കഴിഞ്ഞ മാസം ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ പത്താം വാര്‍ഷികം നരേന്ദ്ര മോദി ആഘോഷിച്ചത് ഇന്ത്യയിലും പുറത്തുമുള്ള എല്ലാ സ്ഥിതി വിവര സ്രോതസുകള്‍ക്കും വിരുദ്ധമായ കണക്കുകള്‍ പറഞ്ഞുകൊണ്ടാണ്. അത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവബോധം സൃഷ്ടിക്കുന്നതിലൂടെ ഇന്ത്യന്‍ പ്രധാനമന്ത്രി കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്, പ്രത്യേകിച്ചും ഇന്ത്യയിലെ വ്യവസായം മുമ്പൊരിക്കലും ഇല്ലാതിരുന്ന വിധം ഏറ്റവുമധികം ചൈനയെ ആശ്രയിച്ച് നില്‍ക്കുന്ന കാലത്ത്.
2014-ല്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന പദ്ധതിയിലൂടെ നാല് ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നാണ് മോദി പറഞ്ഞത്.
1. ഇന്ത്യന്‍ വ്യവസായത്തിന്റെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 12-14 ശതമാനമാക്കി വര്‍ദ്ധിപ്പിക്കുക.
2. 2022 ആകുമ്പോഴേക്കും 10 കോടി വ്യവസായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക
3. 2022-നുള്ളില്‍ ജിഡിപിയുടെ 25 ശതമാനവും നിര്‍മ്മാണ മേഖലയില്‍ നിന്നാക്കുക (അത് 2025 ആകുമ്പോഴേയ്ക്ക് എന്ന് പിന്നീട് തിരുത്തി).
4. ചൈനയില്‍ നിന്ന് ‘ലോകത്തിന്റെ പുതിയ ഫാക്ടറി’ എന്ന സ്ഥാനത്തേയ്ക്ക് ഇന്ത്യയെ എത്തിക്കുക.
ഇന്ത്യന്‍ വ്യവസായത്തിന്റെ 25-ല്‍ അധികം മേഖലകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടതായിരുന്നു.
പത്ത് വര്‍ഷത്തിന് ശേഷം, ഈ ലക്ഷ്യങ്ങള്‍ ഒന്നും നേടിയിട്ടില്ല എന്ന് മാത്രമല്ല, സാഹചര്യം കൂടുതല്‍ വഷളായിരിക്കുകയാണ്.
12-14 ശതമാനം ലക്ഷ്യം വച്ചിരുന്ന വ്യവസായ വാര്‍ഷിക വളര്‍ച്ച നിരക്ക് ഇരട്ടയക്കത്തിലേയ്ക്ക് എത്തുന്നതേ ഇല്ല. 2014 മുതലുള്ള വാര്‍ഷിക വ്യവസായ വളര്‍ച്ചാ നിരക്ക് നാല് ശതമാനത്തോളം മാത്രമാണ്. നിര്‍മാണ മേഖല മാത്രമെടുത്താല്‍ ഇതിലും താഴെയാണ് അവസ്ഥ. ജി.ഡി.പിയുടെ 25 ശതമാനത്തിലേയ്ക്ക് നിര്‍മാണ മേഖലയില്‍ നിന്നുള്ള ഓഹരി എത്തിക്കുക എന്ന ലക്ഷ്യം വിജയിച്ചിട്ടില്ല എന്ന് മാത്രമല്ല, വര്‍ദ്ധിക്കുന്നതിന് പകരം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. 2010-11 മുതല്‍ കോവിഡ് പ്രതിസന്ധി വന്ന 2019-20 കാലത്തിന് മുമ്പ് തന്നെ 18.3 ശതമാനത്തില്‍ നിന്ന് 14.72 ശതമാനത്തിലേയ്ക്ക് ഇന്ത്യയുടെ മൊത്ത അധിക മൂല്യം (ഗ്രോസ് ആഡഡ് വാല്യു) കുറഞ്ഞിരുന്നു.
