ഹിരേന്‍ ജോഷി പിഎംഒ വിട്ട് പോകുകയാണോ? ഇത് ഒരു സാധാരണ സ്ഥലം മാറ്റമാണോ? ഒരു അഴിച്ചുപണിയോ? അതോ ഒരു ‘ഭരണപരമായ ക്രമീകരണമോ?’
ഔദ്യോഗികമായി ആരും ഒന്നും പറയുന്നില്ല. ഒരു ദശാബ്ദത്തിലേറെയായി ഇന്ത്യയിലെ വാര്‍ത്താ ചക്രങ്ങളെ രൂപപ്പെടുത്തുകയും മൂര്‍ച്ച കൂട്ടുകയും ചിലപ്പോഴൊക്കെ ഞെരുക്കുകയും ചെയ്ത ഈ വ്യക്തിക്ക് വേണ്ടി പിഎംഒ ഒരു കുറിപ്പോ, അറിയിപ്പോ, ഒരു വിടവാങ്ങല്‍ പൂച്ചെണ്ട് ഇമോജി പോലും നല്‍കിയിട്ടില്ല.
‘ഓപ്പണ്‍ മാഗസിന്‍’ ഒരിക്കല്‍ സൂചിപ്പിച്ചതുപോലെ, ഹിരേന്‍ ജോഷി മോദിയുടെ എക്കോ സിസറ്റത്തിന്റെ ഭാഗം മാത്രമല്ല – അദ്ദേഹം ആ വ്യവസ്ഥയുടെ മദര്‍ബോര്‍ഡാണ്. മോദിയുടെ മുഖ്യ വ്യക്തി. പ്രധാനമന്ത്രിക്ക് ഡിജിറ്റല്‍ തന്ത്രങ്ങളെക്കുറിച്ച് ഉപദേശം നല്‍കുക മാത്രമല്ല, മുഴുവന്‍ ‘നമോ ഓണ്‍ലൈന്‍ പ്രപഞ്ചവും’ ആദ്യം മുതല്‍ നിര്‍മ്മിച്ച വ്യക്തിയാണ്.
ഭിവാഡയില്‍ നിന്നുള്ള ഒരു മുന്‍ എഞ്ചിനീയറിംഗ് പ്രൊഫസറായ ജോഷിക്ക് അധികാരം കൈകാര്യം ചെയ്യാന്‍ പ്രത്യേക പരിശീലനം ലഭിച്ചിരുന്നില്ല. 2008-ല്‍ ഒരു മോദി പരിപാടിക്കിടെ സാങ്കേതിക തകരാര്‍ പരിഹരിച്ചതിന് ശേഷമാണ്, ഒരു ബോളിവുഡ് സിനിമയിലെന്നപോലെ അദ്ദേഹം ശ്രദ്ധേയനാകുന്നത്. അതിനുശേഷം, ഗാന്ധിനഗറില്‍ നിന്ന് ഡല്‍ഹിയിലേക്ക് അദ്ദേഹം അനായാസം എത്തി, മോദിയുടെ ഓണ്‍ലൈന്‍ പ്രതിച്ഛായ രൂപപ്പെടുത്തുകയും, മാധ്യമങ്ങളില്‍ ആരാണ് മര്യാദയ്ക്ക് പെരുമാറുന്നതെന്നും ആര്‍ക്കാണ് ഒരു സൗമ്യമായ പ്രോത്സാഹനം വേണ്ടതെന്നും രഹസ്യമായി നിരീക്ഷിക്കുകയും ചെയ്തു.
2014-ല്‍ മോദി പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് ആദ്യമായി വന്നപ്പോള്‍ ജോഷി അദ്ദേഹത്തിന് പിന്നാലെയുണ്ടായിരുന്നു. 2019 ആയപ്പോഴേക്കും അദ്ദേഹം ജോയിന്റ് സെക്രട്ടറി/ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (കമ്മ്യൂണിക്കേഷന്‍സ് & ഐടി) പദവിയിലേക്ക് ഉയര്‍ന്നു. ലുട്ട്യന്‍സ് ഭാഷയില്‍ ഇതിനര്‍ത്ഥം: എഡിറ്റര്‍മാര്‍, ഉടമകള്‍, മന്ത്രിമാര്‍, എന്തിന്, ബിജെപിയുടെ സ്വന്തം സോഷ്യല്‍ മീഡിയ പോരാളികള്‍ പോലും അദ്ദേഹത്തിന്റെ ‘ബ്ലോക്ക്ഡ് ലിസ്റ്റില്‍’ ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്.
