പണ്ട് പണ്ട് അങ്ങ് ദൂരെ ഏഴു മലകള്‍ക്കും ഏഴു കടലുകള്‍ക്കും അപ്പുറത്ത് ഒരു ദ്വീപുണ്ടായിരുന്നു. അവിടെ മേരെ കല്ലേ എന്നൊരു ദുഷ്ടയായ അടിമ വ്യാപാരി ജീവിച്ചിരുന്നു. അടിമയാക്കപ്പെട്ട മനുഷ്യരോട് വളരെ ക്രൂരമായാണ് അവര്‍ പെരുമാറിയിരുന്നത്. രക്ഷപെടാന്‍ ശ്രമിച്ചിരുന്ന പലരെയും അവര്‍ പീഡിപ്പിച്ചു കൊന്നിരുന്നു. അങ്ങനെയിരിക്കെ മേരെ കല്ലേയുടെ കീഴിലുണ്ടായിരുന്ന അടിമയാക്കപ്പെട്ട രണ്ടു മനുഷ്യര്‍ തമ്മില്‍ പ്രണയത്തിലായി. അവര്‍ രക്ഷപെടാന്‍ തീരുമാനിച്ചു. രക്ഷപ്പെടുന്നതിന്റെ ഭാഗമായി അവര്‍ മേരെ കല്ലേയുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി. എന്നിട്ട് അവിടെ നിന്നും മലകള്‍ താണ്ടി താഴ്‌വാരത്തിലെത്തി ജീവിക്കാന്‍ ആരംഭിച്ചു. എന്നാല്‍ വിഷം തീണ്ടിയ മേരെ കല്ലേ ഒരു കറുത്ത പക്ഷിയായി മാറി. തനിക്ക് വിഷം നല്‍കിയ അടിമയാക്കപ്പെട്ടവരെ അന്വേഷിക്കുവാന്‍ തുടങ്ങി. പക്ഷെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നും ഉച്ചത്തില്‍ ഒച്ച വെച്ച് കൊണ്ട് കറുത്ത പക്ഷികള്‍ അപകടത്തെ വിളിച്ചോതി കൊണ്ട് റീയൂണിയനില്‍ പറന്ന് നടപ്പുണ്ടത്രേ.
മനുഷ്യര്‍ ഉണ്ടാകുന്നതിനും മുന്‍പുള്ള 232 ജീവി വര്‍ഗ്ഗങ്ങളുടെ അധിവാസ മേഖലയാണ്, മൗറീഷ്യസിന്റെയും മഡഗാസ്‌കറിന്റെയും ഇടയില്‍ ഉള്ള റീയൂണിയന്‍ ദ്വീപ്. പൂര്‍ണമായും ഫ്രാന്‍സിന്റെ അധീനതയിലുള്ള ഈ ദ്വീപ് ആഫ്രിക്കയിലാണ് സ്ഥിതി ചെയ്യുന്നത്. നവോത്ഥാനവും, മനുഷ്യാവകാശ പ്രഖ്യാപനവുമൊക്കെ ചരിത്രത്തില്‍ ഉള്ള ഫ്രാന്‍സ് വെറുമൊരു കൊളോണിയല്‍ ശക്തിയായി മാറുന്നത് ഇന്നും റീയൂണിയനെ പോലെ ആഫ്രിക്കയിലെ മണ്ണ് ഫ്രാന്‍സിന്റെ കീഴില്‍ ഉള്ളത് കൊണ്ടാണ്
വാ മൊഴി ചരിത്രമനുസരിച്ച് പോര്‍ട്ടുഗീസുകാര്‍ കിഴക്കനാഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നും മനുഷ്യരെ അടിമകളാക്കി റീയൂണിയന്‍ ദ്വീപുകളില്‍ കാപ്പി കൃഷിക്കായി എത്തിച്ചു. പോര്‍ട്ടുഗീസുകാര്‍ക്ക് ശേഷം ദ്വീപ് സ്വന്തമാക്കിയ ഫ്രഞ്ചുകാര്‍ കരിമ്പിന്‍ കൃഷിക്കായി ഇന്ത്യയില്‍ നിന്നും മഡഗാസ്‌കറില്‍ നിന്നുമെല്ലാം തോട്ടങ്ങളില്‍ കരാര്‍ ജോലിക്കായി അടിമകളെ/ കരാര്‍ ജോലിക്കാരെ എത്തിച്ചു. മലബാര്‍ ഭാഗത്തു നിന്നും വന്നവരുടെ പേരിനൊപ്പം മലബാര്‍ എന്ന് ചേര്‍ത്തിട്ടുണ്ടായിരുന്നു എന്ന് വാ മൊഴി ചരിത്രം പറയുന്നു.
