July 12, 2025 |

രാഹുൽ ഈശ്വറിൻ്റേത് ഓർഗനൈസ്ഡ് ക്രൈം; ഹണി റോസ്‌ നിയമ പോരാട്ടത്തിന്

”രാഹുൽ ഈശ്വർ, ഞാനും എൻറെ കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. അതിന് പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കളാണ്”

രാഹുൽ ഈശ്വറിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി നടി ഹണി റോസ്. മാധ്യമങ്ങളിലും സൈബർ ഇടത്തുെമല്ലാം തനിക്കെതിരെ രാഹുൽ സംഘടിത ആക്രമണം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകുന്നത്. ബോബി ചെമ്മണ്ണൂരിനെതിരെ താൻ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളെ തനിക്കുനേരെ തിരിക്കാനും ബോധപൂർവ്വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് പരാതി നൽകിയിരിക്കുന്നത്. വസ്ത്ര സ്വാതന്ത്ര്യം തൻറെ മൗലികാവകാശമാണെന്നിരിക്കെ രാഹുൽ ഈശ്വർ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബർ ഇടങ്ങളിൽ ആളുകൾ തനിക്കെതിനെ തിരിയാൻ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ഹണി റോസ് വ്യക്തമാക്കി.

ഹണി റോസിൻറെ പങ്കുവെച്ച കുറിപ്പിൻറെ പൂർണ്ണ രൂപം

രാഹുൽ ഈശ്വർ, ഞാനും എൻറെ കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. അതിന് പ്രധാന കാരണക്കാരിൽ ഒരാൾ ഇപ്പോൾ താങ്കളാണ്. ഞാൻ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമിൽ പകൽ പോലെ വ്യക്തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു. പൊലീസ് എൻറെ പരാതിയിൽ കാര്യം ഉണ്ടെന്നുകണ്ട് കേസെടുക്കുകയും കോടതി ഞാൻ പരാതി കൊടുത്ത വ്യക്തിയെ റിമാൻഡിൽ ആക്കുകയും ചെയ്തു. പരാതി കൊടുക്കുക എന്നതാണ് ഞാൻ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യേണ്ടത് ഭരണകൂടവും പൊലീസും കോടതിയുമാണ്.

ഞാൻ കൊടുത്ത പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എൻറെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബർ ഇടത്തിൽ ഒരു ഓർഗനൈസ്‍ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുൽ ഈശ്വർ ചെയ്യുന്നത്. ഇന്ത്യൻ നിയമ വ്യവസ്ഥയിൽ, ഇന്ത്യൻ ഭരണ ഘടന വസ്ത്രധാരണത്തിൽ ഒരു വ്യക്തിക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശവും നൽകിയിട്ടുണ്ട്. ഇതിനെ നിയന്ത്രിക്കുന്ന നിബന്ധനകളൊന്നും ഇന്ത്യൻ പീനൽ കോഡിൽ ഇല്ല.

