ഗുജറാത്തിലെ വരണ്ട ഭൂമിയിലേക്ക്, സംസ്ഥാന അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഒരു രഹസ്യ നദി ഒഴുകുന്നുണ്ട്- ലക്ഷക്കണക്കിന് ലിറ്റര്‍ അനധികൃത മദ്യത്തിന്റെ… മധ്യപ്രദേശില്‍ നിന്നാണ് ഗുജറാത്തിലേക്ക് വന്‍തോതില്‍ അനധികൃത മദ്യം രഹസ്യമായി എത്തിക്കുന്നത്. അനുവദനീയമായതിലും കൂടുതല്‍ മദ്യം ഉണ്ടാക്കുന്ന മധ്യപ്രദേശിലെ ഡിസ്റ്റിലര്‍മാര്‍, അധികമദ്യം കടത്താന്‍ സഹായിക്കുന്ന മദ്യ കരാറുകാര്‍, മദ്യം കടത്തുന്ന ഏജന്റുമാര്‍, കള്ളക്കടത്ത് അവഗണിക്കാന്‍ കൈക്കൂലി വാങ്ങുന്ന അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കള്ളക്കടത്തുകാരെ രഹസ്യമായി സഹായിക്കുന്ന പ്രാദേശിക ഗോത്രവര്‍ഗ്ഗക്കാര്‍ എന്നിങ്ങനെ ഒരു വലിയ ശൃംഖല തന്നെ ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മധ്യപ്രദേശിലെ മാള്‍വ മേഖല മൂന്ന് പതിറ്റാണ്ടിലേറെയായി ഗുജറാത്തിലേക്ക് അനധികൃത മദ്യം കടത്തുന്നതായി ദ റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. സംസ്ഥാനത്തിന്റെ മദ്യ നിരോധന നയങ്ങള്‍ മുതലെടുത്ത് ഗുജറാത്തിലേക്ക് മദ്യം കടത്തുന്നതിന്റെ കേന്ദ്രമായി ഈ പ്രദേശം മാറിക്കഴിഞ്ഞു.
1960-ലാണ് ഗുജറാത്ത് മദ്യ നിരോധനം നടപ്പിലാക്കുന്നത്. ഇത് കരിഞ്ചന്ത പ്രവര്‍ത്തനത്തിന്റെ വലിയ തോതിലുള്ള കുതിച്ചുചാട്ടത്തിന് കാരണമായി. കൂടാതെ ഇത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കള്ളക്കടത്തുക്കാര്‍ക്ക് കൂടുതല്‍ ലാഭകരമായ അവസരങ്ങള്‍ തുറന്നുകൊടുത്തു. ഗുജറാത്തിന്റെ നിരോധന നയങ്ങള്‍ മുതലെടുത്ത മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കള്ളക്കടത്തുക്കാര്‍ ഇന്നും നിലനില്‍ക്കുന്ന അനധികൃത മദ്യവ്യാപാരത്തിന് ആക്കം പിന്നെയും കൂട്ടി.
1980 കളുടെ അവസാനത്തില്‍ തന്നെ മധ്യപ്രദേശില്‍ നിന്നുള്ള കള്ളക്കടത്ത് ആരംഭിച്ചിരുന്നു, എന്നാല്‍ 2003-ന് ശേഷം, മധ്യപ്രദേശും മറ്റ് അയല്‍ സംസ്ഥാനങ്ങളും ഒരേ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭരണത്തിന്‍ കീഴിലായതോടെ അനധികൃത മദ്യക്കച്ചവടം ഗണ്യമായി വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. അപ്പോഴേക്കും മാല്‍വ മേഖല കള്ളക്കടത്തിന്റെ സാമ്പത്തികശാസ്ത്രത്തില്‍ വൈദഗ്ദ്ധ്യം നേടിക്കഴിഞ്ഞിരുന്നു. മാള്‍വ മേഖലയുടെ സവിശേഷമായ പ്രത്യേകതകള്‍ അതിനെ അനധികൃത മദ്യവ്യാപാരത്തിന്റെ കേന്ദ്ര ബിന്ദുവാക്കി മാറ്റി.
മധ്യപ്രദേശിലെ 11 ഡിസ്റ്റിലറികളില്‍ നാലെണ്ണവും സംസ്ഥാനത്തിന്റെ മൊത്തം സ്പിരിറ്റിന്റെ 43 ശതമാനത്തിലധികം ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ നാല് ബ്രൂവറികളില്‍ മൂന്നെണ്ണവും ഈ മേഖലയില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. ഇവയ്ക്ക് പുറമെ മദ്യശാലകളാല്‍ നിറഞ്ഞ ജില്ലകളായ ഝബുവ, അലിരാജ്പൂര്‍ എന്നിവ ഗുജറാത്തില്‍ നിന്ന് 500 മീറ്റര്‍ മുതല്‍ 15 കിലോമീറ്റര്‍ വരെ മാത്രം അകലയായാണ് സ്ഥിതി ചെയ്യുന്നത്. അതിര്‍ത്തിക്കടുത്തുള്ള ഈ മദ്യശാലകള്‍ കള്ളക്കടത്തിന് കൂടുതല്‍ സൗകര്യമൊരുക്കുന്നവയാണ്. മാത്രമല്ല ഈ പ്രദേശത്തെ ദരിദ്രരായ ജന സംഖ്യയിലെ ബഹുഭൂരി പക്ഷവും തങ്ങളുടെ ഭൂമി കള്ളക്കടത്തുകാര്‍ക്ക് അനധികൃത മദ്യം ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ സംഭരിക്കുന്നതിനായി വാടകയ്ക്ക് നല്‍കുകയും, അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സഹായികളെ നല്‍കുകയും ചെയ്ത് വരുമാനമുണ്ടാകുന്നു.
ഝബുവയും അലിരാജ്പൂരും ഗുജറാത്തിലേക്കുള്ള പ്രവേശന കവാടമായി ഉപയോഗിക്കപ്പെടുമ്പോള്‍, ധാര്‍, ഖാര്‍ഗോണ്‍, ഷാജ്പൂര്‍, ഇന്‍ഡോര്‍ എന്നിവയാണ് വിതരണ ശൃംഖലയുടെ നട്ടെല്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തത മുതിര്‍ന്ന എക്സൈസ് ഓഫീസര്‍ പറഞ്ഞു.
എന്നാല്‍ മധ്യപ്രദേശിലെ ഡിസ്റ്റിലറികളില്‍ നിന്ന് കൊണ്ടുവരുന്ന ലക്ഷക്കണക്കിന് ലിറ്റര്‍ മദ്യം ഗുജറാത്തിലെ തെരുവുകളില്‍ എത്തിക്കാന്‍ ഒരുപാട് സംഘടനകള്‍ ആവശ്യമാണ്. മധ്യപ്രദേശിലെ മദ്യനിര്‍മ്മാതാക്കളുടെ ഗോഡൗണുകള്‍ മുതല്‍ ഗുജറാത്തിലേക്ക് ഒഴുകുന്ന ഗതാഗത ശൃംഖലകള്‍ വരെ ആ കൂട്ടത്തില്‍ പെടുന്നവയാണ്. കള്ളക്കടത്ത് പ്രവര്‍ത്തനങ്ങള്‍, വ്യാപാരം, രഹസ്യ ഇടപാടുകള്‍, മദ്യത്തിന്റെ ഒഴുക്ക് തടയേണ്ട നിയമപാലകരുടെ വീഴ്ചകള്‍ എന്നിവയെല്ലാം ഞങ്ങള്‍ പരിശോധിക്കുന്നു.
കത്തിവാഡ, നിരവധി എന്‍ട്രി പോയിന്റുകളില്‍ ഒന്ന് മാത്രം
മദ്യക്കടത്ത് ശൃംഖലയെക്കുറിച്ച് അന്വേഷിക്കാന്‍, ഗുജറാത്തിനോട് ചേര്‍ന്ന് കിടക്കുന്ന മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയിലെ കത്തിവാഡയില്‍ കളക്ടീവ് സംഘം സന്ദര്‍ശനം നടത്തി. കത്തിവാഡയിലെ ജനസംഖ്യയുടെ 86% ഗോത്രവര്‍ഗ്ഗക്കാരാണ്, അവരില്‍ പലരും കള്ളക്കടത്തുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഗുജറാത്തിലേക്കുള്ള അനധികൃത മദ്യത്തിന്റെ പ്രധാന കവാടങ്ങളായി പ്രവര്‍ത്തിക്കുന്നവയാണ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന അലിരാജ്പൂര്‍, ജാബുവ ജില്ലകളിലെ കത്തിവാഡ അടക്കമുള്ള നിരവധി താലൂക്കുകള്‍.
