April 19, 2025 |
Share on

ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ രണ്ട് പേർ മാത്രം രക്ഷപ്പെട്ടതെങ്ങനെ?

32കാരനായ ലീയും 25കാരിയായ ക്വോനുമാണ് റൺവേയിലൂടെ തെന്നിനീങ്ങി മതിലിലിടിച്ച് കത്തിയമർന്ന വിമാനത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്

179 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ സമ​ഗ്രമായ അന്വേഷണം നടത്തുമെന്ന് ദക്ഷിണ കൊറിയ അറിയിച്ചു. ഡിസംബർ 29 ഞായാറാഴ്ചയാണ് ദക്ഷിണ കൊറിയയിലെ മുവാൻ വിമാനത്താവളത്തിൽ 181 യാത്രക്കാരുമായി പുറപ്പെട്ട ജെജു എയറിന്റെ ബോയിങ് 737-800 വിമാനം അപകടത്തിൽ പെട്ടത്. വിമാനത്തിലെ ജീവനക്കാരായ രണ്ട് പേർ മാത്രമാണ് അപകടത്തിൽ രക്ഷപ്പെട്ടത്. 32കാരനായ ലീയും 25കാരിയായ ക്വോനുമാണ് റൺവേയിലൂടെ തെന്നിനീങ്ങി മതിലിലിടിച്ച് കത്തിയമർന്ന വിമാനത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. plane crash in South Korea

ഒരു വിമാനത്തിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതപ്പെടുന്ന പിൻഭാ​ഗത്ത് ഇരുന്നത് കൊണ്ടാണ് ഇവർ പരിക്കുകളോടെ രക്ഷപ്പെട്ടെന്നാണ് വിദ​ഗ്ധർ വിലയിരുത്തുന്നത്. അപകടസമയത്ത് പിൻഭാ​ഗത്തെ സീറ്റുകളിലിരിക്കുന്നതാണ് സുരക്ഷിതമെന്ന് 2015ൽ ടൈം മാ​ഗസിൻ നടത്തിയ ഒരു പഠന റിപ്പോർട്ടിലും പറയുന്നുണ്ട്. ടൈം മാ​ഗസിന്റെ റിപ്പോർട്ട് പ്രകാരം വിമാനത്തിന്റെ പിൻഭാ​ഗത്തെ സീറ്റുകളിലെ മരണനിരക്ക് 32 ശതമാനമാണ്. അതേസമയം, മധ്യഭാ​ഗത്തെ സീറ്റുകളിലെ മരണനിരക്ക് 39 ശതമാനവും മുൻഭാ​ഗത്തെ സീറ്റുകളിലെ മരണനിരക്ക് 38 ശതമാനവുമാണ്.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ക്രൂ അം​ഗങ്ങൾ ഇപ്പോഴും അപകടത്തിന്റെ ഞെട്ടലിലാണ്. ലീക്കും ക്വാനിനും ബോധം വന്നിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തനിക്ക് എന്താണ് സംഭവിച്ചതെന്നും എങ്ങനെയാണ് ആശുപത്രിയിലെത്തിയതെന്നും ലീ ആവർത്തിച്ച് ചോദിച്ചുകൊണ്ടിരുന്നുവെന്ന് കൊറിയൻ മാധ്യമമായ കൊറിയൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ലീക്ക് ഇടത് തോളിനും തലക്കുമാണ് പരിക്കേറ്റിരിക്കുന്നത്. തലയോട്ടിക്കും കാലിനും പരിക്കേറ്റ ക്വാനിന് അപകടത്തെക്കുറിച്ച് യാതൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ലായെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. അപകടത്തിൽ രക്ഷപ്പെട്ട ലീക്കും ക്വാനിനും കാര്യമായ മാനസികാഘാതമുണ്ടെങ്കിലും അപകടാവസ്ഥയിലല്ല എന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ബാങ്കോക്കിൽ നിന്ന് മുവാനിലേക്ക് പറക്കുകയായിരുന്ന വിമാനത്തിന്റെ ചിറകിൽ ലാൻഡിങ്ങിനിടെ പക്ഷി ഇടിച്ചിരുന്നുവെന്നും വിമാനം അപകടത്തിലാണെന്നും പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ അധികൃതരെ അറിയിച്ചിരുന്നു. ഇരട്ട എഞ്ചിനുള്ള വിമാനത്തിന്റെ ലാൻഡിങ് ​ഗിയറും തകരാറിലായിരുന്നുവെന്നാണ് റിപ്പോർട്ട്. വിമാനത്തിന്റെ അടിഭാ​ഗം ഇടിച്ചിറക്കിയാണ് ലാൻഡിങ്ങ് നടത്തിയത്. തുടർന്ന് വിമാനം റൺവേയിലുടെ ഉരഞ്ഞ് നീങ്ങി മതിലിലിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ വിമാനം തീ​ഗോളമായി മാറി.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ രണ്ട് പേർ തായ് പൗരന്മാരും ബാക്കിയുള്ളവർ ദക്ഷിണ കൊറിയക്കാരുമായിരുന്നു. മരിച്ചവരിൽ 146 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ളവരുടെ ഡിഎൻഎ, വിരലടയാള സാമ്പിളുകൾ എന്നിവ ശേഖരിക്കുകയാണെന്നും ​ഗതാ​ഗത മന്ത്രാലയം അറിയിച്ചു. plane crash in South Korea

Content Summary: How did only two people survive the plane crash in South Korea?

South Korea plane crash jeju Air plane crash muan airport

Leave a Reply

Your email address will not be published. Required fields are marked *

×