വ്യക്തിപരമായി മൃദുവായി സംസാരിക്കുന്ന, എന്നാല്‍ എല്ലായിടത്തും സ്വാധീനമുള്ള ജോഷിയെ, പിഎമ്മിന്റെ ‘കണ്ണുകളും കാതുകളും’ ആയിട്ടാണ് വിശേഷിപ്പിക്കാറ്. സന്ദേശങ്ങള്‍, നിരീക്ഷണം, നിങ്ങള്‍ ആരോടാണ് ചോദിക്കുന്നത് എന്നതിനെ ആശ്രയിച്ച് – സമ്മര്‍ദ്ദം ചെലുത്തല്‍ – എന്നിവയ്ക്ക് പിന്നിലെ ശക്തിയും അദ്ദേഹമാണ്.
ഇതുപോലുള്ള ഒരാള്‍ക്ക് ‘സാധാരണ സ്ഥലം മാറ്റങ്ങള്‍’ ഉണ്ടാവാറില്ല. ഡല്‍ഹിക്ക് ഇത് അറിയാം. ഡല്‍ഹിക്ക് ഇത് മനസ്സിലാകും.
അതുകൊണ്ട് തന്നെ, ലുട്ട്യന്‍സിലെ ഇടനാഴികള്‍ ഒരു നോക്കിയ 3310 പോലെ അഭ്യൂഹങ്ങളാല്‍ മുഴങ്ങുകയാണ്.
തീര്‍ച്ചയായും, എല്ലാം ഹിരണ്‍ ജോഷി സ്വയം വൈദഗ്ധ്യം നേടിയതും പ്രൈം ടൈം ടിആര്‍പിയെ സ്വര്‍ണ്ണത്തോളം വിലപ്പെട്ടതാക്കി മാറ്റിയതുമായ വാട്‌സ് ആപ്പ് ഫോര്‍വേഡിന്റെ വിശുദ്ധ മണ്ഡലത്തിലാണ് നിലനില്‍ക്കുന്നത്. അതിനാല്‍ ഞങ്ങള്‍ അതിലെ ഒരൊറ്റ വാക്ക് പോലും ആവര്‍ത്തിക്കുന്നില്ല.
അപ്പോഴാണ് പവന്‍ ഖേര ചില സൂചനകളിലേക്ക് വിരല്‍ ചൂണ്ടിക്കൊണ്ട് രംഗപ്രവേശം ചെയ്തത്. ബധനാഴ്ച്ച നടത്തിയ പത്രസമ്മേളനത്തില്‍, ജോഷിയുടെ ബിസിനസ്സ് ബന്ധങ്ങളെക്കുറിച്ചും വിദേശ ബന്ധങ്ങളെക്കുറിച്ചും സ്ഥലംമാറ്റത്തെക്കുറിച്ചും സുതാര്യത ആവശ്യപ്പെട്ടുകൊണ്ട്, അദ്ദേഹം ഈ ഗോസിപ്പിനെ ഔദ്യോഗികമായി ‘വാര്‍ത്താ പ്രാധാന്യമുള്ളതാക്കി’ മാറ്റി.
ജോഷി ഒരു ചെറിയ പേരല്ലെന്നാണ് ഖേര പറഞ്ഞത്. ‘ഈ രാജ്യത്ത് ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിലും, നിങ്ങളെ (മാധ്യമങ്ങളെ) ഞെരുക്കുന്നതിലും പ്രധാന പങ്ക് വഹിച്ച പിഎംഒയിലെ ഏറ്റവും ശക്തനായ വ്യക്തിയാണ് അദ്ദേഹം.’ – ഖേരയുടെ കടുത്ത വാക്കുകളാണിത്.
‘അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളികള്‍ ആരാണെന്ന് അറിയാന്‍ രാജ്യത്തിന് അവകാശമുണ്ട്. പിഎംഒയില്‍ ഇരുന്ന് ഹിരേന്‍ ജോഷി എന്ത് ബിസിനസ്സാണ് നടത്തിയിരുന്നത് എന്നതും രാജ്യം അറിയേണ്ട കാര്യമാണ്.’ ഖേര പ്‌റഞ്ഞതാണ്.
ഞങ്ങള്‍ക്ക് ചോദിക്കാനുള്ള പ്രധാന ചോദ്യങ്ങള്‍ ഇതാണ്: അദ്ദേഹം(ഹിരേന്‍ ജോഷി) ഇല്ലെങ്കില്‍, പിന്നെ ആരാണ് ടിവി ചാനലുകളുടെ സ്‌ക്രിപ്റ്റ് എഴുതുക?