കത്തിവാഡയില്‍ സന്ധ്യ മയങ്ങുമ്പോള്‍, കര്‍ഷകരും തൊഴിലാളികളും വീട്ടിലേക്ക് പോകും എന്നാല്‍ 32-കാരനായ ഭില്‍ ഗോത്രവര്‍ഗക്കാരന്‍ വാല്‍ സിംഗ് ഭൂരിയ അപ്പോഴാണ് തന്റെ യഥാര്‍ത്ഥ ജോലി ആരംഭിക്കുന്നത്. മാല്‍വ മേഖലയിലെ മദ്യ ബൂട്ട്ലെഗ്ഗിംഗ് സിന്‍ഡിക്കേറ്റിന്റെ പരിചയ സമ്പത്തുള്ള എണ്ണം പറഞ്ഞ നിരവധി ‘ഏജന്റു’മാരില്‍ ഒരാളാണ് ഭൂരിയ. ദാരിദ്ര്യവും അവസരങ്ങളുടെ അഭാവവുമാണ് വാല്‍ സിംഗ് ഭൂരിയയെ മദ്യക്കടത്തിലേയ്ക്ക് നയിച്ചത്. എട്ടാം ക്ലാസില്‍ തോറ്റ ശേഷം മാള്‍വ മേഖലയിലെ കള്ളക്കടത്തു സംഘത്തില്‍ ചേരുകയായിരുന്നു.
കത്തിവാഡയിലെ മലയോര വനങ്ങള്‍ കള്ളക്കടത്തുകാര്‍ക്ക് അനുയോജ്യമായ ഒരു ഒളിത്താവളമാണ്. രാത്രിയാകുമ്പോള്‍, കത്തിവാഡയിലെ ഏക സര്‍ക്കാര്‍ ലൈസന്‍സുള്ള മദ്യശാലയില്‍ നിന്ന് 200 മീറ്റര്‍ മാത്രം അകലെയുള്ള ഒരു ഗോഡൗണില്‍ നിന്ന് വാല്‍ സിംഗ് ഭൂരിയയും സംഘവും മദ്യപ്പെട്ടികള്‍ വിവിധ വാഹനങ്ങളില്‍ കയറ്റാന്‍ തുടങ്ങും. സ്‌കോര്‍പിയോസ്, ബൊലേറോസ്, താര്‍സ്, വിംഗറുകള്‍, ആംബുലന്‍സുകള്‍, എസ്യുവികള്‍ എന്നിവയിലായിരിക്കും മദ്യക്കുപ്പികള്‍ കയറ്റിവിടുക. പലപ്പോഴും ഗുജറാത്ത് ലൈസന്‍സ് പ്ലേറ്റുകള്‍ ആണ് ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുക.
പ്രധാനമന്ത്രിയുടെ ഗ്രാം സഡക് യോജന (പിഎംജിഎസ്‌വൈ ) പ്രകാരം നിര്‍മ്മിച്ച റോഡുകളിലൂടെയും മറ്റ് ഗ്രാമ അല്ലെങ്കില്‍ വനപാതകളിലൂടെയുമാണ് ഈ കള്ളക്കടത്ത് സംഘങ്ങള്‍ തങ്ങളുടെ ലോഡ് കൊണ്ടുപോവുക. ഈ റോഡുകള്‍ കത്തിവാഡയെ ഗുജറാത്തിലെ ഛോട്ടാ ഉദയ്പൂര്‍, ദാഹോദ്, ഗോധ്രയിലെ പഞ്ച്മഹല്‍ ജില്ലയുമായി ബന്ധിപ്പിക്കുന്നവയാണ്. ഗുജറാത്തിലെ ദേവഗഡ് ബാരിയ താലുക്കുമായി ബന്ധിപ്പിക്കുന്ന കാഞ്ചല, ഗട്ട്, ധക്കപുര, ചിമത തുടങ്ങിയ മധ്യപ്രദേശ് അതിര്‍ത്തി ഗ്രാമങ്ങളിലേക്കാണ് ചില വാഹനങ്ങള്‍ പോകുന്നത് മറ്റുള്ളവ ഛോട്ടാ ഉദയ്പൂരിനടുത്തുള്ള ബഡാ ഖേഡ, കെവ്ഡി, കോളിയാരി തുടങ്ങിയ ഗ്രാമങ്ങളിലേക്കും.
അതിര്‍ത്തി ഗ്രാമങ്ങളിലെ ആദിവാസി ഭൂമിയില്‍ നിര്‍മ്മിച്ച ഗോഡൗണുകളില്‍ ഭൂരിയ വാഹനങ്ങളിലെത്തിച്ച മദ്യപ്പെട്ടികള്‍ ഇറക്കും. പിന്നീട് ഭുരിയയും സംഘവും അവിടെ നിന്ന് പോയി കഴിയുമ്പോള്‍ ആംബുലന്‍സുകള്‍ ഉള്‍പ്പെടെ 40-50 വാഹനങ്ങളുടെ ഒരു സംഘം പെട്ടികള്‍ കയറ്റി അതേ പിഎംജിഎസ്വൈ റോഡുകളിലൂടെ ഗുജറാത്തിലേക്ക് കടത്തുകയാണ് പതിവ്.
മദ്യം സംഭരിക്കാന്‍ ആദിവാസി കുടുംബങ്ങള്‍ക്ക് പ്രതിമാസം 10,000-15,000 രൂപ അല്ലെങ്കില്‍ 10-15/ബോക്സ് ആണ് നല്‍കുക. കുടുംബങ്ങള്‍ സാമ്പത്തികമായി പ്രയോജനം ലഭിക്കുന്നതോടൊപ്പം കള്ളക്കടത്തുകാര്‍ക്ക് സൗകര്യപ്രദമായി അവരുടെ ലോഡ് സൂക്ഷിക്കാനുള്ള കേന്ദ്രവും ഇതിലൂടെ ലഭിക്കും, ചുരുക്കി പറഞ്ഞാല്‍ ഇരുകൂട്ടര്‍ക്കും ഇത് ഒരുപോലെ പ്രയോജനപ്പെടുന്ന ഡീല്‍ ആണെന്ന് മധ്യപ്രദേശിനെയും ഗുജറാത്തിനെയും വേര്‍തിരിക്കുന്ന കാഞ്ചല അതിര്‍ത്തിയില്‍ നില്‍ക്കുന്ന കത്തിവാഡ താലൂക്കിലെ പരിചയസമ്പന്നനായ സര്‍പഞ്ചായ പര്‍സിംഗ് ഭരിയ വെളിപ്പെടുത്തുന്നു.
ഗുജറാത്തിലെ ദാഹോദിലേക്ക് നയിക്കുന്ന കത്തിവാഡ മദ്യശാലയില്‍ നിന്ന് കാഞ്ചല ഗ്രാമവുമായി ബന്ധിപ്പിക്കുന്ന വഴിയിലൂടെ എല്ലാ ദിവസവും ചീറിപ്പായുന്ന വാഹനവ്യൂഹം ഗ്രാമീണര്‍ക്ക് സുപരിചിതമാണ്.
ഗുജറാത്ത് അതിര്‍ത്തിക്കടുത്തുള്ള അലിരാജ്പൂര്‍ ജില്ലയിലെ ഛക്തല ഗ്രാമത്തിലെ മദ്യക്കടത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഗുജറാത്ത് ലൈസന്‍സ് പ്ലേറ്റുള്ള 30-ലധികം കാറുകളും എസ്യുവികളും സര്‍ക്കാര്‍ ലൈസന്‍സുള്ള മദ്യശാലയുടെ ഗോഡൗണില്‍ നിന്ന് മദ്യം കയറ്റുന്നത് ദൃശ്യങ്ങളാണ് അതില്‍ ഉണ്ടായിരുന്നത്.
ഗുജറാത്ത് അതിര്‍ത്തിയിലൂടെ വാഹനങ്ങള്‍ കള്ളക്കടത്ത് നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അലിരാജ്പൂര്‍ ജില്ലയിലെ ഛക്താല ഗ്രാമം ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്ന് വെറും ഒരു കിലോമീറ്ററില്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. സംസ്ഥാനത്തിന്റെ മദ്യഷാപ്പ് വിതരണ പ്രക്രിയയില്‍ പുതുക്കല്‍, ലോട്ടറി അല്ലെങ്കില്‍ ഇ-ടെന്‍ഡര്‍ എന്നിവ ഉള്‍പ്പെടുന്നു, 3,601 കോമ്പോസിറ്റ് ഷോപ്പുകള്‍ ഇന്ത്യന്‍, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം വില്‍ക്കുന്നുണ്ട്.
