വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം കാലങ്ങളായി നിലനില്‍ക്കുന്ന ചര്‍ച്ചാ വിഷയമാണ്. തൃശ്ശൂരിലെ വിവിധ വനവാസ മേഖലകളില്‍ നിന്ന് നിരന്തരമായി വരുന്ന വാര്‍ത്തകള്‍ മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല എന്നു വ്യക്തമാക്കുന്നു. ആതിരപ്പിള്ളി മുതല്‍ മലക്കപ്പാറ വരെയുള്ള മേഖലയില്‍ വര്‍ഷത്തില്‍ നിരവധി തവണയാണ് ആനയും പുലിയുമെല്ലാം കാടിറങ്ങുന്നത്.
കഴിഞ്ഞ ഏപ്രില്‍ 15 ന് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആദിവാസി വിഭാഗത്തില്‍പ്പെട്ട സതീഷ്, അംബിക എന്നിവര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മലക്കപ്പാറ ആദിവാസി ഉന്നതിയിലെ നാലു വയസുകാരന്‍ രാഹുല്‍ പുലിയുടെ അക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തോട്ടങ്ങളില്‍ കയറി ആനകള്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതും സ്ഥിരം വാര്‍ത്തയാണ്. സമാനമായ സംഭവങ്ങള്‍ ഇതിനു മുമ്പും ഈ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വന്യമൃഗങ്ങളുടെ ജനവാസ മേഖലയിലേക്കുള്ള കടന്നുകയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ പ്രതിഷേധങ്ങളും ധര്‍ണ്ണയുമായി ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മാറി മാറി ഇരുന്നിട്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ ശാശ്വത പരിഹാരം കാണാനായിട്ടില്ല. 2020-2024 കാലയളവില്‍ വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്ത് 460 പേര്‍ കൊല്ലപ്പെട്ടതായാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ടത് പാലക്കാടും തൃശ്ശൂരുമാണ്.
പാര്‍ലമെന്റില്‍ ഫെബ്രുവരി 14 ന് നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് രാജ്യസഭ അംഗം ജെബി മേത്തര്‍ കടുവ ആക്രമണത്തെക്കുറിച്ചും അത് തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിനോട് ഉന്നയിച്ച ചോദ്യത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വന്യജീവി സംരക്ഷണ നിയമ പ്രകാരം മനുഷ്യരെ ആക്രമിക്കുന്ന മൃഗങ്ങളെ കൈകാര്യം ചെയ്യാന്‍ അധികാരമുണ്ടെന്നായിരുന്നു മറുപടി. അതേ സമയം മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊല്ലുന്നതിനായി നായാട്ടിന് അനുമതി തേടുകയാണ് കേരള സര്‍ക്കാര്‍. മുമ്പെങ്ങുമില്ലാത്ത രീതിയില്‍ കൂട്ടം കൂടി കാടിറങ്ങുന്ന മൃഗങ്ങളെ കൊല്ലുന്നത് അവയുടെ വംശത്തെത്തന്നെ ഇല്ലാതാക്കാം. അത് ആവാസവ്യവസ്ഥമുതല്‍ ആഹാര ശൃംഖലയെവരെ കാര്യമായി ബാധിക്കും. അതോടൊപ്പം മനുഷ്യന്റെ നിലനില്‍പ്പിനെ ബാധിക്കാതെ വന്യമൃഗങ്ങളെ നിയന്ത്രിക്കേണ്ടതും അനിവാര്യമാണ്. ഇത്തരം ആശങ്കകളെല്ലാം നിലനില്‍ക്കുമ്പോഴും മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാന്‍ മനുഷ്യപക്ഷത്തുനിന്നുകൊണ്ട് മാത്രം പഠിച്ചാല്‍ പരിഹാരം എളുപ്പമാകില്ല എന്ന വസ്തുത അംഗീകരിച്ചേ മതിയാകൂ. ഇതിനായി വന്യമൃഗങ്ങളുടെയും അവര്‍ അധിവസിച്ചിരുന്ന കാടിനേയും പഠനവിധേയമാക്കണം.
കാടിറങ്ങിവരുന്ന വന്യമൃഗങ്ങള്‍ കര്‍ഷകരുടെ കൃഷി നശിപ്പിക്കുന്നത് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുന്നു. ലോണെടുത്തും മറ്റും കൃഷി ചെയ്യുന്ന കര്‍ഷകരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുന്നത്. കര്‍ഷകരുടെ മാത്രമല്ല, തോട്ടം തൊഴിലാളികളുടെയും സ്ഥിതി സമാനമാണ്.
രാവിലെ തോട്ടത്തിലേക്ക് പണിക്ക് പോകുന്ന തൊഴിലാളികള്‍ തിരികെ വീട്ടിലെത്തുമെന്ന പ്രതീക്ഷയില്ലാത്തവരാണ്. ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ മാത്രമാണ് അവര്‍ ഈ അപകടകരമായ ജോലിക്ക് പോകുന്നത്. വന്യമൃഗങ്ങളുടെ ആക്രമണം നേരിടാത്ത തൊഴിലാളികള്‍ ആരും ഉണ്ടാകില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം.
2016 മുതല്‍ 2025 വരെയുള്ള കാലയളവില്‍ കേരളത്തില്‍ വന്യജീവികളുടെ ആക്രമണത്തില്‍ 904 ആളുകള്‍ മരണപ്പെട്ടതായാണ് മനുഷ്യ -വന്യജീവി സംഘര്‍ഷ നിവാരണവുമായി ബന്ധപ്പെട്ട് വനം വകുപ്പ് തയ്യാറാക്കിയ നയരേഖ കരട് വ്യക്തമാക്കുന്നത്. അതില്‍ 209 പേരും മരണപ്പെട്ടിട്ടുള്ളത് കാട്ടാനയുടെ ആക്രമണത്തിലാണ്. 600 പേര്‍ പാമ്പുകടിയേറ്റ് മരണപ്പെട്ടിരിക്കുന്നു ഇതില്‍ ഭൂരിഭാഗം പേര്‍ക്കും വനത്തിന് പുറത്തുനിന്നാണ് കടിയേറ്റിടുള്ളത്. 100 പേര്‍ കടുവയുടെയും, 60 പേര്‍ കാട്ടുപന്നിയുടേയും, 10 പേര്‍ കാട്ടുപോത്തിന്റെയും 15 പേര്‍ മറ്റ് മൃഗങ്ങളുടെയും ആക്രമണത്തില്‍ മരണപ്പെട്ടിരിക്കുന്നു. വന്യജീവി സംഘര്‍ഷങ്ങളുടെ വ്യാപ്തി, നാശ നഷ്ടങ്ങള്‍, ആളപായം, സംഘര്‍ഷ സാധ്യത തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ 75 നിയമസഭമണ്ഡലങ്ങളിലെ 273 പഞ്ചായത്തുകളെ മനുഷ്യ വന്യജീവി സംഘര്‍ഷ ബാധിത പ്രദേശമായും 30 പഞ്ചായത്തുകളെ ഹോട്ട്‌സ്‌പോട്ടുകളായും കണക്കാക്കിയിട്ടുണ്ട്. അതില്‍ സെന്‍ട്രല്‍ സര്‍ക്കിളിന് കീഴില്‍ തൃശൂര്‍ ഡിവിഷനിലെ വാഴാനി, പട്ടിക്കാട്, ചാലക്കുടി ഡിവിഷനിലെ പാലപ്പിള്ളി പ്രദേശം, മലയാറ്റൂര്‍ ഡിവിഷനിലെ മണികണ്ഠന്‍ചാല്‍, വാടാട്ടുപാറ, കണ്ണിമംഗലം, വാവേലി എന്നിവ ഹോട്ട്‌സ്‌പോട്ടുകളാണ്.

കാട്ടാനയുടെ ആക്രമണം മൂലം 2016 മുതല്‍ 2021 വരെയുള്ള കാലയളവില്‍ സംസ്ഥാനത്ത് മരണപ്പെട്ടവരുടെ എണ്ണം 96 ആയിരുന്നു. എന്നാല്‍ അതിനുശേഷമുള്ള മരണനിരക്ക് 113 ആണ്. ആനകള്‍ സ്ഥിരമായി കൂട്ടത്തോടെ കാടിറങ്ങുന്നതും അവരിലുണ്ടാകുന്ന ആക്രമണ സ്വഭാവവും വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. കാട്ടില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകുന്ന ആളുകളെപ്പോലും ആനകള്‍ വെറുതെ വിടുന്നില്ല. ഒരു കാലത്ത് ഇവരുടെ സഹചാരികളായിരുന്ന വന്യമൃഗങ്ങളില്‍ ഉണ്ടായിട്ടുള്ള സ്വഭാവ വ്യതിയാനത്തിന്റെ കാരണങ്ങള്‍ കൃത്യമായി വിലയിരുത്തപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഭൂമിയില്‍ സ്വാഭാവികമായി രൂപംകൊള്ളുന്ന ആവാസവ്യവസ്ഥയിലെ വളരെ പ്രധാനപ്പെട്ടതും ജൈവവൈവിധ്യങ്ങളാല്‍ നിറഞ്ഞ പരസ്പര പ്രവര്‍ത്തന പ്രതിപ്രവര്‍ത്തനങ്ങളിലൂടെ നിലനിന്നു പോകുന്നതുമായ മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന ഒന്നാണ് വനം. ലോകത്തിന്റെ ഭൂവിസ്തൃതിയില്‍ ഏറെയും വനങ്ങളായിരുന്നു. എന്നാല്‍ ജനസംഖ്യയിലുണ്ടായ വര്‍ദ്ധനവ്, കൃഷിഭൂമിയുടെ ആവശ്യകത, ഫലഭൂയിഷ്ടമായ മണ്ണ്, വന വിഭവങ്ങള്‍, വിനോദ സഞ്ചാര സാധ്യതകള്‍ എന്നീ കാരണങ്ങളാല്‍ വനഭൂമിയുടെ പല ഭാഗങ്ങളും ആളുകള്‍ കയ്യേറുകയോ, ഭൂദാന സ്‌കീമുകള്‍ വഴി ആളുകള്‍ക്ക് പതിച്ചു നല്‍കുകയോ ചെയ്തു. 1970കള്‍ക്കുശേഷം മനുഷ്യന്റെ കുടിയേറ്റത്തിന്റെയും കാര്‍ഷിക രീതികളുടെയും ഭാഗമായി കേരളത്തിന്റെ സ്വാഭാവിക വനത്തിന്റെ ആവാസവ്യവസ്ഥയില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. യൂക്കാലി, അക്കേഷ്യ, റബ്ബര്‍, തേയില, കാപ്പി തുടങ്ങിയവയുടെ കടന്ന് വരവ് സ്വാഭാവിക വനപ്രദേശങ്ങള്‍ കുറയുന്നതിനും പ്ലാന്റേഷനുകള്‍ വര്‍ദ്ധിക്കുന്നതിനും സഹായകമായി.
സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 60- 250 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നതും വനഭൂമിയിലും റവന്യു ഭൂമിയിലുമായി നിത്യഹരിത അര്‍ദ്ധനിത്യഹരിത വനങ്ങളായും പ്ലാന്റേഷനുകളായും വ്യാപിച്ചുകിടക്കുന്നതാണ് ചാലക്കുടി നദീതടത്തിന്റെ ഭാഗമായ അതിരപ്പിള്ളിയുള്‍പ്പെടെയുള്ള മേഖല. ഇവിടുത്തെ ഭൂവിനിയോഗം പ്രധാനമായും കശുമാവ്, റബ്ബര്‍, എണ്ണപ്പന എന്നീ തോട്ടങ്ങള്‍ക്കായും മനുഷ്യവാസത്തിനായും ഉപയോഗപ്പെടുത്തിയിരിക്കുന്നു. കൂടാതെ പ്രദേശത്തിന്റെ ഭൂസവിശേഷതകള്‍ കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി അതിരപ്പിള്ളിയെ മാറ്റുന്നു. ആകെ 489 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള അതിരപ്പിള്ളി പഞ്ചായത്തിന്റെ വടക്കുഭാഗത്തേക്ക് ഏകദേശം 410 ചതുരശ്ര കി.മീ. റോളം തേക്ക് മുള തുടങ്ങിയ പ്ലാന്റേഷനുകളും ഇവയ്ക്ക് ഇടയില്‍ അങ്ങിങ്ങായി ഇടതൂര്‍ന്ന വനവും കാണപ്പെടുന്നു. മലക്കപ്പാറയോട് ചേര്‍ന്ന് നില്‍ക്കുന്ന കിഴക്കു ഭാഗത്താകട്ടെ ധാരാളം കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും. മലക്കപ്പാറമുതല്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം വരെയുള്ള ഉയര്‍ന്ന വനപ്രദേശത്താണ് ആദിവാസി ഉന്നതികള്‍ സ്ഥിതിചെയ്യുന്നത്. വെള്ളച്ചാട്ടത്തിന് താഴെ ശേഷിക്കുന്ന പ്രദേശത്താണ് പലപ്പോഴായി കുടിയിറക്കപ്പെട്ട മലയ ഗോത്ര സമൂഹവും കുടിയേറിവന്ന മറ്റു വിഭാഗങ്ങളും താമസിക്കുന്നത്. ഇതു കൂടാതെ ചാലക്കുടി – പൊള്ളാച്ചിയേയും ബന്ധിപ്പിക്കുന്ന സംസ്ഥാനപാത 21 ഉം പഞ്ചായത്തിലൂടെ കടന്നുപോകുന്നു.
കാടില്ലാതെയാകുന്നത് വന്യജീവി സംഘര്‍ഷത്തിലേക്ക് വഴിതെളിക്കുന്നു. ഇത്തരത്തില്‍ വനനശീകരണവും, പ്ലാന്റേഷനുകളുടെ വ്യാപനവും, ടൂറിസത്തിന്റെ പേരിലുള്ള കടന്നുകറ്റങ്ങളുമെല്ലാം പ്രദേശത്തിന്റെ ആവാസവ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് അഗ്രികള്‍ച്ചര്‍ ഇക്കോണോമിസ്റ്റും ആക്ടിവിസ്റ്റുമായ ഡോ: ശ്രീജ കെ ജി അഭിപ്രായപ്പെടുന്നത്.
‘ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ സമീപ പ്രദേശങ്ങളിലായി കാണപ്പെടുന്ന എണ്ണപ്പനത്തോട്ടങ്ങള്‍ ഒരുകാലത്ത് ജൈവവൈവിധ്യങ്ങളുള്ള റൈബേറിയൻ ഫോറസ്റ്റായിരുന്നു. ഒരുപാട് ആദിവാസികള്‍ അധിവസിച്ചിരുന്ന ഈ വനപ്രദേശം പിന്നീട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളയ്ക്ക് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പാട്ടത്തിനു നല്‍കി. മറ്റൊന്ന് രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധത്തില്‍ പങ്കെടുത്ത ജവാന്‍മാര്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയും അതിരപ്പിള്ളി പുഴയോരത്തിനോട് ചേര്‍ന്ന് റിസോര്‍ട്ടുകള്‍ പണികഴിപ്പിച്ചിട്ടുള്ള പ്രദേശം പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്‍കിയ ഭൂമിയുമാണ്. കൂടാതെ ഗ്രോ മോർ ഫുഡ് ക്യാമ്പയിന്റെ സമയത്ത് തുടങ്ങിയിട്ടുള്ള കൃഷി ഗ്രൂപ്പിനു വേണ്ടിയും ഭൂമി നല്‍കിയിട്ടുണ്ട്. അരിയ്ക്ക് ക്ഷാമം നേരിട്ടിരുന്ന കാലത്ത് ഏറ്റവും അര്‍ഹരായവര്‍ക്ക് ഭൂമി പതിച്ചു നല്‍കി കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗവണ്‍മെന്റ് ഭൂദാന സ്‌കീമുകള്‍ പ്രകാരം ഇത്രയധികം ഭൂമി നല്‍കിയിരുന്നത്. അക്കാലത്തെ സാമൂഹിക രാഷ്ട്രീയാവസ്ഥയില്‍ ഭൂദാനങ്ങളെല്ലാം അനിവാര്യവുമായിരുന്നു.

