റഷ്യൻ കൂലിപ്പട്ടാളത്തിലേക്കുള്ള മനുഷ്യക്കടത്ത്; 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു, 16 പേരെ കാണാനില്ല

നിലവില്‍ എത്ര ഇന്ത്യക്കാര്‍ റഷ്യക്ക് വേണ്ടി ജോലി ചെയ്യുന്നുവെന്ന കാര്യം വ്യക്തമല്ല

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട ഇന്ത്യക്കാരിൽ ഇതുവരെ 12 പേർ മരിച്ചതായും 16 പേരെ കാണാതാവുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

6 പേരെ തിരിച്ചെത്തിയിട്ടുണ്ടെന്നും 18 പേർ ഇനിയും ഇന്ത്യയിലേക്ക് മടങ്ങാനുണ്ടെന്നും
വിദേശകാര്യ മന്ത്രാലയ വക്താവ് റൺധീർ ജയ്സ്വാൾ പറഞ്ഞു. റഷ്യൻ സൈന്യത്തിൽ ചേർന്ന് പോരാടി മരിച്ച മലയാളി ബിനിൽ ബാബുവിൻ്റെ മരണത്തിൽ രൺധീർ ജയ്‌സ്വാൾ ഖേദം പ്രകടിപ്പിച്ചു. അദ്ദേഹത്തിൻ്റെ മൃതശരീരം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. റഷ്യൻ സായുധ സേനയിൽ സേവനമനുഷ്ഠിക്കുന്നവരോ അവരുമായി ബന്ധമുള്ളവരോ ആയ ഇന്ത്യക്കാർ ഉൾപ്പെട്ട 126 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇവരിൽ 96 പേർ ഇതിനകം ഇന്ത്യയിലേക്ക് മടങ്ങിയിട്ടുണ്ടെന്നും രൺധീർ ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 85 ഇന്ത്യക്കാരെ റഷ്യന്‍ സൈന്യം വിട്ടയച്ചെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്ത്രി വ്യക്തമാക്കിയിരുന്നു. റഷ്യയിലകപ്പെട്ട ഇന്ത്യക്കാരെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് തവണ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2024 ഓഗസ്റ്റിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മൊത്തം 91 ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് പാർലമെൻ്റിനെ അറിയിച്ചിരുന്നത്.

നിലവില്‍ എത്ര ഇന്ത്യക്കാര്‍ റഷ്യക്ക് വേണ്ടി ജോലി ചെയ്യുന്നുവെന്ന കാര്യം വ്യക്തമല്ല. ബിനിലിനൊപ്പം പ്രവര്‍ത്തിച്ചു വന്നിരുന്ന ബന്ധുവും തൃശൂര്‍ സ്വദേശിയുമായ ജയിന്‍ കുര്യന്‍ (27) പരിക്കേറ്റ് മോസ്‌കോയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് യുദ്ധത്തില്‍ പങ്കെടുത്ത ബിനില്‍ ബാബു യുക്രൈൻ്റെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ച ബിനില്‍ ബാബുവിന്റെ സുഹൃത്തായ ജെയിനാണ് ഈ വിവരം ആദ്യം ബന്ധുക്കളെ അറിയിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് ജെയിൻ. ജനുവരി അഞ്ചിനാണ് ബിനില്‍ കൊല്ലപ്പെടുന്നത്. ആറാം തീയതിയാണ് ബിനിലിന്റെ മൃതദേഹം ജെയിന്‍ കാണുന്നത്. തൊട്ടുപിന്നാലെ ഉണ്ടായ ആക്രമണത്തില്‍ ജെയിനും പരിക്കേൽക്കുകയായിരുന്നു.

Content Summary: human trafficking to Russian mercenaries; 12 Indians killed and 16 missing
human trafficking to Russia randhir jaiswal 

This post was last modified on January 18, 2025 11:06 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment