പശ്ചിമേഷ്യയിൽ യുദ്ധം മൂർച്ഛിക്കുമ്പോൾ അതിന്റെ പ്രത്യക്ഷവും പരോക്ഷവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വികസ്വര-അവികസിത രാജ്യങ്ങളെയെല്ലാം ഒരുപോലെയാണ് ബാധിച്ചിരിക്കുന്നത്. ഇസ്രായേലും ഇറാനും തമ്മിലുള്ള സമീപകാല ആക്രമണങ്ങൾ ദശകങ്ങളായി തുടരുന്ന വൈരത്തിന്റെ തുടർക്കഥ മാത്രമാണ്. നയതന്ത്ര പങ്കാളികളായ ഇറാനും ഇസ്രായേലും തമ്മിലുള്ള പോരിൽ സാധ്യമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കുന്ന ഇന്ത്യയും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 1948-ല്‍ ഇസ്രയേല്‍ രൂപീകരിക്കപ്പെട്ടതിന് ശേഷം, ഇറാന്‍ ആദ്യകാലങ്ങളില്‍ ഇസ്രയേലിനെ അംഗീകരിച്ചിരുന്നെങ്കിലും 1979-ലെ ഇറാനിയന്‍ വിപ്ലവത്തോടെ, ഇറാന്‍ ഇസ്രായേലിനെ ശത്രുരാജ്യമായി കണക്കാക്കി തുടങ്ങി, ഇറാന്റെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടം, ഇസ്രായേലിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്തുകൊണ്ട്, ഹമാസ്, ഹിസ്ബുള്ള, ഹൂതി തുടങ്ങിയ പ്രോക്‌സി സംഘടനകളെ പിന്തുണച്ചു.
ഇറാന്റെ ആണവ പദ്ധതി, ഇസ്രായേല്‍ തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയായി കണക്കാക്കി. ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ തകിടം മറിക്കുന്ന സംഘർഷത്തിൽ എന്തെങ്കിലും ഒരു നീക്കുപോക്കിനായി യുഎസ്., യുകെ., ഫ്രാന്‍സ്, ജര്‍മനി എന്നിവ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ടെകിലും അവിടെയും വിലങ്ങു തടിയായി വർത്തിക്കുന്നത് ഇസ്രായേലും ഇറാനും തമ്മിലുള്ള അവിശ്വാസമാണ്.
ഇസ്രായേൽ-ഇറാൻ സംഘർഷം ഏറെകാലത്തേക്ക് നീണ്ടു നിൽക്കാത്ത പക്ഷം, ഇന്ത്യയിൽ വലിയ പ്രതിസന്ധി ഉടലെടുക്കിലെങ്കിലും സംഘർഷം വിശാലമായ യുദ്ധത്തിലേക്ക് പരിണമിച്ചാൽ അത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ബിസിനസുകളെയും പലവിധത്തിൽ വളരെയധികം ബാധിക്കും എന്ന് തന്നെയാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതിൽ തന്നെ ഇന്ത്യയെ ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത് ഉയർന്ന ഊർജ്ജ ചെലവായിരിക്കും. ഇസ്രായേലും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷത്തിനിടയിൽ ഇന്ത്യൻ സർക്കാർ ഊർജ്ജ അപകടസാധ്യതകൾ അവലോകനം ചെയ്യുകയും ക്രൂഡ് സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുകയും തന്ത്രപരമായ എണ്ണ ശേഖരം ഉറപ്പാക്കുകയും ചെയ്യണമെന്ന് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (ജിടിആർഐ) റിപ്പോർട്ട് പറയുന്നു.
സംഘർഷം ലോകത്തെ ഒരു ഊർജ്ജ പ്രതിസന്ധിയിലേക്ക് തള്ളിവിടും. സ്ഥിതിഗതികൾ വഷളായാൽ എണ്ണവില കുത്തനെ ഉയരും പ്രത്യേകിച്ച് ഹോർമുസ് കടലിടുക്ക് പോലുള്ള സുപ്രധാന ഊർജ്ജ മാർഗങ്ങൾ തടസ്സപ്പെട്ടാൽ. ഇന്ത്യ തങ്ങളുടെ എണ്ണ ആവശ്യത്തിന്റെ 85% ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നത്. വിലക്കയറ്റം മൂലം ഇറക്കുമതി, ഇന്ധന/വളം സബ്‌സിഡി ബില്ലുകൾ പെരുപ്പിച്ച് സാമൂഹ്യക്ഷേമ ചെലവുകൾക്കായി സർക്കാരിന് സാമ്പത്തിക ഇടം കുറയും, ഇത് കറന്റ് അക്കൗണ്ട് കമ്മിയെ ബാധിച്ച് രൂപയുടെ മൂല്യം ദുർബലമാക്കും. മൊത്തത്തിലുള്ള ആഘാതം ജിഡിപി വളർച്ചയെയും ബാധിക്കും.
എണ്ണവിലയിലെ തുടർച്ചയായ വർദ്ധനവ് വിശാലമായ പണപ്പെരുപ്പ സമ്മർദ്ദങ്ങൾക്ക് കാരണമായേക്കാം. എന്നിരുന്നാലും, കൃത്യമായ ആഘാതം വിലകൾ എത്രനേരം ഉയർന്നിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും. എണ്ണവിലയിലെ വർദ്ധന കോർപ്പറേറ്റുകളെയും ബാധിക്കും. എണ്ണ വില വര്‍ധിച്ചാല്‍ റഷ്യയുടെ ഖജനാവ് നിറയുമെന്ന് പേടിയുള്ള യുഎസ് യുദ്ധം അവസാനിപ്പിക്കേണ്ടത് യു.എസിന് അനിവാര്യമാണ്, എങ്കിലും സംഘർഷം മയപ്പെടുത്താൻ യു.എസ് പുലര്‍ത്തുന്ന ഉദാസീനത സൂചിപ്പിക്കുന്നത് എല്ലാ പദ്ധതികള്‍ക്കും പിന്നില്‍ ചരട് വലിക്കുന്നത് യു.എസ് ആണ് എന്നത് തന്നെയാണ്.
content summary: How Iran-Israel conflict can threaten world