മൂന്ന് ആഴ്ചകള്‍ക്കുശേഷം ആദ്യമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശബ്ദം ലോകം കേട്ടു. ശ്വാസകോശ സംബന്ധമായ അസുഖവുമായി ആശുപത്രിയില്‍ കഴിഞ്ഞു വരികയാണ് മാര്‍പാപ്പ. അദ്ദേഹത്തിന്റെ ആരോഗ്യനില ഏറെ വഷളാണെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടയിലാണ് വ്യാഴാഴ്ച വൈകുന്നേരം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശബ്ദം ലോകം കേട്ടത്. സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ വിശ്വാസികള്‍ ദിവസവും പ്രാര്‍ത്ഥിക്കുന്ന ജപമാലയ്ക്ക് മുന്നോടിയായാണ് ഉച്ചഭാഷിണികളിലൂടെ റെക്കോര്‍ഡ് ചെയ്ത മാര്‍പാപ്പയുടെ ശബ്ദം പുറത്തു വിട്ടത്.
‘എന്റെ ആരോഗ്യത്തിനായുള്ള നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് ഞാന്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയുന്നു,’ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍. ‘ഞാന്‍ ഇവിടെ നിന്ന് നിങ്ങളോടൊപ്പം ചേരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, മാതാവ് നിങ്ങളെ സംരക്ഷിക്കട്ടെ. നന്ദി’: ലോകം ശ്രവിച്ച വാക്കുകള്‍.
തന്റെ മാതൃഭാഷയായ സ്പാനിഷില്‍ ആയിരുന്നു മാര്‍പാപ്പ സംസാരിച്ചത്. അദ്ദേഹത്തിന്റെ ശബ്ദം വളരെ ക്ഷീണിച്ചതായിരുന്നു. എങ്കില്‍ പോലും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആ ദുര്‍ബലമായ ശബ്ദം പോലും സെന്റ്. പീറ്റേഴ്സ് സ്‌ക്വയറില്‍ കൂടിയിരുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ വലിയ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
റോമിലെ പോളിക്ലിനിക്കോ അഗോസ്റ്റിനോ ജെമെല്ലി ആശുപത്രിയില്‍ വച്ച് വ്യാഴാഴ്ച്ച തന്നെ റെക്കോര്‍ഡ് ചെയ്ത ശബ്ദമാണ് പുറത്തു വിട്ടതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഫെബ്രുവരി 14 നാണ് ബ്രോങ്കൈറ്റിസ് ബാധിച്ചതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയെ ജെമില്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നു 88 കാരനായ മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. അതേസമയം, ലോകവും വിശ്വാസികളും പ്രതീക്ഷിച്ചിരുന്നതുപോലെ, മാര്‍പാപ്പയുടെ ഇപ്പോഴത്തെ ഒരു ചിത്രം പുറത്തു വിടാന്‍ വത്തിക്കാന്‍ തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ സ്വകാര്യത മാനിച്ചാണ് ചിത്രങ്ങളൊന്നും പകര്‍ത്താത്തും പുറത്തു വിടാത്തതെന്നുമാണ് വത്തിക്കാന്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച്ച വത്തിക്കാന്‍ അറിയിച്ചത് പ്രകാരം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ വഷളായിരുന്നു. മാര്‍പാപ്പയ്ക്ക് തിങ്കളാഴ്ച രണ്ടുതവണ ഗുരുതരമായ ശ്വാസ തടസം (‘അക്യൂട്ട് റെസ്പിറേറ്ററി ഫെയ്ലര്‍) അനുഭവപ്പെട്ടുവെന്നാണ് വത്തിക്കാന്‍ അറിയിച്ചത്. അതിനു മുമ്പുള്ള വെള്ളിയാഴ്ച്ച കടുത്ത ഛര്‍ദ്ദിയും അദ്ദേഹത്തിനുണ്ടായിരുന്നു. എങ്കിലും ശനിയാഴ്ച്ചയോടെ പോപ്പിന്റെ ആരോഗ്യാവസ്ഥയില്‍ ആശാവഹമായ പുരോഗതി ഉണ്ടായി. എന്നാല്‍ തിങ്കളാഴ്ച്ച സ്ഥിതി വീണ്ടും വഷളാവുകയായിരുന്നു.
മാര്‍പാപ്പയുടെ ശ്വാസനാളത്തില്‍ കഫം അടിഞ്ഞുകൂടിയിരുന്നു. ഇതുമൂലം ശ്വാസനാള പേശികള്‍ ചുരുങ്ങുകയും തന്മൂലം മാര്‍പാപ്പയ്ക്ക് ശ്വസിക്കാന്‍ കടുത്ത ബുദ്ധിമുട്ട് നേരിട്ടുമെന്നുമായിരുന്നു വത്തിക്കാന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. ശ്വാസനാളത്തില്‍ അടിഞ്ഞുകൂടിയ കഫം നീക്കം ചെയ്യാനായി ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ബ്രോങ്കോസ്‌കോപിക്ക് വിധേയനാക്കി. പോപ്പിന്റെ ശ്വസനപ്രക്രിയ എളുപ്പമാക്കാന്‍ വേണ്ടി അദ്ദേഹത്തിന് ഒരു ശ്വസന യന്ത്രം (നോണ്‍-ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേഷന്‍) ഘടിപ്പിച്ചിരുന്നു. ശ്വാസകോശ അസുഖങ്ങള്‍ മൂലം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യാവസ്ഥ ഇപ്പോഴും ആശങ്കാജനകമാണ്. എങ്കിലും ചികിത്സകളോട് അദ്ദേഹം നല്ലരീതിയില്‍ സഹകരിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ പോപ്പിന്റെ ആരോഗ്യനില സൂക്ഷമമായി നിരീക്ഷിച്ചു വരികയാണ്. വലിയശ്രദ്ധ അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങളില്‍ നല്‍കേണ്ടതുണ്ടെന്നും, ഏതുനിമിഷവും മോശമാകുന്ന അവസ്ഥയാണ് ഇപ്പോഴത്തെ ശാരീരികാവസ്ഥയെന്നുമാണ് ഡോക്ടര്‍മാരെ ഉദ്ധരിച്ച് വത്തിക്കാന്‍ പറയുന്നത്. Hospitalized Pope Francis audio message
Content Summary; Hospitalized Pope Francis audio message