ആശ്രയം ജോലിയായിരുന്നു. അതോടെ കടം മൂടി. വീട് ആണെങ്കില്‍ നാശോന്മുഖമായ അവസ്ഥയിലായിരുന്നു. അത് നന്നാക്കാനുള്ള അവസ്ഥയില്ലായിരുന്നു. അതോടെയാണ് മറ്റ് കുടുംബാംഗങ്ങളോടും ആലോചിച്ച ശേഷം വില്‍ക്കാന്‍ തീരുമാനിക്കുന്നത്.

സക്‌സേനയുടെ ഗതികേടാണ് വീട് വില്‍ക്കാനുള്ള തീരുമാനത്തിന് പിന്നില്‍. അതാണ് ഒരു കൂട്ടര്‍ സമുദായ ധ്രുവീകരണത്തിന് കാരണമാക്കുന്നത്. പൊലീസിന് നല്‍കിയ കത്തില്‍ സക്‌സേന പ്രധാനമായും ആവശ്യപ്പെടുന്നത്, തന്റെ വീട് വിറ്റതുമായി ബന്ധപ്പെട്ട് നടക്കുന്ന വര്‍ഗീയ പ്രചാരണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും, പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നുമാണ്.

ശബ്‌നവും കുടുംബവും അവിടം വിടാന്‍ തീരുമാനിച്ചതോടെ, ഹിന്ദുത്വവാദികളുടെ പ്രവര്‍ത്തി വിജയം കണ്ടതായാണ് പറയുന്നത്. ന്യായമായ വില നല്‍കിയാല്‍ സനാതന ഹിന്ദുക്കളില്‍ ആര്‍ക്കും തന്നേക്കാമെന്ന വ്യവസ്ഥയുമായി ശബ്‌നവും കുടുംബവും നില്‍ക്കുന്നതിന് കാരണം, അവര്‍ക്കവിടെ താമസിക്കാന്‍ സാധിക്കില്ല എന്ന തിരിച്ചറിവാണ്. സൗഹാര്‍ദ്ദപരമായ സാമുദായിക അന്തരീക്ഷം നിലനിര്‍ത്താന്‍, വാങ്ങിയ വീട് വിറ്റൊഴിയാന്‍ തയ്യാറാണെന്നാണ് ശബ്‌നത്തിന്റെ സഹോദന്‍ നസീമും പറയുന്നത്. സമീപത്തെ ഒരു ദര്‍ഗയില്‍ പൂ വില്‍പ്പന നടത്തുകയാണ് നസീം. തന്റെ കടയില്‍ നിന്ന് പൂജാ ആവശ്യങ്ങള്‍ക്കായി ഹിന്ദുക്കളും പൂക്കള്‍ വാങ്ങാറുണ്ട്. അതുപോലെ തങ്ങള്‍ ആവശ്യപ്പെടുന്ന പണം തന്ന് ഏതൊരു ഹിന്ദുവും വീടും വാങ്ങിച്ചോട്ടെയെന്നാണ് നസീം പറയുന്നത്. സാമുദായിക ഐക്യം നിലനില്‍ക്കാനും, വര്‍ഗീയ സംഘര്‍ഷം ഉണ്ടാകാരിക്കാനും വീട് വില്‍ക്കാന്‍ തന്നെ തങ്ങള്‍ തീരുമാനിച്ചെന്നാണ് നസീം പ്രാദേശിക മാധ്യമങ്ങളോടും പറഞ്ഞത്. ഇപ്പോള്‍ വാങ്ങിയ വീടിന് അടുത്ത് തന്നെയായി മറ്റൊരു വീട് വാങ്ങിക്കാനുള്ള വാഗ്ദാനം കിട്ടിയെങ്കിലും ഇനിയും പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആ വീടും വേണ്ടെന്നു വച്ചെന്നാണ് നസീം പറയുന്നത്.

ശബ്‌നത്തിന്റെ കുടുംബം വീട് വില്‍ക്കാന്‍ തീരുമാനിച്ചതോടെ പൊലീസുകാര്‍ സന്തോഷത്തിലാണ്. പ്രശ്‌നം ഒഴിവായി കിട്ടിയെന്ന ആശ്വാസമാണ്. തങ്ങള്‍ ഇരു കൂട്ടരോടും സംസാരിച്ചിരുന്നുവെന്നും, ന്യായമായ വില കിട്ടിയാല്‍ ഏതെങ്കിലും ഹിന്ദു സമുദായംഗത്തിന് വീട് വില്‍ക്കാന്‍ തയ്യാറാണെന്ന് ശബ്‌നം പറഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്.  hindutva  protest muslim family bought hindu house bareilly

Content Summary; hindutva  protest muslim family bought hindu house bareilly

×