എന്നാല്‍ പിന്നീട് കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരം തന്നെ മാറി മറിയുകയും ഭൂമി ലഭ്യമായ സമയത്ത് അതിന്റെ ക്രയവിക്രയത്തിനുണ്ടായിരുന്ന പരിധികള്‍ പൂര്‍ണ്ണമായും ഇല്ലാതാവുകയും ചെയ്തതോടെ ആളുകള്‍ ഭൂമി വില്‍ക്കാനും ആരംഭിച്ചു. അതേ സമയം തന്നെ അതിരപ്പിള്ളി ടൂറിസത്തിന്റെ സാധ്യതകളും ഉയര്‍ന്നുവന്നതിനാല്‍ ഹോംസ്റ്റേകള്‍ക്കും മറ്റുമായി നല്ല തുകയ്ക്ക് ഭൂമി വിറ്റു പോയി. കൂടാതെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് താഴേയുണ്ടായിരുന്ന ഇടതൂര്‍ന്ന വനങ്ങളും അപ്രത്യക്ഷമായി. ഇപ്പോള്‍ കൂടുതലും പ്ലാന്റേഷനുകളാണ് കാടെല്ലാം നഷ്ടമായിരിക്കുന്നു. കാടിന്റെ മുകളിലുള്ള കടന്നുകയറ്റം വളരെക്കാലം മുന്നേ തന്നെ നടന്നിട്ടുണ്ട്. പക്ഷെ ഇപ്പോഴുള്ളത്ര വന്യമൃഗങ്ങള്‍ അന്നൊന്നും കാടിറങ്ങിയിരുന്നില്ല. അവിടെയാണ് കാലാവസ്ഥ വ്യതിയാനം എത്രമാത്രമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് എന്ന് മനസിലാക്കേണ്ടത്.’
2002 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ നഷ്ടമായ പ്രഥമിക വനം 348 കെ എച്ച് എ ആണ്. ഇതില്‍ 4.11 കെഎച്ച്എ കേരളത്തിലാണ്. 2022- 23 ലെ കേരള ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആനുവല്‍ കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക് റിപ്പോര്‍ട്ട് പ്രകാരം തൃശ്ശൂര്‍ സെന്റര്‍ സര്‍ക്കിളിന് കീഴിലെ ആകെ വന വിസ്തൃസി 1385.527 കി.മീ ആണ്. ഇതില്‍ വാഴച്ചാല്‍ 353.414 കി.മീ റും ചാലക്കുടി 208.011 കി.മീ റും വ്യാപിച്ച് കിടക്കുന്നു. ഈ വിസ്തൃതിയില്‍ അതിരപ്പിള്ളി, അയ്യമ്പുഴ, കറുകുറ്റി, തൃക്കൂര്‍, വരന്തരപ്പിള്ളി, കോടശ്ശേരി, മറ്റത്തൂര്‍ എന്നീ പഞ്ചായത്തുകളിലാണ് റെക്കോര്‍ഡഡ് വനമേഖല ഉള്‍പ്പെടുന്നത്. 2022- 23 കണക്കനുസരിച്ച് കേരളത്തിലെ ആകെ വനവിസ്തൃതി (11,531.908 കി.മി) യുടെ 6442.771 കി.മി റിസര്‍വ്ഡ് വനങ്ങളില്‍ 1378.120 കിലോമീറ്ററോളം സെന്റര്‍ സര്‍ക്കിള്‍ വനമേഖലയില്‍ ഉള്‍പ്പെടുന്നു. കൂടാതെ നിലവിലെ കണക്കനുസരിച്ച് ഈ.എഫ്.എൽ പ്രദേശങ്ങള്‍ 0.889 കി.മി ഉം 2.213 കി.മി പ്രൊപ്പോസ്ഡ് റിസര്‍വ്ഡ് വനങ്ങളും 4.306 കി.മി വെസ്റ്റഡ് ഫോറെസ്റ്റ് ഉം ആണ് സെന്റര്‍ സര്‍ക്കിളിനുകീഴില്‍ വരുന്നത്.
ഭൂവിനിയോഗത്തിലൂടെ വനവിസ്തൃതിയിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ ഏതളവില്‍ കാലാവസ്ഥവ്യതിയാനങ്ങളിലേക്ക് നയിച്ചുവെന്നും കാലാവസ്ഥവ്യതിയാനം എത്രത്തോളം മനുഷ്യ വന്യജീവിസംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടിയെന്നും മനസിലാക്കാന്‍ ശ്രമിക്കുകയാണ് പരിഹാരത്തിലേക്കുള്ള ആദ്യപടി.
കാലം തെറ്റി നിര്‍ത്താതെ പെയ്യുന്ന മഴയും അസ്സഹനീയമായ ചൂടും കലണ്ടര്‍ തെറ്റിച്ചു വരുന്ന ഋതുക്കളുമെല്ലാം മലയാളിക്ക് പരിചിതമായിട്ട് നാളുകളേറെയാകുന്നു. കാലാവസ്ഥയിലുണ്ടാകുന്ന ഈ വ്യതിയാനം മനുഷ്യനെ മാത്രമല്ല ഭൂമിയിലെ ജീവനുള്ള എല്ലാ വസ്തുക്കളേയും ഒരേ തോതില്‍ ബാധിക്കുന്നുണ്ട്.
ന്യൂനമര്‍ദ്ദങ്ങളുടേയും മറ്റും ഭാഗമായി ഇടയ്ക്കിടെയുണ്ടാകുന്ന മഴയും അതിന്റെ അളവും കാടിന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തുകയും കാടിന്റെ ആവാസവ്യവസ്ഥയെ കാര്യമായി ബാധിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും മൃഗങ്ങള്‍ കാടിറങ്ങുമെന്നും, മാറുന്ന കാലാവസ്ഥയോട് പൊരുത്തപ്പെട്ട് മനുഷ്യന്‍ ജീവിക്കാന്‍ തയ്യാറാവുകയേ നിവര്‍ത്തിയുള്ളുവെന്നുമാണ് കേരള വന ഗവേഷണ പഠനകേന്ദ്രത്തിന്റെ ശാസ്ത്രജ്ഞനായ ഡോ. ടി.വി സജീവ് പറയുന്നത് ‘കാലാവസ്ഥ വ്യതിയാനം മൂലം മഴയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. മഴത്തുള്ളികളുടെ വലുപ്പം കൂടുകയും, മഴ വളരെ ശക്തിയായി പെയ്യുകയും ചെയ്യുന്നു. മേഘങ്ങളുടെ സ്‌പേഷ്യല്‍ ഡിസ്ട്രിബ്യൂഷനില്‍ വന്നിട്ടുള്ള മാറ്റം മൂലം മഴമേഘങ്ങളുടെ രൂപം ക്യുമുലോനിംബസ് മേഘങ്ങളിൽ നിന്ന് മാറി സിലിണ്ടര്‍ പോലെ പത്തു മുതല്‍ 13 കിലോമീറ്റര്‍ വരെ ഉയരത്തില്‍ മുകളിലേക്കാണ് നില്‍ക്കുന്ന രീതിയിലാണ്. അതിനാല്‍ കേരളം മുഴുവന്‍ ചെറിയ രീതിയില്‍ രണ്ടും മൂന്നും ദിവസങ്ങളോളം നിന്ന് പെയ്യുന്ന മഴയുടെ സ്വാഭാവത്തില്‍ നിന്ന് മാറി ഒരു പ്രദേശത്ത് വലിയ തോതില്‍ ഒറ്റയടിക്ക് പെയ്യുന്ന മഴയാണ് ഇപ്പോഴുള്ളത്. ഇത്തരത്തില്‍ വലിയ അളവില്‍ മഴ പെയ്യുമ്പോള്‍ കാടുകള്‍ക്ക് അതിനെ പഴയതുപോലെ സൂക്ഷിച്ച് വയ്ക്കാന്‍ കഴിയുന്നില്ല.