കത്തിവാഡ മദ്യശാല കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15% വര്‍ധിച്ച് 5.45 കോടി രൂപയ്ക്കാണ് ലേലം ചെയ്തത്, അതേസമയം 3,200-ല്‍ താഴെ താമസക്കാര്‍ ഉണ്ടായിരുന്നിട്ടും ഛക്തല വില്ലേജിലെ കടയ്ക്ക് 4.96 കോടി രൂപ ലഭിച്ചു. മധ്യപ്രദേശിലെ സംസ്ഥാന എക്‌സൈസ് വകുപ്പ് കത്തിവാഡയും ചക്തലയും മാത്രമല്ല, അലിരാജ്പൂര്‍ ജില്ലയിലെ 19 മദ്യശാലകളും ഇന്‍ഡോര്‍ ആസ്ഥാനമായുള്ള ഖല്‍സ ആന്‍ഡ് കമ്പനിക്ക് ‘ഒരു കോണ്‍ട്രാക്ടര്‍-ഒരു ജില്ല’ എന്ന നയത്തിന് കീഴില്‍ ?97.35 കോടിക്ക് നല്‍കിയിട്ടുണ്ട്.
”മധ്യപ്രദേശ്-ഗുജറാത്ത് അതിര്‍ത്തികളില്‍ കിടക്കുന്ന എല്ലാ മദ്യശാലകളും ചെലവേറിയതാണ് (ബിഡ് ചെയ്യാന്‍) കാരണം ആ കടകളില്‍ നിന്ന് കള്ളക്കടത്ത് എളുപ്പമാണ്,” മേഖലയിലെ ആദിവാസി അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഒരു സാമൂഹിക പ്രവര്‍ത്തകയായ വിഭൂതി ഝാ പറഞ്ഞു.
”ഗ്രാമങ്ങളിലെ (ഗുജറാത്തിന്റെ അതിര്‍ത്തിയിലുള്ള) മദ്യശാലകള്‍ക്ക് പട്ടണങ്ങളുടേതിനേക്കാള്‍ വില കൂടുതലാണ്,” അലിരാജ്പൂരിലെ ജോബത്ത് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ സേന പട്ടേല്‍ പറഞ്ഞു. ഉദാഹരണത്തിന്, ഗുജറാത്ത് അതിര്‍ത്തിയോട് ചേര്‍ന്നുള്ള ചെറിയ ആദിവാസി പട്ടണമായ ഉദയ്ഗഡിലെ ഒരു കട ഈ വര്‍ഷം 13.77 കോടി രൂപയ്ക്കാണ് ലേലത്തില്‍ പോയത്, അലിരാജ്പൂര്‍ നഗരത്തിലെ രണ്ട് കടകള്‍ യഥാക്രമം 8.41 കോടിക്കും 1.24 കോടിക്കും ലേലം ചെയ്തു,” അവര്‍ പറഞ്ഞു. അതുപോലെ, അയല്‍ ഗ്രാമമായ കത്തിവാഡയിലെ ചാന്ദ്പൂരിലെ ഒരു മദ്യശാല 10.50 കോടി രൂപയ്ക്കാണ് ലേലത്തില്‍ പോയത്.
‘മധ്യപ്രദേശിലെ ഗ്രാമപ്രദേശങ്ങളില്‍ നിന്നാണ് മദ്യം കൂടുതലായി ഗുജറാത്തിലേക്ക് കടത്തുന്നത്, ‘ഗുജറാത്തിലെ പോലീസ് സൂപ്രണ്ട് ദഹോദ് രാജ്ദീപ് സിംഗ് എന്‍ സാല പറഞ്ഞു. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ അല്ലെങ്കില്‍ ഇന്‍ഡോര്‍ എന്നിവിടങ്ങളില്‍ നിന്ന് മദ്യം കടത്താന്‍ ദേശീയ, സംസ്ഥാന പാതകളാണ് ഉപയോഗിക്കുന്നത്.
അലിരാജ്പൂര്‍ ജില്ലാ പോലീസ് പറയുന്നതനുസരിച്ച്, അവര്‍ അനധികൃത മദ്യത്തിനായി നിരന്തരമായ വേട്ടയിലാണ്. വയലുകള്‍, ഗോഡൗണുകള്‍, ഗ്രാമങ്ങള്‍, അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വലിയ തോതില്‍ അനധികൃത മദ്യം പിടികൂടിയതായി ജില്ലാ പോലീസ് മേധാവി എസ്പി രാജേഷ് വ്യാസ് കളക്ടീവിനോട് പറഞ്ഞു.
എക്സൈസ് ആക്ട് 1915 പ്രകാരം, 2023 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ വരെ പോലീസ് 2,192 പ്രഥമ വിവര റിപ്പോര്‍ട്ടുകള്‍ (എഫ്‌ഐആര്‍) ആണ് ഫയല്‍ ചെയ്തിരിക്കുന്നത്. ഈ കേസുകളിലുടനീളം 75,080 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും 20.08 കോടി രൂപയുടെ ഇന്ത്യന്‍ നിര്‍മ്മിത മദ്യവും പോലീസ് കണ്ടുകെട്ടിയിട്ടുണ്ട്. 2024 ജനുവരി മുതല്‍ 2024 സെപ്റ്റംബര്‍ വരെ 1,396 കേസുകളിലായി 2.89 കോടി രൂപ വിലമതിക്കുന്ന 90,000 ലിറ്റര്‍ മദ്യമാണ് പോലീസ് പിടിച്ചെടുത്തത്.
”മദ്യ ശാലകള്‍ ഒരു മുഖം മൂടി മാത്രമാണ്. ഗുജറാത്തിലേക്ക് മദ്യവും ബിയറും അനധികൃതമായി കടത്തുന്നതിലൂടെ അവര്‍ക്ക് ലഭിക്കുന്ന ലാഭം മദ്യശാലകളില്‍ നിന്നുള്ള ലാഭത്തേക്കാള്‍ പത്തിരട്ടി കൂടുതലാണ്, ”എക്‌സൈസ് വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.
നിങ്ങള്‍ ഇഷ്ടം പോലെ കുടിക്കൂ, ബാക്കിയെല്ലാം ഞങ്ങള്‍ നോക്കിക്കൊള്ളാം
മദ്യവില്‍പ്പനക്കണക്കുകളിലെ കൗതുകകരമായ വിരോധാഭാസമെന്തെന്നാല്‍ ഗുജറാത്തുമായി അതിര്‍ത്തി പങ്കിടുന്ന അലിരാജ്പൂര്‍, ഝബുവ എന്നീ രണ്ട് ജില്ലകളിലാണ് മറ്റ് പിന്നാക്ക ജില്ലകളെ അപേക്ഷിച്ച് കൂടുതല്‍ മദ്യ വില്പന നടക്കുന്നത്, അത് വളരെ വിലയേറിയ വിദേശ ബ്രാന്‍ഡുകളുടേത്. ജനസംഖ്യയുടെ 85% ത്തിലധികം ഗോത്രവര്‍ഗ്ഗക്കാരും അവരില്‍ 70% ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമായ ഈ രണ്ട് ജില്ലകളില്‍ നിന്ന് ഈ സാമ്പത്തിക വര്‍ഷം മാത്രം രണ്ട് ജില്ലകളിലെയും മദ്യശാലകള്‍ ലേലം ചെയ്യുന്നതിലൂടെ ഏകദേശം 338 കോടി രൂപയുടെ വരുമാനമാണ് ലഭിക്കുക- മധ്യപ്രദേശ് എക്‌സൈസ് വകുപ്പിന്റെ കണക്കനുസരിച്ച് മുന്‍വര്‍ഷത്തേക്കാള്‍ 15% വര്‍ധനയാണിത്. മദ്യവില്‍പ്പനയില്‍ നിന്ന് നികുതി വരുമാനമായി മദ്യ കരാറുകാരന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന തുകയാണിത്, കൂടാതെ പ്രദേശത്തെ വില്‍പ്പന സാധ്യതയും മുന്‍വര്‍ഷത്തെ ഉപഭോഗവും അടിസ്ഥാനമാക്കിയുള്ളതാണിത്.
അതെ സമയം വില്‍പ്പനയിലെ ഈ ഉയര്‍ന്ന നിരക്കുകള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ അനവധിയാണ്. ഝബുവയിലും അലിരാജ്പൂരിലും, റം, വിസ്‌കി, ബിയര്‍ എന്നിവയെക്കാള്‍ കൂടുതലായി മഹുവ നിര്‍മ്മിത മദ്യം, കള്ള് തുടങ്ങിയവയാണ് ജനനം, വിവാഹം മുതല്‍ മതപരമായ ആചാരങ്ങളിലും ശവസംസ്‌കാരങ്ങളിലും വരെ ഉപയോഗിക്കുക. അതവരുടെ ജീവിതത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ കേന്ദ്രം കൂടിയാണ്. അങ്ങനെയെങ്കില്‍ വിലകൂടിയ വിദേശ ബ്രാന്‍ഡുകളുടെ വില്‍പ്പന അസാധാരണമാംവിധം ഉയര്‍ന്നതിനര്‍ത്ഥം ജില്ലകള്‍ക്ക് പുറത്തുള്ള ബാഹ്യ ശക്തികളുടെ ഇടപെടലുകള്‍ തന്നെയാണ്. ഒരുപക്ഷേ കള്ളക്കടത്തുകാരാണ്, ഉയര്‍ന്ന വില്‍പ്പന കണക്കുകളിലേക്ക് സംഭാവന ചെയ്യുന്നത്.