കോവിഡ് പ്രതിസന്ധിക്ക് രണ്ടു വര്‍ഷത്തിന് ശേഷം ഈ അനുപാതം 14.7 ശതമാനത്തിലേയ്ക്ക് താഴ്ന്നു. 1968-69 കാലഘട്ടത്തിന് ശേഷം ഏറ്റവും മോശമായ സ്ഥിതിയാണിത്. 10 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ല എന്ന് മാത്രമല്ല വ്യവസായമേഖലയില്‍ ഒട്ടേറെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെട്ടു. 2017-ല്‍ 5.131 കോടി തൊഴിലാളികളാണ് നിര്‍മ്മാണ മേഖലയില്‍ ഉണ്ടായിരുന്നതെങ്കില്‍ 2022-23 ആയപ്പോഴേയ്ക്കും 3.565 കോടിയായി കുറഞ്ഞു. ഇതിനെ കോവിഡ് 19 പ്രതിന്ധിയുമായി ബന്ധപ്പെടുത്തിയാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. 2021-ല്‍ നിര്‍മ്മാണ തൊഴിലാളികളുടെ എണ്ണം മൂന്ന് കോടിയില്‍ താഴെയായി. 2016-17 കാലത്തില്‍ നിന്ന് 2022-23 കാലത്തിലെത്തുമ്പോള്‍ പത്തുലക്ഷം തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടം ഉണ്ടായത്.
ഈ പരാജയത്തിന്റെ ഭാഗിക കാരണം നേരിട്ടുള്ള വിദേശ നിക്ഷേപമാണ്. ചൈനയുടെ വികസന തന്ത്രം അനുകരിച്ചാല്‍, ഇന്ത്യയില്‍ തൊഴിലാളി വേതനം കുറവായതിനാല്‍ നിര്‍മ്മാണ മേഖലയുടെ ആസ്ഥാനമായി ഇന്ത്യ മാറുന്ന തരത്തില്‍, നേരിട്ടുള്ള വിദേശ മൂലധനം ആകര്‍ഷിക്കാനും എന്നാണ് മോദി സര്‍ക്കാര്‍ കണക്ക് കൂട്ടിയത്. നേരിട്ടുള്ള വിദേശ നിക്ഷേപം 2014-ലെ പ്രതിവര്‍ഷം 36 ബില്യണ്‍ ഡോളര്‍ എന്ന സ്ഥിതിയില്‍ നിന്ന് 2022 ആകുമ്പോഴേയ്ക്കും ഏകദേശം 85 ബില്യണ്‍ ഡോളറിലേയ്ക്ക് ഉയര്‍ന്നിട്ടുണ്ട് എന്നത് സത്യമാണ്. എന്നാല്‍ രണ്ട് തരത്തില്‍ ഈ വിജയത്തെ കണ്ടാലേ നമുക്ക് വ്യക്തത കൈവരൂ.
ഒന്നാമതായി ഇതിലൊരു ചെറുവിഹിതമേ ഫലപ്രദമായ നിക്ഷേപമായി കാണാന്‍ കഴിയൂ. ഇതാകട്ടെ 2018-19 കാലത്തിന് ശേഷം വീണ്ടും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2020-21 കാലത്തെ 80 ബില്യണ്‍ ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ 21 ബില്യണ്‍ ഡോളര്‍ മാത്രമാണ് ഇത്തരത്തില്‍ വരിക. ഇത് രാജ്യത്തിന്റെ മൊത്ത മൂലധന രൂപീകരണത്തിന്റെ 3.1 ശതമാനം മാത്രമാണ് വരിക. ഏറ്റവും നല്ല വര്‍ഷമായിരുന്ന 2018-19-ല്‍ പോലും ഇത് 6.5 ശതമാനം മാത്രമായിരുന്നു.
രണ്ടാമതായി നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ അളവിനെ കുറിച്ച് നമുക്ക് ശരിയായ ധാരണ ലഭിക്കണമെങ്കില്‍ അതിനെ മൊത്ത ആഭ്യന്തര ഉത്പാദനവുമായി (ജി.ഡി.പി)യുമായി തട്ടിച്ച് നോക്കണം. ഈ വീക്ഷണ കോണിലൂടെ നോക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ചിത്രം വ്യത്യസ്തമാണ.് 2007-8 മുതല്‍ 2014-15 വരെയുള്ള കാലത്ത് ജി.ഡി.പിയുടെ 2.14 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം ഉണ്ടായിരുന്നുവെങ്കില്‍ 2014-15 മുതല്‍ 2022-23 വരെയുള്ള കാലത്ത് എത്തുമ്പോഴേയ്ക്കും ഇന്ത്യന്‍ ജി.ഡി.പിയുടെ 1.76 ശതമാനമായി നേരിട്ടുള്ള വിദേശ നിക്ഷേപം കുറയുകയാണ് ഉണ്ടായിട്ടുള്ളത്.
മൂന്നാമതായി 2022 മുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കുറയുകയാണെന്നും നമുക്ക് മനസിലാക്കാം. 2022-23-ല്‍ 71 ബില്യണ്‍ ഡോളറായി ഇത് താഴുകയും 2023-24 കാലയളവില്‍ പത്ത് ബില്യണ്‍ ഡോളറിന് മുകളില്‍ മാത്രമായി കുറയുകയും ചെയ്തു. അറുപത് ശതമാനത്തോളം ഉള്ള ഇടിവാണത്. ഇതാകട്ടെ 2007-ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ്. ജി.ഡി.പിയുടെ 0.7 ശതമാനമായി നേരിട്ടുള്ള വിദേശ നിക്ഷേപം കുറയുന്നത് സ്വതന്ത്ര ഇന്ത്യയില്‍ ഇതാദ്യമായാണ്. ധാരാളം പാശ്ചാത്യ സ്ഥാപനങ്ങള്‍ സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങളാല്‍ ചൈനയിലെ വന്‍ നിക്ഷേപങ്ങള്‍ ഭാഗികമായി പിന്‍വലിച്ച് വൈവിധ്യവത്കരിക്കുന്ന കാലമാണിത്. അമേരിക്കയില്‍ ‘ഡികപ്ലിങ്’ എന്നും യൂറോപ്പില്‍ ‘ഡീറിസ്‌കിങ്’ എന്നും അറിയപ്പെടുന്ന ഒരു പ്രക്രിയയില്‍ നിന്നും ഇന്ത്യയ്ക്ക് പ്രയോജനമൊന്നും ലഭിച്ചില്ല എന്നതാണ് അത്ഭുതാവഹമായ കാര്യം. അതേ സമയം ഇന്തോ-പസഫിക് മേഖലയില്‍ വിയറ്റ്നാം അടക്കമുള്ള രാജ്യങ്ങള്‍ക്ക് ഇത് കൊണ്ട് വലിയ പ്രയോജനം ലഭിക്കുകയും ചെയ്തു.
നാലമതായി 2017ന് ശേഷം ഉണ്ടായ നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഭൂരിപക്ഷവും ഒന്‍പത് മേഖലകളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. പ്രധാനമായും സേവന മേഖലയെ; അതില്‍ തന്നെ ഐടി മേഖലയില്‍. അതേസമയം മറ്റ് 53 മേഖലകളിലും -പ്രത്യേകിച്ച് നിര്‍മ്മാണ മേഖലയില്‍- ആകെയുള്ള നിക്ഷേപത്തിന്റെ 30 ശതമാനം മാത്രമാണ് എത്തിയത്.