തീര്‍ച്ചയായും ഹിരേന്‍ ജോഷി പുറത്തുപോവുകയാണെങ്കില്‍, പിഎംഒയുടെ മാധ്യമ കമാന്‍ഡ് സെന്റര്‍ ആരാണ് ഏറ്റെടുക്കുക? 9 മണിക്ക് കോളിളക്കം സൃഷ്ടിക്കേണ്ട വിഷയം ആരാണ് തീരുമാനിക്കുക? ‘ജോര്‍ജ് സോറോസ്’ ബട്ടണ്‍ ആരാണ് അമര്‍ത്തുക? ഇന്ന് നമ്മള്‍ ‘പ്രതിപക്ഷം രാജ്യദ്രോഹി എഡിഷന്‍’ ആണ് ചെയ്യുന്നതെന്ന് ആരാണ് സൂചന നല്‍കുക? 7 ചര്‍ച്ചാവിഷയങ്ങള്‍ ആരാണ് ആങ്കര്‍മാര്‍ക്ക് വാട്ട്സ്ആപ്പ് ചെയ്യുക? അധികാരം ചോദ്യം ചെയ്യാന്‍ ധൈര്യപ്പെട്ടവരെ ഒറ്റപ്പെടുത്തിക്കൊണ്ടുള്ള ദിവസേനയുള്ള ‘നാണക്കേടിന്റെ പട്ടിക’ ആരാണ് ക്യൂറേറ്റ് ചെയ്യുക?
അതിനിടയില്‍, ടിവി ന്യൂസ് ആസ്ഥാനത്ത് നിലനില്‍പ്പിനെക്കുറിച്ചോര്‍ത്തുള്ള പരിഭ്രാന്തിയാണ്.
ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഒരു മാധ്യപ്രവര്‍ത്തകയോട് ചോദിച്ചകാര്യം, അദ്ദേഹം ഞങ്ങളോട് പറഞ്ഞു(ഉന്നതങ്ങളില്‍ കാര്യങ്ങള്‍ ഇങ്ങനെയാണല്ലോ): ‘മാഡം, ആങ്കര്‍മാര്‍ക്ക് വിഷമമുണ്ട്. അവരുടെ ഹിരേന്‍ ഭായി പോയി. ഇനി അവര്‍ക്ക് സ്വയം കഥകള്‍ കണ്ടെത്തേണ്ടി വരും.’
ആ ഭീകരത ഒന്ന് സങ്കല്‍പ്പിക്കുക. വാര്‍ത്തകള്‍ കണ്ടെത്തേണ്ടി വരുന്നതോ? സ്രോതസ്സുകളെ വിളിക്കേണ്ടി വരുന്നതോ? മാധ്യമപ്രവര്‍ത്തനമോ? ഒരു പ്രൈംടൈം ആങ്കറുടെ ഏറ്റവും വലിയ പേടിസ്വപ്നം.
ഹിരേന്‍ ജോഷിയെ മാറ്റി നിര്‍ത്തിയോ, സ്ഥാനം മാറ്റിയോ, ഒതുക്കിയോ, ഉയര്‍ന്ന സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നല്‍കിയോ, അതോ 2047-ന് വേണ്ടിയുള്ള ഹോളോഗ്രാഫിക് എ ഐ പുഷ് അറിയിപ്പുകള്‍ രൂപകല്‍പ്പന ചെയ്യാന്‍ അയച്ചോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ ഞങ്ങള്‍ക്ക് ഇത് അറിയാം: രണ്ടാം യുപിഎ സര്‍ക്കാരിന്റെ അവസാന നാളുകള്‍ക്ക് ശേഷം ഡല്‍ഹിയില്‍ ഇത്രയും അധികം ഗോസിപ്പുകള്‍ ഉണ്ടായിട്ടില്ല, അതിന്റെ അവസാനം എങ്ങനെയായിരുന്നെന്നും നമുക്കറിയാം. സത്യം എന്തായാലും, ഒരു കാര്യം വ്യക്തമാണ്: രാജ്യത്തിന്റെ തലക്കെട്ടുകള്‍ നിയന്ത്രിച്ച ഒരു വ്യക്തിക്ക്, അദ്ദേഹത്തിന്റെ സ്വന്തം പുറത്തുപോകല്‍, അദ്ദേഹത്തിന് ഒരിക്കലും സ്‌ക്രിപ്റ്റ് ചെയ്യാന്‍ കഴിയാത്ത ഏറ്റവും വലിയ വാര്‍ത്തയായിരിക്കും.
ഈ റിപ്പോര്‍ട്ട് ന്യൂസ് ലോണ്‍ട്രിയുടെതാണ്. അവര്‍ പ്രസിദ്ധീകരിച്ചത് വായിക്കാന്‍ ഈ ലിങ്ക് ഉപയോഗിക്കുക. അഴിമുഖം അതിന്റെ സ്വതന്ത്ര മലയാള വിവര്‍ത്തനമാണ് അനുമതിയോടെ ഉപയോഗിച്ചിരിക്കുന്നത്.
Content Summary: The hottest debate in Delhi right now is related to Hiren Joshi, who was a key figure in the Prime Minister’s Office.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.