ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് വൈക്കം മുഹമ്മദ് ബഷീര്‍ എറണാകുളത്ത് കൊളംബോ ജംഗ്ഷനിലെ കൊച്ചിന്‍ ബേക്കറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ ഒരു ചെറിയ ബുക്ക് സ്റ്റാള്‍ നടത്തിയിരുന്നു. ആ കെട്ടിടം ഇന്ന് ഇല്ല. രവിപുരത്ത് ഒരു ലോഡ്ജിലായിരുന്നു താമസം. ബഷീറിന്റെ കഥാപാത്രങ്ങളെപ്പോലെയായിരുന്നു ലോഡ്ജിന്റെ പേര് ‘കൊച്ചിട്ട്യാതി’.
അന്ന് ബേപ്പൂര്‍ സുല്‍ത്താനല്ല. ബോള്‍ഗാട്ടി സുല്‍ത്താനാണ്. ബഷീറിന്റെ താമസ സ്ഥലത്തിന് തൊട്ടെതിരേ താമസിച്ചിരുന്ന മറ്റൊരു ലോഡ്ജില്‍ രണ്ട് പ്രമുഖ വ്യക്തികളുണ്ടായിരുന്നു. ഒന്ന് വിദ്യാര്‍ത്ഥി നേതാവായ കെ. ഭാഗ്യനാഥ്, പില്‍ക്കാലത്ത് പ്രശസ്ത മജിഷ്യന്‍, നടി വിധുബാലയുടേയും, ഛായാഗ്രഹകന്‍ മധു അമ്പാട്ടിന്റെയും പിതാവ്. സി. അച്യുതമേനോനോടൊപ്പം വിയ്യൂര്‍ ജയിലില്‍ കിടന്ന സമര സേനാനി. നെന്‍മേനി ഗോപാല മേനോന്‍ ആണ് രണ്ടാമത്തെ വ്യക്തി. ഇദ്ദേഹം കോഴിക്കോടു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ദേശാഭിമാനിയുടെ കൊച്ചി ലേഖകനായിരുന്നു. അക്കാലത്ത് പ്രശസ്തനായ പത്രപ്രവര്‍ത്തകനായിരുന്നു നെന്‍മേനി. അക്കാലത്ത് തിരുവിതാംകൂര്‍ സര്‍വകലാശാലയിലെ ഇന്റര്‍മീഡിയറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് ആദ്യമായി ലോകത്തെ പത്രത്തിലൂടെ അറിയിച്ചത് നെന്‍മേനിയായിരുന്നു. കോളിളക്കമുണ്ടാക്കിയ ഈ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സര്‍വകലാശാല പരീക്ഷ മാറ്റി വെച്ചു. സര്‍കലാശാലയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ പേരില്‍ പരീക്ഷ മാറ്റിയത്. അതോടെ നെന്‍മേനി വളരെ പ്രശസ്തനായ പത്രലേഖകനായി അറിയപ്പെട്ടു.
ഈ രണ്ടു പേരോടും ബഷീര്‍ തന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും എല്ലാ ദിവസവും പങ്ക് വെയ്ക്കും. അന്തിമമായി തൊഴിലാളി വിപ്ലവം വരുമെന്നും അതിന് ശേഷം തന്റെ ആസ്ഥാനം പോഞ്ഞിക്കര(ബോള്‍ഗാട്ടി) റസിഡന്‍സി ആയിരിക്കുമെന്നും പറഞ്ഞിരുന്നു. കഥകളിലെ നര്‍മ്മം പോലെ ജീവിതത്തിലും നര്‍മ്മം അദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നു.
ഒരു ദിവസം കോഴിക്കോടെ ദേശാഭിമാനി എഡിറ്ററുടെ ഒരു കമ്പി സന്ദേശം നെന്‍മേനിക്കു കിട്ടി. ഉടനെ തിരുവനന്തപുരത്ത് എത്തുക. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌റ് കോണ്‍ഗ്രസ് കമ്മറ്റിയുടെ ഒരു അടിയന്തര യോഗം പിറ്റേന്നാള്‍ നടക്കും. അത് റിപ്പോര്‍ട്ട് ചെയ്യണം.
നെന്‍മേനി പരിഭ്രാന്തനായി. എങ്ങനെ പിറ്റേന്നാള്‍ തിരുവനന്തപുരത്തെത്തും? അക്കാലത്ത് കൊച്ചി തിരുവനന്തപുരം റെയില്‍വേ ഇല്ല. കൊല്ലത്ത് എത്തിയാല്‍ അവിടെ നിന്ന് ട്രെയിനില്‍ പോകാം. എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് അന്ന് ബസ് ഇല്ല. ബോട്ട് മാര്‍ഗം കൊല്ലത്ത് പോകാം. പക്ഷേ, പിറ്റേന്നാള്‍ തിരുവനന്തപുരത്ത് എത്താന്‍ കഴിയില്ല. എന്ത് ചെയ്യും?
ഒരു സ്‌നേഹിതന്‍ പറഞ്ഞു. വിമാനം വഴി പോകുക. അന്ന് വിമാന യാത്ര ചിലവേറിയതാണ്. വി.ഐ.പികള്‍ക്ക് മാത്രമേ തരപ്പെടൂ. പത്രക്കാര്‍ പോയിട്ട് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും വിമാന യാത്ര അപ്രാപ്യമാണ്. 120 പേര്‍ക്ക് സഞ്ചരിക്കാവുന്ന പഴയ ഡക്കോട്ട വിമാനമാണ് അന്ന്.
ഒടുവില്‍ നെന്‍മേനി വിമാനത്തില്‍ പോകാന്‍ തീരുമാനിച്ചു. ടിക്കറ്റ് ശരിയാക്കി. ബഷീറിനെ കണ്ടപ്പോള്‍ അല്‍പ്പം അഹങ്കാരത്തോടെ നാളെ ഞാന്‍ തിരുവനന്തപുരത്ത് പോവുന്നു. വിമാനത്തിലാണ്’, ബഷീര്‍ പറഞ്ഞു. ‘ഭാഗ്യവാന്‍’ എന്നിട്ട് ഒരു വെള്ളക്കടലാസ് എടുത്ത് അതിന് താഴെ ഒപ്പിടാന്‍ നെന്‍മേനിയോട് പറഞ്ഞു. നെന്‍മേനി അന്തം വിട്ടു നോക്കി നിന്നപ്പോള്‍ ബഷീര്‍ പറഞ്ഞു.” വിമാനം കുഴപ്പം സംഭവിച്ചാല്‍ നെന്‍മേനിയുടെ ‘അവസാന സന്ദേശം’ എന്ന് പത്രത്തില്‍ കൊടുക്കാനാണ്. നെന്‍മേനി, പത്രക്കാരനാണല്ലോ, യാതൊരു മടിയും കൂടാതെ ഒപ്പിട്ട് കൊടുത്തു. വിമാനം ഭദ്രമായി തിരുവനന്തപുരത്ത് ഇറങ്ങി. പിറ്റേന്ന് നെന്‍മേനിയുടെ പേര് പത്രത്തില്‍ അച്ചടിച്ചു വന്നു. മറ്റൊരു കാരണത്താലാണെന്ന് മാത്രം. അക്കാലത്ത് വിമാനത്താവളത്തില്‍ എത്തിചേരുന്നവരുടെ പേരുകള്‍ പത്രത്തില്‍ അച്ചടിക്കും. അങ്ങനെ നെന്‍മേനിയുടെ പേര് ബഷീര്‍ കൊടുക്കാതെ തന്നെ അച്ചടിച്ചു വന്നു.
1982 ല്‍ ബഷീറിന് പത്മശ്രീ പ്രഖ്യാപിച്ചപ്പോള്‍ ആ വാര്‍ത്തയുടെ ക്ഷോഭത്തില്‍ ഒ.വി. വിജയന്‍ ബഷീറിന് എഴുതി. ഒ.വി. വിജയന് അന്ന് ബഷീറിനെ നേരിട്ട് പരിചയം ഇല്ല. ഡല്‍ഹിയിലെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍ക്കും തെരുവു രാഷ്ടീയത്തിലെ കൂത്താടികള്‍ക്കും നിര്‍ലോഭം തരമാവുന്ന ഒരു പുരസ്‌കാരമാണ് പത്മശ്രീ. പുരസകാരം സ്വീകരിക്കരുത് എന്ന അപേക്ഷയോടെ.
