പൾസർ ബൈക്കുകളോടുള്ള പ്രിയം? ; കൊടും ക്രിമിനലായ സുനില്‍ കുമാര്‍ എങ്ങനെ പള്‍സര്‍ സുനിയായി?

യഥാര്‍ഥത്തില്‍ പോലീസുകാര്‍ക്കും സുനി ആരാണെന്നത് ആദ്യ ഘട്ടത്തില്‍ ചോദ്യചിഹ്നമായിരുന്നു

പെരുമ്പാവൂര്‍ അകനാട് ഇളമ്പകപ്പള്ളിക്കാരന്‍ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനി. പരമാവധി ആയിരം സ്‌ക്വയര്‍ ഫീറ്റില്‍ ഒതുങ്ങുന്നൊരു വീട്ടില്‍ നിന്നും വന്നൊരു ചെറുപ്പക്കാരന്‍. കേരളത്തെ നടുക്കിയ ഒരു കേസിലെ കുറ്റക്കാരനായ ഒന്നാം പ്രതി.

അകനാടുകാര്‍ക്കുപോലും പിടികൊടുക്കാത്തവനായിരുന്നു സുനി. ഇടയ്‌ക്കെപ്പോഴുമെങ്കിലും നാട്ടില്‍ വരും. വരുന്നതോ വലിയ കാറിലും ബൈക്കിലും. ഏതോ കൊളളാവുന്നവന്റെ കൂടെ കൂടി രക്ഷപ്പെട്ടതാണെന്നു നാട്ടുകാര്‍ കരുതി. ഇടയ്ക്ക് ചില കേസുകളില്‍ പെട്ടതോടെ നാട്ടുകാര്‍ക്കധികം മുഖം കൊടുക്കാതെയായി. ബൈക്കിലായാലും കാറിലായാലും മിന്നായം പോലെ പറക്കും. ഇതിനപ്പുറമൊന്നും നാട്ടിലാര്‍ക്കും പള്‍സറിനെ കുറിച്ചറിയില്ല.

സുനില്‍ കുമാര്‍ എങ്ങനെ പള്‍സര്‍ സുനിയായി? അതിനും നാട്ടുകാര്‍ക്കൊരുത്തരമില്ല. പള്‍സര്‍ ബൈക്കുകളോടുള്ള പ്രിയമാണ് കാരണമെന്ന് ചിലര്‍, അതല്ല പള്‍സര്‍ ബൈക്കുകള്‍ തെരഞ്ഞ് പിടിച്ച് മോഷണം നടത്തിയതു കൊണ്ടാണെന്ന് മറ്റു ചിലര്‍… അതുമല്ല ആദ്യമായി പള്‍സര്‍ ബൈക്ക് വാങ്ങി നാട്ടില്‍ ചെത്തി നടന്നതു കൊണ്ടാണെന്ന് മൂന്നാമതൊരു കൂട്ടര്‍…

എല്ലാവരും ഒരുപോലെ സമ്മതിക്കുന്നത് ഒരു കാര്യം മാത്രം; അവനൊരു ക്രമിനല്‍ ആണ്. ചാനലുകളിലും പത്രങ്ങളിലും വാര്‍ത്തകള്‍ വന്നതോടെയാണോ ഇങ്ങനെയൊരു അഭിപ്രായം ഉണ്ടാതെന്നു ചോദിച്ചാല്‍ തീര്‍ത്തും നിഷേധിക്കില്ല.

സ്‌കൂള്‍ പഠന കാലത്ത് തന്നെ വില്ലന്‍ പട്ടം ലഭിച്ച സുനിക്ക് വീടുമായും നാടുമായും ബന്ധം വളരെ കുറവായിരുന്നു. എട്ടാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച സുനില്‍കുമാറിനെ അധ്യാപകരാരും തന്നെ ഓര്‍ക്കുന്നില്ല. വീട്ടുകാരുടെ എതിര്‍പ്പ് ശക്തമായതോടെ പതിനേഴാം വയസില്‍ വീടുവിട്ടു. ഈ കറക്കത്തില്‍ എറണാകുളം ജില്ലയുടെ വിവിധ പ്രദേശങ്ങളിലടക്കം ഇയാള്‍ വിപുലമായ സൗഹൃദ വലയമുണ്ടാക്കി. ഈ സൗഹൃദ വലയമാണ് പിന്നീട് ക്വട്ടേഷന്‍-ഗുണ്ടാ സംഘമായി മാറിയത്. പല കേസുകളിലും ഒളിവില്‍ താമസിക്കുന്നതിനും ഇത് ഇയാള്‍ക്ക് സഹായകരമായിട്ടുണ്ട് എന്നാണ് പൊലീസ് പറഞ്ഞിട്ടുള്ളത്.

നടി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് ഈ ‘വി.ഐ.പി’ പ്രതിയെക്കുറിച്ച് പോലീസുകാര്‍ അന്വേഷിക്കുന്നത് പോലും. യഥാര്‍ഥത്തില്‍ പോലീസുകാര്‍ക്കും സുനി ആരാണെന്നത് ആദ്യ ഘട്ടത്തില്‍ ചോദ്യചിഹ്നമായിരുന്നു.