ഇന്ത്യയുമായി നേരിട്ട് ബന്ധമൊന്നും ഇല്ലെങ്കിലും അടിമയാക്കപ്പെട്ട കാലത്തിന്റെ മുറിവുകള്‍ ഓര്‍മപ്പെടുത്തി കൊണ്ട് ഇപ്പോഴും പേരില്‍ അറുമുഖവും സുബ്രമണ്യവും ഒക്കെയായി ജീവിക്കുന്ന മനുഷ്യര്‍ റീയൂണിയനിലുണ്ട്. തമിഴ് സംസ്‌കാരം പാലിക്കുന്ന ജനവിഭാഗമാണ് റീയൂണിയനിലെ വലിയ ഒരു വിഭാഗം തമിഴ് വംശജര്‍. ഇന്നും പോണ്ടിച്ചേരിയില്‍ നിന്നും വിവാഹം കഴിച്ച് റീയൂണിയനിലേക്ക് പങ്കാളികളെ കൊണ്ട് വരുന്നുണ്ട്. റീയൂണിയനിലെ ക്ഷേത്രത്തിലെ കര്‍മങ്ങളുടെ പരിശീലനത്തിനായി ഇപ്പോഴും തഞ്ചാവൂരിലേക്ക് പൂജാരികള്‍ എത്തുന്നത് ഇന്ത്യയുമായി ഇപ്പോഴും നിലനില്‍ക്കുന്ന വേരുകളെ ഓര്‍മിപ്പിക്കുന്നുണ്ട്. കാവടിയും, തീച്ചാമുണ്ഡിയും, തൈപ്പൂയവും, പൊങ്കലും, അമ്പലങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട പ്രദിക്ഷണവുമെല്ലാം റീയൂണിയനിലെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്.
ഫ്രാന്‍സിന്റെ കീഴിലുള്ള ആഫ്രിക്കയിലെ ഈ ഭൂപ്രദേശം നിരന്തരമായ കോളനിവല്‍ക്കരണത്തിന്റെ ചരിത്രം മാത്രമല്ല ഫ്രഞ്ച് സര്‍ക്കാറിന്റെ മനുഷ്യത്വരഹിതമായ പരീക്ഷണങ്ങളുടെ ഭൂമി കൂടിയാണ്. 1963 മുതല്‍ 1982 വരെ 2150 കുട്ടികളെയാണ് ഫ്രാന്‍സിന്റെ മെട്രോപൊളിറ്റന്‍ നഗരത്തില്‍ വിദ്യാഭ്യാസത്തിനും മികച്ച തൊഴില്‍ സാധ്യതകളും വാഗ്ദാനം ചെയ്തു കൊണ്ട് ഫ്രഞ്ച് സര്‍ക്കാര്‍ എത്തിച്ചത്. മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കും റീയൂണിയനില്‍ നിന്നും ‘കടത്തപ്പെട്ടു’ കൊണ്ട് പോയ കുട്ടികള്‍ വിധേയരായി. ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായ കുട്ടികളില്‍ ഒരാള്‍ 2002 ല്‍ കുട്ടികളെ കടത്തി കൊണ്ട് പോയതിനെതിരെ ഫ്രഞ്ച് സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്തു. അതിനെ തുടര്‍ന്ന് ധാരാളം കുട്ടികള്‍ (മുതിര്‍ന്ന വ്യക്തികള്‍) മുന്നോട്ട് വരുകയും കേസുകള്‍ ഫയല്‍ ചെയ്യുകയും ചെയ്തു, എന്നാല്‍ ഫ്രാന്‍സിലെ കോടതികള്‍ എല്ലാ കേസുകളും പുറന്തള്ളി. ഇപ്പോഴും റീയൂണിയനിലെ ക്രമസമാധാന പാലനവും, നിയമ വ്യവസ്ഥയും പ്രതിരോധവും എല്ലാം ഫ്രാന്‍സിന്റെ കയ്യിലാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഫ്രാന്‍സിന്റെ ഏറ്റവും വലിയ പ്രതിരോധ കേന്ദ്രം റീയൂണിയനിലാണ്.
പൂര്‍ണമായും ഫ്രാന്‍സിന്റെ രാഷ്ട്രീയ അധീനതയില്‍ ഉള്ള പ്രദേശമാണ് റീയൂണിയന്‍. ഫ്രഞ്ച് നാഷണല്‍ അസംബ്ലിയിലേക്ക് ഏഴ് പേരെയും സെനറ്റിലേക്ക് നാല് പേരെയും റീയൂണിയനില്‍ നിന്നും ഫ്രാന്‍സിലേക്ക് അയക്കുന്നുണ്ട് . റീയൂണിയനെ സംബന്ധിച്ച രാഷ്ട്രീയ സാമൂഹിക സാമ്പത്തിക തീരുമാനങ്ങള്‍ എല്ലാം തന്നെ ഫ്രാന്‍സാണ് എടുക്കുന്നത്.
ജനസംഖ്യയില്‍ ഭൂരിപക്ഷം റോമന്‍ കത്തോലിക്കരും അതിനു താഴെയായി ഹിന്ദുക്കളും ഉള്ള റീയൂണിയനില്‍ അവിടുത്തെ തദ്ദേശവാസികളെ കുറിച്ചോ അവരുടെ ആരാധനക്രമങ്ങളെ കുറിച്ചോ അവിടെ നിന്നിരുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ചോ പ്രതിപാദിക്കുന്നില്ല. പോര്‍ട്ടുഗിസുകാര്‍ കൊണ്ട് വന്ന അടിമയാക്കപ്പെട്ട മനുഷ്യരില്‍ നിന്നായിരിക്കാം റീയൂണിയന്റെ ചരിത്രമെന്നു ലഭ്യമായ രേഖകള്‍ പറയുമ്പോഴും, ചരിത്രത്തെ അപകോളനീകരിക്കേണ്ടതിന്റെ ആവശ്യകതയെ അദ്ര്യശ്യമായ അല്ലെങ്കില്‍ അപ്രത്യക്ഷ്യമായ റീയൂണിയനിലെ മനുഷ്യരുടെ അദൃശ്യ ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. History and present of reunion an African Island under French rule
Content Summary; History and present of reunion an African Island under French rule