ടി20 ക്രിക്കറ്റിനെ ഇന്ത്യ പുനര്‍നിര്‍വചിച്ചിരിക്കുകയാണ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം മത്സരം അതിന്റെ സ്ഥിരീകരണമായിരുന്നു. ജോഹന്നാസ്ബര്‍ഗില്‍ സഞ്ജു സാംസണും തിലക് വര്‍മ്മയും നേടിയ കണ്ണഞ്ചിപ്പിക്കുന്ന രണ്ടു കിടിലന്‍ സെഞ്ചുറികള്‍ ക്രിക്കറ്റിന്റെ ഏറ്റവും ചെറിയ ഫോര്‍മാറ്റിനോടുള്ള ഇന്ത്യയുടെ സമീപനം പരീക്ഷണാത്മകതയില്‍ നിന്ന് ആധിപത്യത്തിലേക്ക് മാറിയിരിക്കുന്നു എന്നാണ് തെളിയിച്ചത്. നാലാം ടി20യില്‍ 283 റണ്‍സാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. സഞ്ജുവിന്റെയും (56 പന്തില്‍ 109*), തിലകിന്റെയും (47 പന്തില്‍ 120*) പ്രകടനങ്ങള്‍ തെളിയിക്കുന്നത് ഈ പുത്തന്‍കൂറ്റു താരങ്ങള്‍ ടി20 കളിയുടെ നിയമങ്ങള്‍ തിരുത്തിയെഴുതുകയാണെന്നാണ്.
പുതിയ വിപ്ലവം ആരംഭിച്ചിരിക്കുന്നു
മാര്‍ക്കോ ജാന്‍സെന്‍ 16 മത്തെ അവസാന ബോള്‍ എറിയുമ്പോള്‍, തങ്ങള്‍ വലിയൊരു അപകടത്തില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു എന്നൊരു തോന്നല്‍ ദക്ഷിണാഫ്രിക്കന്‍ സംഘത്തിനുണ്ടായിരുന്നു. കാരണം, ആ ഓവറില്‍ അതുവരെ എറിഞ്ഞ അഞ്ചു ബോളുകളില്‍ നിന്ന് ഒരു ബൗണ്ടറി പോലും ഉണ്ടായില്ല. അതുവരെയുള്ള ഇന്ത്യയുടെ കളിവച്ച് നോക്കുമ്പോള്‍ അതൊരു വലിയ നിശബ്ദതയായിരുന്നു. പക്ഷേ, കൊടുങ്കാറ്റ് ഒടുങ്ങിയിരുന്നില്ല. ഫ്രീ ഹിറ്റ് ബോള്‍ ആയിരുന്നുവെങ്കില്‍ കൂടി ജാന്‍സെന്റെ ഓവറിലെ അവസാന പന്തിനെ തിലക് വര്‍മ വിശ്രമിക്കാന്‍ അനുവദിച്ചത് ഗാലറിയിലായിരുന്നു, ഒന്നും അവസാനിച്ചിട്ടില്ലെന്ന് എതിരാളികള്‍ക്കും വ്യക്തമായി. ഒടുവില്‍ 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 എന്ന സ്‌കോര്‍ കുറിച്ചിരുന്നു; പുരുഷ ട്വന്റി-20യിലെ അഞ്ചാമത്തെ ഉയര്‍ന്ന സ്‌കോര്‍.
