June 16, 2026 |
Share on

തലയോട്ടികൾ മുതൽ വാരിയെല്ലുകൾ വരെ, മനുഷ്യ അസ്ഥികളുടെ ഓൺലൈൻ വിൽപ്പന; യുഎസിൽ 52കാരി അറസ്റ്റിൽ

പഠനാവശ്യങ്ങൾക്ക് വേണ്ടിയാണ് വിൽപ്പന നടത്തിയതെന്ന് പ്രതി

ഫെയ്സ്ബുക്കിലൂടെ മനുഷ്യ അസ്ഥികൾ വിൽപ്പന ചെയ്തതിന് യുഎസിൽ 52കാരി അറസ്റ്റിൽ. ഫ്ലോറിഡയിലെ ഓറഞ്ച് സിറ്റിയിൽ വിക്കഡ് വണ്ടർലാൻഡ് എന്ന കട നടത്തുന്ന കിംബർലീ ആനി ഷോപ്പർ എന്ന സ്ത്രീയാണ് മനുഷ്യ കലകളുടെ ഓൺലൈൻ വ്യാപാരം നടത്തിയതെന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ടിൽ പറയുന്നു.

തലയോട്ടികൾ, വാരിയെല്ലുകൾ, കശേരുക്കൾ തുടങ്ങി വലിയൊരു പട്ടിക തന്നെ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. വിൽപ്പനയിൽ ചില അസ്ഥികൾക്ക് 35 ഡോളർ വരെ വില ലഭിച്ചുവെന്നും ഫ്ലോറിഡ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. 2023 ഡിസംബറിൽ കിംബർലീയുടെ കടയുടെ ഫെയ്സ്ബുക്ക് പേജിൻ്റെ സ്ക്രീൻഷോട്ടുകൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

പഠനാവശ്യങ്ങൾക്ക് വേണ്ടിയിട്ടാണ് മനുഷ്യ അസ്ഥികൾ വിൽപ്പന നടത്തിയതെന്നും അത് ഫ്ലോറിഡയിൽ നിയമപരമാണെന്നും ചോദ്യം ചെയ്യലിൽ കിംബർലീ പറഞ്ഞതായി ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. യഥാർത്ഥ മനുഷ്യാവശിഷ്ടങ്ങൾ എന്നും പ്രകൃതിയിൽ നിന്ന് ലഭിച്ചത് എന്നിങ്ങനെയാണ് കണ്ടെത്തിയ അസ്ഥികളെ പ്രതി വേർതിരിച്ച് പറഞ്ഞത്.

സ്വകാര്യ ശേഖരണക്കാരിൽ നിന്നാണ് വർഷങ്ങളായി അസ്ഥികൾ വാങ്ങിയതെന്നും കിംബർലീ പറഞ്ഞു. എന്നാൽ ഇടപാടുകളുടെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ നൽകാൻ കൂട്ടാക്കിയിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

തന്റെ കടയിൽ ഇനിയും ഒന്നിലധികം മനുഷ്യ അസ്ഥികൾ വിൽപ്പനക്കായി മാറ്റിവെച്ചിട്ടുണ്ടെന്ന് പ്രതി അറിയിച്ചു. ഫ്ലോറിഡ നിയമത്തിന് വിരുദ്ധമാണെന്ന് അറിയാതെയാണ് വിൽപ്പന നടത്തിയതെന്നാണ് നൽകുന്ന മൊഴി.

‌ഫോറൻസിക് പരിശോധനയിൽ പല അസ്ഥികളും വളരെ പഴക്കമുള്ളതാണെന്ന് കണ്ടെത്തി. ചിലതിന് 500 വർഷത്തിലേറെ പഴക്കമുള്ളതാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇവ എവിടെ നിന്നാണ് ലഭിച്ചത് എന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലാത്തതിനാൽ കൂടുതൽ ആശങ്ക ഉയർത്തുന്നതായി വിദ​ഗ്ധർ അഭിപ്രായപ്പെട്ടു.

ഏപ്രിൽ 10 രാത്രിയാണ് ഷോപ്പറെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിനൊടുവിൽ അടുത്ത ദിവസം 7,500 ഡോളർ ബോണ്ടിൽ വിട്ടയക്കുകയും ചെയ്തു. അന്വേഷണം ഇപ്പോഴും തുടരുകയാണ്. മനുഷ്യാവശിഷ്ടങ്ങളുടെ ഉത്ഭവം കണ്ടെത്താൻ സംസ്ഥാന, ഫെഡറൽ ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നതായാണ് ലഭിക്കുന്ന വിവരം.

Content Summary: Human bones sold online,52-year-old woman arrested in US

Leave a Reply

Your email address will not be published. Required fields are marked *

×