അഞ്ചാമത്തേതും ഒടുവിലത്തേതുമായ പോയിന്റ് ഇതാണ്. ഇന്ത്യയുടെ വ്യാപര ചരക്കുകളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതില്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി അമ്പേ പരാജയപ്പെട്ടു. കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളില്‍ -2013-14 മുതല്‍ 2022-23 വരെയുള്ള കാലത്ത്- ജി.ഡി.പിയുടെ 10.2 ശതമാനത്തില്‍ നിന്ന് കയറ്റുമതി 8.2 ശതമാനമായി കുറഞ്ഞു. മാത്രമല്ല, ഇന്ത്യന്‍ വ്യവസായ മേഖലയിലെ കയറ്റുമതി കുറഞ്ഞുവെങ്കിലും ഇറക്കുമതി വളരെയധികം വര്‍ദ്ധിച്ചു- പ്രത്യേകിച്ചും ചൈനയില്‍ നിന്നുള്ളത്.
‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയെ വിജയകരമാക്കാന്‍ മോദി സര്‍ക്കാര്‍ 2020 മുതല്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ്സ് (പി.എല്‍.ഐ)-കള്‍ പ്രഖ്യാപിച്ചിരുന്നു. സുപ്രധാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിക്ഷേപകരെ സഹായിക്കുക, ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് അന്തരാഷ്ട്രതലത്തില്‍ മത്സരിക്കാന്‍ ഉതകുന്ന നവീന സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു അതിന്റെ ലക്ഷ്യം.
ഈ പി.എല്‍.ഐ-കളുടെ ചെലവ് ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു. പ്രത്യേകിച്ചും ഇത് സര്‍ക്കാരുകളുടെ ബജറ്റില്‍ നിന്ന് ചെലവഴിക്കേണ്ടി വരുന്നതിനാല്‍. വലിയ വലിയ സ്ഥാപനങ്ങളെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ സാമ്പത്തികമായി സഹായിക്കുന്ന തരത്തിലായി ഇത് മാറി അമേരിക്കല്‍ കമ്പിനിയായ മൈക്രോണിന്റെ ഒരു മൈക്രോ പ്രോസസര്‍ ഫാക്ടറി ഗുജറാത്തില്‍ സ്ഥാപിച്ചത് വാര്‍ത്തയായി മാറി. കാരണം 2750 കോടി ഡോളറിന്റെ നിക്ഷേപമാണ് അത് എന്നായിരുന്നു പറഞ്ഞിരുന്നുതെങ്കിലും മൈക്രോണിന്റെ ചെലവ് അതിന്റെ ഒരു ചെറിയ അംശമായ 82.5 കോടി ഡോളര്‍ മാത്രമായിരുന്നു. ബാക്കി തുക കേന്ദ്ര സര്‍ക്കാരും ഗുജറാത്ത് സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് നിക്ഷേപിച്ചത്.
സ്വകാര്യമേഖലയിലെ നിക്ഷേപത്തിന്റെ തകര്‍ച്ചയെ നമുക്കെങ്ങനെയാണ് വിശദീകരിക്കാന്‍ കഴിയുക? പ്രധാന കാരണങ്ങളിലൊന്ന് ആവശ്യകതയുടെ കുറവ് തന്നെ. വ്യാവസായിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യന്‍ ഫാക്ടറികള്‍ നടത്തിയിട്ടില്ല. അത്തരത്തില്‍ വികസിപ്പിക്കാത്ത ഇന്ത്യന്‍ ഫാക്ടറികളുടെ എണ്ണം 2011-നും 2021-നും ഇടയില്‍ 18 ശതമാനത്തില്‍ നിന്ന് 40 ശതമാനമായി വര്‍ദ്ധിച്ചു. കോവിഡിന്റെ മാന്ദ്യത്തിന് ശേഷം 2022-ല്‍ ഇത് 25 ശതമാനമായി കുറഞ്ഞുവെങ്കിലും 2011 ആയി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ തന്നെയാണ്.
രാജ്യത്തെ ആഭ്യന്തര സ്ഥിതിഗതികള്‍ക്കും ഇക്കാലത്ത് മാറ്റമുണ്ടുകുന്നുണ്ട്. എഴുപതുകള്‍ക്ക് ശേഷം ദാരിദ്ര രേഖയ്ക്ക് കീഴിലുള്ള മനുഷ്യരുടെ ശതമാനത്തില്‍ വര്‍ദ്ധനവ് വരുന്നത് 2017-18-ലെ ദേശിയ സാമ്പിള്‍ സര്‍വ്വേയിലാണ്. 2011-12 ല്‍ 21.9 ശതമാനമായിരുന്നത് ഇക്കാലയളവില്‍ 22.8 ആയി വര്‍ദ്ധിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയിലുണ്ടായ ഇടിവ് എഴുപതുകള്‍ക്ക് ഈ കാലയളവിലാണ് കൂടുതല്‍ ഉണ്ടായിട്ടുള്ളത്. എഴുപതുകള്‍ക്ക് ശേഷം ഇന്ത്യന്‍ കുടുംബങ്ങള്‍ കൂടുതല്‍ കടത്തിലേയ്ക്കും വായ്പകളിലേയ്ക്കും എത്തിയതും ഇതേ കാലയളിവില്‍ തന്നെ.
ഇന്ത്യന്‍ വ്യവസായം നിലവില്‍ നേരിടുന്ന പ്രതിസന്ധിയുടെ അന്തിമ കാരണം ചൈനീസ് എതിരാളികളോട് എതിര്‍ക്കാനുള്ള ശേഷിക്കുറവാണ്. ഉദാരീകരണ നയത്തിന്റെ ഭാഗമായി ഇന്ത്യന്‍ വിപണി തുറന്നതോടെ ചൈനീസ് ഉത്പാദകര്‍ക്ക് ഈ സമ്പദ്വ്യവസ്ഥയുടെ മുക്കിലും മൂലയിലും നുഴഞ്ഞ് കയറാനുള്ള അവസരം ലഭിച്ചു.
2024-ല്‍ 118 ബില്യണ്‍ ഡോളറിന്റെ ചരക്ക് വില്പനയിലൂടെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന മാറി. ഒന്നാമതായിരുന്ന അമേരിക്കയെ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളായി ചൈന പിന്തള്ളി. അതേസമയം ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര കമ്മി 2019-20 വര്‍ഷത്തിലെ 46 ബില്യണ്‍ ഡോളറില്‍ നിന്ന് 85 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു. ഇന്ത്യയുടെ കയറ്റുമതി 17 ബില്യണ്‍ ഡോളറിന് താഴെയാണ്. ഇത് 2018-19 വര്‍ഷങ്ങളിലേതിനേക്കാള്‍ താഴെയാണ് താനും. ഇതാകട്ടെ പ്രധാനമായും ഇരുമ്പയിര് അടക്കമുള്ള അസംസ്‌കൃത വസ്തുക്കളും ശുദ്ധീകരിച്ച എണ്ണയുമാണ്. അതേസമയം ചൈനയുടെ ഇന്ത്യയിലേയ്ക്കുള്ള കയറ്റുമതിയാകട്ടെ 101 ബില്യണ്‍ ഡോളറിന്റേതാണ്. 2019-ല്‍ അത് 70.3 ബില്യണ്‍ ഡോളറിന്റേതായിരുന്നു. അതില്‍ പണിയായുധങ്ങള്‍, കംപ്യൂട്ടറുകള്‍, ഓര്‍ഗാനിക് കെമിക്കല്‍സ്, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട്സ്, പ്ലാസ്റ്റിക്സ് തുടങ്ങി നിര്‍മ്മിത ചരക്കുകളാണ്.
ഇന്ത്യയുടെ വൈദ്യുതി പകുതിയോളം ഉത്പാദിപ്പിക്കുന്നത് കല്‍ക്കരിയില്‍ നിന്നാണെങ്കിലും സൗരോര്‍ജ്ജ നിര്‍മ്മാണത്തിലേയ്ക്ക് രാജ്യം വലിയതോതില്‍ മാറിക്കൊണ്ടിരിക്കുകയാണ്. എങ്കിലും സൗരോര്‍ജ്ജ നിര്‍മ്മാണത്തിനായുള്ള പാനലുകളുടെ നിര്‍മ്മാണത്തില്‍ നമ്മള്‍ സ്വയം പര്യാപ്തത കൈവരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മൂന്നില്‍ രണ്ട് ഫോട്ടോവോള്‍ട്ടിയാക് സെല്ലുകളും നൂറ് ശതമാനം വേഫറുകളും (ഈ സെല്ലുകളുടെ അവശ്യഘടകങ്ങള്‍) ഇറക്കുമതി ചെയ്യുകയാണ്. അഥവാ സോളാര്‍ പാനലുകള്‍ക്കായി 57 ശതമാനം മുതല്‍ 100 ശതമാനം വരെ ചൈനീസ് വിതരണക്കാരെ ആശ്രയിക്കുകയാണ് ഇന്ത്യ. 2024-സാമ്പത്തിക വര്‍ഷത്തിലെ ആദ്യപകുതിയില്‍ മാത്രം 50 കോടി ഡോളറിന്റെ ചൈനീസ് സോളാര്‍ പാനലുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഹോങ്കോങില്‍ നിന്നുള്ള 12.1 കോടി ഡോളറിന്റേയും വിയറ്റ്നാമില്‍ നിന്നുള്ള 45.5 കോടി ഡോളറിന്റെയും ഇറക്കുമതിക്ക് പുറമേയാണിത്. ഇതേ കാലയളവില്‍ ചൈന 50 കോടി ഡോളറിന്റെ ഫോട്ടോവോള്‍ട്ടിയാക് സെല്ലുകളും ഇന്ത്യയ്ക്ക് വിറ്റിട്ടുണ്ട്. മലേഷ്യ 26.4 കോടി ഡോളറിന്റേയും തായ്ലാന്‍ഡ് 13.8 കോടി ഡോളറിന്റേയും സെല്ലുകള്‍ വിറ്റു. ഈ മേഖലയില്‍ ഇന്ത്യ എത്രമാത്രം വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നുവെന്നതിന്റെ തെളിവാണിത്. ഇന്ത്യന്‍ കമ്പനികള്‍ ഒരു പുതു വിപണിയിലേയക്ക് പ്രവേശിക്കുമ്പോഴും അതിനായുള്ള സാങ്കേതിക വിദ്യ സ്വയം വികസിപ്പിക്കുന്നതിന് പകരം 70 ശതമാനവും ചൈനയില്‍ നിന്നുള്ള ഇറക്കുമതിയെ ആശ്രയിച്ച് കഴിയുന്നു.
