നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷകള്‍ ഏറുന്നു. ജൂലൈ 16 ന് നിമിഷ പ്രിയയുടെ വധശിക്ഷ നടത്തുമെന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ തീയതി നീട്ടിവയ്ക്കുമെന്നാണ് ഏറ്റവും പുതിയതായി കിട്ടുന്ന ആശ്വാസകരമായ വാര്‍ത്ത. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചര്‍ച്ചകള്‍ നടക്കുന്ന തിന്റെ പശ്ചാത്തലത്തില്‍ വധ ശിക്ഷ നീട്ടിവയ്ക്കുമെന്നാണ് കരുതുന്നത്.
യമന്‍ സമയം ഇന്ന് രാവിലെ പത്ത് മണിക്ക് തലാലിന്റെ കുടുംബവുമായുള്ള യോഗം പുനരാരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സിലിന്റെ അംഗവുമായ വ്യക്തി, ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശ പ്രകാരം ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തലാലിന്റെ നാടായ ദമാറില്‍ എത്തിയിട്ടുണ്ടെന്നാണ് നിമിഷ പ്രിയുടെ മോചനത്തിനായുള്ള ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് നേതൃത്വം നല്കുന്ന സുപ്രിം കോടതി അഭിഭാഷകന് സുഭാഷ് ചന്ദ്രന് അറിയിക്കുന്നത്.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലുകളാണ് നിമിഷ പ്രിയയുടെ കാര്യത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. കാന്തപുരത്തിന്റെ അഭ്യര്‍ത്ഥനയിലാണ് ശൈറ് ഹബീബ് ഉമര്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താന്‍ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടല്‍ ഉണ്ടാകുമെന്നും സുഭാഷ് ചന്ദ്രന് അഴിമുഖവുമായി പ്രതീക്ഷ പങ്കുവയ്ക്കുന്നു.
യെമനിലെ നിയമസംവിധാനങ്ങളെയും ഉന്നത രാഷ്ട്രീയ നേതൃത്വങ്ങളെയും ഈ വിഷയത്തില്‍ ഇടപെടുത്താന്‍ സാധിച്ചത് തന്നെ പ്രതീക്ഷയേകുന്ന കാര്യങ്ങളാണെന്ന് അഡ്വ. സുഭാഷ് ചന്ദ്രന് പറയുന്നു. ഇപ്പോള്‍ നടന്നുവരുന്ന ചര്‍ച്ചയില്‍ ഏറ്റവും കുറഞ്ഞത് വധ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കുന്ന കാര്യത്തിലെങ്കിലും ഇടപെടല്‍ ഉണ്ടാകുമെന്നും, അതിന് ശേഷം ചര്‍ച്ചകള്‍ വീണ്ടും മുന്നോട്ട് കൊണ്ടുപോകുന്നത് സാധിക്കാമെന്നും അഭിഭാഷകന് പറയുന്നു.
വധ ശിക്ഷ നീട്ടിവച്ചാല്‍ തന്നെ അതൊരു വിജയമായി കാണാനാകും. കാരണം, വീണ്ടും അനുരഞ്ജനത്തിനുള്ള അവസരം കിട്ടുകയാണ്.
ബ്ലഡ് മണി സ്വീകരിക്കാന്‍ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം സമ്മതിച്ചാല്‍ നിമിഷ പ്രിയയുടെ മോചനം സാധ്യമാകും. കുടുംബാംഗങ്ങള്‍ക്ക് പുറമെ ഗോത്രങ്ങള്‍ക്കിടയിലും ദമാര്‍ പ്രദേശ വാസികള്‍ക്കിടയിലും വളരെ വൈകാരിക പ്രശ്നമായി മാറിയൊരു കൊലപാതകമാണ് തലാലിന്റേത്. ബ്ലഡ് മണി സ്വീകരിക്കുന്നതില്‍ ഇതുവരെ അവിടുത്തെ ഗോത്ര വിഭാഗം എതിരായിരുന്നു. ഈ എതിര്‍പ്പ് നിലനില്‍ക്കുന്നതുകൊണ്ടായിരുന്നു തലാലിന്റെ കുടുംബം, ബ്ലഡ് മണിയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാകാതിരുന്നത്. ഇന്നലെയാണ് കുടുംബത്തെ ചര്‍ച്ചയ്ക്ക് കൊണ്ടുവരാന്‍ സാധിച്ചത്.
ബ്ലഡ് മണി സ്വീകരിക്കണോ വേണ്ടയോ എന്ന് ഒരു വ്യക്തിക്ക് മാത്രമായി തീരുമാനിക്കാനാകില്ല, കുടുംബം മൊത്തത്തില്‍ ഇക്കാര്യത്തില്‍ യോജിപ്പില്‍ എത്തണം. അതിന് സമയം വേണം. സമയം കിട്ടണമെങ്കില്‍ വധ ശിക്ഷ നീട്ടിവയ്ക്കണം. അതുകൊണ്ട് വധ ശിക്ഷ നീട്ടിവയ്ക്കുക എന്നതാണ് ആദ്യത്തെ ലക്ഷ്യം. അതില്‍ വിജയിച്ചാല്‍ ബ്ലഡ് മണി ഉള്‍പ്പെടെയുള്ള കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം കിട്ടും.
കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടല്‍ തന്നെയാണ് ഇപ്പോള്‍ നിര്ണായകമായിരിക്കുന്നതെന്ന് അഡ്വ. സുഭാഷ ്ചന്ദ്രന്‍ അഴിമുഖത്തോട് പറയുന്നു. ഇപ്പോള്‍ വഴി തെളിഞ്ഞതിന് കാരണം കാന്തപുരത്തിന് യമെനില്‍ ഉള്ള ബന്ധങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിച്ചതാണ്. കാന്തപുരത്തിന്റെ ഇടപെടലോടെ ആണ് കുടുംബവുമായുള്ള ആശയവിനിമയം ആദ്യമായി സാധിക്കുന്നത്. പ്രമുഖ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് വഴിയുള്ള ഇടപെടലാണ് കുടുംബത്തിനെ പുനരാലോചനയിലേക്ക് സമ്മതിപ്പിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശത്തെ കുടുംബം മാനിക്കുകയാണ് ചെയ്തതെന്നും സുഭാഷ് ചന്ദ്രന് പറയുന്നു.
കേന്ദ്രസര്‍ക്കാര്‍ പറയുന്നത് സാങ്കേതിക തടസങ്ങളാണ്. യെമനില്‍ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നില്ല. യെമനുമായി നയതന്ത്ര ബന്ധങ്ങളുമില്ല. മാത്രമല്ല, ഹൂതി ഭരണകൂടത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിക്കുന്നുമില്ല. അതുകൊണ്ട് തന്നെ നയതന്ത്ര ചാനല്‍ വഴിയുള്ള ഇടപെടലിന് സാധിക്കാതെ വരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
ഒരു മനുഷ്യ ജീവനാണ് ഇവിടുത്തെ പ്രശ്നം. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര വഴികളുടെ സാങ്കേതികത്വത്തിന് അപ്പുറം ചിന്തിക്കേണ്ടി വരുന്നുണ്ടെന്നാണ് അഭിഭാഷകന് പറയുന്നത്. സര്‍ക്കാരിന് തടസങ്ങള്‍ ഉണ്ടെങ്കിലും സ്വകാര്യ വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഇടപെടുന്നതില്‍ പ്രശ്നം വരുന്നില്ല. കേന്ദ്രസര്‍ക്കാരിന് രാഷ്ട്രീയമായി ഉള്‍പ്പെടെ പരിമിതികള്‍ ഉണ്ടായേക്കാം. എന്നാല്‍ ഇതൊരു മനുഷ്യ ജീവന് രക്ഷിക്കുന്ന കാര്യമാണ്. അതിനുള്ള എല്ലാ മാര്‍ഗങ്ങളും തേടും. ഹൂതികളുമായി ചര്‍ച്ച ചെയ്യേണ്ടി വരുമെങ്കില്‍ ആ വഴിയും തേടും. ഒരു ജീവന്റെ കാര്യം മാത്രമാണ് സംസാരിക്കുന്നത്.
ബ്ലഡ് മണി സ്വീകരിക്കാന്‍ തയ്യാറായാല്‍, അവര്‍ ആവശ്യപ്പെടുന്നത് കൊടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും അഡ്വ. സുഭാഷ് ചന്ദ്രന് പങ്കുവയ്ക്കുന്നുണ്ട്. ഫറോക് സ്വദേശി റഹീമിന്റെ മോചനത്തിനായി രൂപീകരിച്ച ട്രസ്റ്റ്, അവര്‍ക്ക് ലഭിച്ചതില്‍ നിന്നും ബാക്കി കിടക്കുന്ന 11 കോടിയോളം രൂപ നിമിഷ പ്രിയയുടെ മോചനത്തിനായി നല്കാന് സന്നദ്ധരാണെന്ന് അറിയിച്ചിട്ടുണ്ട്. എം എ യൂസഫലി ഒരു കോടി നല്‍കാമെന്ന് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. അതുപോലെ ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പും ഒരു കോടി വാഗ്ദാനം ചെയ്തിട്ടുണ്ട്. പല വ്യക്തികളും സംഘടനകളും ഇതുപോലെ സഹായം വാഗ്ദാനം ചെയ്തിരിക്കുന്നതിനാല്‍ മോചനദ്രവ്യം ചോദിക്കുന്നത് കൊടുക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കവെ, നാളത്തെ വധ ശിക്ഷ താല്‍ക്കാലികമായി നീട്ടിവെക്കണമെന്ന കാന്തപുരത്തിന്റെ ആവശ്യം യമന്‍ ഭരണകൂടം ഇന്ന് പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. hope that Nimisha Priya’s execution will be stayed, with reconciliation talks underway
Content Summary; hope that Nimisha Priya’s execution will be stayed, with reconciliation talks underway
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.