അമേരിക്കയിലും യൂറോപ്പിലും കാണുന്ന സൂചികാഗ്ര മരങ്ങളില്‍ നിന്ന് വ്യത്യസ്തമായി നമ്മുടെ കാടുകള്‍ ബ്രോഡ്ലീവ്ഡ് ഫോറസ്റ്റുകളാണ്. എത്ര മുകളില്‍ നിന്നും മഴ പെയ്താലും സൂചികാഗ്രമരങ്ങള്‍ക്ക് അവയുടെ രൂപം നഷ്ടമാകില്ല. എന്നാല്‍ ശക്തിയായി മഴപെയ്താല്‍ നമ്മുടെ മരങ്ങളുടെ ഇല ഫ്‌ളിപ് ചെയ്ത് മഴവെള്ളം നേരെ മണ്ണില്‍ വീഴുകയും അത് മണ്ണിലേക്ക് ആഴ്ന്നിറങ്ങാതെ മണ്ണിനെയും അതിനൊപ്പമുള്ള വിത്തുകളെയും എടുത്തുകൊണ്ട് പോകുകയും ചെയ്യും. ഇത്തരത്തില്‍ കാടിന്റെ സ്വാഭാവികമായ പുനരുജ്ജീവനത്തിനെ കാലാവസ്ഥവ്യതിയാനം വളരെ ഭീകരമായി ബാധിക്കുന്നു.
നാച്ചുറല്‍ റീ ജനറേഷന്‍ ഇല്ലാതാകുന്നതോടെ പ്രദേശം മുഴുവന്‍ കൊങ്ങിണി, ധൃതരാഷ്ട്രപച്ച, ആനത്തൊട്ടാവാടി, റബ്ബര്‍ത്തോട്ടങ്ങളില്‍ വളര്‍ത്തുന്ന തോട്ടപ്പയര്‍ തുടങ്ങിയ അധിനിവേശസസ്യങ്ങള്‍ കയ്യേറുകയും തദ്ദേശീയ സസ്യങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. എത്ര വളക്കൂറില്ലാത്ത മണ്ണിലും വളരുന്ന അധിനിവേശസസ്യങ്ങളാകട്ടെ മൃഗങ്ങളൊന്ന് പോലും ഭക്ഷിക്കുകയുമില്ല. ഇത് മൂലം മൃഗങ്ങള്‍ക്ക് ഭക്ഷണത്തിന്റെ ലഭ്യത കുറയുമ്പോള്‍ അവര്‍ സ്വാഭാവികമായും ഭക്ഷണം തേടി വരും. അതിനാല്‍ അധിനിവേശ സസ്യങ്ങളെ കൈകാര്യം ചെയ്യുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.
മറ്റൊരു കാരണം മനുഷ്യന്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. ഒന്നോ രണ്ടോ ദിവസമൊക്കെ കാട്ടില്‍ താമസിച്ചാണ് ആദിമമനുഷ്യര്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്നത്. കാട്ടില്‍ നിന്ന് തിരികെ വരുമ്പോള്‍ വിറക് കത്തിച്ച ചാരം മുതല്‍ കൊണ്ടുപോയതൊന്നും അവരവിടെ ഉപേക്ഷിച്ച് വരില്ല. കാരണം കാട് അത്രയും പ്രഷ്യസാണ്. എസ്റ്റേറ്റുകളുടെ 10% ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം എന്ന നിയമം വന്നതോടെ ഒരുപാട് റിസോര്‍ട്ടുകള്‍ കാടിനോട് ചേര്‍ന്ന് നിര്‍മ്മിച്ചു. അവിടേയ്ക്കായി പിന്നീട് കാട്ടിലൂടെ തന്നെ റോഡുകളും പണികഴിപ്പിച്ചു. ഈ റിസോര്‍ട്ടുകളില്‍ വരുന്ന മാലിന്യങ്ങള്‍ മുഴുവന്‍ കാട്ടിലേക്ക് തള്ളുകയും അത് മൃഗങ്ങള്‍ ഭക്ഷിക്കുകയും ചെയ്തതോടെ അവ കിട്ടാതെയാകുമ്പോള്‍ മൃഗങ്ങള്‍ നാട്ടിലേക്ക് വരാം. കാടിന് അവിടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ഭക്ഷണം നല്‍കേണ്ട ഉത്തരവാദിത്തമുള്ളതിനാല്‍ എല്ലാ സസ്യങ്ങളും പൂക്കുന്നതിനും കായ്ക്കുന്നതിനുമെല്ലാം കൃത്യമായ പാറ്റേണുണ്ട്. അത്തരത്തിലല്ലാതെ എല്ലാം ഒന്നിച്ച് പൂക്കുകയും കായ്ക്കുകയും ചെയ്താല്‍ പല സമയത്തും ഭക്ഷണം കിട്ടാതാകുന്ന അവസ്ഥയുണ്ടാകും.
പ്രകൃതിയിലുണ്ടാകുന്ന ഈ മാറ്റങ്ങളെല്ലാം വന്യജീവികള്‍ കാടിറങ്ങുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നമുക്ക് സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ട് മാറ്റങ്ങള്‍ക്കനുസൃതമായി നമ്മളും മാറുകയാണ് വേണ്ടത്’.

ആനകള്‍ കാലങ്ങളായി വെള്ളവും ഭക്ഷണവും തേടി സഞ്ചരിക്കുന്ന വഴികളാണ് സ്വാഭാവിക വഴിത്താരകള്‍ അല്ലെങ്കില്‍ ആനത്താരകള്‍. ഈ സഞ്ചാരപാദകള്‍ തടസ്സപ്പെടുന്നതോടെ അവ തകര്‍ക്കുന്നതിനോ അല്ലെങ്കില്‍ മറ്റ് വഴികളിലൂടെ സഞ്ചരിക്കുന്നതിനോ ആനകള്‍ തയ്യാറാകും. അത്തരത്തില്‍ തിരഞ്ഞെടുക്കുന്ന വഴികള്‍ ആദിവാസി ഉന്നതികളാകുന്നതാണ് മനുഷ്യ വന്യജീവി സംഘര്‍ഷങ്ങളുടെ ആക്കം കൂട്ടുന്നത്. സ്വാഭാവിക വഴിത്താരകളും ഒപ്പം കൃഷി വിഭവങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങളും ആനകളുടെ വരവിനെ സ്വാധീനിക്കുന്നുണ്ടെന്നാണ് ഡോ: ശ്രീജ കെ ജി അഭിപ്രായപ്പെടുന്നത് ‘ എത്രകാലമെടുത്താലും ആനകള്‍ അവരുടെ മെമ്മറി കണക്ഷനിലൂടെ വഴിത്താരകള്‍ താണ്ടി പരിചിതമായ പ്രദേശങ്ങളിലേക്ക് എത്തിച്ചേരും. അതിരപ്പിള്ളിയില്‍ ആനയെ കാണുന്ന പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഭൂമിയിലെല്ലാം ഇത്തരത്തില്‍ നിരന്തരമായി അവര്‍ വന്ന്‌പോകുന്ന പ്രദേശവും ഒരു കാലത്ത് തടസ്സങ്ങളില്ലാതെ വെള്ളവും ഭക്ഷണവുമെല്ലാം സുലഭമായി ലഭിച്ചിരുന്ന നദീതടവുമായിരുന്നു. എന്നാല്‍ പണ്ടെല്ലാം ആനകള്‍ വരുമ്പോള്‍ ഇന്നത്തെപ്പോലെ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നില്ല. പക്ഷെ എന്തുകൊണ്ടാണ് ഇപ്പോള്‍ ഇത്രമാത്രം ആനകള്‍ കാടിറങ്ങി വരുന്നതെന്നാണ് പരിശോധിക്കേണ്ടത്.
ആനകള്‍ കൃത്യമായി എത്തിച്ചേരുന്നത് പഴത്തോട്ടങ്ങളിലാണ്. പല പ്രദേശങ്ങളിലും പുഴയോരത്ത് വിയറ്റ്‌നാംപ്ലാവുകളുടെ തോട്ടങ്ങളുണ്ട്. എപ്പോഴും കായ്ക്കുന്ന വൃക്ഷമാണ് വിയറ്റ്‌നാംപ്ലാവ് അതിന് പ്രത്യേകമായി ഒരു കാലമില്ല. അതുകൊണ്ട് തന്നെ ചക്കയുടെ മണം ആനകളെ ആകര്‍ഷിക്കുകയും എത്ര ദൂരത്തുനിന്നും തോട്ടങ്ങളിലേക്ക് ആനകള്‍ വരികയും ചെയ്യും. കൂടാതെ പല കര്‍ഷകരും റബ്ബര്‍ കൃഷി മാറ്റി പൈനാപ്പിള്‍ കൃഷിചെയ്യുന്നുണ്ട്. ഇവ കായ്ക്കുന്ന കാലങ്ങളിലും ആനകള്‍ തോട്ടങ്ങളിലേക്ക് എത്തിച്ചേരുന്നു എന്ന് അവര്‍ തന്നെ പരാതിപറയുന്ന സാഹചര്യവും നിലവിലുണ്ട്.’
മനുഷ്യനായാലും മൃഗങ്ങളായാലും മറ്റൊരാളുടെ ഭൂമിയിലേക്ക് കടന്നുചെല്ലാന്‍ ഭയക്കും. എന്നാല്‍ അത്തരത്തിലുള്ള എല്ലാ ഭീതികളെയും മറന്ന് വന്യജീവികള്‍ കാടിറങ്ങുമ്പോള്‍ കാലാവസ്ഥമാറ്റങ്ങളും മറ്റും ഇവരിലുണ്ടാക്കുന്ന സമ്മര്‍ദ്ദം എന്തെല്ലാമാണെന്നും അതിനെ എങ്ങനെയെല്ലാം പരിഹരിക്കാമെന്നും പരിശോധിക്കേണ്ടത് അനിവാര്യമാണ്.
മനുഷ്യനും വന്യജീവികളും പരസ്പര ഐക്യത്തോടെ ഇഴകിച്ചേര്‍ന്ന് ജീവിച്ചിരുന്ന ഒന്നായിരുന്നു വനം. ഈ ആവാസവ്യവസ്ഥയിലേക്ക് അസ്വാഭാവികമായി കടന്നുവരുന്ന പ്രശ്‌നങ്ങള്‍ മൂലം ഒരു ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പിന് മറ്റൊന്ന് ഭീക്ഷണിയാകുമ്പോള്‍ അവിടെ സംഘര്‍ഷം ഉടലെടുക്കുന്നു. ഇത്തരം സംഘര്‍ഷങ്ങള്‍ കൂടുതലായും ബാധിക്കുന്നത് മനുഷ്യനെ ആയതിനാല്‍ മനുഷ്യ വന്യജീവി സംഘര്‍ഷങ്ങളില്‍ പലപ്പോഴും മൃഗങ്ങള്‍ പ്രതിസ്ഥാനത്താവുകയും അവയെ നേരിടുന്നതിനുള്ള നടപടികള്‍ മനുഷ്യര്‍ കൈക്കൊള്ളുകയും ചെയ്യുന്നു.
ഇത്തരം സംഘര്‍ഷങ്ങളില്‍ എന്നും ഇരയാക്കപ്പെടുന്നവര്‍ കാടിനോട് ഏറ്റവും അടുത്തിടപഴകുന്നവരും വന്യമൃഗങ്ങളോട് സഹവര്‍ത്തിത്വത്തോടെ ജീവിച്ചിരുന്നവരുമായ ആദിവാസികളാണ്. അവര്‍ക്കറിയുന്നപോലെ കാടിനേയും വന ആവാസവ്യവസ്ഥയേയും തിരിച്ചറിയുവാന്‍ ആര്‍ക്കും സാധിക്കില്ല. കാടിനുള്ളിലേക്കുള്ള കയ്യേറ്റങ്ങളും, മനുഷ്യന്റെ ഇടപെടലുകളുമെല്ലാം ഇല്ലാതാക്കിയത് ഈ സഹവര്‍ത്തിത്വമാണ്. കാട്ടില്‍ പോയി വനവിഭവങ്ങള്‍ ശേഖരിച്ചും അത് വിറ്റഴിച്ചും ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്ന ഈ മനുഷ്യര്‍ക്ക് കാട്ടില്‍ എപ്പോഴും സഹചാരികളായിരുന്ന മൃഗങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ആക്രമണം നേരിടേണ്ടിവരുന്നത്. മനുഷ്യനെ കേവലം ശത്രുപക്ഷത്ത് നിര്‍ത്തുന്ന വന്യമൃഗങ്ങള്‍ക്ക് മനുഷ്യന്റെ ഗന്ധംപോലും ഇപ്പോള്‍ അരോചകമാണെന്നാണ് കാടര്‍ സമുദായത്തിലുള്ളവര്‍ പറയുന്നത്. കാടിനുള്ളിലായാലും പുറത്തായാലും തങ്ങള്‍ സുരക്ഷിതരല്ലാത്തതിനാല്‍ കാട്ടില്‍ പോകാന്‍ ഭയമാണ്. കാട് കാണാന്‍ വരുന്ന അതിഥികളുടെ കാടിനെ അറിയാതെയുള്ള പെരുമാറ്റങ്ങള്‍ പലപ്പോഴും കാര്യമായി ബാധിക്കുന്നത് ഉന്നതികളിലും മറ്റും ജീവിക്കുന്ന മനുഷ്യരെയാണെന്നാണ് വാഴച്ചാല്‍ നിവാസിയും സാമൂഹിക പ്രവര്‍ത്തകയുമായ ഗീത പറയുന്നത് ‘അതിരപ്പിള്ളി പഞ്ചായത്തില്‍ കൂടുതലും കാടര്‍ സമുദായത്തിലുള്ളവരാണ്. വാഴച്ചാല്‍ മുതല്‍ പൂമ്പാറ വരെയുള്ള പ്രദേശങ്ങളിലാണ് ഇവരുടെ ഉന്നതികള്‍ . കാടരെ സംബന്ധിച്ച് എല്ലാം ജീവിക്കാന്‍ വേണ്ടിയിട്ടുള്ള പോരാട്ടമാണ്. ഞങ്ങള്‍ സ്വാഭാവികമായും കാടിനോട് മല്ലടിച്ച് ജീവിക്കുന്നവരാണ്. ആദ്യമൊക്കെ കുടുംബത്തോടെ കാട്ടില്‍ മാസങ്ങളോളം താമസിച്ച് വനവിഭവങ്ങള്‍ ശേഖരിച്ചിരുന്നതില്‍ നിന്ന് മാറി ഇപ്പോള്‍ കുറച്ച് പേര്‍ മാത്രം ഒന്നോ രണ്ടോ ദിവസം താമസിച്ച് എത്രയും വേഗം തിരിച്ച് നാട്ടിലേക്ക് വരുന്ന സ്ഥിതിയാണ്. ആനകള്‍ അക്രമശാലികളായതോടെ ഭയം മൂലം അധികം ഉള്‍ക്കാട്ടിലേക്ക് പോകാറില്ല. പൂര്‍വികര്‍ നമുക്ക് തന്നിട്ടുള്ള അറിവ് പ്രകാരം കാടിനുള്ളില്‍ കാട്ടാനയാക്രമണമുണ്ടായാല്‍ ഏഴ് ദിവസത്തോളം ആന ആപ്രദേശത്ത് തന്നെ നിലയുറപ്പിക്കും അതുകൊണ്ട് തന്നെ ആര്‍ക്കും അവിടേക്ക് കടന്നുചെല്ലാന്‍ കഴിയില്ല. പരിചയസമ്പത്തും പൂര്‍വികര്‍ പകര്‍ന്നു നല്‍കിയ പാഠങ്ങളുമാണ് പലപ്പോഴും ഞങ്ങളെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നത്. അത്തരം അറിവുകളിലൂടെ ആനയുടെ വഴിത്താരത്തിരിച്ചറിഞ്ഞ് അവിടെ നിന്ന് മാറുകയാണ് നമ്മള്‍ ആദ്യം ചെയ്യുക. പുല്‍പ്രദേശങ്ങളിലെല്ലാം ആന പോകുന്ന വഴിയില്‍ ഒന്നു രണ്ട്പുല്ല് മുകളിലേക്ക് പൊന്തിവരുന്നതും , ആനയുടെ ചവിട്ടടി തിരിച്ചറിഞ്ഞുമെല്ലാമാണ് അവ സഞ്ചരിച്ച വഴി കാടര്‍ മനസിലാക്കുക. വര്‍ഷകാലത്ത് ചിവീടിന്റെയും, കിളികളുടെയും, നദിയില്‍ വെള്ളമൊഴുകുന്നതിന്റെയുമെല്ലാം ശബ്ദം മൂലം ആനവരുന്നത് അറിയാന്‍ കഴിയില്ല. എന്നാല്‍ ആനയുടെ മണം തിരിച്ചറിഞ്ഞും കാടിന്റെ ദിശ മനസിലാക്കിയും ഏത് ഭാഗത്താണ് അവ നിലയുറപ്പിച്ചിട്ടുള്ളത് എന്ന് കണക്കുകൂട്ടി അവിടെ നിന്ന് മാറും. ഇത്തരം അറിവുകളുള്ളതിനാല്‍ പലപ്പോഴും ആദിവാസികള്‍ കാട്ടുമൃഗങ്ങളില്‍ നിന്ന് രക്ഷ നേടുകയും കാടിനെക്കുറിച്ചറിയാത്തതിനാലും ഇത്തരം അറിവുകള്‍ സ്വായത്തമാക്കാത്തതിനാലും പലര്‍ക്കും അപകടമുണ്ടാവുകയും ചെയ്യും.
ടൂറിസ്റ്റുകളുടെ ഇടപെടലുകള്‍ മൂലമുണ്ടാകുന്നതാണ് മറ്റൊരു പ്രശ്‌നം. ടൂറിസം വന്നതോടെ മൃഗങ്ങളുടെ ശല്ല്യം കൂടിയിട്ടുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കും. നാട്ടില്‍ മെരുക്കിയെടുക്കുന്ന ആനയെപ്പോലെയല്ല സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് കാട്ടില്‍ സ്വതന്ത്രമായി ജീവിക്കുന്ന കാട്ടാന. ഇത് പല ടൂറിസ്റ്റുകളും മറക്കുകയും ഫോണിലും ക്യാമറയിലുമൊക്കെയായി ഫ്‌ളാഷിട്ട് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതും പെര്‍ഫ്യൂമുപയോഗിച്ച് കാട്ടിലേക്ക് വരുന്നതും ആനകളെ പ്രകോപിപ്പിക്കുന്നു. ഇതിന്റെയെല്ലാം ഭവിഷ്യത്തുകള്‍ പിന്നീട് നേരിടേണ്ടിവരുന്നതാകട്ടെ പ്രദേശവാസികളും.
കാടിനുള്ളില്‍ സ്വാഭാവികമായി ലഭിക്കേണ്ട ഭക്ഷണം ഇല്ലാതെയാകുമ്പോഴാണ് മൃഗങ്ങള്‍ പുറത്തേക്ക് വരുന്നത്. ഈറ്റയും മുളയുമെല്ലാം ആനയ്ക്ക് വളരെ പ്രിയപ്പെട്ട ഭക്ഷണങ്ങളാണ്. ഒരു കാലത്ത് കൂട്ടമായി പൂത്തുകഴിഞ്ഞാല്‍ പിന്നീട് 60 മുതല്‍ 130 വരെ വര്‍ഷമെടുക്കും പിന്നീട് പൂക്കാന്‍. മാത്രമല്ല പൂത്തുകഴിഞ്ഞാല്‍ ഇവ താനെ നശിക്കുകയും വിത്തില്‍ നിന്ന് പുതിയ മുളകള്‍ ഉണ്ടാകാത്തതുമാണ് ഉടലെടുത്തിട്ടുള്ള മറ്റൊരു പ്രശ്‌നം. ഇത്തരത്തില്‍ 2018 ലെ വെള്ളപ്പൊക്കത്തിന് ശേഷം ഒരുപാട് ഭക്ഷണ സ്രോതസുകള്‍ കാട്ടില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മണ്ണിനെയും കാടിന്റെ അന്തരീക്ഷത്തെയും കൃത്യമായി പഠിച്ച് അവയെ തിരികെ കൊണ്ടുവരേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്തമാണ്.

അടുത്തിയെ പെരിങ്ങല്‍ക്കുത്ത് സ്‌കൂള്‍ കാട്ടാനകൂട്ടം ആക്രമിച്ച് നശിപ്പിച്ചിരുന്നു. സ്‌കൂളിന്റെ പരിസരപ്രദേശങ്ങളിലെവിടെയും ഇലക്ട്രിക് ഫെന്‍സിങ്ങ് വേലികള്‍ സ്ഥാപിച്ചിരുന്നില്ല. ആകെയുള്ള ചുറ്റുമതിലും നശിപ്പിച്ചാണ് ആനകള്‍ കടന്നുപോയിട്ടുള്ളത്. വനത്തിനുള്ളിലുള്ള സ്ഥാപനങ്ങളാകുമ്പോള്‍ സുരക്ഷയുറപ്പാക്കേണ്ടത് മേലധികാരികളുടെ ഉത്തരവാദിത്തമാണ്. സ്‌ക്കൂളിനോട് ചേര്‍ന്നും നിലവില്‍ സുരക്ഷാ സംവിധാനങ്ങളില്ലാത്ത പ്രദേശങ്ങളിലും ഇലക്ട്രിക് ഫെന്‍സിങ്ങ് വേലികള്‍ സ്ഥാപിക്കണം. ചാലക്കുടി ഡിവിഷനില്‍ നിരന്തരം അപകടങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങിയതോടെ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വാച്ചര്‍മാരെ വച്ച് രാത്രികാലങ്ങളിലെല്ലാം പെട്രോളിങ്ങ് നടത്തുന്നുണ്ട്. ‘
നാളിതുവരെ സന്തോഷത്തോടെയും സമാധാനത്തോടെയും ചെയ്തിരുന്ന തൊഴിലുപോലും ഉപേക്ഷിച്ച് മറ്റൊരു ജീവിതസാഹചര്യത്തോട് കഷ്ടപ്പെട്ട് പൊരുത്തപ്പെടേണ്ടി വരുന്ന കാടര്‍ സമുദായത്തിന്റെ നിസ്സഹായാവസ്ഥ വനആവാസവ്യവസ്ഥയ്ക്ക് പുറത്ത് ജീവിക്കുന്ന മനുഷ്യന് എളുപ്പം മനസിലാകില്ല. വനത്തിനും കാലാവസ്ഥയ്ക്കുമുണ്ടാകുന്ന മാറ്റം പാടെ ഇല്ലാതാക്കുന്നത് ഇവരുടെ ജീവിതത്തെക്കൂടിയാണെന്ന് നാം തിരിച്ചറിയണം. സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പു വരുത്തി അവരെ സംരക്ഷിക്കേണ്ട ചുമതല നമ്മുടേതു കൂടിയാണ്. കാരണം അവരും ഈ ഭൂമിയില്‍ വസിക്കുന്ന മനുഷ്യരാണ്. സ്വന്തമായുള്ള തുണ്ടുഭൂമിയില്‍ പോലും സുരക്ഷിതത്വം ഇല്ലെന്ന തിരിച്ചറിവില്‍ ജീവിക്കുന്ന കാടര്‍ സമുദായത്തിന്റെ ജീവിതം നമുക്ക് കഥകളല്ലാതാകുന്ന കാലം വിദൂരമല്ല.
1972 ലെ വന്യജീവി സംരക്ഷണ നിയമത്തിന് ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് മുന്നോട്ട് വച്ച വന്യജീവി സംരക്ഷണ ഭേദഗതി കരട് ബില്ലിന് സെപ്തംബര്‍ 13 ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം അംഗീകാരം നല്‍കുന്നതോടെ ഉയരുന്ന ആശങ്കകള്‍ ചെറുതല്ല. നിലവിലെ കേന്ദ്ര നിയമമനുസരിച്ച് മനുഷ്യന്റെ ജീവനും നിലനില്‍പ്പിനും ഭീക്ഷണിയായി ജനവാസമേഖലയിലേക്കിറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ മയക്കുവെടിവച്ച് മറ്റൊരിടത്തേക്ക് മാറ്റണമെന്നതിന് ബദലായി ഭേദഗതി നിയമപ്രകാരം ജില്ലാ കളക്ടര്‍ക്കോ, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കോ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് നല്‍കി മൃഗത്തെകൊല്ലുന്നതിനുള്ള നടപടി പൂര്‍ത്തിയാക്കാം. കൂടാതെ വന്യമൃഗങ്ങളുടെ ജനന നിയന്ത്രണത്തിനും നാടുകടത്തലിനും ബില്ല് അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ നിയമസഭ പാസാക്കിയ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരം ലഭ്യമായാല്‍ മാത്രമേ നിയമമാകു.
വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനായി 45 ദിവസം നീളുന്ന സംഘര്‍ഷ ലഘൂകരണ തീവ്രയജ്ഞ പരിപാടികളുമായാണ് വനംവകുപ്പ് മുന്നോട്ട് പോകുന്നത്. മൂന്നുഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ മലയോര മേഖലകളിലെ പഞ്ചായത്തുകളിലും റേഞ്ച് ഓഫീസുകളിലും തുറക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ വഴി സോളാര്‍ വൈദ്യുതവേലി, അതിര്‍ത്തിമതില്‍ പ്രശ്‌നപരിഹാരം, നഷ്ടപരിഹാരം തുടങ്ങിയ പൊതുജനങ്ങളുടെ പരാതികള്‍ക്കും അപേക്ഷകള്‍ക്കും ശാശ്വതപരിഹാരം കാണുകയാണ് ലക്ഷ്യം. സെപ്തംബര്‍ 16 മുതല്‍ ആരംഭിച്ച കര്‍മ്മപരിപാടിയില്‍ വകുപ്പ് മേധാവികള്‍ മുതല്‍ മന്ത്രിമാര്‍ വരെ നേരിട്ട് പങ്കാളികളാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മനുഷ്യ വന്യജീവി സംഘര്‍ഷത്തെ പ്രതിരോധിക്കുന്നതിനായി തുടര്‍ച്ചയായ ആനത്താരനിരീക്ഷണം, സംഘര്‍ഷമേഖലകളില്‍ സന്നദ്ധ പ്രതികരണസേന, സൗരോര്‍ജ വേലികള്‍ തുടങ്ങി 10 മിഷനുകള്‍ ഇതിന് മുമ്പായി വനംവകുപ്പ് അവതരിപ്പിച്ചിരുന്നു. വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിന് തടസം നില്‍ക്കുന്നുവെന്ന് സംസ്ഥാനസര്‍ക്കാര്‍ അവകാശപ്പെട്ട കേന്ദ്രവനസംരക്ഷണ നിയമമാണ് നിലവില്‍ നിയമസഭയില്‍ ഭേദഗതിയ്ക്ക് അംഗീകാരം ലഭിച്ച് രാഷ്ട്രപതിയുടെ അംഗീകാരം തേടുന്നത്. എന്നാല്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതികൊണ്ടുവരുന്നതിലൂടെ അധികരിക്കാന്‍ പോകുന്ന മറ്റു പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കാനാകില്ല. വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനുള്ള ശാശ്വതപരിഹാരം നിയമഭേദഗതിയാണോ എന്ന് പുനര്‍പരിശോധിക്കേണ്ടത് അനിവാര്യമാണ്.
മനുഷ്യ വന്യജീവി സംഘര്‍ഷങ്ങള്‍ വളരെപെട്ടെന്ന് ഉടലെടുത്ത പ്രശ്‌നമല്ല അത് കാലങ്ങളായുള്ള മനുഷ്യന്റെ ഇടപെടലുകളുടെ പരിണിതഫലമാണ്. ഇത്തരം സംഘര്‍ഷങ്ങള്‍ക്ക് ഇതുവരെയും കൈക്കൊണ്ട് പോന്നിട്ടുള്ള ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള പരിഹാര പ്രക്രിയകളും പ്രശ്‌നങ്ങളോട് അധികാരികള്‍ സ്വീകരിക്കുന്ന സമീപനവും പ്രശ്‌നപരിഹാരം വൈകിപ്പിക്കുകയും അപകടസാധ്യതകള്‍ ഉയര്‍ത്തുകയും ചെയ്യുന്നു. വന്യജീവി മനുഷ്യ സംഘര്‍ഷങ്ങളോടുള്ള നമ്മുടെ സമീപനത്തില്‍ മാറ്റം വരുത്തണമെന്നും പലപ്പോഴും പ്രശ്‌നങ്ങളെ നേരിടുന്നതില്‍ അധികാരികള്‍ക്ക് പോരായ്മകള്‍ സംഭവിക്കുന്നുവെന്നും മാനേജ്‌മെന്റ് തലത്തില്‍ കോ മാനേജ്‌മെന്റ് മാതൃകകള്‍ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നുമാണ് ഡോ ശ്രീജ കെ ജി അഭിപ്രായപ്പെടുന്നത് ‘ ഭൂമിയുടെ ഹൃദയഭാഗം എന്നെല്ലാം സൂചിപ്പിക്കാനാകുന്ന ഒന്നാണ് കാട് എന്നാല്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം കാടിന്റെ ആരോഗ്യം നല്ല രീതിയില്‍ ശോഷിച്ചു. കാലാവസ്ഥവ്യതിയാനം മൂലമുള്ള പ്രശ്‌നങ്ങള്‍ അധികരിക്കുമ്പോഴും അതിനോടുള്ള നമ്മുടെ സമീപനത്തിലും മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ അതിനനുസരിച്ച് അജൈൽ ആകുന്നതിനുള്ള പ്രവണതയുമെല്ലാം ഇപ്പോഴും വളരെ സാവധാനത്തിലാണ്. ഗ്രൗണ്ട് ബ്രേക്കിങ്ങ് ആയിട്ടുള്ള ചിന്തകളുണ്ടാകേണ്ട സമയത്തും പ്ലാന്റേഷനുകള്‍ ചിലതെല്ലാം മാറ്റികാണുമെന്നതൊഴിച്ചാല്‍ മറ്റൊരു പ്രവര്‍ത്തനവും നടക്കുന്നില്ല . സോഷ്യൽ ഫോറസ്ട്രിയോ പ്ലാന്റേഷൻ ഫോറസ്ട്രിയോ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥമുതലുള്ള ഘടകങ്ങളെ കാടിന് താങ്ങാനുള്ള ശേഷികിട്ടുമാറ് എങ്ങനെ മാറ്റാന്‍ സാധിക്കുമെന്ന് ചിന്തിച്ച് പരിഹാരം കണ്ടെത്തുക തന്നെ വേണം.

വളരെ വലിയ ക്രിട്ടിക്കൽ ക്രിസിസിന്റെ ഉള്ളില്‍ നമ്മള്‍ നില്‍ക്കുമ്പോഴും ഒരുമിച്ചിരുന്ന് എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിച്ച് പരിഹാരം കാണാന്‍ കഴിയുന്നതരത്തിലുള്ള ഫോറങ്ങളിലേക്കൊന്നും എത്തിപ്പെടാനോ പ്രശ്‌നങ്ങള്‍ക്ക് ലോങ്ങ്‌ടേം സൊല്യൂഷൻ കണ്ടെത്താനോ നമുക്ക് സാധിച്ചിട്ടില്ല. പഞ്ചായത്ത് മുതല്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അടക്കം എന്തിന് നമ്മളടങ്ങുന്ന പൊതുസമൂഹം വരെ ഇതിനോട് പ്രതിബദ്ദതയുള്ളവരാണ്. ഏതെങ്കിലുമൊരു പക്ഷംപിടിക്കുന്നതൊഴിച്ചാല്‍ ഇത്തരത്തിലുള്ള മൾട്ടി സ്റ്റേക്ക്ഹോൾഡേഴ്‌സ് പ്ലാറ്റഫോംസും ഡിസ്‌കഷന്‍സും എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താനാകുമെന്ന് ആരും ആലോചിക്കുന്നില്ല. മാനേജ്‌മെന്റ് തലത്തില്‍ കോ മാനേജ്‌മെന്റ് മതൃകകള്‍ കൊണ്ടുവരികയല്ലാതെ ഇതിനൊരു പരിഹാരമില്ല. ആഗോള താപനവും , കാലാവസ്ഥ വ്യതിയാനവുമാണ് വന്യജീവി ആക്രമണങ്ങള്‍ അധികരിക്കുന്നതിന് കാരണമെങ്കില്‍ എമിഷന്‍സൊന്നും എവിടെയും കുറയാത്ത സാഹചര്യത്തില്‍ ആക്രമണങ്ങള്‍ ഇനി കൂടാനേ സാധ്യതയുള്ളു. യുണൈറ്റഡ് നാഷന്റെ ബയോഡൈവേഴ്സിറ്റി കോൺഫറൻസായ കോപ് മാത്രം കൃത്യമായി നടന്നതുകൊണ്ട് കാലാവസ്ഥവ്യതിയാനത്തില്‍ മാറ്റമോ പ്രശ്‌നങ്ങള്‍ക്ക് അവസാനമോ ഉണ്ടാകില്ല. കാടിറങ്ങുന്ന എല്ലാ വന്യമൃഗങ്ങളേയും കൊന്നൊടുക്കലാണ് പരിഹാരമായി കാണുന്നതെങ്കില്‍ അതും കോണ്‍ഫ്‌ളിക്ടില്‍ത്തന്നെയാണ് അവസാനിക്കുക.
ഭക്ഷണത്തിന്റെ ദൗര്‍ബല്യം കോണ്‍ഫ്‌ളിക്റ്റിലേക്ക് നയിക്കുകയും ഈ കോണ്‍ഫ്‌ളിക്ട് മൂലം മൃഗങ്ങള്‍ കാടിറങ്ങുകയും ചെയ്യാം. ഇത്തരത്തില്‍ നാട്ടിലിറങ്ങിയ മൃഗങ്ങളെ പരിശോധിച്ചാല്‍ എല്ലാം ആഹാരശൃംഖലയുടെ ഏതെങ്കിലുമൊരു ക്ലസ്റ്ററിലുള്‍പ്പെടുന്നുവെന്ന് കണ്ടെത്താനാകും.
ഇവയെ കൊന്നൊടുക്കുമ്പോള്‍ വീണ്ടും ഇതേ ആഹാരശൃംഖലയെത്തന്നെയാണ് ബാധിക്കുന്നതെന്ന് ചിന്തിക്കാതെ പോകരുത്. അത് വീണ്ടും പുതിയ കോണ്‍ഫ്‌ളിക്ടുകള്‍ സൃഷ്ടിക്കും.
കാലഘട്ടം ആവശ്യപ്പെടുന്ന വികസനം നമുക്കാവശ്യമാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പരിതികളുണ്ടാകുക എന്നതിലുപരി മറ്റൊരു രീതിയില്‍ ഇവയെ വിഭാവനം ചെയ്യേണ്ടതിന്റെ ആവശ്യകതയായിരുന്നു വേണ്ടിയിരുന്നത്. ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന എല്ലാ സുഖങ്ങള്‍ക്കും മുന്നേ ആ കാലഘട്ടത്തെ പ്രതിസന്ധികളെയും സമ്മര്‍ദ്ദങ്ങളേയും കോംപാക്ട് ചെയ്താണ് മനുഷ്യന്‍ ജീവിച്ചിട്ടുള്ളത്. ഈ കാലഘട്ടത്തില്‍ നമ്മള്‍ അനുഭവിക്കുന്ന പ്രതിസന്ധി കാലാവസ്ഥ വ്യതിയാനം തന്നെയാണ് അതിനെ എങ്ങനെയാണോ ഏറ്റവും നന്നായി കോംപാക്ട് ചെയ്യേണ്ടത് ആ മോഡലിലേക്കെത്താതെ മുന്നോട്ട് പോകാന്‍ നമുക്ക് കഴിയില്ല.’
വനനശീകരണവും, കാലാവസ്ഥവ്യതിയാനവുമെല്ലാം നയിക്കുന്ന ആവാസവ്യവസ്ഥയിലെ ചില ജന്തുജാലങ്ങളുടെ വംശനാശം തകര്‍ക്കുന്നത് ജീവന്റെ നിലനില്‍പ്പിന്റെ അടിത്തറയായ ആഹാരശൃംഖലയെയാണ്. ഇത്തരത്തില്‍ മനുഷ്യന്റെ നിലനില്‍പ്പിനെത്തന്നെ പ്രതിസന്ധിയിലാക്കാന്‍ സാധ്യതയുള്ള പ്രവര്‍ത്തനമായിരിക്കും കാടിറങ്ങുന്ന മൃഗങ്ങളെ കൊല്ലാനുള്ള തീരുമാനം. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘത്തിന്റെ കണക്കുകള്‍ പ്രകാരം ലോകത്തിലെ പതിനേഴായിരത്തോളം ജീവിവര്‍ഗങ്ങള്‍ വംശനാശ ഭീക്ഷണി അഭിമുഖീകരിക്കുന്നവയാണ്. ഒരു നാണയത്തിന്റെ ഇരുപുറം പോലെ മനുഷ്യനും വന്യമൃഗങ്ങളും നില്‍ക്കുമ്പോള്‍ ഇരുവംശത്തേയും അധികരിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥ മാറ്റങ്ങള്‍ക്കിടയിലും സംരക്ഷിച്ചു നിര്‍ത്താന്‍ സാധിക്കുന്ന തരത്തിലേക്കുള്ള വഴികള്‍ തേടുകയെന്നത് വളരെ ശ്രമകരമാണ്. എന്നാല്‍ അവയെ ഇല്ലാതാക്കുവാനായി നായാട്ടിന് അനുമതിനല്‍കുന്ന തീരുമാനം കൊളോണിയല്‍ സംസ്‌കാരത്തിന്റെ പ്രതിഫലനമാണെന്ന് പറയാതെ വയ്യ. മനുഷ്യ വന്യജീവി സംഘര്‍ഷങ്ങളില്‍ എപ്പോഴും മൃഗങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള പരിഹാരക്രിയകളില്‍ എവിയെയാണ് മൃഗാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതെന്ന് ചിന്തിച്ചു നോക്കൂ. മനുഷ്യപക്ഷത്ത് നിന്നുകൊണ്ട് മൃഗഹത്യയ്‌ക്കൊരുങ്ങുമ്പോള്‍ മനുഷ്യന്‍ മാത്രം ഉള്‍പ്പെടുന്നതല്ല ഭൂമിയെന്നും ഇവിടെ മറ്റ് ജീവിവര്‍ഗങ്ങള്‍ക്കു കൂടി അവരുടേതായ പരിസ്ഥിതിയുണ്ടെന്നും അവര്‍ നമ്മുടെ ജീവിതവുമായി ഒത്തുചേര്‍ന്ന് ജീവിക്കുന്നവരാണെന്നും തിരിച്ചറിയണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.
Content Summary: Human-wildlife conflict: climate change and the unanswered questions about solutions
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.