June 06, 2026 |
Share on

ഏഷ്യന്‍ വംശജനായ ഡോക്ടറെ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്നും വലിച്ചിഴച്ച് പുറത്താക്കി

വിമാനത്തില്‍ അധികബുക്കിംഗ് ആയെന്ന് പറഞ്ഞാണ് ഇദ്ദേഹത്തെ ജീവനക്കാര്‍ പുറത്താക്കിയത്

ഏഷ്യന്‍ വംശജനായ ഡോക്ടറെ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്നും ജീവനക്കാര്‍ വലിച്ചിഴച്ച് പുറത്താക്കി. ഏപ്രില്‍ ഒമ്പതിന് നടന്ന സംഭവത്തിന്റെ വീഡിയോ മറ്റ് യാത്രക്കാര്‍ പുറത്തുവിട്ടതോടെ സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്.

വിമാനത്തില്‍ അധികബുക്കിംഗ് ആയെന്ന് പറഞ്ഞാണ് ഇദ്ദേഹത്തെ ജീവനക്കാര്‍ പുറത്താക്കിയത്. സംഭവം വിവാദമായതോടെ ഒരു സുരക്ഷ ജീവനക്കാരനെ അന്വേഷണ വിധേയമായി അവധിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചിക്കാഗോ ഓഹരെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ലൂയിസ്‌വില്ലെ കെന്റുക്കിയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ 3411 നമ്പര്‍ വിമാനത്തിലാണ് ഏഷ്യന്‍ വംശജന് അപമാനിതനാകേണ്ടി വന്നത്.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് യുണൈറ്റഡ് എയര്‍ലൈന്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല. പകരം യാത്രക്കാരനെ കുറ്റപ്പെടുത്തിയാണ് വാര്‍ത്താക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. യാത്രക്കാരന്‍ എയര്‍ലൈന്‍സ് ജീവനക്കാരുടെ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയായിരുന്നെന്നും ശബ്ദം ഉയര്‍ത്തി സംസാരിച്ചതായും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരില്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആരോപിക്കുന്നു.

സാധാരണഗതിയില്‍ അധികബുക്കിംഗ് മൂലം ടിക്കറ്റ് റദ്ദാക്കിയാല്‍ ആ വിവരം യാത്രക്കാരെ നേരത്തെ തന്നെ അറിയിക്കും. എന്നാല്‍ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ യാത്രയ്ക്ക് തൊട്ടുമുമ്പ് മാത്രമാണ് ഈ വിവരം അറിയിച്ചത്. വിഷയം അന്വേഷിക്കുമെന്ന് അമേരിക്കന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വകുപ്പ് അറിയിച്ചു.  ജീവനക്കാരുടെ അതിക്രമത്തിനിടയില്‍ ഇദ്ദേഹത്തിന് പരിക്കേറ്റതും വീഡിയോയില്‍ വ്യക്തമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

×