തൊഴിലിനായി മറ്റ് നഗരങ്ങളിലേക്ക് കുടിയേറുന്ന യുവാക്കള്‍ക്കിടയില്‍ ബിയര്‍ കുടിക്കുന്ന ശീലം വളര്‍ന്നു വന്നിട്ടുണ്ട്, എന്നാല്‍, ആദിവാസികള്‍ക്ക് ജോണി വാക്കര്‍, റെഡ് ലേബല്‍, ബ്ലാക്ക് ഡോഗ്, ഗ്ലെന്‍ഫിഡിച്ച് അല്ലെങ്കില്‍ കോടികള്‍ വിലമതിക്കുന്ന മറ്റുള്ളവ കഴിക്കാന്‍ ഒരു മാര്‍ഗവുമില്ല, മേഖലയിലെ നിയമവിരുദ്ധ മദ്യക്കടത്ത് തടയാന്‍ ഇന്‍ഡോര്‍ ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി (PIL ) ഫയല്‍ ചെയ്ത ഝബുവയിലെ റാണാപൂര്‍ തഹസില്‍ നിന്നുള്ള ആദിവാസി നേതാവ് മതിയാസ് ഭൂരിയ (47) പറഞ്ഞു. ”ആദിവാസികള്‍ വിദേശമദ്യം വാങ്ങാന്‍ മാത്രം സമ്പന്നരാണെങ്കില്‍, പിന്നെന്തിനാണ് അവര്‍ ഉപജീവനത്തിനായി കുടുംബത്തോടൊപ്പം കൂലിപ്പണിക്കാരായി കുടിയേറുന്നത്? എന്തുകൊണ്ടാണ് ജില്ലയുടെ 70% വരുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ പ്രതിമാസ പിഡിഎസ് റേഷനില്‍ ആശ്രയിച്ചു കഴിയുന്നത്? അവന്‍ ചോദിച്ചു.
റാണാപൂരില്‍ (ജാബുവ) നിന്നുള്ള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായിരുന്ന മത്യാസ് ഭൂരിയ, 2024 ജൂണ്‍ 24 ന് ഒരു പത്രസമ്മേളനം നടത്തുകയും, നിയമപാലകര്‍ മദ്യ സിന്‍ഡിക്കേറ്റുമായി കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപിച്ച് 2024 ഓഗസ്റ്റ് 5 ന് മദ്യമാഫിയക്കെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തു. എന്നാല്‍ അധികം താമസിയാതെ തന്നെ അദ്ദേഹത്തെ സ്ഥാനത്തുനിന്നും പാര്‍ട്ടിയില്‍നിന്നും നീക്കുകയാണ് ഉണ്ടായത്. കൂടാതെ ഒരു മാസത്തിനുശേഷം, ആക്രമണം, കൊള്ളയടിക്കല്‍, എക്സൈസ് ആക്ട് തുടങ്ങിയ കേസുകള്‍ ആരോപിച്ച് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജബുവ ജില്ലാ കളക്ടര്‍ അദ്ദേഹത്തെ ജില്ലയില്‍ നിന്ന് തന്നെ പുറത്താക്കുകയും ചെയ്തു.
ജബുവ, രണ്ട് ബ്ലോക്കുകളുടെ ഒരു കഥ
അലിരാജ്പൂര്‍ പോലെ ഗുജറാത്തുമായി വിശാലമായ അതിര്‍ത്തി പങ്കിടുന്ന സമീപ ജില്ലയാണ് ഝബുവയും. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മദ്യവില്‍പ്പനയില്‍ നിന്ന് 238 കോടി വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ചെറിയ കുന്നുകളാല്‍ ചുറ്റപ്പെട്ട ഇത് സംസ്ഥാനത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജില്ലകളില്‍ ഒന്നാണ്. ദഹോദിലേക്ക് മദ്യം കടത്താന്‍ ജാബുവയിലെ റാണാപൂര്‍, പിത്തോള്‍ തഹസീലുകള്‍ എന്‍ട്രി ഗേറ്റുകളായി ഉപയോഗിക്കുന്നതായി ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്തി.
”ഉത്സവ സമയങ്ങളിലോ വിവാഹ സീസണുകളിലോ 100-200 ട്രക്കുകള്‍ പിറ്റോള്‍ അതിര്‍ത്തി ചെക്ക് പോസ്റ്റിലൂടെ ഒരു ദിവസം കടന്നുപോകുന്നതായി പിറ്റോള്‍ അന്തര്‍ സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ നിന്ന് ഏതാനും മീറ്റര്‍ മാത്രം അകലെയുള്ള ജില്ലയിലെ കലഖുണ്ട് പഞ്ചായത്തിലെ സര്‍പഞ്ച് ഖുന്‍ സിംഗ് ഗോണ്ടിയ (45) പറഞ്ഞു.
2024 മെയ് മാസത്തില്‍, വ്യാജ പെര്‍മിറ്റ് സ്ലിപ്പുകള്‍ ഉപയോഗിച്ച് ഗുജറാത്തിലേക്ക് കടക്കാന്‍ ശ്രമിച്ച പിറ്റോളിന്റെ അന്തര്‍ സംസ്ഥാന ചെക്ക് പോയിന്റില്‍ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന ഒമ്പത് ട്രക്ക് മദ്യമാണ് ജാബുവ പോലീസ് പിടിച്ചെടുത്തത്. ഇവയില്‍ ഭൂരിഭാഗം ട്രക്കുകള്‍ക്കും ഗ്വാളിയോര്‍ അല്ലെങ്കില്‍ ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷന്‍ നമ്പറുകളാണ് ഉണ്ടായിരുന്നത്. പോലീസും എക്സൈസും ഡ്രൈവര്‍മാര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
”എന്തുകൊണ്ടാണ് പോലീസ് ഡ്രൈവര്‍മാര്‍ക്കെതിരെ മാത്രം എഫ്‌ഐആര്‍ ഇടുന്നത്, എന്ത് കൊണ്ടാണ് കരാറുകാര്‍ക്കോ ഡിസ്റ്റിലറി ഉടമകള്‍ക്കോ എതിരെ കേസെടുക്കുന്നില്ല?,” ജാബുവയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ വിക്രാന്ത് ഭൂരിയ ചോദിച്ചു. ട്രക്കുകള്‍ പിടികൂടിയിട്ട് അഞ്ച് മാസമായി, പക്ഷേ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. ജില്ലക്കകത്തും സംസ്ഥാനത്തിന് പുറത്തും വ്യാപകമായ മദ്യക്കടത്തിനെക്കുറിച്ചുള്ള നിരവധി പരാതികള്‍ പോലീസിനും എക്‌സൈസിനും ലഭിച്ചിട്ടും അവയൊന്നും കേട്ടില്ല എന്ന മട്ടിലാണ് അധികൃതരെന്നും അദ്ദേഹം ആരോപിച്ചു. ”ഞാന്‍ പരാതി പറയുന്നത് നിര്‍ത്തി,” ഭൂരിയ പറഞ്ഞു.
പിറ്റോളിലെ എന്‍ എച്ച് 59ന്റെ അന്തര്‍സംസ്ഥാന ചെക്ക്പോസ്റ്റില്‍, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ് എന്നിവയുടെ നമ്പര്‍ പ്ലേറ്റുള്ള നൂറുകണക്കിന് എസ്യുവികളും ട്രക്കുകളും റോഡരികില്‍ നിരയായി കിടക്കുന്നു.
”ഇവരെല്ലാം ഗുജറാത്തിലേക്ക് മദ്യം കടത്തിയതിനാണ് പിടികൂടിയത്,” ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ കോണ്‍സ്റ്റബിള്‍ മിത്തു സിംഗ് ദാമോര്‍ പറഞ്ഞു. നൂറുകണക്കിന് മദ്യം കയറ്റിയ നാല് ചക്ര വാഹനങ്ങളോ ട്രക്കുകളോ ഈ ചെക്ക് പോസ്റ്റിലൂടെ കടന്നുപോകുന്നത് പ്രത്യേകിച്ചും രാത്രി വൈകിയോ അതിരാവിലെയോ തുടങ്ങിയ മിനിമം സുരക്ഷയുള്ള സമയങ്ങളിലായാണ്, സംശയാസ്പദമായി തോന്നുന്നതോ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് സൂചനകള്‍ ലഭിക്കുമ്പോഴോ ആണ് ഞങ്ങള്‍ അവരെ പിടികൂടുന്നത്.
‘ഹരിയാനയില്‍ നിന്നും പഞ്ചാബില്‍ നിന്നും വരുന്ന മദ്യം നിറച്ച ട്രക്കുകളില്‍ ഭൂരിഭാഗവും ഹൈവേകളിലൂടെയാണ് കടന്നുപോകുന്നത്, എന്നാല്‍ അവയില്‍ ഭൂരിഭാഗവും പിടിക്കപ്പെടുന്നുണ്ട്,’ ദാഹോദ് പോലീസ് സൂപ്രണ്ട് രാജ്ദീപ്സിന്‍ഹ് എന്‍. സാല പറഞ്ഞു. ”ഞങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നതിനാല്‍, ഗുജറാത്തില്‍ അനധികൃത മദ്യത്തിന്റെ ഒഴുക്ക് തടയാന്‍ രൂപീകരിച്ച സംസ്ഥാന മോണിറ്ററിംഗ് സെല്‍ കഴിഞ്ഞ 15 മാസത്തിനിടെ രണ്ട് വലിയ ട്രക്കുകള്‍ മാത്രമാണ് പിടികൂടിയത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അനധികൃത മദ്യക്കടത്ത് തടയാനുള്ള ഗുജറാത്ത് പോലീസിന്റെ ശ്രമത്തെ ഊട്ടിയുറപ്പിക്കാന്‍, ഈ വര്‍ഷം സെപ്റ്റംബറില്‍ ദഹോദ് ക്രൈംബ്രാഞ്ച് പോലീസ് ഗുജറാത്തില്‍ മൂന്ന് മദ്യക്കടത്ത് കേസുകളില്‍ പ്രതിയായ മധ്യപ്രദേശില്‍ നിന്നുള്ള മദ്യ കരാറുകാരന്‍ രമേഷ്ചന്ദ്ര റായിയെ അറസ്റ്റ് ചെയ്തിരുന്നു.
യുപിയിലെ ഝാന്‍സി സ്വദേശിയായ റായ് മധ്യപ്രദേശില്‍ ലിസ്റ്റ് ചെയ്ത കരാറുകാരനും മദ്യവില്‍പ്പന സംഘത്തിലെ പ്രധാന അംഗവുമാണ്. അറസ്റ്റ് ചെയ്ത് മൂന്ന് ദിവസത്തിനകം ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഇന്‍ഡോറിലേക്ക് മടങ്ങുകയായിരുന്നു.
കൃത്യമായ ഇടവേളകളില്‍ അനധികൃത മദ്യം പിടിക്കുന്നുണ്ടെങ്കിലും, ഭൂരിഭാഗവും അറസ്റ്റിലാകുന്നതും വലയുന്നതും ഡ്രൈവര്‍മാരോ ഏജന്റുമാരോ ആണ്. 2022 സെപ്റ്റംബറില്‍ കുറഞ്ഞത് ഒരു കേസിലെങ്കിലും, കള്ളക്കടത്തുകാരും മദ്യ കരാറുകാരും തമ്മിലുള്ള ബന്ധം പരസ്യമായിട്ടുണ്ട്.
സമീപത്തെ ബര്‍വാനി ജില്ലയില്‍ നിന്ന് അലിരാജ്പൂര്‍ അതിര്‍ത്തിയിലേക്ക് ടാങ്കര്‍ ട്രക്കുകളില്‍ മദ്യം കടത്തുകയായിരുന്ന ഒരു സംഘം കള്ളക്കടത്തുകാരും വാഹനവ്യൂഹം തടയാന്‍ ശ്രമിച്ച ധാര്‍ ജില്ലയിലെ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റും (എസ്ഡിഎം) നവജീവന്‍ പരിഹാറും ഐഎഎസ് ഉദ്യോഗസ്ഥനും ആക്രമിക്കപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ട്രക്ക് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്ത് മൂടിവെയ്ക്കാന്‍ കഴിയാത്തവിധം ഈ കേസ് പൊതുശ്രദ്ധയിലേക്ക് തള്ളിവിട്ട് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകാനും കള്ളക്കടത്തുകാരും ശ്രമിച്ചു.
ഇന്‍ഡോറിലെ പ്രമുഖ മദ്യ കരാറുകാരനും സിന്‍ഡിക്കേറ്റിലെ പ്രധാന അംഗവുമായ മന്‍ജീത് സിംഗ് എന്ന റിങ്കു ഭാട്ടിയ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പിടിച്ചെടുത്ത മദ്യവും വാഹനങ്ങളും ഭാട്ടിയയില്‍ നിന്ന് കണ്ടെത്തി, ഇത് അദ്ദേഹത്തിന്റെ ഗോഡൗണില്‍ റെയ്ഡുകളിലേക്കും ഒടുവില്‍ അറസ്റ്റിലേക്കും നയിച്ചു. രണ്ട് മാസത്തിനുള്ളില്‍ ജാമ്യം ലഭിച്ചു.
അപൂര്‍വമായേ കള്ളക്കടത്ത് സംഘങ്ങളുടെ ഉന്നതര്‍ കുറ്റാരോപിതരായിട്ടുള്ളൂ. 2011-ല്‍ ജഗദീഷ് അറോറയുടെയും അജയ് കുമാര്‍ അറോറയുടെയും ഉടമസ്ഥതയിലുള്ള സോം ഡിസ്റ്റിലറീസില്‍ നിന്ന് മദ്യവുമായി വന്ന ട്രക്കുകള്‍ ജാബുവ പോലീസ് തടഞ്ഞതാണ് അവസാനത്തെ പ്രധാന വഴിത്തിരിവ്. ഭോപ്പാലിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഡിസ്റ്റിലറി പ്രതിവര്‍ഷം 1,800 ലക്ഷം ബള്‍ക്ക് ലിറ്റര്‍ മദ്യം ഉല്‍പ്പാദിപ്പിക്കുന്നു, എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് വൃത്തങ്ങളും കോടതി കേസ് ഫയലുകളും അനുസരിച്ച്, മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും കള്ളക്കടത്ത് ശൃംഖല ആഴത്തില്‍ വേരൂന്നിയതാണ്.
സഹോദരങ്ങളായ അറോറകള്‍ക്കെതിരെ 2012ല്‍ കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ 2015ല്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആറില്‍ നിന്ന് ഇവരുടെ പേരുകള്‍ ഒഴിവാക്കി. 12 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ 2023 ഡിസംബറില്‍ ഇന്‍ഡോറിലെ കോടതി അഞ്ച് എക്സൈസ് ഓഫീസര്‍മാരും സോം ഡിസ്റ്റിലറീസ് മാനേജര്‍മാരും ഉള്‍പ്പെടെ 13 പേരെ ശിക്ഷിച്ചു. വ്യാജ പെര്‍മിറ്റ് ഉപയോഗിച്ച് ഇവര്‍ ഗുജറാത്തിലേക്ക് അനധികൃതമായി മദ്യം എത്തിച്ചതായി കോടതി കണ്ടെത്തി.
കള്ളക്കടത്ത് പ്രവര്‍ത്തനക്ഷമമാക്കുന്നതില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കൂട്ടുകെട്ട് കോടതി വിധിയില്‍ അടിവരയിട്ടു. ”ഇതുകൊണ്ടാണ് പോലീസ് പലപ്പോഴും ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യുന്നത്, ഉടമകളെയോ കരാറുകാരെയോ അല്ല,” കേസുമായി പരിചയമുള്ള നിയമ നിരീക്ഷകനായ രാജേന്ദ്ര ഗുപ്ത പറഞ്ഞു.
പ്രവര്‍ത്തനരീതി
അനധികൃത മദ്യക്കടത്തില്‍ ഡിസ്റ്റിലര്‍മാര്‍, കരാറുകാര്‍, കള്ളക്കടത്തുക്കാര്‍, എക്‌സൈസ്, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെയെല്ലാം ഇടപെടല്‍ എങ്ങനെയെന്ന് കൂടുതല്‍ വ്യക്തത നല്‍കുന്ന ആദ്യ കേസായിരുന്നു ഇത്.
ഞങ്ങളുടെ അന്വേഷണത്തിലൂടെയും ഇപ്പോഴുള്ളവരും വിരമിച്ചവരുമായ എക്സൈസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരുമായുള്ള സംഭാഷണത്തിലൂടെയും, മദ്യക്കടത്തുകാരും സിന്‍ഡിക്കേറ്റ് അംഗങ്ങളും നാട്ടുകാരും ആക്ടിവിസ്റ്റുകളുമായുള്ള സംഭാഷണത്തിലൂടെയും ഞങ്ങള്‍ കണ്ടെത്തിയ കാര്യങ്ങള്‍ വികലമായ ഒരു സംവിധാനത്തിന്റെ ചിത്രത്തെ കൂടുതല്‍ വ്യക്തമാക്കുന്നതായിരുന്നു. കള്ളക്കടത്ത് വളരുന്നിടത്താണ് ഈ വിള്ളലുകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നത്.
ഡിസ്റ്റിലറികള്‍, ബോട്ടിലിംഗ് യൂണിറ്റുകള്‍, വെയര്‍ഹൗസുകള്‍, റീട്ടെയില്‍ ഷോപ്പുകള്‍ എന്നിങ്ങനെ നാല് തൂണുകളിലാണ് മദ്യവ്യാപാരം നിലകൊള്ളുന്നത്. സര്‍ക്കാര്‍ എക്സൈസ് നയം രൂപീകരിക്കുമ്പോള്‍, അത് നടപ്പിലാക്കുന്നത് പോലീസിന്റെ സഹായത്തോടെ എക്സൈസ് വകുപ്പാണ്. ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന്റെ ഡിസ്റ്റിലറികള്‍, ബ്രൂവറികള്‍, ബോട്ടിലിംഗ് യൂണിറ്റുകള്‍, ഗോഡൗണുകള്‍ എന്നിവ സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ്, അതേസമയം ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വെയര്‍ഹൗസുകള്‍ എക്‌സൈസ് വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. ഏറെ ശ്രദ്ധാപൂര്‍വ്വം നിര്‍മ്മിച്ച ഇതേ ചട്ടക്കൂടാണ്, ഏറ്റവും കൂടുതല്‍ ചൂഷണത്തിന് ഇരയാകാവുന്ന ഒന്ന്.
പ്രതിവര്‍ഷം 6,365 ലക്ഷം ബള്‍ക്ക് ലിറ്റര്‍ മദ്യമോ ബിയറോ ഉത്പാദിപ്പിക്കുന്ന മധ്യപ്രദേശിലെ 11 ഡിസ്റ്റിലറികളും നാല് ബ്രൂവറികളും സംസ്ഥാനത്തിന്റെ ഹൃദയഭാഗത്താണ്. അനധികൃത മദ്യത്തിന്റെ പകുതിയോളം വരുന്നത് ധാര്‍, മാള്‍വയിലെ ഖാര്‍ഗോണിലെ നാല് ഡിസ്റ്റിലറുകളില്‍ നിന്നാണ്. ഒരിക്കല്‍ പാര്‍മര്‍, തുഗ്ലക്കുകള്‍, മുഗളന്മാര്‍, മറാത്തകള്‍ എന്നിവരുടെ കീഴിലുള്ള മാള്‍വയുടെ ഭരണഹൃദയമായിരുന്ന ധാര്‍ ഇപ്പോള്‍ സംസ്ഥാനത്തിന്റെ അനധികൃത മദ്യവ്യാപാരത്തിന് നേതൃത്വം നല്‍കുന്നുണ്ട്. റോഡ് കണക്റ്റിവിറ്റി, അനുകൂലമായ ഭൂപ്രകൃതി, ഇന്‍ഡോറിനും ഗുജറാത്തിനുമുള്ള സാമീപ്യമുള്ള അതിന്റെ തന്ത്രപ്രധാനമായ സ്ഥാനം എന്നിവയെല്ലാം അതിനെ ഭൂഗര്‍ഭ സിന്‍ഡിക്കേറ്റുകളുടെ കേന്ദ്രമാക്കി മാറ്റുന്നു. ഈ ഡിസ്റ്റിലറികളില്‍ നിയോഗിച്ചിട്ടുള്ള എക്‌സൈസ് ഉദ്യോഗസ്ഥര്‍ മദ്യത്തിന്റെ ഉല്‍പ്പാദനം നിരീക്ഷിക്കുകയും ഗുണനിലവാരം പരിശോധിക്കുകയും ഓരോ ബാച്ചും രേഖപ്പെടുത്തുകയും വേണം. ഈ ഉദ്യോഗസ്ഥര്‍ സ്പിരിറ്റ് അല്ലെങ്കില്‍ മാള്‍ട്ട് ബോട്ട്‌ലിംഗ് യൂണിറ്റുകളിലേക്ക് കൊണ്ടുപോകുന്നതിനുള്ള റൂട്ടും സമയപരിധിയും വ്യക്തമാക്കുന്ന സമയ-മുദ്രയുള്ള പെര്‍മിറ്റുകള്‍ നല്‍കുന്നു. ഈ ഡിസ്റ്റിലിംഗ് യൂണിറ്റുകളില്‍ നിന്ന്, സ്പിരിറ്റ് ബോട്ടിലിംഗ് യൂണിറ്റുകളിലേക്കും, ഡിസ്റ്റിലറി ബിസിനസില്‍ ആധിപത്യം പുലര്‍ത്തുന്ന അതേ ശക്തരായ കോണ്‍ട്രാക്ടര്‍മാരുടെയോ ഡിസ്റ്റിലറി/ബിയര്‍ ഉടമകളുടെയോ ഉടമസ്ഥതയിലുള്ള വെയര്‍ഹൗസുകളിലേക്കും നീങ്ങുന്നു. കുപ്പിയിലാക്കിക്കഴിഞ്ഞാല്‍ മദ്യം ഗോഡൗണുകളില്‍ എത്തുന്നു. ഇവിടെ നിലയുറപ്പിച്ചിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇവിടെയും ഒഴുക്ക് നിരീക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്, ഓരോ ചലനത്തിനും സമയബന്ധിതമായി പെര്‍മിറ്റുകള്‍ നല്‍കുന്നു. അവസാനമായി, റീട്ടെയില്‍ ഷോപ്പ് ഉടമകളും കരാറുകാരും അവരുടെ സ്റ്റോക്ക് ക്ലെയിം ചെയ്യാന്‍ ലൈസന്‍സുകളും പേയ്മെന്റ് രസീതുകളും സഹിതം വരുന്നു. എന്നാല്‍ ഈ പ്രക്രിയകള്‍, ഫൗള്‍ പ്ലേയില്‍ നിന്ന് സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്, അവിടെയാണ് ട്വിസ്റ്റ് കിടക്കുന്നത്.
സോം ഡിസ്റ്റിലറീസ് കേസ് വെളിപ്പെടുത്തിയ പ്രകാരം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി ഉല്‍പ്പാദകര്‍ അനുവദനീയമായ ഉല്‍പാദന പരിധി ലംഘിക്കുന്ന ഡിസ്റ്റിലറി ഘട്ടത്തിലാണ് കള്ളക്കടത്ത് ആരംഭിക്കുന്നത്. പെര്‍മിറ്റുകള്‍ തനിപ്പകര്‍പ്പാണ്, സമാനമായ രജിസ്‌ട്രേഷന്‍ നമ്പറുകളുള്ള ട്രക്കുകള്‍ ഫാന്‍ ഔട്ട് ചെയ്യുന്നു-ചിലത് നേരിട്ട് റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലേക്ക് പോകുന്നു, മറ്റുള്ളവ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിലേക്ക് അതിര്‍ത്തി കടക്കുന്നു. പിന്നെ ബോട്ടിലിംഗ് യൂണിറ്റുകളിലും വെയര്‍ഹൗസുകളിലുമാണ് ബാക്കി പണികള്‍. എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ, കരാറുകാര്‍ ട്രാന്‍സ്‌പോര്‍ട്ട് പെര്‍മിറ്റുകള്‍ വീണ്ടും ഉപയോഗിക്കുന്നു. ഒന്നിലധികം ട്രക്കുകള്‍, ഒരേ രേഖകള്‍ കൊണ്ട് എല്ലാ ലോഡുകളും, വ്യത്യസ്ത സ്ഥലങ്ങളിലേക്ക് അയക്കുന്നു. ഇതിനിടെ വഴിയില്‍ ആകെ പരിശോധനയ്ക്കായി നിര്‍ത്തിയാല്‍ ഡ്രൈവര്‍ ഈ പേപ്പര്‍ വര്‍ക്കുകള്‍ കാണിക്കും, വീണ്ടും യാത്ര തുടങ്ങും.
ഝബുവ, അലിരാജ്പൂര്‍ ജില്ലകള്‍ പോലെ ഗുജറാത്തിനോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ കടകളുള്ള റീട്ടെയില്‍ മദ്യശാല ഉടമകള്‍, മദ്യം നിറച്ച ട്രക്കുകള്‍ക്ക് കൂടുതല്‍ സമയദൈര്‍ഘ്യമുള്ള ഗതാഗത പെര്‍മിറ്റ് നല്‍കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കുന്നു. ഉദാഹരണത്തിന്, ഇന്‍ഡോറില്‍ നിന്ന് ജാബുവയിലേക്ക് മദ്യം കൊണ്ടുപോകാന്‍ 147 കിലോമീറ്റര്‍ ദൂരമുണ്ട്, അവിടെ എത്തിച്ചേരാന്‍ 3 മണിക്കൂര്‍ സമയം എടുക്കും, ഉദ്യോഗസ്ഥര്‍ നല്‍കുന്നത് എട്ട് മണിക്കൂര്‍ പെര്‍മിറ്റ്. അതിനാല്‍, പെര്‍മിറ്റ് ഉപയോഗിച്ച് അനുവദനീയമായ ഒരു യാത്രയ്ക്ക് പുറമേ, പെര്‍മിറ്റ് ആവര്‍ത്തിച്ച് കാണിച്ച് അനധികൃത മദ്യവുമായി കൂടുതല്‍ യാത്രകള്‍ ഇവര്‍ക്ക് നടത്താനാകും. മധ്യപ്രദേശില്‍ നിന്ന് ഗുജറാത്തിലേക്ക് അനധികൃത മദ്യം കടത്തുന്നത് സംസ്ഥാനത്തിന് ഗണ്യമായ നികുതി വരുമാന നഷ്ടമുണ്ടാക്കുന്ന ദീര്‍ഘകാല പ്രശ്‌നമാണ്. ഈ നഷ്ടം പ്രതിവര്‍ഷം 1000 കോടി രൂപയോളം വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, എക്സൈസ് മന്ത്രി എന്നിവര്‍ക്ക് മധ്യപ്രദേശ് ദേശി വിദേശി മദിര വ്യവസായി അസോസിയേഷന്‍ ജാബുവ, അയച്ച പല കത്തുകളിലും അലിരാജ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഗുജറാത്തിലേക്കുള്ള വ്യാപകമായ മദ്യക്കടത്ത് സംബന്ധിച്ച് പല വട്ടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് ഓരോ വര്‍ഷവും ഖജനാവില്‍ 1,000 കോടി രൂപയിലധികം നഷ്ടമാണ് ഉണ്ടാക്കുന്നത്.
2020 സെപ്റ്റംബറില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അയച്ച കത്തില്‍, ചുരുക്കം ചിലത് ഒഴികെ, സംസ്ഥാനത്തെ എല്ലാ ഡിസ്റ്റിലറികളിലും ബ്രൂവറികളിലും ബോട്ടിലിംഗ് യൂണിറ്റുകളിലും ഡ്യൂട്ടി (നികുതി) നല്‍കാതെ അനധികൃതമായി മദ്യം പുറത്തേക്ക് കടത്തുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. അധികാരികളുടെ പിന്തുണയോടെ ഗുജറാത്തിലേക്കാണ് ഇവ ഒഴുക്കുന്നത്.
ഈ പ്ലാന്റുകള്‍/ഫാക്ടറികള്‍ ഉള്ള ജില്ലകളിലെ ഭൂരിഭാഗം മദ്യഷാപ്പുകളും ഡിസ്റ്റിലറികള്‍, ബ്രൂവറികള്‍, ബോട്ടിലിംഗ് യൂണിറ്റ് ഉടമകള്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ഈ ഫാക്ടറികളില്‍ നിന്ന് മദ്യമോ ബിയറോ തീരുവയില്ലാതെ മദ്യശാലകളിലേക്ക് നേരിട്ട് എത്തിക്കുകയും ഗുജറാത്തിലേക്ക് കടത്തുകയും ചെയ്യുന്നു.
വ്യാപകമായ അഴിമതി, രാഷ്ട്രീയ ഇടപെടല്‍, കള്ളക്കടത്ത്, നിരവധി നയങ്ങളിലെ മാറ്റങ്ങള്‍ എന്നിവ പരമ്പരാഗത മദ്യവ്യാപാരികളെ കച്ചവടത്തില്‍ നിന്ന് പുറത്താക്കി. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാത്ത 60% കരാറുകാരും നഷ്ടത്തിലാണ്,” ജഗ്ജീത് സിംഗ് ഭാട്ടിയ പറഞ്ഞു. 1984 മുതല്‍ മദ്യക്കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അസോസിയേഷന്റെ പ്രധാന അംഗമാണ് അദ്ദേഹം.
”ഗുജറാത്ത് മദ്യനിരോധനം പിന്‍വലിച്ചാല്‍, മധ്യപ്രദേശിന്റെ എക്‌സൈസ് വരുമാനം മാള്‍വ മേഖലയില്‍ 50% ആയി കുറയും,” ജഗ്ജീത് കൂട്ടിച്ചേര്‍ത്തു. 2022 ജനുവരിയിലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് അനുസരിച്ച് , 2021-ല്‍ കോവിഡ് -19 ലോക്ക്ഡൗണ്‍ ഉണ്ടായിരുന്നിട്ടു പോലും ഗുജറാത്ത് പോലീസ് ഓരോ മിനിറ്റിലും ശരാശരി 11 കുപ്പി ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യമാണ് (IMFL) പിടിച്ചെടുത്തത്. 2020-ല്‍ സംസ്ഥാനത്തുടനീളം 1.53 ലക്ഷം കേസുകള്‍ നിരോധന നിയമപ്രകാരം ഫയല്‍ ചെയ്യപ്പെട്ടെങ്കില്‍, ഇത് 2021-ല്‍ 1.69 ലക്ഷമായി ഉയര്‍ന്നു.
2024-ല്‍, മാര്‍ച്ച് 16-ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കിയതിനെത്തുടര്‍ന്ന്, പോലീസ് മദ്യം പിടിച്ചെടുക്കുന്നത് പിന്നെയും വര്‍ദ്ധിച്ചു. 2024 ഏപ്രില്‍ 13-ഓടെ, 21.94 കോടി രൂപ വിലമതിക്കുന്ന 7,60,062 ലിറ്റര്‍ മദ്യം അധികൃതര്‍ കണ്ടുകെട്ടി, ആ കാലയളവില്‍ പിടിച്ചെടുത്ത മദ്യത്തിന്റെ 11-ാമത്തെ ഏറ്റവും ഉയര്‍ന്ന അളവാണ് ഇത്. ഗുജറാത്തിന്റെ അതിര്‍ത്തി ജില്ലകളായ ദാഹോദ്, ഛോട്ടാ ഉദയ്പൂര്‍, പഞ്ച്മഹലിലെ ഗോധ്ര എന്നിവിടങ്ങളില്‍ മധ്യപ്രദേശില്‍ പ്രവര്‍ത്തിക്കുന്നതുപോലെയുള്ള മദ്യവില്‍പ്പന സംഘങ്ങള്‍ സജീവമാണ്. മധ്യപ്രദേശില്‍ നിന്ന് ഗുജറാത്തിലേക്ക് മദ്യം നിറച്ച ട്രക്കുകള്‍ കടന്ന് വേഗത്തിലുള്ള ഗതാഗതവും വിതരണവും സുഗമമാക്കുന്നതോടെ ഈ സിന്‍ഡിക്കേറ്റുകള്‍ ചുമതലയേല്‍ക്കുന്നു.
നയപരമായ അപാകത
കള്ളക്കടത്തിന് ആക്കം കൂട്ടുന്നതിന്റെ പ്രധാന കാരണക്കാരില്‍ ഒരു വിഭാഗം രാഷ്ട്രീയ ഭരണകൂടങ്ങളും അവരുടെ രാഷ്ട്രീയ അജണ്ടകളും ഉപയോഗിച്ച് രൂപപ്പെടുത്തിയ സംസ്ഥാനത്തിന്റെ മദ്യനയങ്ങളുമാണ്. കുത്തകയായി മാറിയ ഒരു ജില്ല-ഒരു കരാറുകാരന്‍ മാതൃകയും, അതിന്റെ ഭാഗമായ ഒരു കട-ഒരു കരാറുകാരന്‍ നയവും തമ്മിലുള്ള ചാക്രികമായ മാറ്റത്തെ വര്‍ഷങ്ങളായി മദ്യനയം പ്രതിഫലിപ്പിക്കുന്നു.
2002-03 വരെ മദ്യനിര്‍മ്മാണ ബിസിനസില്‍ സംസ്ഥാന നിയന്ത്രണം ഏകീകരിക്കുന്നതിനായി കൊണ്ടുവന്ന ഒരു ജില്ല-ഒരു കരാറുകാരന്‍ നയത്തില്‍ നിന്നാണ് സംഘടിത മദ്യക്കടത്തിന്റെ ഉത്ഭവം. ഒരു കോണ്‍ട്രാക്ടര്‍ക്ക് ഒരു ജില്ലയുടെ മുഴുവന്‍ ബിസിനസ്സ് വാഗ്ദാനം ചെയ്യുകയും മത്സരത്തെ ഇല്ലാതാക്കുകയും ചെയ്തതിനാല്‍ ഇത് വലിയ ലോബികള്‍ക്ക് കൂടുതല്‍ ഗുണം ചെയ്തു.
ഒരു ദശാബ്ദത്തെ കോണ്‍ഗ്രസ് ഭരണത്തിന് ശേഷം 2003 ഡിസംബറില്‍ ബിജെപി അധികാരത്തിലെത്തി. 2003-ല്‍ മുഖ്യമന്ത്രി ഉമാഭാരതി കോണ്‍ഗ്രസിനുള്ള മദ്യലോബിയുടെ പിന്തുണ തകര്‍ക്കാന്‍ നിലവിലുള്ള നയം പൊളിച്ചെഴുതി. പകരം’ഒരു കരാറുകാരന്‍-ഒരു കട’ എന്ന പുതിയ നയം അവതരിപ്പിച്ചു. ഇതോടെ മധ്യപ്രദേശിലെ മദ്യനയം കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായി. (രണ്ട് പതിറ്റാണ്ടിലേറെയായി ഇന്‍ഡോറില്‍ സേവനമനുഷ്ഠിച്ച് വിരമിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ എല്‍എ ഖാന്‍ സൂരി മധ്യപ്രദേശിലെ മദ്യനയത്തിലെ മാറ്റങ്ങളെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ്). 2006-07 നവംബറില്‍ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അത് ഭേദഗതി ചെയ്തു, വില്‍പ്പനയില്‍ ബുദ്ധിമുട്ടുന്ന കടകള്‍ക്ക് വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഗ്രൂപ്പ് വിതരണത്തിന് അനുമതി നല്‍കി. പലചരക്ക് വ്യാപാരികള്‍ കേടുവന്ന പഴങ്ങള്‍ എല്ലാം എങ്ങനെയാണോ ആകര്‍ഷകമായ ഒരു പായ്ക്കറ്റില്‍ ഇടുന്നത് അതുപോലെ ഈ മാറ്റം, വില്‍പ്പനയില്‍ ബുദ്ധിമുട്ടുന്ന കടകളെ സഹായിക്കുന്നതിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു.
2018-ല്‍, 15 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ വീണ്ടും തിരിച്ചെത്തിയപ്പോള്‍, ഝബുവ, അലിരാജ്പൂര്‍, ധാര്‍ എന്നിവയുള്‍പ്പെടെ 17 ജില്ലകളില്‍ ഒരു ജില്ല-ഒരു കോണ്‍ട്രാക്ടര്‍ നയം പുനരുജ്ജീവിപ്പിച്ചു. ബാക്കിയുള്ള ജില്ലകളില്‍ ഗ്രൂപ്പ് വിതരണ നയം അനുസരിച്ച് കടകള്‍ ലേലം ചെയ്തു. കോണ്‍ഗ്രസിനെ താഴെയിറക്കി 2020 മാര്‍ച്ചില്‍ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാരാകട്ടെ , 2021ല്‍ ഹൂച്ച് ദുരന്തങ്ങള്‍ 47 പേരുടെ ജീവനെടുക്കുന്നതുവരെ ഈ നയം തുടരുകയാണ് ഉണ്ടായത്.
ബി.ജെ.പിക്ക് കീഴിലുള്ള സംസ്ഥാനം ഇപ്പോള്‍ ഗ്രൂപ്പ് വിതരണ നയമാണ് പിന്തുടരുന്നതെങ്കിലും, ഡിപ്പാര്‍ട്ട്മെന്റ് നിശ്ചയിച്ച പ്രകാരം ചില ജില്ലകളിലെ മദ്യശാലകള്‍ വാങ്ങാന്‍ കരാറുകാരോ കമ്പനികളോ താല്‍പ്പര്യം കാണിക്കാത്ത സാഹചര്യത്തില്‍ ലേലം വഴി ഒരു നിശ്ചിത തുകയ്ക്ക് ഒരു കമ്പനിക്കോ കരാറുകാരനോ പ്രത്യേക ജില്ലകള്‍ വാഗ്ദാനം ചെയ്യുക എന്നത് എക്‌സൈസ് വകുപ്പിന്റെ പ്രത്യേക അധികാര പരിധിക്കുള്ളില്‍ വരുന്നതാണ്. 51 ജില്ലകളില്‍ എട്ടെണ്ണവും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ജില്ല-ഒരു കോണ്‍ട്രാക്ടര്‍ നയത്തിന് കീഴിലാണ് ലേലം ചെയ്തത്. അവയില്‍ അഞ്ചെണ്ണം മാള്‍വ മേഖലയിലാണ് (ജാബുവ, അലിരാജ്പൂര്‍, ധാര്‍, ഉജ്ജയിന്‍, നീമുച്ച്).
കോണ്‍ഗ്രസായാലും ബിജെപിയായാലും, ഗുജറാത്തുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ചില പ്രത്യേക താല്പര്യങ്ങള്‍ എപ്പോഴും നിലനില്‍ക്കുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഝബുവ, അലിരാജ്പൂര്‍, ധാര്‍ ജില്ലകളില്‍ വളരെക്കുറിച്ച് മദ്യ ശാലകള്‍ മാത്രമേയൊള്ളു എന്നും ഒരു ജില്ല ഒരു കോണ്‍ട്രാക്ടര്‍ പോളിസി പ്രകാരം ഒരു കമ്പനിക്ക് അത് നല്‍കിയില്ലെങ്കില്‍ വകുപ്പിന് വലിയ വരുമാന നഷ്ടമുണ്ടാകുമെന്നുമാണ് ഈ ജില്ലകള്‍ ഒരു കമ്പനിക്ക് നല്‍കിയതിനെ ന്യായികരിച്ചു കൊണ്ട് എക്‌സൈസ് വകുപ്പ് പറയുന്നത്.
ഒരു ജില്ല-ഒരു കരാറുകാരന്‍ നയം കുത്തകയെ പ്രോത്സാഹിപ്പിക്കുകയും മദ്യവ്യാപാരത്തിലെ മത്സരം അവസാനിപ്പിക്കുകയും ചെയ്യുന്നതായി ബര്‍വാനിയുടെ അയല്‍ ജില്ലകളായ ഝബുവ, ധാര്‍ എന്നിവിടങ്ങളില്‍ 1970 മുതല്‍ മദ്യവ്യാപാരം നടത്തുന്ന ബര്‍വാനി ജില്ലക്കാരനായ ഹരിചരണ്‍ ഭാട്ടിയ (63) പറഞ്ഞു.
”ഒരു സമയത്ത് ഒരു കരാറുകാരനെ കൈകാര്യം ചെയ്യുക എന്നത് എളുപ്പമല്ല, അതെ സമയം രാഷ്ട്രീയവും ഭരണപരവുമായ രക്ഷാകര്‍തൃത്വത്തിന്റെയും ലാഭവിഹിതത്തിന്റെയും രഹസ്യം നിലനിര്‍ത്തുക എന്നത് സൗകര്യപ്രദമാണ്,” അദ്ദേഹം പറഞ്ഞു.സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ അഭിജിത്ത് അഗര്‍വാള്‍ പറഞ്ഞു, ”ഞങ്ങള്‍ക്ക് സംസ്ഥാനത്തുടനീളം ശക്തമായ സാന്നിധ്യമുണ്ട്, അതുകൊണ്ടാണ് 2022 ഏപ്രില്‍ മുതല്‍ 2023-24 വരെ (ഡിസംബര്‍ വരെ) 3.60 ലക്ഷം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്,” പ്രതിമാസം ഏകദേശം 18,000 കേസുകളാണ് ഇത്തരത്തില്‍ ഫയല്‍ ചെയ്യപ്പെട്ടിരുന്നത്.
എന്നാല്‍ അവരാരും വന്‍കിട മദ്യ കരാറുകാര്‍ക്കോ ഡിസ്റ്റിലര്‍മാര്‍ക്കോ എതിരായിരുന്നില്ല. നിലവിലുള്ള ഓഫ്ലൈന്‍ നിരീക്ഷണ രീതിക്ക് പകരമായി എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് ‘കോമണ്‍ കണ്‍ട്രോള്‍ സെന്റര്‍’ – ഡിസ്റ്റിലറികള്‍, ബ്രൂവറികള്‍, ബോട്ടിലിംഗ് യൂണിറ്റുകള്‍ എന്നിവയെ ഒരിടത്ത് നിന്ന് നിരീക്ഷിക്കുന്നതിനുള്ള സംവിധാനം കൊണ്ടുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ പിടി മുറുക്കുമ്പോള്‍, റയീസ് എന്ന ചിത്രത്തിലെ ഷാരൂഖ് ഖാന്റെ ടൈറ്റില്‍ റോളാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. എന്നാല്‍ ‘ഇന്‍ഡോര്‍ ഹൈവേ ലൈനിന്റെ കാര്യമോ?’ How Madhya Pradesh liquor smugglers fuel the happy hours in gujarat, Investigation repor
ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ രണ്ടാം റൗണ്ട് ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിംഗ് ഫെലോഷിപ്പിന്റെ ഭാഗമായുള്ള അന്വേഷണ റിപ്പോര്‍ട്ട് ആണിത്. ഈ റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ ഇവിടെ വായിക്കാം. ദ റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവിന്റെ രണ്ടാം റൗണ്ട് ഇന്‍വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടിംഗ് ഫെലോഷിപ്പിന്റെ സ്‌പെഷ്യല്‍ ഗ്രാന്റ് കരസ്ഥമാക്കിയ കാഷിഫ് കാക്വി, ഒരു ദശാബ്ദത്തിലേറെയുള്ള റിപ്പോര്‍ട്ടിംഗ് അനുഭവമുള്ള മാധ്യമപ്രവര്‍ത്തകനാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഢ് മേഖലകളിലാണ് കാക്വിയുടെ പ്രധാന പ്രവര്‍ത്തനം.
Content Summary; How Madhya Pradesh liquor smugglers fuel the happy hours in gujarat, Investigation report