എറണാകുളം വൈറ്റില കേന്ദ്രീകരിച്ച് ടാക്സി ഡ്രൈവേഴ്സ് ക്ലബുണ്ടാക്കിയതോടെയാണ് സിനിമയില്‍ സുനിയുടെ ശുക്രദശ ആരംഭിക്കുന്നത്. ഉന്നതരായ ആളുകള്‍ക്കും സമ്പന്നര്‍ക്കും ഫോണില്‍ ബന്ധപ്പെട്ടാല്‍ ഡ്രൈവര്‍മാരേയും ടാക്സിയും നല്‍കലായിരുന്നു ക്ലബിന്റെ സേവനം. ‘കാണാന്‍ സ്മാര്‍ട്ടായതിനാല്‍ കൂട്ടത്തില്‍ സുനി തിളങ്ങി. അവര്‍ക്ക് എല്ലായിടത്തും പോവുമ്പോള്‍ കൂട്ടത്തില്‍ കൊണ്ടുനടക്കാന്‍ പറ്റിയ ഗെറ്റ്-അപ്പ് ഉള്ള ഒരുത്തന്‍. അങ്ങനെയാണ് സിനിമാക്കാര്‍ സുനിയെ അന്വേഷിച്ച് എത്താന്‍ തുടങ്ങിയത്. പിന്നെയയാള്‍ സിനിമാക്കാരുടേയും സിനിമാ യൂണിറ്റിലേയുമൊക്കെ ഡ്രൈവറായി വിലസുന്നത്. പല സിനിമാക്കാരും വിശ്വസ്ത ഡ്രൈവറായി സുനിയെ കൂടെ കൂട്ടിയതും അങ്ങനെയാണ്.

കോട്ടയം ജില്ലയിലെ കിടങ്ങൂരില്‍ ബസ് യാത്രികനായ യുവാവിന്റെ മുഖത്ത് മുളക് പൊടി സ്പ്രേ അടിച്ച് ഏഴ് ലക്ഷം കവര്‍ന്നതടക്കം ചെറുതും വലുതുമായ ഏട്ട് മോഷണ കേസുകളും അമ്പലമേട് പോലീസ് സ്റ്റേഷനില്‍ കഞ്ചാവ് കേസും സുനിയുടെ പേരിലുണ്ടായത് ഈ കാലയളവിലാണ്. ഇതേ അവസരത്തില്‍ തന്നെയാണ് സിനിമാ മേഖലയിലും പലരുടേയും മന:സാക്ഷി സൂക്ഷിപ്പുകാരനായി സുനി മാറിയതും. ബന്ധങ്ങള്‍ വിപുലമായതോടെ സുനിയുടെ രീതിയും മാറി. ആഡംബര വാഹനങ്ങളില്‍ ഇടക്കിടെ നാട്ടില്‍ വന്ന് പോകാന്‍ തുടങ്ങി. ഈ വരവുകളില്‍ ഇളമ്പകപ്പിളളിയിലും നെട്ടന്‍സിറ്റിയിലും പഴയ പരിചയക്കാരുമായി പരിചയം പുതുക്കി. നടിയെ ആക്രമിച്ച കേസില്‍ പിടിയിലാകുന്നതിന് അഞ്ച് മാസം മുമ്പാണ് ഇത്തരത്തില്‍ ഇയാള്‍ നാട്ടില്‍ വന്ന് മടങ്ങിയത്.

നാട്ടില്‍ കാര്യമായ ബന്ധങ്ങളില്ലാത്തതിനാല്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയായ സുനിയെ കുറിച്ചുളള പുതിയ വിവരങ്ങളെടുക്കാന്‍ കോടനാട് സ്‌റ്റേഷനിലെ പൊലീസുകാര്‍ കുറെ ബുദ്ധിമുട്ടിയിരുന്നു.

‘ഒറ്റനോട്ടത്തില്‍ ചോക്ലേറ്റ് കുട്ടപ്പനായതിനാല്‍ സുനിയെ ആര്‍ക്കുമിഷ്ടപ്പെടും. അതയാള്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു.’ സുനിയെ അടുത്തറിയാവുന്ന ടാക്സി ഡ്രൈവര്‍ ഒരിക്കല്‍ പറഞ്ഞതാണ്. ‘ബാഹ്യ സൗന്ദര്യം നോക്കി ഇത്തരത്തില്‍ കൂടെ കൂട്ടിയ പലര്‍ക്കും സുനി പണി കൊടുത്തിട്ടുണ്ടുമുണ്ടെന്ന് പരിചയക്കാര്‍ പറയുന്നു. എന്നാല്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞു കൊണ്ട് തന്നെയാണ് സിനിമാ മേഖലയിലുളളവര്‍ അയാളെ കൂടെ കൂട്ടിയതെന്ന പരാതിയും പലര്‍ക്കുമുണ്ട്. സിനിമയിലും പുറത്തും തങ്ങളുടെ എതിരാളികളെ ഒതുക്കാന്‍ ഇയാളുടെ ക്രിമിനല്‍ ബന്ധങ്ങള്‍ സിനിമാക്കാര്‍ക്ക് സഹായകരമായിട്ടുണ്ടെന്നു പറഞ്ഞു കേള്‍ക്കുന്നു.

2017 ഫെബ്രുവരി 23 മുതല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ പള്‍സര്‍ സുനിക്ക് ഏഴരവര്‍ഷത്തിന് ശേഷമാണ് കേസില്‍ ജാമ്യം ലഭിച്ചത്. നടിയെ ആക്രമിച്ച കേസിലെ ബാക്കി പ്രതികളെല്ലാം പുറത്തിറങ്ങിയപ്പോഴും പൾസർ അകത്തുതന്നെയായിരുന്നു. ഇന്ന് വിധി പ്രസ്താവനയിൽ ഒന്നാം പ്രതിയായ സുനി ഉൾപ്പെടെ ആറ് പേരെ കോടതി കുറ്റക്കാരായി വിധിച്ചു.

Content Summary: How did Sunil Kumar, a notorious criminal, become a Pulsar Suni?

This post was last modified on December 8, 2025 6:31 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment