ഇസ്രയേല്‍ ആവര്‍ത്തിച്ചു പറയുന്നത് അവര്‍ ഇറാനിലെ പൗരന്മാരെ ലക്ഷ്യം വയ്ക്കുന്നില്ലെന്നാണ്. എന്നാല്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ തുടങ്ങിയ അവരുടെ വ്യോമാക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരിലധികം പേരും സാധാരണക്കാരാണ്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ നൂറോളം സാധാരണ മനുഷ്യരാണ് കൊല്ലപ്പെട്ടതെന്ന് ദി ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. ഇതില്‍ ചെറിയ കുട്ടികള്‍ മുതല്‍ വൃദ്ധര്‍വരെയുണ്ട്.
ദന്ത ഡോക്ടറെ കാണാനെത്തിയ ഒരു എട്ടു വയസുകാരി, 28 കാരനായ ഒരു ദേശീയ ഹോഴ്‌സ് റൈഡിംഗ് ചാമ്പ്യന്‍, 24 ആം പിറന്നാള്‍ ആഘോഷിക്കാന്‍ ഒരാഴ്ച്ച മാത്രം ശേഷിച്ചിരുന്ന ഒരു യുവ കവി, നാഷണല്‍ ജ്യോഗ്രഫികിലെ ഗ്രാഫിക് ഡിസൈനര്‍, തങ്ങളുടെ 80കളില്‍ എത്തിയിരുന്ന വൃദ്ധ ദമ്പതിമാര്‍; ഇവരെല്ലാം ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്‍കാരാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. യുദ്ധം ആരംഭിച്ച നാള്‍ മുതല്‍ ഓരോ ദിവസവും ജീവിതം പെട്ടെന്ന് അവസാനിച്ചുപോയ ഓരോ മനുഷ്യരുടെ പേരും കഥകളും കേള്‍ക്കേണ്ടി വരുന്നുണ്ടെന്നാണ് പത്രം പറയുന്നത്.
ഞായറാഴ്ച്ച മുതലുള്ള കണക്ക് ഇറാന്‍ ആരോഗ്യമന്ത്രാലയം അപ്‌ഡേറ്റ് ചെയ്തിട്ടില്ലെങ്കിലും, ഇതിനകം 224 പേര്‍ കൊല്ലപ്പെട്ടുവെന്നും സ്ത്രീകളും കുട്ടികളുമടക്കം രണ്ടായിരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പൊതുവില്‍ കിട്ടുന്ന വിവരം. മരണ സംഖ്യ ഇനിയും ഉയരുമെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്. ടെഹ്റാന്‍, ഷിറാസ്, ഇസ്ഫഹാന്‍, അഹ്വാസ്, മഷാദ്, സനന്ദജ്, അമോല്‍, ഗസ്വിന്‍, സെംനാന്‍, കരാജ്, നെയ്ഷാബോര്‍, തബ്രിസ് എന്നിവിടങ്ങളിലുള്ള 50-ലധികം താമസക്കാരുമായി സംസാരിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് ഈ വിവരം പറയുന്നത്. അവര്‍ ഡോക്ടര്‍മാര്‍, വിവിധ കുടുംബാംഗങ്ങള്‍, കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും സുഹൃത്തുക്കള്‍ എന്നിവരെ അഭിമുഖം ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് ആള്‍നാശത്തെക്കുറിച്ചും മറ്റ് നഷ്ടങ്ങളെക്കുറിച്ചും വിവരം ലഭിച്ചത്. സാധാരണക്കാരുടെ മരണങ്ങള്‍, പരിക്കുകള്‍, താമസസ്ഥലങ്ങള്‍ക്കുണ്ടായ നാശം എന്നിവ രേഖപ്പെടുത്തിയിരിക്കുന്ന നിരവധി വീഡിയോകളും, ഫോട്ടോകളും, മറ്റ് സാക്ഷ്യപത്രങ്ങളും എല്ലാം തങ്ങള്‍ പരിശോധിച്ചിരിന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നുണ്ട്.
ഇറാനെതിരായ ആക്രമണങ്ങള്‍ സൈനിക കമാന്‍ഡര്‍മാര്‍, ഭരണകൂട പ്രതിനിധികള്‍, ആണവ ശാസ്ത്രജ്ഞര്‍ എന്നിവരെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന പറയുന്നത്. എന്നാല്‍ മിസൈലുകളും ഡ്രോണുകളും സാധാരണക്കാര്‍ താമസിക്കുന്ന ബഹുനില കെട്ടിടങ്ങളിലും ബഹുനില അപ്പാര്‍ട്ട്‌മെന്റ് സമുച്ചയങ്ങളിലും പല തവണ വീണിട്ടുണ്ടെന്നതാണ് തെളിവുകള്‍ പറയുന്നത്.
മരണപ്പെട്ടവരില്‍ 90 ശതമാനവും സൈനികരല്ല, സാധാരണക്കാരാണെന്നാണ് ഇറാന്‍ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. ഹൊസൈന്‍ കെര്‍മന്‍പൂര്‍ ആരോപിക്കുന്നത്.(Hundreds of civilians are reportedly killed in Israel’s attack on Iran).
ഇസ്രയേല്‍ ആക്രമണങ്ങള്‍ ഇറാനിലെ സാധാരണ ജീവിതം താറുമാറാക്കിയിരിക്കുകയാണെന്നാണ് അവിടെ നിന്നുള്ള വാര്‍ത്തകളില്‍ വ്യക്തമായിരിക്കുന്നത്. ജനം വല്ലാത്ത ഭീതിയിലാണ്. പുറത്തിറങ്ങാനും വീടിനുള്ളില്‍ ഇരിക്കാനും അവര്‍ക്ക് ധൈര്യമില്ല. എപ്പോഴും വേണണെങ്കിലും വീഴാവുന്ന മിസൈലുകള്‍ക്കും ബോംബുകള്‍ക്കും ഭയന്നാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്.
തെരുവ് സംഗീതം, മുസ്ലിം പ്രാര്‍ത്ഥന എന്നിവ മാത്രം മുഴങ്ങി കേട്ടിരുന്ന ഇറാനിലെ നഗരങ്ങളില്‍ ഇപ്പോള്‍ മുഴങ്ങുന്നത് വ്യോമപ്രതിരോധ സംവിധാനങ്ങളില്‍ നിന്നുള്ള സൈറണുകളും, ആംബുലന്‍സ് ശബ്ദങ്ങളുമാണ്. അത്യാഹിത സേവനങ്ങള്‍ക്കുള്ള വാഹനങ്ങളുടെ തിരക്കു മൂലം ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഹൈവേകളില്‍ കൂടി പോകാന്‍ പോലും തങ്ങള്‍ ഭയക്കുന്നുവെന്നാണ് ജനം പറയുന്നത്. തലയ്ക്കു മുകളില്‍ വീഴുന്ന മിസൈലുകളാണ് അവര്‍ പേടിക്കുന്നത്.
നിരവധി സൈനിക ലക്ഷ്യങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നുണ്ടെങ്കിലും, അതിനിടയില്‍ സംഭവിക്കുന്ന ഒട്ടനവധി നിരവധി സാധാരണ മരണങ്ങളെക്കുറിച്ച് ആരുമൊന്നും പറയുന്നില്ല. വാസ്തവത്തില്‍ അക്കാര്യത്തെക്കുറിച്ച് ആരും ഒന്നും പറയുന്നില്ല. സൈനികരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളേക്കാള്‍ വളരെ കൂടുതലാണവ, ന്യൂയോര്‍ക്ക് ടൈംസിനോട് സംസാരിച്ച ടെഹ്റാനിലെ പ്രമുഖ മാധ്യപ്രവര്‍ത്തകയും വനിതാ അവകാശ പ്രവര്‍ത്തകയുമായ ജില ബനിയഗൗബ് പറയുന്നത്.
ടെഹ്റാനിലെ ഒരു പ്രധാന ആശുപത്രിയിലെ ഡയറക്ടര്‍ ഉള്‍പ്പെടെ നാല് ഡോക്ടര്‍മാര്‍ ടൈംസിനോട് പറഞ്ഞത്, അവിടുത്തെ എമര്‍ജന്‍സി റൂമുകള്‍ നിറഞ്ഞുകവിഞ്ഞുവെന്നാണ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് രാജ്യത്തുടനീളമുള്ള എല്ലാ ആരോഗ്യപ്രവര്‍ത്തകരും അവരുടെ ഡ്യൂട്ടികളില്‍ തന്നെയുണ്ടാകണമെന്നാണ് ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ച അറിയിപ്പു കൊടുത്തിട്ടുള്ളത്.
ഇറാനിലുടനീളമുള്ള ശ്മശാനങ്ങളില്‍ ഇപ്പോള്‍ ഓരോ ദിവസവും ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുകയാണ്. ആക്രമണങ്ങള്‍ കൊല്ലപ്പെട്ടവരെയാണ് ഇവിടങ്ങളില്‍ യാത്രയാക്കുന്നത്. ഈ ചടങ്ങുകള്‍ നടക്കുമ്പോള്‍ തന്നെ അവിടെ കൂടിയവരുടെ തലയ്ക്ക് മുകളിലൂടെ മിസൈലുകള്‍ പറക്കുന്നുണ്ടെന്നതാണ് പേടിപ്പെടുത്തുന്ന കാര്യം. Hundreds of civilians are reportedly killed in Israel’s attack on Iran
Content Summary; Hundreds of civilians are reportedly killed in Israel’s attack on Iran
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.