ഹോംബൗണ്ട് ; ഓരോ ഇന്ത്യക്കാരനും കണ്ടിരിക്കേണ്ട സിനിമ

മാര്‍ട്ടിന്‍ സ്‌കോര്‍സെസിയെ സ്വാധീനിച്ച സിനിമ ഓസ്‌കര്‍ നേടുമോ!

homebound- review

നീരജ് ഗയ്വാന്‍ സംവിധാനം ചെയ്ത ‘ഹോം ബൗണ്ട്’ ഓസ്‌കര്‍ ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ പതിനഞ്ചു സിനിമകളാണ് ഹോംബൗണ്ടിനോടൊപ്പം മത്സരിക്കുന്നത്. പൊതുവെ, ലോകസിനിമയുടെ നിലവാരം ഉയര്‍ന്ന ഈ വര്‍ഷം ഹോംബൗണ്ടിന്റെ എതിരാളികളും പ്രബലമാണ്. ബ്രസീലില്‍ നിന്നുള്ള ദി സീക്രട്ട് ഏജന്റ്, ജാഫര്‍ പനാഹിയുടെ ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്‌സിഡന്റ്, നോര്‍വെയുടെ സെന്റിമെന്റല്‍ വാല്യൂ, സ്‌പെയിനില്‍ നിന്നുള്ള വാര്‍ ഫിലിം ‘Sirat ‘ തുടങ്ങിയവയൊക്കെ സിനിമ പ്രേമികളുടെ മികച്ച പ്രതികരണം കിട്ടിയ സിനിമകള്‍ ആണ്. ഇപ്പോള്‍ നടക്കുന്ന ഐഎഫ്എഫ്‌കെ-യിലും ഇവ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ലോകപ്രശസ്ത അമേരിക്കന്‍ ഫിലിംമേക്കര്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ സപ്പോര്‍ട്ട് കിട്ടിയ സിനിമയാണ് ഹോം ബൗണ്ട്. സ്‌ക്രിപ്റ്റിലും, എഡിറ്റിംഗിലും ഗൈഡ് ചെയ്ത സ്‌കോര്‍സെസി ഹോംബൗണ്ടിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സിനാണ് സിനിമയുടെ നിര്‍മാണത്തില്‍ മുഖ്യ പങ്കാളിത്തം ഉള്ളത്.

2020ലെ കോവിഡ് കാലത്ത് വന്ന ഇന്ത്യയിലെ ആദ്യത്തെ ലോക്ഡൗണ്‍ പ്രഖ്യാപനം- അത് ദുരിതത്തില്‍ ആഴ്ത്തിയ എണ്ണമറ്റ മനുഷ്യര്‍. അര്‍ധരാത്രിയോടെ പെരുവഴിയില്‍ ആയ സ്വന്തം ജീവിതവും തലയിലേറ്റിയ അവരുടെ പലായനം. കൂടുതലും മൈഗ്രന്റ് വര്‍ക്കേഴ്‌സും, കൂലി തൊഴിലാളികളും. അതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് ബഷാരത് പീര്‍ ന്യൂയോര്‍ക് ടൈംസില്‍ എഴുതിയ ആര്‍ട്ടിക്കിള്‍ ആണ് സിനിമയുടെ പ്രചോദനം. കുറെ ഫെസ്റ്റിവലുകളില്‍ മത്സരിച്ച ഹോംബൗണ്ടിലെ പൊള്ളുന്ന രാക്ഷ്ട്രീയവും, ആഗോളതലങ്ങള്‍ ഉള്ള മാനുഷികാവസ്ഥകളും ഇന്ത്യക്കു പുറത്തുള്ള പ്രേക്ഷകരെയും ആഴത്തില്‍ സ്പര്‍ശിച്ചതായി വിലയിരുത്തപ്പെടുന്നു.

ഉത്തര്‍പ്രദേശിലെ ഏതോ ഉള്‍ഗ്രാമത്തില്‍ നടക്കുന്ന കഥ. അയല്‍വാസികളും ബാല്യകാലം മുതലേ സുഹൃത്തുക്കളുമായ ചന്ദനും ഷൊയ്ബും. പട്ടിണിയും, കീഴ്ജാതി അപകര്‍ഷതാബോധവും, ആരാലും മതിക്കാത്ത അവരുടെ ജീവിതവും, അവരെ പോലീസ് യൂണിഫോം കൊതിപ്പിക്കുന്നു. ഷൊയ്ബ് മുസ്ലിം ഐഡന്റിറ്റിയുടെ പ്രശ്‌നങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. ഈ രണ്ടു സുഹൃത്തുക്കളുടെ ഇടയിലുള്ള ആത്മബന്ധവും, സമൂഹത്തില്‍ അവര്‍ ആഗ്രഹിക്കുന്ന നിലയും വിലയും, അവരുടെ കുടുംബങ്ങളുടെ പരിതാപകരമായ അവസ്ഥകളും എല്ലാം വ്യക്തമായി സ്‌ക്രീനില്‍ കൊണ്ട് വരുന്നുണ്ട് നീരജ്. കോ-റൈറ്റര്‍ സുമിത് റോയ് ആണ്. വരുണ്‍ ഗ്രോവറിനോടൊപ്പം ശ്രീധര്‍ ദുബെയ് സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നു. ഒതുക്കമുള്ള സ്‌ക്രിപ്റ്റാണ്.

തൊഴില്‍ ഇല്ലായ്മയും, ആഗ്രഹിച്ച ഇടങ്ങള്‍ സ്വപ്നങ്ങള്‍ മാത്രമായി തുടരുന്ന യുവാക്കളുടെ സാഹചര്യങ്ങളോടുള്ള പൊരുത്തപ്പെടലും, മാറാത്ത നിരാശയും ഇടകലര്‍ത്തി വികസിക്കുന്ന ഹോംബൗണ്ടില്‍, പ്രമേയപരമായി പുതുമ എന്തെങ്കിലും ഉണ്ടെന്ന് തോന്നിയില്ല. സമകാലീന ഇന്ത്യയുടെ ഇത്തരം നേര്‍ചിത്രങ്ങള്‍ നമ്മള്‍ കുറെ വര്‍ഷങ്ങളായി സിനിമകളില്‍ കണ്ടുകൊണ്ടിരിക്കുന്നു. എടുത്തു പറയാനുള്ളത്, അവസാനത്തെ സീനുകളിലെ പൊള്ളിക്കുന്ന മനുഷ്യാവസ്ഥയുടെ യഥാര്‍ത്ഥമായ അവതരണമാണ്. സിനിമാട്ടോഗ്രാഫിയും ഉയരുന്നത് ഇവിടെയാണ്.

ഇഷാന്‍ ഖത്തറും, വിശാല്‍ ജെത്‌വയും ഈ യുവാക്കളെ നന്നായി അവതരിപ്പിച്ചു സ്‌ക്രീനില്‍. പ്രത്യേകിച്ചും ഇഷാന്റെ പ്രകടനം ഇഷ്ടപ്പെട്ടു. ഇവരുടെ ഇടയിലേക്ക്, ഒരു പോലത്തെ സ്വപ്നങ്ങളോ, അതിനു ഒരുപടി മുകളിലോ നില്‍ക്കുന്ന കഥാപാത്രമായി വരുന്ന സുധ ഭാരതിയെ ജാന്‍വി കപൂറും ഉള്‍ക്കൊണ്ടിട്ടുണ്ട്.

നീരജ് ഗെയ്വാന്റെ ആദ്യ സിനിമ ‘മസാന്‍’ കണ്ടത് 2015ല്‍ ആണ്. ഇപ്പോഴും, അതിലെ പല സീനുകളും അവശേഷിപ്പിച്ച ഞെട്ടല്‍ വിട്ടു മാറിയിട്ടില്ല. ആദ്യ സിനിമയില്‍ തന്നെ ദേശീയ അവാര്‍ഡും നേടി നീരജ്. രണ്ടും, രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്ന തീമുകള്‍ ആണെങ്കിലും, ആ ക്രാഫ്റ്റ് ഹോംബൗണ്ടില്‍ ഇല്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. ഈ സിനിമയുടെ പകുതിയും കണ്ടു പഴകിയ സീനുകള്‍ ആണ്. നീരജിലെ സംവിധായകന്‍ സോഫ്റ്റ് ആയ പോലെ. ഹോംബൗണ്ടില്‍ നിശബ്ദമാക്കപെടുന്ന ഡയലോഗുകളും പ്രെഡിക്റ്റബിള്‍ ആണ്. ഹോംബൗണ്ടിന്റെ സ്‌ക്രിപ്റ്റില്‍ സ്‌കോര്‍സെസിയെ സ്വാധീനിച്ച ഘടകങ്ങള്‍ ഉണ്ടായിരിക്കാം. എങ്കിലും, ഓസ്‌കര്‍ പ്രെമോഷന്‍, പ്രമേയത്തിനുപരി മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു എന്ന സത്യമുണ്ട്. നല്ല ചിലവും ഉണ്ട്. എന്തായാലും, ഓരോ ഇന്ത്യനും കണ്ടിരിക്കണ്ട സിനിമയാണ് ഹോംബൗണ്ട്, ചില തലങ്ങളില്‍. ഹോംബൗണ്ടിനും, അണിയറപ്രവര്‍ത്തകര്‍ക്കും എല്ലാ ഓസ്‌കര്‍ ആശംസകളും.

Content Summary; Homebound, Hindi movie India’s official entry for the 98th Academy Awards. directed by Neeraj Ghaywan.

This post was last modified on December 18, 2025 7:34 pm

സുമി ബാഹുലേയന്‍: സിനിമ നിരൂപക
Related Post
Leave a Comment