* ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും വിശ്വാസക്കുറവ് പടരുന്നു
* പഠനം നടത്തിയത് ഫ്രാന്‍സിലേയും അമേരിക്കയിലേയും സാമൂഹ്യശാസ്ത്രജ്ഞര്‍
* ഹിന്ദി മേഖലയില്‍ പകുതിയോളം ഹിന്ദുക്കള്‍ക്കും ഒരു മുസ്ലീം സുഹൃത്ത് പോലുമില്ല
* നാല് വര്‍ഷത്തോളം നീണ്ട പഠനത്തിന്റെ റിപ്പോര്‍ട്ട്
* മുസ്ലീങ്ങളെ ഭരണാധികാരികള്‍ പ്രീണിപ്പക്കുകയാണെന്നും അഭിപ്രായം
* പകുതിയിലേറെ മുസ്ലീങ്ങള്‍ തങ്ങള്‍ക്ക് സുരക്ഷയില്ല എന്ന പേടി How Does India See Its Muslims ?
ഇന്ത്യയിലെ ബി.ജെ.പി ഭരണത്തിന്റെ കീഴില്‍ ഭൂരിപക്ഷ ഹിന്ദു സമുദായത്തിന് മുസ്ലീം ജനവിഭാഗങ്ങളോടുള്ള അവിശ്വാസവും വിദ്വേഷവും വര്‍ദ്ധിക്കുന്നതായി അന്താരാഷ്ട്ര പഠന റിപ്പോര്‍ട്ട്. മുസ്ലീങ്ങളെ വിശ്വസിക്കാന്‍ പ്രയാസമാണെന്നും അവര്‍ മറ്റ് ഇന്ത്യക്കാരുടെ അത്രേം രാജ്യസ്നേഹമില്ലാത്തവരാണ് എന്നും ഏതാണ്ട് മുപ്പത് ശതമാനത്തോളം വടക്കേ ഇന്ത്യന്‍ സമൂഹവും വിശ്വസിക്കുന്നുവെന്നാണ് ഈ പഠനം പറയുന്നത്. രാജ്യത്ത് ലഭ്യമായ ഏത് കണക്കുകളും പഠനങ്ങളും വെളിപ്പെടുത്തുന്നത് ഇന്ത്യയിലെ മുസ്ലീങ്ങള്‍ കടുത്ത ദാരിദ്രമനുഭവിക്കുകയാണെന്നും അപരവത്കരിക്കുകയും പാര്‍ശ്വവത്കരിക്കുകയും ചെയ്യപ്പെടുകയുമാണെന്നാണ്. മുസ്ലിങ്ങള്‍ക്ക് തൊഴിലവസരങ്ങളും താത്പര്യമുള്ള ഇടങ്ങളില്‍ വീടുകള്‍ വയ്ക്കാനുള്ള അവസരങ്ങളും വരെ കുറയുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്ന ധാരാളം വിവരങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. പക്ഷേ, സര്‍വ്വേയില്‍ പങ്കെടുത്ത ഏതാണ്ട് പകുതിയോളം ഹിന്ദുക്കളും, 47 ശതമാനവും, മുസ്ലീങ്ങള്‍ ‘അനാവശ്യമായി പ്രീണിപ്പിക്കപ്പെടുകയും ലാളിക്കപ്പെടുകയും’ ചെയ്യുകയാണ് എന്ന അഭിപ്രായമുള്ളവരാണ്. 60 മുതല്‍ 68 ശതമാനത്തോളം ഹിന്ദുക്കളും വിശ്വസിക്കുന്നത് ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്ന് മുസ്ലീങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടേണ്ടി വരുന്നില്ല എന്നാണ്.