മറുപടി വന്നു. ഒരു ബഷീറിയന്‍ മിസ്റ്റിക്ക് മറുപടി. ‘പ്രിയപ്പെട്ട വിജയന്‍ ഞാന്‍ നാനാവിധ രോഗങ്ങളുടെ പിടിയിലാണ്. അടുത്ത് തന്നെ മരണവും ഉണ്ടാകും. നിങ്ങള്‍ക്ക് മംഗളം’ എന്ന് വൈക്കം മുഹമ്മദ് ബഷീര്‍.
പിന്നീട് ബഷീര്‍ പത്മശ്രീ സ്വീകരിച്ചപ്പോള്‍ വിജയന്‍ എഴുതി.’ ഏതാണ്ട് ഈ സമയത്ത് തന്നെ മറ്റൊരു കേരളീയ കലാകാരന്‍ മറ്റൊരു പുരസ്‌ക്കാരം നേടി. പത്മഭൂഷണം’ ബഷീറിന് ഭാവിയുണ്ട്. എഴുതിത്തെളിഞ്ഞാല്‍ പ്രേം നസീറിനേപ്പോലെ ആയിത്തീരാം.’
മാമ്മുക്കോയ എന്ന നടനെ ചലചിത്ര ലോകത്തേക്ക് നയിച്ചത് ബഷീറായിരുന്നു. ഹരിഹരന്റെയും ഐ.വി.ശശിയുടേയും ചലചിത്ര ഗുരുവായ, തന്നെ കാണാന്‍ വന്ന എസ്. കോന്നാട്ടിനോട് ബഷീര്‍ പറഞ്ഞു’ ഇവനൊരു വേഷം കൊടുക്കണം.’ കോന്നാട്ട് തല കുനിച്ചു സമ്മതിച്ചു. അങ്ങനെയാണ് സുറുമയിട്ട കണ്ണുകളില്‍ ആദ്യമായി മാമ്മുക്കോയ അഭിനയിക്കുന്നത്. ഭാര്‍ഗവീനിലയം സിനിമയ്ക്ക് മലയാളത്തിലെ ഏറ്റവും ലക്ഷണമൊത്ത മികച്ച സ്‌ക്രിപ്റ്റ് എഴുതിയ ബഷീര്‍ തന്നെ ഒരു മികച്ച നടനെ മലയാള സിനിമയ്ക്കായ് കണ്ടെത്തി.
മാമ്മുക്കോയക്ക് പണം കൊടുക്കുമായിരുന്നു ബഷീര്‍. ‘നിന്റെ കയ്യില്‍ തിരിച്ച് തരാന്‍ കായുണ്ടോ കാക്കേ?’ ബഷീര്‍ ചോദിക്കും. മലയാളത്തിലും ഇംഗ്ലീഷിലുമായി രണ്ട് ഒപ്പ് ചെക്കില്‍ ഇടുന്ന ആളാണ് ബഷീര്‍. മലയാളത്തില്‍ ഒപ്പിട്ടാല്‍ കാശ് തിരികെ കൊടുക്കേണ്ട! ഇംഗ്ലീഷില്‍ ഇട്ടാല്‍ പണം തിരികെ നല്‍കണം.
മാമ്മുക്കോയ പ്രാര്‍ത്ഥിക്കും ഒപ്പ് മലയാളത്തിലാകാന്‍. അപ്പൊഴതാ ഒപ്പ് മലയാളത്തില്‍.
പിന്നീട് സിനിമക്കാരനായപ്പോള്‍ കാശ് കടം വാങ്ങി. പക്ഷേ, ചെക്കില്‍ ഒപ്പിട്ടത് ഇംഗ്ലീഷിലായിരുന്നു.
മനുഷ്യരോട് മാത്രമല്ല എല്ലാവരോടും സമഭാവനയില്‍ പെരുമാറിയ ഒരാളായിരുന്നു ബഷീര്‍. പരിചയപെട്ടു പിരിയുന്നവരോടെല്ലാം അദ്ദേഹം പറയും ‘നന്നായി വരട്ടെ’.
ഇംഗ്ലീഷിലും മലയാളത്തിലുമല്ലാത്ത, സ്‌നേഹത്തിന്റെ ഒപ്പ് ആയിരുന്നു അത്. remembering vaikom muhammad basheer legendary writer in malayalam literature
Content Summary; remembering vaikom muhammad basheer legendary writer in malayalam literature