ഇതേ പ്രശ്നം ഇന്ത്യന്‍ സമ്പദ്ഘടനയുടെ കൊടിയടയാളങ്ങളിലൊന്നായ മരുന്ന് വിപണിയിലും കാണാം. ലോകത്തിലെ ഏറ്റവും വലിയ മരുന്നു വിതരണക്കാരായ ഇന്ത്യയാണ് ഈ മേഖലയിലെ ആഗോള കയറ്റുമതിയുടെ ഇരുപത് ശതമാനവും കൈകാര്യം ചെയ്യുന്നത്. ഏതാണ്ട് 25 ബില്യണ്‍ ഡോളറിന്റെ വ്യവസായമാണത്. എന്തായാലും ഈ മേഖലയുടെ ദൗര്‍ബല്യവും ഗവേഷണത്തിന്റേയും നവീകരണത്തിന്റേയും അഭാവമാണ്. മിക്കവാറും മരുന്നുകളില്‍ ചേരുവയായി വരുന്നവ സ്വന്തമായി വികസിപ്പിച്ചെടുക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. കോവിഡ് 19 കാലത്തിന് മുമ്പ് ഈ ചേരുവകളൊക്കെ ചൈനയില്‍ നിന്നാണ് വന്നിരുന്നത്. മരുന്ന് നിര്‍മ്മാതാക്കളായ കമ്പനികള്‍ക്ക് ഈ മേഖലയുടെ നവീകരണത്തിനായി ഗവേഷണത്തിനും വികസനത്തിനും കേന്ദ്രസര്‍ക്കര്‍ സബ്സിഡി എല്ലാം പ്രഖ്യാപിച്ചുവെങ്കിലും മാറ്റങ്ങളുണ്ടായിട്ടില്ല. ചൈനീസ് ചേരുകള്‍ തന്നെ മരുന്നുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത് നമ്മള്‍ തുടരുകയാണ്.
അഥവാ ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന പദ്ധതിയുടെ നവീകരണത്തിന് പത്ത് വര്‍ഷത്തിന് ശേഷവും ഇന്ത്യന്‍ വ്യവസായത്തിന്റെ പ്രതിസന്ധികളുടെ ആഴം വര്‍ദ്ധിച്ചിട്ടേയുള്ളൂ. ചൈനയ്ക്ക് മുന്നില്‍ ഇന്ത്യന്‍ വിപണി ക്ഷീണിക്കുന്നുവെന്ന് മാത്രമല്ല, വ്യവസായീകരണ പ്രക്രിയ കൃത്യമായി നടന്നില്ലെങ്കില്‍ ഒരോ വര്‍ഷവും തൊഴില്‍ വിപണിയില്‍ പുതുതായി എത്തുന്ന ഒരോ കോടിയോളം ചെറുപ്പക്കാര്‍ക്കും കൃഷി ഉപേക്ഷിച്ച് എത്തുന്നവര്‍ക്കും തൊഴില്‍ നല്‍കാന്‍ രാജ്യത്തിന് കഴിയാതെ വരും. അതിന് നല്‍കേണ്ടി വരുന്ന വില വളരെ വലുതാണ്. how many of modi’s claims are factual ten years after the launch of the make in India programme
‘ദ വയ്ര്‍’ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രസക്തഭാഗങ്ങളാണിത്
ക്രിസ്റ്റോഫ് ജഫ്രെലോട്ട് – സി.ഇ.ആര്‍.ഐ-സയന്‍സസ് പി.ഒ/സി.എന്‍.ആര്‍.എസ്-ല്‍ റിസര്‍ച്ച് ഡറയക്ടറാണ്. ലണ്ടന്‍ കിങ്സ് കോളേജില്‍ പൊളിറ്റിക്സ് ആന്‍ഡ് സോഷ്യോളജിയില്‍ പ്രൊഫസറും കാനഗീ ഇന്‍ഡോമെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസില്‍ നോണ്‍ റെസിഡന്റ് ഫെല്ലോയുമാണ് അദ്ദേഹം. മോഡീസ് ഇന്ത്യ: ഹിന്ദു നാഷണലിസം ആന്‍ഡ് റൈസ് ഓഫ് ഇത്നിക് ഡെമോക്രസി (പ്രിന്‍സ്സ്റ്റണ്‍ യൂണിവേഴ്സിറ്റി പ്രസ്/വെസ്റ്റ് ലാന്‍ഡ് 2021) ഗുജറാത്ത് അണ്ടര്‍ മോഡി: ലാബോര്‍ട്ടറി ഓഫ് റ്റുഡേസ് ഇന്ത്യ (ഹര്‍സ്റ്റ്/വെസ്റ്റ് ലാന്‍ഡ്, 2024) എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.
Content Summary; How many of Modi’s claims are factual ten years after the launch of the make in India programme