ഇന്ത്യ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്ത റണ്‍സ്, ടീമിന്റെ ഒരു നേട്ടമായി മാത്രമല്ല കാണേണ്ടത്, തങ്ങളുടെ കഴിവും ഉദ്ദേശ്യവും, ആധിപത്യവും ലോകത്തെ അറിയിക്കുക കൂടിയായിരുന്നു. വാണ്ടറേഴ്‌സിലെ ചെറിയ ബൗണ്ടറികളെ തങ്ങളുടെ പ്രഹരശേഷികൊണ്ട് തിലക് വര്‍മയും സഞ്ജുവും അഭിഷേക് ശര്‍മയും(18 പന്തില്‍ 36) പൂര്‍ണമായി കീഴടക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറിയാണ് തിലക് വര്‍മ(പുറത്താകാതെ 120) സ്വന്തമാക്കിയത്, സഞ്ജു എന്ന വിനാശകാരിയായ ബാറ്ററാകട്ടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരോടും യാതൊരു ദയയും കാണിക്കാതെയാണ് ഈ പരമ്പരയിലെ തന്റെ രണ്ടാം സെഞ്ച്വറി കുറിച്ചത്. 23 സിക്‌സുകളാണ് ഇന്ത്യ അടിച്ചത്. ഐസിസിയുടെ പൂര്‍ണ സമയ ക്രിക്കറ്റ് രാഷ്ട്രങ്ങളായ രണ്ട് പേര്‍ തമ്മില്‍ നടക്കുന്നൊരു ടി20 മത്സരത്തില്‍ ഒരു ടീം അടിച്ചുകൂട്ടുന്ന സിക്‌സുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. ഇന്ത്യ എത്രമാത്രം അക്രമകാരികളാണെന്ന് കൂടി തെളിയിക്കുന്ന പ്രവര്‍ത്തിയാണ് ബാറ്റര്‍മാരില്‍ നിന്നുണ്ടായത്.
വീശിയടിച്ച കൊടുങ്കാറ്റ്
ഇന്ത്യയുടെ ബാറ്റിംഗ് കൊടുങ്കാറ്റില്‍ ദക്ഷണിഫ്രക്കന്‍ ബൗളര്‍മാരെല്ലാം നിലംപരിശായി, അവരുടെ പ്രധാന യോദ്ധാവായിരുന്ന ജാന്‍സെന്‍ ഉള്‍പ്പെടെ. റണ്‍സ് വിട്ടുകൊടുന്നതില്‍ പിശക്കു കാണിച്ചിരുന്ന ജാന്‍സെനു പോലും ഓവറില്‍ ശരാശരി 10 റണ്‍സ് എന്ന ഇക്കോണമിയും പേറി വെറും കാഴ്ച്ചക്കാരനായി നില്‍ക്കേണ്ടി വന്നു. മൊത്തത്തില്‍ പേടിയേറ്റ പോലെയായിരുന്നു ഫീല്‍ഡിംഗിലും ആതിഥിയേര്‍. പന്തുകള്‍ അവരുടെ കൈയില്‍ നിന്നും ഒന്നിലധികം തവണ തട്ടിത്തെറിച്ചു പോയി. ഓരോ പിഴവുകളും അവരുടെ അവസരങ്ങള്‍ കൂടിയാണ് നഷ്ടപ്പെടുത്തിയത്. മൂന്നു ക്യാച്ചുകളാണ് ഫീല്‍ഡര്‍മാര്‍ നഷ്ടപ്പെടുത്തിയത്, രണ്ട് തവണയും അവര്‍ ജീവന്‍ കൊടുത്തത് തിലക് വര്‍മയ്ക്കായിരുന്നു. പക്ഷേ ഒന്നോര്‍മിപ്പിക്കട്ടെ, അവര്‍ തെറ്റുകളൊന്നും വരുത്തിയിരുന്നില്ലെങ്കിലും, അതായത് ക്യാച്ചുകളൊന്നും തന്നെ കൈവിട്ടില്ലായിരുന്നുവെങ്കിലും ഇന്ത്യയെ തടയുക അസാധ്യമായിരുന്നു. അക്രമോണത്സുക ബാറ്റിംഗില്‍ ഒരു മാസ്റ്റര്‍ ക്ലാസ് ഇന്നിംഗ്‌സ് ആയിരുന്നു ഇന്ത്യ കളിച്ചത്. അഭിഷേകിന്റെ നിര്‍ഭയത്വം നിറഞ്ഞ സിക്‌സറുകളും, തിലകിന്റെ ക്ലാസ് ബാറ്റിംഗും, സഞ്ജുവിന്റെ വൈവിധ്യം നിറഞ്ഞ ഷോട്ടുകളും, ദക്ഷിണാഫ്രിക്കയ്ക്കുമേല്‍ പൂര്‍ണ ആധിപത്യമാണ് ഇന്ത്യക്ക് നേടിക്കൊടുത്തത്, എതിരാളികള്‍ക്കാകട്ടെ, അതൊരിക്കലും ചോദ്യം ചെയ്യാനുമാകുമായിരുന്നില്ല.
ആന്‍ഡിലെ സിമെലേനെതിരേ അഭിഷേക് പായിച്ച ഹാട്രിക് സിക്‌സുകള്‍ ഇന്ത്യ എന്താണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു. എന്നാല്‍ അതൊരു മുന്നറിയിപ്പ് മാത്രമായിരുന്നു, യഥാര്‍ത്ഥ കഥ ആരംഭിക്കാന്‍ പോകുന്നതെയുണ്ടായിരുന്നുള്ളൂ. ആ കഥ സഞ്ജുവും തിലകും ചേര്‍ന്ന് ആടിത്തീര്‍ക്കുന്നത് കാഴ്ച്ചക്കാരെ പോലെ നോക്കി നില്‍ക്കാന്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുള്ളൂ. സഞ്ജു തന്റെ ഇന്റലിജന്റും എഫക്ടീവുമായ ബാറ്റിംഗ് ടെക്‌നിക്കുകളാണ് ക്രിസില്‍ നിന്ന് പ്രയോഗിച്ചത്. ഷോട്ട് ബോളുകളാകട്ടെ, ഓഫ്-ലെങ്ത് ഡെലിവറികളാകട്ടെ സഞ്ജുവത് ഒരുപോലെ കൈാര്യം ചെയ്തു. മനോഹരമായ ഷോട്ടുകളോടെ അദ്ദേഹം ഓരോ തവണയും പന്ത് അതിര്‍ത്തി കടത്തി. ഓരോ പന്തും നിലം തൊടീക്കാതെ അതിര്‍ത്തിക്കപ്പുറം കടത്തുക എന്ന ഉദ്ദേശം മാത്രമെ തിലകിന് ഉണ്ടായിരുന്നുള്ളുവെന്നു തോന്നുന്നു, വിനാശകരമായ ബാറ്റിംഗ് നടത്തിയപ്പോഴും അതൊരു ക്ലാസ് ഇന്നിംഗ്‌സ് ആയിരുന്നു.
മാറിയ ചിന്ത
283 എന്ന സ്‌കോര്‍ ഇന്ത്യയെ സംബന്ധിച്ച് ഒരിക്കല്‍ സംഭവിച്ച ഒരു അത്ഭുതമായി കാണേണ്ടതില്ല, ആ കളി ട്വന്റി-20യില്‍ ഇന്ത്യയുടെ മാറിയ ചിന്താഗതിയെയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ 11 മാസത്തിനിടയില്‍ ഒമ്പത് ഇന്നിംഗ്‌സുകളില്‍ ഇന്ത്യ 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മറ്റേതൊരു ടീമിനെക്കാള്‍ കൂടിയ നേട്ടമാണിത്. 2024 ല്‍ 26 ടി20 മത്സരങ്ങള്‍ കളിച്ചതില്‍ 24 വിജയം, വിജയ ശതമാനം 92.3. ടി20 പ്രകടനത്തില്‍ മറ്റൊരു രാജ്യത്തിനും നിലവില്‍ അവകാശപ്പെടാനില്ലാത്ത ഔന്നിത്യം. ഇത് കേവലം കണക്കുകളുടെ മാത്രമല്ല, ടീം ഇന്ത്യയുടെ മാറി ചിന്തയുടെ കൂടി പ്രതിഫലനമാണ്.
ഇന്ന് ലോകത്തിലെ ഏറ്റവും ലാഭകരമായൊരു കായിക ടൂര്‍ണമെന്റായ ഐപിഎല്‍ ഇന്ത്യ നടത്തുന്നുണ്ടെങ്കിലും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ആശയം വരുന്നതിനും മുമ്പേ ട്വന്റി20 ലോകകപ്പ് കിരീടം ചൂടിയവരാണ് ടീം ഇന്ത്യ. എങ്കില്‍പ്പോലും കഴിഞ്ഞ വര്‍ഷം വരെ ടി20യിലെ പ്രബലന്മാരുടെ നിരയില്‍ ഇന്ത്യയ്ക്ക് ഇത്ര പ്രസക്തിയുണ്ടായിരുന്നില്ല. 2024 ന്റെ തുടക്കത്തോടെയാണ് ടി20യെ ഇന്ത്യ പ്രത്യേകമായി പരിഗണിക്കാന്‍ തുടങ്ങിയത്, ക്രിക്കറ്റിന്റെ ചെറിയൊരു ഫോര്‍മാറ്റ് എന്ന നിലയില്ലല്ലാതെ, പ്രത്യേകമായൊരു കായിക ഇനമായി തന്നെ കണ്ടു. അതോടെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ടി20 ക്രിക്കറ്റിനെ സ്വീകരിക്കാനും കഴിഞ്ഞു. ഈ മാറ്റത്തിന്റെ തെളിവായിരുന്നു ഈ വര്‍ഷം ജൂണില്‍ നേടിയ ടി20 ലോകകിരീടം. ഇപ്പോള്‍ ഇന്ത്യ ഈ ഫോര്‍മാറ്റില്‍ തങ്ങളുടെ ആധിപത്യം പുലര്‍ത്തുകയാണ്, മറ്റാരും ധൈര്യപ്പെടാത്ത തരത്തിലാണ് അവരുടെ കളി.
ഈ പരിണാമത്തിന്റെ കാരണമെന്താണ്? തീര്‍ച്ചയായും ഒരു ഘടകം തിലകിനെയും സഞ്ജുവിനെയും ഗില്ലിനെയും പോലുള്ള ടി20 ബാറ്റര്‍മാരാണ്. വലിയ ഷോട്ടുകള്‍ കളിക്കുകയെന്നത് അസാധാരണ കാര്യമല്ലെന്നും അതൊരു അനിവാര്യതയാണെന്നും തിരിച്ചറിയുന്ന സാഹചര്യത്തതില്‍ വളര്‍ന്നു വരുന്നവരാണ് ഈ ബാറ്റര്‍മാര്‍. കോപ്പി ബുക്ക് ശൈലികള്‍ ലംഘിക്കാന്‍ ഭയപ്പെട്ടിരുന്നവരായിരുന്നു മുന്‍തലമുറ ബാറ്റര്‍മാര്‍. ആവശ്യത്തിനനുസരിച്ച് സിക്‌സുകള്‍ അടിക്കാന്‍ ട്രെയിനിംഗ് ചെയ്യുന്നവരാണ് പുതുതലമുറ ബാറ്റര്‍മാര്‍. അവര്‍ പ്രതിരോധത്തിന് ശ്രമിക്കുന്നില്ല, പന്ത് എത്ര ഉയരത്തില്‍ അടിച്ച് ഗാലറിയില്‍ എത്തിക്കാമെന്നതില്‍ മാത്രമാണ് നോട്ടം.
റിസ്‌ക് എടുക്കു ടീം കൂടെയുണ്ട്
റിസ്‌ക് എടുക്കാന്‍ തയ്യാറായവരെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ ഉണ്ടെന്ന മനോഭാവത്തിലേക്കാണ് ടീം മനേജ്‌മെന്റ് മാറിയിരിക്കുന്നത്. അതിന് ഉദ്ദാഹരണമായിരുന്നു സഞ്ജു. ശ്രീലങ്കന്‍ പര്യടനത്തില്‍ തീര്‍ത്തും പരാജയമായിരുന്നുവെങ്കിലും സഞ്ജുവിന് ഉറപ്പ് കിട്ടി; അടുത്ത ഏഴ് മത്സരങ്ങളിലും കളിപ്പിച്ചിരിക്കുമെന്ന്. അതുപോലെ തിലകിനെ മൂന്നാം നമ്പറിലേക്ക് പ്രമോട്ട് ചെയ്തു. ആ സ്ഥാനം ക്യാപ്റ്റന്റെതായിരുന്നു, പക്ഷേ ടീമിനും തിലകിനും വേണ്ടി സൂര്യ ത്യാഗം ചെയ്തു. ഈ നിലപാടുകളാണ് ടീം ഇന്ത്യയുടെ ഇപ്പോഴത്തെ കരുത്ത്. തങ്ങളുടെ അക്രമണകാരികളായ കളിക്കാരില്‍ ടീം പൂര്‍ണ വിശ്വാസം പുലര്‍ത്തുകയാണ്. തിരിച്ചടിയുണ്ടായാല്‍ പോലും കൈവിടില്ലെന്ന ഉറപ്പ് കളിക്കാര്‍ക്ക് കിട്ടിയിട്ടുണ്ട്. വ്യക്തിഗതമായ വളര്‍ച്ചയ്ക്ക് വേണ്ടി മാത്രമല്ല, പരമ്പരാഗത ചിന്തകളില്‍ നിന്നു വേര്‍പ്പെടുത്തിയൊരു ടീമിനെ ഉറപ്പാക്കാന്‍ കൂടി വേണ്ടിയാണ്.
ഐപിഎല്‍ ‘ഇംപാക്ട്’
ഈ മാറ്റത്തിന്റെ കാരണങ്ങളൊന്ന് ഐപിഎല്‍ ആണ്. പ്രീമിയര്‍ ലീഗിലെ ഇംപാക്ട് പ്ലെയര്‍ നിയമം എന്ന് എടുത്തു പറയാം. ബിഗ് ഷോട്ടുകള്‍ കളിക്കുന്നതില്‍ ഇന്ത്യര്‍ ബാറ്റര്‍മാരുടെ സമീപനം മാറ്റുന്നതില്‍ വിപ്ലവകരമായൊരു പങ്ക് ഇംപാക്ട് പ്ലെയര്‍ നിയമം വഹിച്ചിട്ടുണ്ട്. ഒരു എക്‌സ്ട്ര ബാറ്റര്‍ കൂടി ടീമിനൊപ്പം ഉണ്ടെന്ന് അറിയുമ്പോള്‍ ബാക്കിയുള്ളവര്‍ ഭയം കൂടാതെ കളിക്കും, അവര്‍ ആപത്ചിന്തകളില്ലാതെ തങ്ങളുടെ കര്‍ത്തവ്യത്തിലേക്ക് കടക്കും. ആക്രമണം മാത്രമായിരിക്കും അവരുടെ ലക്ഷ്യം. ഒരേസമയം അപകടസാധ്യത കൂടുതലും അതേസമയം ഉയര്‍ന്ന നേട്ടങ്ങളും മുന്നില്‍ വയ്ക്കുന്നൊരു സാഹചര്യമാണ് ഐപിഎല്‍ നല്‍കുന്നത്. ഇംപ്ലാക്ട് പ്ലെയര്‍ നിയമം മാറ്റുമോ അതോ തുടരുമോ എന്നറിയില്ല, എങ്കിലും ആഞ്ഞടിക്കുക എന്ന നയത്തിലേക്ക് ഇന്ത്യന്‍ ബാറ്റര്‍മാരെ അത് മാറ്റിയെടുത്തു കഴിഞ്ഞു.
മുന്നോട്ടുള്ള പാത: അടയാളപ്പെടുത്താത്ത ഉയരങ്ങള്‍
ട്വന്റി-20യില്‍ ഇന്ത്യ ഇപ്പോള്‍ കുതിക്കുകയാണ്. ജോഹന്നസ്ബര്‍ഗില്‍ കണ്ട 283 ഒരിക്കല്‍ സംഭവിച്ച അത്ഭതമല്ല, അത് തീരുമാനിക്കപ്പെട്ട യുദ്ധ തന്ത്രത്തിന്റെ സ്ഥിരീകരണമാണ്. ആക്രമണോത്സുകത, അപരമായ കഴിവുകള്‍, എല്ലാത്തിനും ഉപരി ടീം മാനേജ്‌മെന്റില്‍ നിന്നു കിട്ടുന്ന പിന്തുണ; ഇതെല്ലാം ചേര്‍ത്ത് ഇന്ത്യന്‍ കളിക്കാര്‍,സമാനതകളില്ലാത്ത വിജയങ്ങളുടെയും ആധിപത്യത്തിന്റെയും പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇപ്പോള്‍ ടീം ഇന്ത്യയുടെ ആധിപത്യം തന്നെയാണ് ടി20-യില്‍, അതിനെക്കുറിച്ച് മറ്റ് ചോദ്യങ്ങളില്ല, അറിയേണ്ടത്, ഈ കുതിപ്പ് എത്രത്തോളം തുടരുമെന്നു മാത്രമാണ്. How India’s Next-Gen Set To Lord Over T 20
Content Summary; How India’s Next-Gen Set To Lord Over T 20