ഇങ്ങനെ ആണെന്നിരിക്കെ തുടർച്ചയായി മാധ്യമങ്ങളിലൂടെ എനിക്കെതിരെ, എൻറെ മൗലികാവകാശങ്ങൾക്കെതിരെ നിയന്ത്രണം ഏർപ്പെടുത്താനും എനിക്കെതിരെ ഒരു പൊതുബോധം സൃഷ്ടിച്ച് എന്നെ ആക്രമിക്കാനും താങ്കൾ കഴിഞ്ഞ ദിവസങ്ങളായി നടത്തിയ ശ്രമഫലമായി എനിക്കെതിരെ വരുന്ന, എൻറെ തൊഴിലിന് നേരെ വരുന്ന ഭീഷണികൾ, തൊഴിൽ നിഷേധ ഭീഷണികൾ, അപായ ഭീഷണികൾ, അശ്ലീല, ദ്വയാർഥ, അപമാനക്കുറിപ്പുകൾ തുടങ്ങിയ എല്ലാ സൈബർ ബുള്ളീയിംഗിനും പ്രധാന കാരണക്കാരൻ താങ്കൾ ആണ്. കോടതിയിൽ ഇരിക്കുന്ന കേസിലെ പരാതിക്കാരിയായ എന്നെ കടുത്ത മാനസിക വ്യഥയിലേക്ക് തള്ളിയിടുകയും ആത്മഹത്യയിലേക്ക് തള്ളിയിടാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവർത്തികളാണ് രാഹുൽ ഈശ്വറിൻറെ ഭാഗത്തുനിന്ന് തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാഹുൽ ഈശ്വറിനെപ്പോലെയുള്ളവരുടെ ഇത്തരം ഓർഗനൈസ്‍ഡ് ക്രൈം ഓപ്പറേഷൻ കാരണം ഇത്തരം അവസ്ഥയിൽ പെട്ടുപോകുന്ന സ്ത്രീകൾ പരാതിയുമായി മുന്നോട്ടുവരാൻ മടിക്കും. അത്തരം നടപടികളാണ് തുടർച്ചയായി രാഹുൽ ഈശ്വർ എല്ലാ സ്ത്രീകളായ പരാതിക്കാരോടും കാണിക്കുന്നത്. താങ്കളും താങ്കൾ പിന്തുണയ്ക്കുന്ന, ഞാൻ പരാതി കൊടുത്ത വ്യക്തിയുടെ പിആർ ഏജൻസികളും എനിക്കെതിരെ നടത്തുന്നത് ഈ ഓർഗനൈസ്‍ഡ് ക്രൈമിൻറെ ഭാഗമാണ്.

എൻറെ മൗലികാവകാശങ്ങളെ നിഷേധിച്ചുകൊണ്ട്, എൻറെ മൗലികാവകാശങ്ങളിലേക്ക് കടന്നുകയറി എന്നെ അപമാനിച്ചുകൊണ്ട് എനിക്കെതിരെ, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും എന്നെ ആക്രമിക്കുകയും അപായപ്പെടുത്തുമെന്നുള്ള ഭീഷണികളുടെ രീതിയിലും തൊഴിൽ നിഷേധ രീതിയിലും നേരിട്ടും സോഷ്യൽ മീഡിയ വഴിയും വരുന്ന എല്ലാ വെല്ലുവിളി, പോർവിളി കമൻറുകൾക്കും ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെതിരെ ഞാൻ നിയമ നടപടി കൈക്കൊള്ളുന്നു.

ഒരു സ്ത്രീയുടെ പൊതുവിടത്തിലെ വസ്ത്രധാരണത്തെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും നടത്തുന്നത് സൈബർ ബുള്ളീയിംഗിൻറെ പരിധിയിൽ വരുന്നതും ഇന്ത്യയിലെ വ്യത്യസ്ത നിയമങ്ങൾ അനുസരിച്ച് ശിക്ഷാർഹമായ കുറ്റവുമാണ്. ഒരു വ്യക്തിയോ ഒരു പിആർ ഏജൻസിയോ ബോധപൂർവ്വം നടത്തുന്ന സൈബർ ബുള്ളീയിംഗ് ഇന്ത്യയിൽ ഓർഗനൈസ്‍ഡ് ക്രൈമിൻറെ പരിധിയിൽ വരുന്ന ഒന്നാണ്. ഒരാളുടെ വസ്ത്രധാരണത്തെ മുൻനിർത്തി മാധ്യമങ്ങളെ ഉപയോഗിച്ച് അയാൾക്കെതിരെ സൈബർ ആക്രമണം സൃഷ്ടിക്കുന്നതും ഒരു ഓർഗനൈസ്‍ഡ് ക്രൈം ആണ്. രാഹുൽ ഈശ്വർ മാപ്പർഹിക്കുന്നില്ല,

ഹണി റോസ് വർഗീസും കുടുംബവും.

content summary; honey rose filed complaint against rahul easwar

Leave a Reply

Your email address will not be published. Required fields are marked *

×