ഫ്രാന്‍സിലെ സയന്‍സ് പോ, അമേരിക്കയിലെ പ്രിന്‍സ്റ്റന്‍, കൊളമ്പിയ സര്‍വ്വകലാശാലകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള സാമൂഹ്യശാസ്ത്രജ്ഞരും ഇന്ത്യയിലും യു.എസിലും യൂറോപ്പിലും നിന്നുള്ള അമ്പതോളം ഗവേഷകരും 2020 മുതല്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടിനെ ആധാരമാക്കി ക്രിസ്റ്റോഫ് ജാഫ്രലോ ‘ദ വയ്ര്‍’ ഓണ്‍ലൈനില്‍ എഴുതിയ ലേഖനത്തിലാണ് ഈ വിശദാംശങ്ങളുള്ളത്. മുസ്ലീം വിരുദ്ധ മുന്‍വിധി ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കിടയില്‍ വ്യാപകമാണെന്നാണ് ഈ പഠനത്തിന്റെ കണ്ടെത്തല്‍.
2011-ലെ സെന്‍സസ് പ്രകാരം 14.5 ശതമാനം മുസ്ലീങ്ങളുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ ഇന്ത്യന്‍ പാര്‍ലമെന്റില്‍ 2019-ല്‍ 4.6 ശതമാനം മുസ്ലീങ്ങളും 2024-ല്‍ 4.4 ശതമാനം മുസ്ലീങ്ങളുമാണുള്ളത്. ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ ഭരണമുന്നണിയെ പ്രതിനിധീകരിക്കുന്ന ഒരു മുസ്ലീം പ്രതിനിധി പോലും ലോകസഭയില്‍ ഇല്ല. 2019-ല്‍ ബി.ജെ.പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി രാജ്യസഭാംഗമായി ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതുമില്ല. പ്രതിപക്ഷ നിരയിലും മുസ്ലീം പ്രാതിനിധ്യം വളരെ കുറവാണ് എന്ന് കാണാം. 7.9 ശതമാനമാണ് മുസ്ലീങ്ങളുടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പാര്‍ലമെന്റിലുള്ള മുസ്ലീം പ്രാതിനിധ്യം. രാജ്യത്തുടനീളം മുസ്ലീം വിരുദ്ധ പ്രചാരണങ്ങളും ലവ് ജിഹാദ് മുതല്‍ വിചിത്രങ്ങളായ പല ആരോപണങ്ങളും ഉയര്‍ന്ന് വരികയും മുസ്ലീം വിരുദ്ധ സംഘര്‍ഷങ്ങള്‍ നടക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയേയും ബി.ജെ.പിയുടെ രാജ്യത്തെ വളര്‍ച്ചയേയും കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള ക്രിസ്റ്റോഫ് ജാഫ്രലോ ഈ പഠനത്തെ മുന്നോട്ട് വയ്ക്കുന്നത്. പ്രാതിനിധ്യത്തെ പോലും റദ്ദു ചെയ്തുകൊണ്ട് ഭരണപക്ഷത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഈ മുസ്ലീം അപരവത്കരണം പൊതുസമൂഹത്തില്‍ എങ്ങനെയാണ് പ്രതിഫലിക്കുന്നത് എന്നതിന്റെ കൂടി സൂചനയാണ് ഈ പഠനം.
ഇന്ത്യന്‍ മുസ്ലീം പ്രൊജക്റ്റ് എന്ന പേരില്‍ ഹെന്റി ലൂസ് ഫൗണ്ടേഷല്‍ നടത്തിയ ഈ പഠനം 2020-ല്‍ ആരംഭിച്ചതാണ്. സയന്‍സ് പോ, പ്രിന്‍സ്റ്റണ്‍, കൊളമ്പിയ എന്നിവിടങ്ങളിലെ സാമൂഹ്യശാസ്ത്രജ്ഞര്‍, അമ്പതോളം ഗവേഷകര്‍ എന്നിവര്‍ സി.എസ്.ഡി.എസിന്റെ സഹായത്തോടെയാണ് പഠനം നടത്തിയത്. പത്തൊന്‍പത് സംസ്ഥാനങ്ങളില്‍ നിന്നുള്ള 100 പാര്‍ല്യമെന്റ് മണ്ഡലത്തിലെ 400 പോളിങ് സ്റ്റേഷനുകളില്‍ നിന്നായി 2024 മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ എട്ട് വരെയുളള തീയതികളിലായാണ് സാമ്പിള്‍ സ്വീകരിച്ചത്. കേരളം, കര്‍ണാടക, തമിഴ്നാട്, തെലുങ്കാന, ആന്ധ്രപ്രദേശ്, അസം, ബീഹാര്‍, ഗുജറാത്ത്, ഹരിയാന, ഡല്‍ഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ പഠനത്തിന്റെ ഭാഗമായിരുന്നു.
മുസ്ലീങ്ങള്‍ ‘പൂര്‍ണമായോ’ ഏതാണ്ടേറെ കുറേയോ വിശ്വസിക്കാന്‍ പറ്റാത്തവരാണ് എന്നഭിപ്രായമുള്ള ഹിന്ദുക്കള്‍ 27 ശതമാനമാണ്. അതില്‍ തന്നെ ദളിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ആ അഭിപ്രായം 28.7, 31 ശതമാനം വീതമാണ്. അതേസമയം 13 ശതമാനം ദക്ഷിണേന്ത്യക്കാര്‍ക്കേ ആ അഭിപ്രായമുള്ളൂ. ഹിന്ദി മേഖലയില്‍ 27 ശതമാനവും പടിഞ്ഞാറന്‍ ഇന്ത്യയില്‍ 20 ശതമാനവുമാണ് ആ അഭിപ്രായം. മറ്റേത് ഇന്ത്യക്കാരേ പോലെ തന്നെയും രാജ്യസ്നേഹികളാണ് മുസ്ലിങ്ങള്‍ എന്നതില്‍ എതിരഭിപ്രായമാണ് 26 ശതമാനം ഹിന്ദുക്കള്‍ക്കും. ഇതേ അഭിപ്രായമാണ് 30, 28.5 എന്നിങ്ങനെ ശതമാനം ദളിത് ആദിവാസി വിഭാഗങ്ങള്‍ക്ക്. ഇതിലും 18.1, 28.1, 21 എന്നിങ്ങനെയാണ് യഥാക്രമം തെന്നിന്ത്യ, ഹിന്ദി മേഖല, പടിഞ്ഞാറന്‍ ഇന്ത്യ എന്നിവിടങ്ങളിലെ ശതമാനക്രമം. മുസ്ലീങ്ങള്‍ അനാവശ്യമായി പ്രീണിപ്പിക്കപ്പെടുകയാണ് എന്ന് വിശ്വസിക്കുന്ന ഹിന്ദുക്കള്‍ 47 ശതമാനമാണ്. മേല്‍ത്തട്ട് ഒ.ബി.സി വിഭാഗത്തിനാണ് ഈ അഭിപ്രായം കൂടുതല്‍ 49.9 ശതമാനം.
22 ശതമാനം ഹിന്ദുക്കളും വിചാരിക്കുന്നത് സംവരണത്തിന്റെ ഗുണഫലങ്ങള്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ നല്‍കേണ്ടതുള്ളൂ എന്നാണ്. ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് യാതൊരു തരത്തിലുള്ള വിവേചനം നേരിടേണ്ടി വരുന്നില്ല എന്നാണ് ഏതാണ്ട് 68 ശതമാനത്തോളം ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്. അതേസമയം മുസ്ലീം ജനവിഭാഗങ്ങളുടെ ചിന്ത മറിച്ചാണ്. 53.8 ശതമാനം മുസ്ലിങ്ങളും മറ്റ് സമൂഹങ്ങള്‍ക്കുള്ള സുരക്ഷ തങ്ങള്‍ക്കില്ല എന്ന് വിശ്വസിക്കുന്നു. അതില്‍ തന്നെ 11 ശതമാനത്തോളം തങ്ങള്‍ തികച്ചും അരക്ഷിതരാണ് എന്ന് കരുതുന്നു. യു.പി പോലുള്ള സംസ്ഥാനങ്ങളില്‍ വളരെയേറെ മുസ്ലീങ്ങളുണ്ടെങ്കിലും ഹിന്ദി മേഖലയില്‍ പകുതിയോളം ഹിന്ദുക്കള്‍ക്ക് ഒരു മുസ്ലീം സുഹൃത്ത് പോലുമില്ല. അതേസമയം ദക്ഷിണേന്ത്യയില്‍ ഏതാണ്ട് 66 ശതമാനം പേര്‍ക്കും മുസ്ലീം സുഹൃത്തുകളുണ്ട്.
അതേസമയം മുസ്ലീങ്ങള്‍ ഇന്ത്യയിലെ രാഷ്ട്രീയ സംവിധാനത്തില്‍ വേണ്ടത്ര പ്രതിനിധീകരിക്കപ്പെടുന്നില്ല എന്ന് ഹിന്ദിമേഖലയിലടക്കമുള്ള ഹിന്ദുക്കള്‍ക്ക് അഭിപ്രായമുണ്ട്. അത് മുസ്ലിങ്ങള്‍ക്കിടയില്‍ സത്യസന്ധരും പ്രതിജ്ഞാബദ്ധരുമായ നേതാക്കളില്ലാത്തത് കൊണ്ടാണ് എന്നാണ് അവര്‍ കരുതുന്നത്. സ്വാഭാവികമായും ദക്ഷിണേന്ത്യയില്‍ നിന്ന് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ക്ക് ആ അഭിപ്രായമല്ല ഉള്ളത്. പക്ഷേ സര്‍വ്വേയില്‍ പങ്കെടുത്ത പകുതിയോളം മുസ്ലീങ്ങള്‍ സമുദായത്തില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ ഉയര്‍ന്ന് വരേണ്ടതാണ് എന്ന് ആഗ്രഹിക്കുന്നുണ്ട്. 62 ശതമാനം പേര്‍ക്കും തികച്ചും ആത്മാര്‍ത്ഥതയുള്ള നേതാക്കള്‍ വളരെ കുറവാണ് എന്ന അഭിപ്രായമാണുള്ളത്. How Does India See Its Muslims ?
ക്രിസ്‌റ്റോഫ് ജഫ്രെലോട്ട് വയ്‌റില്‍ എഴുതിയ ലേഖനത്തിന്റെ സംക്ഷിപ്ത രൂപമാണ് ഈ ലേഖനം. വയ്ര്‍ പ്രസിദ്ധീകരിച്ച ലേഖനം ഇവിടെ വായിക്കാം
ക്രിസ്റ്റോഫ് ജഫ്രെലോട്ട് – സി.ഇ.ആര്‍.ഐ-സയന്‍സസ് പി.ഒ/സി.എന്‍.ആര്‍.എസ്-ല്‍ റിസര്‍ച്ച് ഡറയക്ടറാണ്. ലണ്ടന്‍ കിങ്സ് കോളേജില്‍ പൊളിറ്റിക്സ് ആന്‍ഡ് സോഷ്യോളജിയില്‍ പ്രൊഫസറും കാനഗീ ഇന്‍ഡോമെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസില്‍ നോണ്‍ റെസിഡന്റ് ഫെല്ലോയുമാണ് അദ്ദേഹം. മോഡീസ് ഇന്ത്യ: ഹിന്ദു നാഷണലിസം ആന്‍ഡ് റൈസ് ഓഫ് ഇത്നിക് ഡെമോക്രസി (പ്രിന്‍സ്സ്റ്റണ്‍ യൂണിവേഴ്സിറ്റി പ്രസ്/വെസ്റ്റ് ലാന്‍ഡ് 2021) ഗുജറാത്ത് അണ്ടര്‍ മോഡി: ലാബോര്‍ട്ടറി ഓഫ് റ്റുഡേസ് ഇന്ത്യ (ഹര്‍സ്റ്റ്/വെസ്റ്റ് ലാന്‍ഡ്, 2024) എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.
Content Summary: How Does India See Its Muslims ?